Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202423Tuesday

186 രോഗികളുള്ള മഹാരാഷ്ട്രയിൽ ഭീതി പടർത്തി മുംബൈയിൽ 67 രോഗികൾ; തൊട്ടു പിന്നിലുള്ള കേരളത്തിലെ 182 കേസുകളിൽ 83ഉം കാസർകോട്ടുകാർ; മംഗലാപുരത്ത് ചികിൽസ തേടിയവരിലും 3 പേർ കേരളത്തിന്റെ അതിർത്തി ജില്ലക്കാർ; ചൈനയ്ക്ക് വുഹാനും അമേരിക്കയ്ക്ക് ന്യുയോർക്കും എപിക് സെന്ററായപ്പോൾ ഇന്ത്യയിൽ ആ സ്ഥാനം കാസർകോടിന്; കൊറോണയുടെ എപിക് സെന്ററിൽ കൂടുതൽ ഇടപെടലിന് കേന്ദ്രവും; ഇനിയുള്ള ഓരോ പരിശോധനാ ഫലവും കാസർകോടിന് നിർണ്ണായകം

186 രോഗികളുള്ള മഹാരാഷ്ട്രയിൽ ഭീതി പടർത്തി മുംബൈയിൽ 67 രോഗികൾ; തൊട്ടു പിന്നിലുള്ള കേരളത്തിലെ 182 കേസുകളിൽ 83ഉം കാസർകോട്ടുകാർ; മംഗലാപുരത്ത് ചികിൽസ തേടിയവരിലും 3 പേർ കേരളത്തിന്റെ അതിർത്തി ജില്ലക്കാർ; ചൈനയ്ക്ക് വുഹാനും അമേരിക്കയ്ക്ക് ന്യുയോർക്കും എപിക് സെന്ററായപ്പോൾ ഇന്ത്യയിൽ ആ സ്ഥാനം കാസർകോടിന്; കൊറോണയുടെ എപിക് സെന്ററിൽ കൂടുതൽ ഇടപെടലിന് കേന്ദ്രവും; ഇനിയുള്ള ഓരോ പരിശോധനാ ഫലവും കാസർകോടിന് നിർണ്ണായകം

മറുനാടൻ മലയാളി ബ്യൂറോ

ന്യൂഡൽഹി: കൊറോണയിൽ ചൈനയുടെ എപിക് സെന്റർ വുഹാനായിരുന്നു. അമേരിക്കയിൽ ന്യുയോർക്ക്. ഇന്ത്യ ഇത്രത്തോളം ഭീതിയിൽ അല്ല. എങ്കിലും കാസർകോട് കാര്യങ്ങൽ അങ്ങനെ അല്ല. ഇവിടെ ആകെ ഭീതിയാണ്. രാജ്യത്ത് കോവിഡ് ഏറ്റവും അപകടകരമായി മാറിയ ഇടങ്ങളിൽ കാസർകോടും ഇടം പിടിക്കുകയാമ്. യുപി നോയിഡയിലെ ജിബി നഗർ, രാജസ്ഥാനിലെ ഭിൽവാഡ എന്നിവിടങ്ങളിലും കോവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം കൂടുതലാണ്. ഈ 'ഹോട്ട്‌സ്‌പോട്ടുകളി'ലാണ് സർക്കാർ ഇപ്പോൾ ശ്രദ്ധിക്കുന്നതെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയം.

ഏറ്റവും കൂടുതൽ കൊറോണ രോഗികൾ ഇന്ത്യയിലുള്ളത് മഹാരാഷ്ട്രയിലാണ്. ഇവിടെ 186 പേർക്കാണ് വൈറസ് സ്ഥിരീകരിച്ചത്. തൊട്ട് പിന്നിൽ കേരളം. 182 കേസുകൾ. ഇതിൽ ഏറ്റവും കൂടുതൽ കേസുകൾ റിപ്പോർട്ട് ചെയ്ത ജില്ല കാസർകോടാണ്. മഹാരാഷ്ട്രയിലെ മുംബൈയിൽ 67 കൊറോണ രോഗികളാണ് ഉള്ളത്. എന്നാൽ കാസർകോട് ഇത് 83 ആണ്. മുംബൈയിൽ രോഗികളുമായി അടുത്ത് ഇടപെഴുകിയവർക്കാണ് രോഗം എത്തിയതെങ്കിൽ കാസർകോട് സമൂഹ വ്യാപനത്തിന്റെ സംശയങ്ങൾ സജീവമാണ്. അതുകൊണ്ട് തന്നെ ഇന്ത്യയിൽ കൊറോണയുടെ എപിക് സെന്ററായി കേരളത്തിലെ അതിർത്തി ജില്ല മാറുകയാണ്. കാസർകോടിന്റെ സ്ഥിതി സ്‌ഫോടനാത്മകമാണെന്ന് സംസ്ഥാന സർക്കാരും സമ്മതിക്കുന്നു. കേന്ദ്രം നിരന്തരം കാര്യങ്ങൾ തിരക്കുന്നുണ്ട്.

കാസർകോട് ഏരിയാൽ സ്വദേശിക്കാണ് കൊറോണയിൽ ആദ്യ ഭീതിയുണ്ടായത്. ഇയാൾ തോന്നിയതു പോലെ എല്ലായിടത്തും കറങ്ങി നടന്നു. ജില്ലയിൽ ഉടനീളം സാന്നിധ്യമുണ്ടായി. ഇയാളുടെ കൃത്യമായ റൂട്ട് മാപ്പ് പോലും തയ്യാറാക്കാനായില്ല. ഇതിനൊപ്പം വിദേശത്തു നിന്ന് പല വൈറസ് വാഹകരും ജില്ലയിൽ എത്തി. ഇവരും രോഗ ലക്ഷണങ്ങൾ ഇല്ലാതെ വിമാനം ഇറങ്ങിയവരാണ്. ഐസുലേഷൻ മാർഗ്ഗ നിർദ്ദേശങ്ങൾ പലരും മുഖവിലയ്‌ക്കെടുത്തില്ല. ഇതെല്ലാം കാസാർകോട്ട് രോഗികളുടെ എണ്ണം കൂട്ടി. ഇനിയും എണ്ണം ക്രമാതീതമായി ഉയർന്നാൽ അത് സമൂഹ വ്യാപനത്തിനുള്ള സാധ്യതയിലേക്ക് വിരൽ ചൂണ്ടും.

എപിക് സെന്ററുകളിൽ പ്രധാനപ്പെട്ടതായി കാസർകോടിനെ കേന്ദ്ര സർക്കാരും വിലയിരുത്തുന്നു. അതുകൊണ്ട് തന്നെ ഇവിടെ രോഗികളുമായി സമ്പർക്കത്തിൽ വന്നവരെ കണ്ടെത്താനും നിരീക്ഷണത്തിൽ വിടുന്നതിനുമുള്ള ദ്രുത നടപടികൾക്കാണു പ്രഥമ പരിഗണന. സംസ്ഥാനങ്ങളുമായി ചേർന്ന് ഇതു മുന്നോട്ടുകൊണ്ടുപോകുന്നുണ്ട്. ഇതനുസരിച്ചാവും സർക്കാരിന്റെ കോവിഡ് പ്രതിരോധ നടപടികൾ തുടർന്നു കൊണ്ടുപോവുകയെന്നും ആരോഗ്യമന്ത്രാലയം ജോയിന്റ് സെക്രട്ടറി ലവ് അഗർവാൾ പറഞ്ഞു. രോഗികളുടെ എണ്ണത്തിൽ ക്രമാതീതമായ മാറ്റമുണ്ടാവുകയോ പിടിപെട്ട പശ്ചാത്തലം അറിയാത്ത ഒട്ടേറെ രോഗികളുള്ള സാഹചര്യമോ നിലവിലില്ല. ഇതിനാൽ സമൂഹവ്യാപനത്തിന്റെ ലക്ഷണമില്ലെന്ന് ഉറപ്പിക്കാമെന്നും പറയുന്നു. എന്നാൽ കാര്യങ്ങൾ കൈവിട്ട് പോകില്ലെന്ന് ഉറപ്പിക്കാനും കഴിയുന്നില്ല.

കാസർകോഡ് കോവിഡ് സ്ഥിരീകരിച്ചത് ആദ്യരോഗികളുടെ ബന്ധുക്കൾക്ക്. 11 പേർക്ക് രോഗം പകർന്നു. 11ഉം 16ഉം വയസ്സുള്ള കുട്ടികൾക്കും പകർന്നു. ഒൻപത് പേർ സ്ത്രീകളാണ്. രോഗികൾ ഉദുമ, ചെങ്കള, ബോവിക്കാനം, മഞ്ചേശ്വരം, പടന്ന, നെല്ലിക്കുന്ന്, തളങ്കര മേഖലയിലുള്ളവരാണ്. രോഗം സ്ഥിരീകരിച്ചവരിൽ ഏറെയും ദുബായിൽ നിന്ന് എത്തിയവരാണ്. വിദേശത്തു നിന്ന് എത്തിയവരുമായി സമ്പർക്കത്തിൽ ഏർപ്പെട്ട നിരവധി പേർക്കും രോഗം ബാധിച്ചു. അതിനിടെ കാസർകോട് ജില്ലയിൽ ശനിയാഴ്ച ഒരാൾക്ക് മാത്രം കോവിഡ് 19 സ്ഥിരികരിച്ചതിന്റെ ആശ്വാസത്തിൽ ജനങ്ങൾ ഇപ്പോൾ. ചെങ്കള സ്വദേശിക്കാണ് രോഗം സ്ഥിരീകരിച്ചത്. ദുബായിയിൽ നിന്നെത്തിയതാണ് 35കാരനായ ഇയാൾ. ഇതോടെ ജില്ലയിൽ രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം 83 ആയി. ഇവരെ കൂടാതെ മൂന്ന് കാസർകോട് സ്വദേശികൾ മംഗളൂരുവിൽ ചികിത്സയിലാണ്.

ജില്ലയിൽ 6511 പേർ നിരീക്ഷണത്തിലാണ്. 127 പേർ ആശുപത്രികളിലും 6384 പേർ വീടുകളിലുമാണ്. ശനിയാഴ്ച 27 പേരെ കൂടി ഐസോലേഷൻ വാർഡിൽ പ്രവേശിപ്പിച്ചു. പുതുതായി രോഗലക്ഷണമുള്ള 17 പേരുടെ സാമ്പിൽ കൂടി പരിശോധനയ്ക്ക് അയച്ചു. വെള്ളിയാഴ്ച ജില്ലയിൽ 34 പേർക്ക് രോഗം സ്ഥിരീകരിച്ചതോടെ വലിയ ഭീതിയിലായിരുന്നു ജനങ്ങളും ആരോഗ്യപ്രവർത്തകരും. തുടർന്നുള്ള ഫലങ്ങൾ ആശങ്കയോടെയാണ് കാണുന്നത്. ഇതിനിടയിൽ ശനിയാഴ്ച ഒന്നിലൊതുങ്ങിയത് ആശ്വാസമായി. എന്നാൽ സ്ഥിതി അതീവ ഗൗരവമായി നിലനിൽക്കുന്നു. ഇനി ഇരുന്നൂറിലധികം സാമ്പിളുകളിൽ ഫലം അറിയാനുണ്ട്. നിരീക്ഷണത്തിലുള്ളവരിൽ രോഗം സംശയിക്കുന്നവരുടെ സാമ്പിളുകൾ ശേഖരിക്കാനുണ്ട്. ഇനിയുള്ള ദിവസങ്ങൾ എല്ലാം അതീവ നിർണ്ണായകമാണ്.

സമ്പിളുകൾ ശേഖരിക്കാനുള്ള കൂടുതൽ കിറ്റുകൾ ജില്ലയിലെത്തും. കാഞ്ഞങ്ങാട് ജില്ലാ ആശുപത്രി, കാസർകോട് ജനറൽ ആശുപത്രി, പനത്തടി താലൂക്ക് ആശുപത്രി, പെരിയ സിഎച്ച്‌സി, ബദിയടുക്ക സിഎച്ച്‌സി എന്നിവിടങ്ങൾക്ക് പുറമെ സ്വകാര്യ ആശുപത്രികളിലും കൂടുതൽ സ്‌കൂളുകളിലും കോവിഡ് കെയർ സെന്ററുകൾ ആരംഭിച്ചു. ലോക്ക്ഡൗണുമായി ജനങ്ങൾ പൂർണമായും സഹകരിച്ചതോടെ ജില്ലയില അനവശ്യമായി പുറത്തിറങ്ങുന്നവരുടെ എണ്ണം കുറഞ്ഞു. നിയമലംഘനത്തിനുള്ള കേസുകളും കുറഞ്ഞു. അവശ്യസാധനങ്ങൾക്കായുള്ള സമയവും സംവിധാനവും ജനങ്ങൾ ഉപയോഗിക്കുന്നുണ്ട്.

ഓരോ പഞ്ചായത്തിലും നിരീക്ഷണത്തിൽ കഴിയുന്നവർക്കും ഭക്ഷണം ആവശ്യമുള്ളവർക്കുമായി 100 പേർക്ക് ഒരു സമൂഹ അടുക്കള സജ്ജീകരിക്കുന്നുണ്ട്. അങ്ങനെ വൈറസിനെ ഒരുമയോടെ പ്രതിരോധിക്കുകയാണ് കാസർകോട് ഇപ്പോൾ.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP