Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

കാശ്മീരിനെ രണ്ടാക്കി ഉടച്ചുവാർത്ത നടപടി ബിജെപി സർക്കാറിന് നൽകിയത് സുപ്രധാന വിജയം; ചട്ടങ്ങൾ പാലിക്കാതെയുള്ള ഭരണഘടനാ വിരുദ്ധമെന്ന് ചൂണ്ടിക്കാട്ടി വിവിധ പാർട്ടികൾ രംഗത്തെത്തിയതോടെ നിയമയുദ്ധത്തിലേക്ക് വഴിതുറക്കും; ചോദ്യം ചെയ്യപ്പെടുക പാർലമെന്റ് കടമ്പ പിന്നിട്ട് രാഷ്ട്രപതി ഒപ്പുവെക്കുന്ന നിയമനിർമ്മാണങ്ങൾ; നിയമസഭയുടെ അനുമതിയില്ലാതെ ജമ്മു-കശ്മീരിന് ലഭിച്ച സവിശേഷ പരിരക്ഷയും റദ്ദാക്കാൻ രാഷ്ട്രപതിയുടെ ഉത്തരവുകൊണ്ടു കഴിയില്ലെന്ന് വാദം; കാശ്മീർ യുദ്ധം ഇനി കോടതിയിലക്ക്

കാശ്മീരിനെ രണ്ടാക്കി ഉടച്ചുവാർത്ത നടപടി ബിജെപി സർക്കാറിന് നൽകിയത് സുപ്രധാന വിജയം; ചട്ടങ്ങൾ പാലിക്കാതെയുള്ള ഭരണഘടനാ വിരുദ്ധമെന്ന് ചൂണ്ടിക്കാട്ടി വിവിധ പാർട്ടികൾ രംഗത്തെത്തിയതോടെ നിയമയുദ്ധത്തിലേക്ക് വഴിതുറക്കും; ചോദ്യം ചെയ്യപ്പെടുക പാർലമെന്റ് കടമ്പ പിന്നിട്ട് രാഷ്ട്രപതി ഒപ്പുവെക്കുന്ന നിയമനിർമ്മാണങ്ങൾ; നിയമസഭയുടെ അനുമതിയില്ലാതെ ജമ്മു-കശ്മീരിന് ലഭിച്ച സവിശേഷ പരിരക്ഷയും റദ്ദാക്കാൻ രാഷ്ട്രപതിയുടെ ഉത്തരവുകൊണ്ടു കഴിയില്ലെന്ന് വാദം; കാശ്മീർ യുദ്ധം ഇനി കോടതിയിലക്ക്

മറുനാടൻ ഡെസ്‌ക്‌

ന്യൂഡൽഹി: തീർത്തും അപ്രതീക്ഷിതവും ചടുലവുമായി നീക്കത്തിലൂടെ ജമ്മു കാശ്മീരിന് പ്രത്യേക അധികാരം നൽകുന്ന ഭരണഘടനയുടെ 370-ാം അനുച്ഛേദം റദ്ദാക്കുകയും പിന്നാലെ, സംസ്ഥാനത്തെ ജമ്മുകശ്മീർ, ലഡാക്ക് എന്നീ രണ്ട് കേന്ദ്രഭരണപ്രദേശങ്ങളാക്കി മാറ്റാനും തീരുമാനിച്ചു കൊണ്ടുള്ള നടപടി ഇന്നലെയാണ് ഉണ്ടായത്. ആരും നിനച്ചിരിക്കാതെ വന്ന ഈ തീരുമാനം രാഷ്ട്രീയകേന്ദ്രങ്ങളിൽ പോലും ഞെട്ടലാണ് ഉണ്ടാക്കിയിരിക്കുന്നത്. പാർലമെന്റിനെ നോക്കു കുത്തിയാക്കിയാണ് ഈ നടപടികൾ ഉണ്ടായതെന്ന കാര്യമാണ് പൊതുവേ വിലയിരുത്തപെടുന്നത്. തിങ്കളാഴ്ച രാവിലെ 11-നു രാജ്യസഭയിൽ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായാണ് ഇക്കാര്യം പ്രഖ്യാപിച്ചതോടെ അതിന്റെ അലയൊലികൾ രാജ്യത്തുടനീളമുണ്ടായി.

അതേസമയം കേന്ദ്രത്തിന്റെ തന്ത്രപരമായി വിജയമായി ഇതിനെ വിലയിരുത്തുമ്പോഴും ഈ തീരുമാനത്തിന് പിന്നാലെ വരാനിരിക്കുന്നത് നിയമയുദ്ധമാണെന്നത് വ്യക്തമാണ്. 370ാം വകുപ്പു പ്രകാരമുള്ള പ്രത്യേക പദവി എടുത്തുകളഞ്ഞ് ജമ്മു-കശ്മീരിനെ രണ്ടു കേന്ദ്ര ഭരണ പ്രദേശങ്ങളാക്കി ഉടച്ചുവാർക്കുന്ന കേന്ദ്ര സർക്കാർ നടപടികളാകും നിയമയുദ്ധത്തിലേക്ക് നീങ്ങുക. പാർലമന്റെ് കടമ്പ പിന്നിട്ട് രാഷ്ട്രപതി ഒപ്പുവെക്കുന്ന നിയമനിർമ്മാണങ്ങൾ സുപ്രീംകോടതിയിൽ ചോദ്യം ചെയ്യപ്പെടും. മുൻ മുഖ്യമന്ത്രി ഉമർ അബ്ദുല്ലയും വിവിധ പ്രതിപക്ഷ പാർട്ടി നേതാക്കളും ഇത് വ്യക്തമാക്കിക്കഴിഞ്ഞിട്ടുണ്ട്. ഭരണഘടന വിരുദ്ധമാണ് കേന്ദ്രസർക്കാർ നടപടികളെന്ന് നിയമവിദഗ്ധരും ചൂണ്ടിക്കാട്ടുന്നുണ്ട്.

ഇടക്കാല നിയമനിർമ്മാണ സഭയുടെ തീരുമാനം വഴി ജമ്മു-കശ്മീരിന് ലഭിച്ച സവിശേഷ അവകാശങ്ങളും പരിരക്ഷയും റദ്ദാക്കാൻ രാഷ്ട്രപതിയുടെ ഉത്തരവുകൊണ്ടു കഴിയില്ല, സംസ്ഥാന നിയമസഭയുടെ അനുമതി വേണമെന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നു. എന്നാൽ, രാഷ്ട്രപതിയുടെ 1954ലെ ഉത്തരവ് റദ്ദാക്കാൻ 2019ൽ രാഷ്ട്രപതിക്ക് അധികാരമുണ്ടെന്നാണ് സർക്കാർ വാദം. നിയമസഭ നിലവിലില്ല. സംസ്ഥാനത്ത് രാഷ്ട്രപതി ഭരണമാണ്. നിയമസഭ ഇല്ലാത്തതുകൊണ്ട് ജമ്മു-കശ്മീരുമായി ബന്ധപ്പെട്ട നിയമനിർമ്മാണങ്ങൾ ചർച്ച ചെയ്യാൻ പാർലമന്റെിനാണ് അധികാരമെന്ന് സർക്കാർ വാദിക്കുന്നു. പാർലമന്റൊണ് ചർച്ച ചെയ്യുന്നത്. ജമ്മു-കശ്മീരിന്റെ പുനഃസംഘാടനം സംബന്ധിച്ച ബിൽ പാർലമന്റെ് പരിഗണിച്ച് പാസാക്കുന്നത് ഭരണഘടനാപരമായി ശരിയാണെന്നാണ് സർക്കാർപക്ഷം.

എന്നാൽ, സംസ്ഥാന നിയമസഭയുടെ അനുമതി ഇല്ലാതെ സംസ്ഥാനത്തിന്റെ സ്വഭാവം മാറ്റാൻ കേന്ദ്രത്തിനോ, പാർലമന്റെിനോ അനുവാദമില്ലെന്നാണ് എതിർവാദം. ഈ വിഷയത്തിൽ സംസ്ഥാനത്തെ ജനതാൽപര്യം കേന്ദ്രം കണക്കിലെടുത്തിട്ടില്ലെന്നും ചൂണ്ടിക്കാണിക്കപ്പെടുന്നു. 370ാം വകുപ്പിന് സമാനമായ വ്യവസ്ഥകൾ മറ്റു പ്രദേശങ്ങളിൽ നിലനിൽക്കുന്നുണ്ട്. ഇത് രാഷ്ട്രപതിഭരണത്തിന്റെ മറവിൽ നീക്കം ചെയ്യുകയോ, ഒരു സംസ്ഥാനത്തിന്റെ ഭരണഘടന മാറ്റുകയോ ചെയ്യാൻ ഭാവിയിൽ കേന്ദ്രം തുനിഞ്ഞേക്കാമെന്ന ആശങ്കയും ഇതിനൊപ്പം പങ്കുവെക്കപ്പെടുന്നുണ്ട്.

അതേസമയം നിയമപരമായ കാര്യങ്ങളെ അതിന്റെ വഴിയിൽ തന്നെ നേരിടാണെന്ന വികാരമാണ് കേന്ദ്രസർക്കാറിനുള്ളത്. 370-ാം അനുച്ഛേദം റദ്ദാക്കുന്ന രാഷ്ട്രപതിയുടെ വിജ്ഞാപനത്തിനു അംഗീകാരം നൽകാനുള്ള പ്രമേയവും സംസ്ഥാന പുനരേകീകരണ ബില്ലുമാണ് അമിത്ഷാ രാജ്യസഭയിൽ അവതരിപ്പിച്ചത്. ഇവ രണ്ടും പാസാക്കുകയും ചെയ്തു. സംസ്ഥാനത്തെ വിഭജിക്കുന്ന ബില്ലിനെ 125 പേർ അനുകൂലിച്ചപ്പോൾ 61 പേർ എതിർത്തു. 370-ാം വകുപ്പും 35-എയും നിലനിൽക്കുന്നിടത്തോളം കശ്മീരിൽ ഭീകരവാദത്തെ ഫലപ്രദമായി നേരിടാനാവില്ലെന്ന് അമിത് ഷാ പറഞ്ഞു. ഡൽഹിയും പുതുച്ചേരിയുംപോലെ ജമ്മുകശ്മീരിനു നിയമസഭയുണ്ടാകും. എന്നാൽ, ലഡാക്കിന് അതുണ്ടാവില്ല. സംസ്ഥാനത്ത് ഭൂമി വാങ്ങാനും സർക്കാർജോലിക്കുമുൾപ്പെടെ കശ്മീർജനതയ്ക്ക് മാത്രമുണ്ടായിരുന്ന എല്ലാ അവകാശങ്ങളും അനുച്ഛേദം 370 റദ്ദാക്കിയതോടെ ഇല്ലാതാകും.

രാവിലെ പ്രധാനമന്ത്രിയുടെ വസതിയിൽ സുരക്ഷാകാര്യങ്ങൾക്കുള്ള മന്ത്രിസഭായോഗം ചേർന്നതിനുപിന്നാലെയാണ് അമിത് ഷാ രാജ്യസഭയിൽ പ്രഖ്യാപനം നടത്തിയത്. നിരോധനാജ്ഞ പ്രഖ്യാപിച്ചും കനത്ത സൈനികവിന്യാസം നടത്തിയും കശ്മീരിനെ സുരക്ഷാവലയത്തിലാക്കിയശേഷമായിരുന്നു നടപടി. മുന്മുഖ്യമന്ത്രിമാരായ ഒമർ അബ്ദുള്ള, മെഹ്ബൂബ മുഫ്തി തുടങ്ങിയ നേതാക്കളെ ഞായറാഴ്ച അർധരാത്രിയോടെ വീട്ടുതടങ്കലിലാക്കിയിരുന്നു. സംസ്ഥാനത്തെ ഇന്റർനെറ്റ്, മൊബൈൽ സേവനങ്ങൾ നിർത്തിവെച്ചു. നാടകീയമായിരുന്നു രാജ്യസഭയിലെ നടപടികളും. സുപ്രധാന നിയമനിർമ്മാണത്തിനായി ശൂന്യവേള റദ്ദാക്കുന്നതായി അധ്യക്ഷൻ വെങ്കയ്യ നായിഡു പ്രഖ്യാപിച്ചു. ജമ്മുകശ്മീരിലെ സംവരണ നിയമം ഭേദഗതിചെയ്യാനുള്ള ബിൽ അവതരിപ്പിക്കാനാണ് ആഭ്യന്തര മന്ത്രിയെ അധ്യക്ഷൻ വിളിച്ചത്.

ഈ ബിൽ അവതരിപ്പിക്കാനായി എഴുന്നേറ്റ അമിത് ഷാ, 370-ാം അനുച്ഛേദം റദ്ദാക്കിയ പ്രമേയം അവതരിപ്പിച്ചതോടെ പ്രതിപക്ഷം ബഹളം തുടങ്ങി. ഇതുസംബന്ധിച്ച വിജ്ഞാപനത്തിൽ രാഷ്ട്രപതി ഒപ്പുവെച്ചതായും ഷാ അറിയിച്ചു. കശ്മീരിനെ രണ്ട് കേന്ദ്രഭരണപ്രദേശമായി പുനഃസംഘടിപ്പിക്കുന്ന ബില്ലും ഇതിനൊപ്പം അവതരിപ്പിച്ചു. ഇന്ത്യൻ ഭരണഘടനയുടെ അധികാരം പരിമിതപ്പെടുത്തിക്കൊണ്ട് ജമ്മുകശ്മീരിനു പ്രത്യേക പദവിനൽകുന്ന 370-ാം വകുപ്പ് രാഷ്ട്രപതിയുടെ ഉത്തരവോടെ ഇല്ലാതായെന്ന് അമിത് ഷാ പറഞ്ഞു. ജമ്മുകശ്മീർ ഭരണഘടനാ നിർമ്മാണസഭ നിലവിലില്ലാത്തതുകൊണ്ടും നിയമസഭ പിരിച്ചുവിട്ടതിനാലും പാർലമെന്റിനാണ് അധികാരമെന്നും അദ്ദേഹം പറഞ്ഞു. 370-ാം വകുപ്പ് ഭേദഗതിചെയ്യാൻ 1952-ലും 62-ലും കോൺഗ്രസ് ഇതേമാർഗമാണ് സ്വീകരിച്ചതെന്നും മന്ത്രി ചൂണ്ടിക്കാട്ടി.

കോൺഗ്രസിനുപുറമേ തൃണമൂൽ കോൺഗ്രസ്, ഡി.എം.കെ., എൻ.സി.പി., സിപിഎം., സിപിഐ., മുസ്ലിം ലീഗ്, കേരള കോൺഗ്രസ് (എം) തുടങ്ങിയ കക്ഷികളും കശ്മീർപ്രമേയത്തെയും ബില്ലിനെയും എതിർത്തു. നടുത്തളത്തിലിറങ്ങിയ പി.ഡി.പി. അംഗം മീർ മുഹമ്മദ് ഫയാസ് തന്റെ വസ്ത്രം വലിച്ചുകീറി. മറ്റൊരു പി.ഡി.പി. അംഗം നസീർ അഹമ്മദ് ഭരണഘടന കീറിയെറിഞ്ഞു. ഇതോടെ സഭയിൽ കൈയാങ്കളിയായി. തുടർന്ന് ഇരുവരെയും സഭയിൽനിന്ന് പുറത്താക്കി. അതിനിടെ, ബി.എസ്‌പി., ബി.ജെ.ഡി., ടി.ആർ.എസ്., എ.എ.പി., എ.ഐ.എ.ഡി.എം.കെ. തുടങ്ങിയവർ സർക്കാരിനെ പൂർണമായി പിന്തുണച്ചു. അതേസമയം, എൻ.ഡി.എ. സഖ്യകക്ഷിയായ ജെ.ഡി.യു. ഇറങ്ങിപ്പോയി. അതിനിടെ രാജ്യസഭയിൽ ചർച്ചയും വോട്ടെടുപ്പുമൊക്കെ നടന്നതിനാൽ വൈകീട്ടാണ് ആഭ്യന്തരമന്ത്രി അമിത് ഷാ ലോക്സഭയിൽ ജമ്മുകശ്മീർ പ്രമേയം അവതരിപ്പിച്ചത്. ഏകപക്ഷീയമായി തീരുമാനം നടപ്പാക്കിയ കേന്ദ്രനടപടിയിൽ പ്രതിഷേധിച്ച് പ്രതിപക്ഷം ഇറങ്ങിപ്പോയി. ഇതിനിടെ ശബ്ദവോട്ടോടെ പ്രമേയം പാസാക്കി.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP