Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

കശ്മീരിന്റെ പേരിൽ പാക്കിസ്ഥാനികളും ഇന്ത്യക്കാരും തലതല്ലിക്കീറാൻ ഉറപ്പിച്ചു തന്നെ രംഗത്തെത്തി; എംബസിയിലും കോൺസുലേറ്റ് ഓഫസിലും മുട്ടയെറിഞ്ഞ പാക്കിസ്ഥാനികളെ നിലയ്ക്ക് നിർത്തും എന്ന ആഹ്വാനവുമായി ഇന്ന് ഇന്ത്യക്കാരുടെ മാർച്ച് ബർമിങ്ഹാമിൽ; ബ്രിട്ടൻ വിതച്ചതുകൊയ്യാൻ ഉള്ള നിയോഗവും ബ്രിട്ടീഷ് മണ്ണിൽ തന്നെയാകുമോ എന്ന ആശങ്ക ശക്തമാകുന്നു

കശ്മീരിന്റെ പേരിൽ പാക്കിസ്ഥാനികളും ഇന്ത്യക്കാരും തലതല്ലിക്കീറാൻ ഉറപ്പിച്ചു തന്നെ രംഗത്തെത്തി; എംബസിയിലും കോൺസുലേറ്റ് ഓഫസിലും മുട്ടയെറിഞ്ഞ പാക്കിസ്ഥാനികളെ നിലയ്ക്ക് നിർത്തും എന്ന ആഹ്വാനവുമായി ഇന്ന് ഇന്ത്യക്കാരുടെ മാർച്ച് ബർമിങ്ഹാമിൽ; ബ്രിട്ടൻ വിതച്ചതുകൊയ്യാൻ ഉള്ള നിയോഗവും ബ്രിട്ടീഷ് മണ്ണിൽ തന്നെയാകുമോ എന്ന ആശങ്ക ശക്തമാകുന്നു

കെ ആർ ഷൈജുമോൻ, ലണ്ടൻ

ലണ്ടൻ: വിതച്ചതുകൊയ്യുക എന്നത് പറഞ്ഞു പഴകിയ പ്രയോഗം ആണെങ്കിലും ഇന്നും പ്രസ്‌കതമാണെന്നു തെളിയിക്കുകയാണ് ബ്രിട്ടനിലെ ഇന്ത്യക്കാരും പാക്കിസ്ഥാനികളും. കോളനി വാഴ്ച അവസാനിപ്പിച്ച് ഇന്ത്യയും പാക്കിസ്ഥാനും രണ്ടു രാജ്യങ്ങളായി മാറുമ്പോഴും തലമുറകളോളം ഇരു രാജ്യക്കാരും തമ്മിൽ തല തല്ലിക്കീറാൻ ഉള്ള വഴി ഒരുക്കിയാണ് ബ്രിട്ടൻ പിൻവാങ്ങിയത്. തികച്ചും ഗൂഢ ഉദ്ദേശത്തോടെ പെരുമാറിയ അന്നത്തെ അവസാന വൈസ്രോയിയുടെയും ബ്രിട്ടീഷ് പ്രധാനമന്ത്രിയുടെയും ഒക്കെ മനസ്സിലിരിപ്പ് ഏതാനും യുദ്ധം നടത്തി ഇന്ത്യയും പാക്കിസ്ഥാനും സാധ്യമാക്കുകയും ചെയ്തു. പോരാത്തതിന് തക്കം കിട്ടുമ്പോഴെല്ലാം ദിവസേനെ എന്നോണം ഇരുകൂട്ടരും അതിർത്തിയിൽ കിടന്നു വെടിപൊട്ടിച്ചു രസിക്കുന്നുമുണ്ട്. പലപ്പോഴും ഈ നിശബ്ദ യുദ്ധത്തിൽ ആളപായവും സംഭവിക്കുന്നുണ്ട്. സ്വതന്ത്ര പ്രഖ്യാപന ശേഷം ഇരു രാജ്യങ്ങളും സംഘർഷ ഭൂമിയിൽ ഇല്ലാതാക്കിയത് പതിനായിരങ്ങളുടെ ജീവനാണ്. ഇപ്പോഴും അതിനു കുറവില്ല. കുറയാൻ ഒട്ടു സാധ്യതയില്ല എന്നും തെളിയിച്ചു കാശ്മീർ വിഷയം കൂടുതൽ സങ്കീർണ്ണമാകുകയാണ്. ഇന്ത്യ - പാക് അതിർത്തിയിൽ ഒതുങ്ങി നിന്നിരുന്ന വിഷയം ആഗോള വേദികളിൽ പോലും അതീവ പ്രാധാന്യത്തോടെ സംസാരിച്ചു തുടങ്ങിയിരിക്കുന്നു.

ഇന്ന് ബർമിങ്ഹാം കേന്ദ്രമാക്കി ആയിരക്കണക്കിന് ഇന്ത്യക്കാരെ അണിനിരത്താൻ ഉള്ള ശ്രമാണ് ഇപ്പോൾ നടക്കുന്നത്. കഴിഞ്ഞ ദിവസങ്ങളിൽ ഇന്ത്യൻ എംബസിക്കും കോൺസുലേറ്റ് ഓഫീസുകൾക്കും നേരെ നടന്ന വികലമായ ആക്രമണങ്ങൾക്കു മറുപടി എന്നോണമാണ് കാശ്മീർ പണ്ഡിറ്റുകളുടെ രക്തസക്ഷി ദിനമായ സെപ്റ്റംബർ 14 തന്നെ ഇന്ത്യ അനുകൂല റാലിക്കു തിരഞ്ഞെടുത്തതും. ഇന്ത്യ വിരുദ്ധ നിലപാട് സ്വീകരിക്കുന്ന ബ്രിട്ടീഷ് എംപിമാരെ അടുത്ത തിരഞ്ഞെടുപ്പിൽ തോൽപ്പിക്കണമെന്ന ആഹ്വാനവും ഇന്ത്യ അനുകൂല റാലി സ്വീകരിക്കും. ഇൻഡോ യൂറോപ്യൻ കാശ്മീർ ഫോറം ആൻഡ് ഹിന്ദു കൗൺസിൽ ഓഫ് യുകെയുടെ പേരിലാണ് ഇന്ത്യ റാലി പ്ലാൻ ചെയ്തിരിക്കുന്നത്. ബർമിങ്ഹാമിലെ വിക്ടോറിയ സ്‌ക്വയറിൽ നിന്നായിരിക്കും റാലി ആരംഭിക്കുക. രാവിലെ പതിനൊന്നര മുതൽ ഉച്ചയ്ക്ക് ഒരുമണിവരെയാണ് റാലി നടക്കുകയെന്നും സംഘാടകർ അറിയിച്ചിട്ടുണ്ട്. കാശ്മീർ പണ്ഡിറ്റുകളുടെ കൂട്ടക്കൊല നടന്നതിന്റെ മുപ്പതാം വാർഷികം എന്ന നിലയ്ക്കും ഇന്ന് നടക്കുന്ന റാലിക്കു വൻപ്രചാരണമാണ് ബ്രിട്ടനിലെ ഇന്ത്യാക്കാർക്കിടയിൽ നടത്തിയിരിക്കുന്നത്.

ഈ സാഹചര്യത്തിൽ ബ്രിട്ടീഷ് മണ്ണിൽ ഇരു വിഭാഗത്തിന്റെയും ആൾബലം കാട്ടുന്ന പ്രവർത്തനമാണ് ഇപ്പോൾ രൂപമെടുക്കുന്നത്. കശ്മീരിലെ കേന്ദ്ര സർക്കാർ ഇടപെടലിനെ തുടർന്ന് എതിർപ്പുമായി എത്തിയ പാക് അനുകൂലികൾ ലണ്ടനിലെ ഇന്ത്യൻ എംബസിയിലേക്കു ചീമുട്ടകളും തക്കാളിയും മറ്റും എറിഞ്ഞു മലിനപ്പെടുത്തിയത് ബ്രിട്ടനിൽ വലിയ തോതിൽ എതിർപ്പിന് കാരണമാക്കിയിരുന്നു. ഒടുവിൽ ഈ സംഭവം വെളുക്കാൻ തേച്ചത് പാണ്ടായി എന്ന മട്ടിൽ പാക് വംശജരോടുള്ള എതിർപ്പിന് കനം വയ്ക്കാൻ കാരണമാകുകയും ചെയ്തു. ചരിത്രപരമായി അൽപം പാക് പക്ഷം ചാഞ്ഞു നിൽക്കാൻ മാനസികമായി തയ്യാറുള്ള ബ്രിട്ടീഷ് മണ്ണിൽ ഇന്ത്യ വിരോധം ആളിക്കത്തിക്കാൻ പാക്കിസ്ഥാനികൾക്ക് ഒരു പ്രയാസവും നേരിടാറില്ല. നിരോധിത പാക് സംഘടനകളുടെ പേരിൽ പോലും ബ്രിട്ടനിൽ പടുകൂറ്റൻ റാലികൾ നടന്നിട്ടുണ്ട്. ജെയ്ഷെ മുഹമ്മദും മറ്റും സജീവമായി ബ്രിട്ടന്റെ മണ്ണിൽ നിന്നാണ് പ്രവർത്തനം സംഘടിപ്പിക്കുന്നത് തന്നെ.

ലോകം ഒട്ടാകെ ഇസ്ലാമിക് തീവ്രവാദ ഗ്രൂപ്പുകൾക്ക് എതിരെ തിരിഞ്ഞപ്പോൾ മാത്രമാണ് ബ്രിട്ടൻ അൽപ്പമെങ്കിലും പാക് അനുകൂല ഗ്രൂപ്പുകൾക്ക് എതിരെ കർക്കശ നിലപാട് എടുത്തത് എന്നതും ശ്രദ്ധേയമാണ്. ഇതിലുപരി ലോകം എങ്ങും പാക്കിസ്ഥാന്റെ ശബ്ദം എത്തിക്കും എന്ന വാശിയോടെ ബ്രിട്ടനിലെ പ്രഭു സഭയിൽ അംഗമായ നസീർ അഹമ്മദിന്റെ നേത്രത്തിൽ വ്യാപകമായ ഇന്ത്യ വിരുദ്ധ പ്രവർത്തനങ്ങളും മുറയ്ക്ക് അരങ്ങേറുന്നുണ്ട്. ഇതിനു ബ്രിട്ടീഷ് പാർലിമെന്റ് തന്നെ വേദിയാക്കി ഏതാനും മാസങ്ങൾക്കു മുൻപ് പാക്കിസ്ഥാൻ നേതാക്കളെ വിളിച്ചു വരുത്തി കാശ്മീർ വിഷയം ചർച്ച ചെയ്യാൻ മുസ്ലിം വിഭാഗക്കാരായ ബ്രിട്ടീഷ് എംപിമാരെ സംഘടിപിപ്പിച്ചതും നസീർ അഹമ്മദ് തന്നെ ആയിരുന്നു. ഇതിൽ ഇന്ത്യ ശക്തമായ പ്രതിഷേധം ബ്രിട്ടനെ അറിയിച്ചപ്പോൾ എംപിമാരുടെ സ്വകാര്യ പ്രവർത്തനത്തിൽ കൈകടത്താൻ ആകില്ലെന്നും ആ യോഗം ബ്രിട്ടന്റെ ഔദ്യോഗിക അനുമതിയോടെ നടന്നതല്ലെന്നും ഉള്ള വിശദീകരണമാണ് പുറത്തു വന്നത്. എന്നാൽ മാധ്യമങ്ങൾ പ്രസ്തുത സെമിനാർ റിപ്പോർട്ട് ചെയ്തത് ബ്രിട്ടീഷ് പാർലിമെന്റിൽ കാശ്മീർ വിഷയം ചർച്ചയായി എന്ന മട്ടിലായിരുന്നു. ഇത് തന്നെ ആയിരുന്നു നസീർ അഹമ്മദിനും പങ്കാളികൾക്കും ആവശ്യമായിരുന്നതും.

കഴിഞ്ഞ വർഷം മോദി ലണ്ടൻ സന്ദർശിച്ചപ്പോൾ പാക് വിഘടന നേതാക്കൾ ഉൾപ്പെടെയുള്ളവരെ ലണ്ടനിൽ എത്തിച്ചു ഇന്ത്യ വിരുദ്ധ പ്രകടനം സംഘടിപ്പിച്ചതിലും നസീർ അഹമ്മദിന്റെ പങ്കു വ്യക്തമാണ്. അന്ന് ഇന്ത്യൻ പതാക വലിച്ചു കീറി കത്തിച്ച സംഭവത്തിൽ ഇന്ത്യ ശക്തമായി പ്രതികരിച്ചിട്ടും ഒരാളെ പോലും അറസ്റ്റ് ചെയ്യാൻ ബ്രിട്ടീഷ് സർക്കാരിന് കഴിഞ്ഞില്ല എന്നതാണ് ശ്രദ്ധേയം. മാധ്യമ വാർത്തകളുടെ വീഡിയോ ദൃശ്യങ്ങളും സിസിടിവി ഇമേജുകളും ഉണ്ടായിട്ടും ഇന്ത്യ വിരുദ്ധ റാലി നയിച്ചവരെ കണ്ടെത്താൻ കഴിഞില്ല എന്ന രസകരമായ മറുപടിയാണ് മെട്രോപൊളിറ്റൻ പൊലീസിൽ നിന്നുണ്ടായത്. ലണ്ടൻ പൊലീസിന്റെ കൺ മുന്നിലിട്ടാണ് പതാക കത്തിക്കൽ സംഭവം നടന്നതും. ഇത്തരത്തിൽ ഇന്ത്യ വിരോധം നീറിക്കത്തിച്ചു പാക് അനുകൂല വിഭാഗക്കാരുടെ പിന്തുണ സംഘടിപ്പിക്കുന്ന ഒട്ടേറെ സംഘടനകൾ ചേർന്നാണ് ഇപ്പോൾ കാശ്മീർ വിഷയം ബ്രിട്ടനിൽ സജീവമാക്കി നിർത്താൻ ശ്രമിക്കുന്നത്. ഇതിനെ തടയിടാൻ ഇന്ത്യ അനുകൂലികളും ശ്രമിക്കുന്നു. കഴിഞ്ഞ മാസം ബ്രിട്ടന്റെ പല ഭാഗങ്ങളിൽ നടന്ന ഇന്ത്യ വിരുദ്ധ റാലികൾക്കു മറുപടിയായിട്ടാകും ഇന്ത്യ അനുകൂല റാലികളുടെ വരവ്.

ഇങ്ങനെ ഇരുകൂട്ടരും മത്സരിച്ചു റാലികളും പ്രകടനവുമായി ഇറങ്ങി തിരിക്കുന്നതോടെ ബ്രിട്ടീഷ് മണ്ണിൽ സംഘർഷം കത്തിപ്പടരുമോ എന്ന ആശങ്ക പോലും ശക്തമാണ്. പ്രത്യേകിച്ചും ബ്രിട്ടൻ സ്വന്തം മണ്ണ് രക്ഷിക്കാൻ പെടാപ്പാട് പെടുമ്പോൾ മറ്റൊരു രാജ്യത്തെ തർക്കഭൂമിയുടെ പേരിൽ ഇരു വിഭാഗം ജനങ്ങൾ ഏറ്റുമുട്ടൽ രാഷ്ട്രീയത്തിന്റെ ഭാഷയുമായി രംഗത്ത് വന്നാൽ അത് നിയന്ത്രിക്കാൻ നന്നായി വിഷമിക്കും. പ്രത്യേകിച്ചും തർക്കവിഷയത്തിൽ ചരിത്രപരമായി ബ്രിട്ടന്റെ മേൽ കുറ്റം ചാർത്തപ്പെട്ടു നിൽക്കുമ്പോൾ കുറെയൊക്കെ കണ്ടില്ല, കേട്ടില്ല എന്ന നയം തുടരാൻ ബ്രിട്ടൻ നിർബന്ധിതമാകുകയും ചെയ്യും. ബ്രെക്സിറ്റ് നടന്നാൽ മികച്ച വ്യാപാര പങ്കാളി ആയി കരുതപ്പെടുന്ന ഇന്ത്യയെ അകാരണമായി കൂടുതൽ പ്രകോപിപ്പിക്കരുത് എന്നതും ബ്രിട്ടന്റെ സമീപകാല നയമാണ്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP