Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

കനൽ ഒരു തരി മതിയെന്ന വാക്യം ശരിവെക്കും രീതിയിൽ ഏകനായി പോരാടിയ കശ്മീരിലെ സിപിഎം എംഎൽഎ താരിഗാമി; കേസ് അട്ടിമറിക്കാൻ സംഘപരിവാറിൽനിന്ന് കടുത്ത സമ്മർദം ഉണ്ടായിട്ടും ഉറച്ചുനിന്ന ക്രൈംബ്രാഞ്ച് ഉദ്യോഗസ്ഥർ; ഭീഷണികളെ വകവെക്കാതെ കേസ് ഏറ്റെടുത്ത അഭിഭാഷക ദീപിക സിങ്; സാമ്പത്തിക നിയമസഹായം നൽകിയ യൂത്ത് ലീഗ്; കത്വയിലെ എട്ടുവയസ്സുകാരിയുടെ ബലാൽസംഗക്കൊലയിൽ പ്രതികളെ ശിക്ഷിക്കുമ്പോൾ രാജ്യം നന്ദി പറയേണ്ടത് ഇവർക്ക് കൂടി

കനൽ ഒരു തരി മതിയെന്ന വാക്യം ശരിവെക്കും രീതിയിൽ ഏകനായി പോരാടിയ കശ്മീരിലെ സിപിഎം എംഎൽഎ താരിഗാമി; കേസ് അട്ടിമറിക്കാൻ സംഘപരിവാറിൽനിന്ന് കടുത്ത സമ്മർദം ഉണ്ടായിട്ടും ഉറച്ചുനിന്ന ക്രൈംബ്രാഞ്ച് ഉദ്യോഗസ്ഥർ; ഭീഷണികളെ വകവെക്കാതെ കേസ് ഏറ്റെടുത്ത അഭിഭാഷക ദീപിക സിങ്; സാമ്പത്തിക നിയമസഹായം നൽകിയ യൂത്ത് ലീഗ്; കത്വയിലെ എട്ടുവയസ്സുകാരിയുടെ ബലാൽസംഗക്കൊലയിൽ പ്രതികളെ ശിക്ഷിക്കുമ്പോൾ രാജ്യം നന്ദി പറയേണ്ടത് ഇവർക്ക് കൂടി

മറുനാടൻ ഡെസ്‌ക്‌

ന്യൂഡൽഹി: രാജ്യം ഞെട്ടിവിറച്ചുപോയ ദിനങ്ങൾ ആയിരുന്നു അത്. ഒരു എട്ടുവയസ്സുകാരി മുസ്ലിം ബാലികയെ അമ്പലത്തിൽ വെച്ച് മാനഭംഗപ്പെടുത്തികൊല്ലുക. അസാധാരണങ്ങളിൽ അസാധാരണമായ കശ്മീരിലെ കത്വയിലെ ബലാൽസംഗക്കൊലയിൽ പ്രതികൾ ശിക്ഷിക്കപ്പെടുമ്പോൾ, നന്ദി പറയേണ്ട കുറേ മുഖങ്ങൾ ഉണ്ട്. അതിൽ ആദ്യം എടുത്തുപയേണ്ടത് ജമ്മുകശ്മീരിലെ കുൽഗാം മണ്ഡലത്തിൽനിന്നുള്ള സിപിഎം എംഎൽഎ മുഹമ്മദ് യൂസഫ് താരിഗാമിയുടെ പേര് തന്നെയാണ്. വെറും പ്രാദേശികമായ ഒരു കാണാതാകൽ വാർത്ത മാത്രമാവുമായിരുന്ന ഈ സംഭവത്തെ ലോകത്തിന്റെ മുന്നിൽ എത്തിച്ചത് താരിഗാമിയാണ്. കശ്മീർ നിയമസഭയിലെ സിപിഎമ്മിന്റെ ഒരേയൊരംഗം.കുൽഗാം മണ്ഡലത്തിൽ നിന്ന് തുടർച്ചയായി ജയിക്കുന്ന ഇദ്ദേഹം പാർട്ടി കേന്ദ്ര കമ്മിറ്റി അംഗം കൂടിയാണ്. കനൽ ഒരു തരിമാത്രം മതിയന്ന സിപിഎമ്മിന്റെ പുതിയ ആപ്തവാക്യം ശരിവെക്കുന്ന രീതിയിലുള്ള ശക്തമായ ഇടപെടലാണ് ഈ വിഷയത്തിൽ താരിഗാമി തുടർച്ചയായി നടത്തിയത്. അതും മറ്റു പാർട്ടികൾ പകച്ചു നിൽക്കുമ്പോൾ.

ലോക്കൽ പൊലീസ് കേസ് അട്ടിമറിക്കാൻ ശ്രമിക്കുന്നത് നിയമസഭയുടെ ശ്രദ്ധയിൽ കൊണ്ടുവരികയും തുടർന്ന് ക്രൈം ബ്രാഞ്ച് അന്വേഷണം പിടിച്ചുവാങ്ങിയതും തരിഗാമിയുടെ നേതൃത്വത്തിലുള്ള പ്രക്ഷോഭത്തെ തുടർന്നാണ്. തുടർന്ന് അന്വേഷണത്തിന്റെ ഓരോ ഘട്ടത്തിലും സഭയുടെ ശ്രദ്ധക്ഷണിച്ചുകൊണ്ട് തരിഗാമി ജാഗ്രത തുടർന്നു. പ്രതികളെ സംരക്ഷിക്കാനായി സംഘപരിവാർ നടത്തിയ റാലികൾക്കെതിരെ ആദ്യമായി രംഗത്തെത്തിയതും ഈ കമ്മ്യൂണിസ്റ്റ് നേതാവായിരുന്നു. ഇക്കാര്യം കശ്മീരിലെ മാധ്യമ പ്രവർത്തകരും എടുത്തു പറയുന്നുണ്ട്.

കടുത്ത സമ്മർദം ഉണ്ടായിട്ടും ഉറച്ചുനിന്ന് ക്രൈംബ്രാഞ്ച് ഉദ്യോഗസ്ഥർ

ജമ്മു-കശ്മീരിലെ ബിജെപി എംഎ‍ൽഎമാരും വൻ സ്വാധീനമുള്ള അഭിഭാഷക സമൂഹവുമൊരുക്കിയ കെണികളെ അതിജീവിച്ച് ക്രൈംബ്രാഞ്ച് സീനിയർ സൂപ്രണ്ട് രമേഷ് കുമാർ ജല്ലയും സംഘവും റെക്കോർഡ് സമയത്തിലാണ് അന്വേഷണം പൂർത്തിയാക്കിയത്. സംഘപരിവാറിന്റെയും ഭരണ നേതൃത്വത്തിന്റെയും ഭീഷണിയും സമ്മർദവും അതിജീവിച്ചായിരുന്നു ഈ നടപടി. ഹൈക്കോടതി അനുവദിച്ച 90 ദിവസത്തിന് 10 ദിവസം ശേഷിക്കെയാണ് ഏപ്രിൽ ഒമ്പതിന് കുറ്റപത്രം സമർപ്പിച്ചത്. കേസ് മൂടിവെക്കാൻ ശ്രമിച്ച ഗൂഢാലോചനയിൽ ഒരു സർക്കാർ ഉദ്യോഗസ്ഥനും നാല് പൊലീസ് ഉദ്യോഗസ്ഥരും ഉൾപ്പെട്ടിരുന്നു. അന്വേഷണം തുടങ്ങുമ്പോൾ കേസിൽ പൊലീസ് ഉദ്യോഗസ്ഥർ ഉൾപ്പെട്ടതായി ജല്ലക്കും അറിവില്ലായിരുന്നു. പ്രതികൾ കസ്റ്റഡിയിലുണ്ടായിരുന്നുവെങ്കിലും പൊലീസുകാരുടെ പങ്കിനെക്കുറിച്ച് ഇവർ ഒന്നും പറഞ്ഞില്ല. മാത്രമല്ല, പ്രദേശത്തെ ഒരു യുവാവ് കുട്ടിയെ തട്ടിക്കൊണ്ടുപോയി ബലാത്സംഗം ചെയ്യുകയായിരുന്നു എന്നായിരുന്നു ഇവരുടെ മൊഴി.

പീഡനത്തിനിരയായ പെൺകുട്ടിയുടെ ഫോട്ടോയാണ് ആദ്യ തുമ്പായത്. മൃതദേഹം കണ്ടെത്തിയ സ്ഥലത്ത് ചളി ഇല്ലാതിരുന്നിട്ടും ചിത്രത്തിലുള്ള കുട്ടിയുടെ ശരീരത്തിൽ പറ്റിപ്പിടിച്ചിരുന്ന ചളി മറ്റൊരു പ്രദേശത്തുവച്ചാണ് പെൺകുട്ടി കൊല്ലപ്പെട്ടത് എന്നതിന്റെ തെളിവായിരുന്നു. അന്വേഷണം ഈ വഴിക്ക് നീങ്ങവെ ഫോട്ടോയിലെ ചളി 'അപ്രത്യക്ഷമായി'. ഇതോടെ അന്വേഷണസംഘം കൂടുതൽ ഫോട്ടോകൾ പരിശോധിച്ചു. ഇതിലൊന്നിലും, കുട്ടിയുടെ ശരീരത്തിൽ ചളിയില്ലായിരുന്നു. ഇതോടെയാണ് പൊലീസ് ഉദ്യോഗസ്ഥർ തന്നെ തെളിവ് നശിപ്പിക്കുന്നതായി മനസ്സിലായത്. തെളിവ് നശിപ്പിക്കാൻ പെൺകുട്ടിയുടെ വസ്ത്രങ്ങൾ അലക്കിയിരുന്നു എന്നുകൂടി ബോധ്യമായതോടെ കള്ളൻ കപ്പലിൽതന്നെ എന്ന് ഉറപ്പിച്ചു.

പ്രതികളെക്കുറിച്ചും പൊലീസ് അന്വേഷണസംഘത്തിന് തെറ്റായ വിവരങ്ങൾ നൽകിക്കൊണ്ടിരുന്നു. മുഖ്യപ്രതിയായ സഞ്ജി റാം, മകൻ വിശാൽ ജൻഗോത്ര, ഇവരുടെ പ്രായപൂർത്തിയാകാത്ത ബന്ധു എന്നിവരാണ് സംഭവത്തിന്റെ സൂത്രധാരന്മാർ എന്ന് അന്വേഷണസംഘം തിരിച്ചറിഞ്ഞു. എന്നാൽ, പ്രായപൂർത്തിയാകാത്ത ആളെ ഏക പ്രതിയാക്കാൻ പൊലീസ് നീക്കം നടത്തി.

ജല്ലയും സംഘവും അന്വേഷണത്തിന് ക്ഷേത്രത്തിലെത്തുമ്പോൾ പെൺകുട്ടിയെ ബന്ദിയാക്കി പാർപ്പിച്ചതിന്റെ തെളിവുണ്ടായിരുന്നില്ല. സഞ്ജി റാമിന്റെ പക്കൽനിന്ന് താക്കോൽ വാങ്ങി തുറന്ന് പരിശോധിച്ചപ്പോൾ മുടിയിഴകൾ കണ്ടെത്തി. ഡി.എൻ.എ പരിശോധനയിൽ ഇത് പെൺകുട്ടിയുടേതാണെന്ന് ഉറപ്പിച്ചതോടെയാണ് താമസിപ്പിച്ച സ്ഥലം ക്ഷേത്രം തന്നെയാണ് എന്ന് ഉറപ്പാക്കിയത്. കേസ് ഒതുക്കിത്തീർക്കാൻ പ്രതികൾ പൊലീസ് ഉദ്യോഗസ്ഥന് 1,50,000 രൂപ നൽകാൻ ശ്രമിച്ചതായും കുറ്റപത്രത്തിൽ പറയുന്നു.കേസ് നേർവഴിക്കാണ് നീങ്ങുന്നതെന്ന് കണ്ടതോടെ പ്രതികളുടെ ഒത്താശക്കാർ പിന്മാറിത്തുടങ്ങി.തനിക്ക് സമ്മർദ്ദമുണ്ടായിരുന്നില്ലെന്ന്‌ ജല്ല പറഞ്ഞു. മന്ത്രിമാരോ രാഷ്്ട്രീയക്കാരോ വിളിച്ചിട്ടില്ല. ശ്രീനഗർ സ്വദേശിയായ രമേഷ് കുമാർ ജല്ല 1984ലാണ് ഇൻസ്പെക്ടറായി പൊലീസിൽ ചേർന്നത്.

കത്വ കേസിന്റെ വിധിയിൽ സന്തോഷം രമേശ് കുമാർ ജല്ല സന്തോഷം പ്രകടിപ്പിച്ചു.'ആ കുഞ്ഞ് ആത്മാവിന് നീതി കിട്ടിയതിൽ ഞാൻ സന്തോഷവാനാണ്'- കേസിലെ ആറു പ്രതികളെ കുറ്റക്കാരായി കണ്ടെത്തിയ കോടതി വിധി പുറത്തു വന്നതിന് പിന്നാലെ രമേശ് ഹിന്ദുസ്ഥാൻ ടൈംസിനോടു പറഞ്ഞു.

നിയമപോരാട്ടത്തിൽ പതറാതെ ദീപിക സിങ്

ആരും എറ്റെടുക്കാനില്ലാത്ത ഈ കേസ് ദീപിക സിങ് എന്ന അഭിഭാഷക ഏറ്റെടുത്തതാണ് നിർണ്ണയകമായത്. 38കാരിയായ ദീപിക സിങ് ജമ്മു-കശ്മീർ ഹൈക്കോടതിയിൽ നൽകിയ റിട്ട് ഹരജിയെ തുടർന്നാണ് കേസ് ക്രൈംബ്രാഞ്ചിന് കൈമാറിയത്. കേസിൽ ഇടപെട്ടതിന് ജമ്മു ബാർ അസോസിയേഷൻ ഒറ്റക്കെട്ടായി എതിർത്തിട്ടും ദീപിക ഉറച്ചുനിന്നു. ഇവർ ഇപ്പോഴും പൊലീസ് സംരക്ഷണയിലാണ്. കശ്മീരി പണ്ഡിറ്റ് കുടുംബാംഗമായ ഇവർ 1986ൽ സ്വദേശമായ കരിഹാമയിൽനിന്ന് ജമ്മുവിലേക്ക് വന്നതാണ്.

പെൺകുട്ടിയുടെ കുടുംബത്തിന് നീതി ലഭ്യമാക്കുകയെന്നതാണ് തന്റെ ലക്ഷ്യമെന്ന്, ഭീഷണികൾക്കിടയിലും ഇവർ വ്യക്തമാക്കി. പെൺകുട്ടി്ക്കുവേണ്ടി മുന്നോട്ടുവന്ന അഭിഭാഷകയ്ക്കും സംഘപരിവാർ ഭീഷണി നേരിടേണ്ടി വന്നിരുന്നു. പലരും ഏറ്റെടുക്കാൻ മടിച്ച കേസിൽ ഒരു മുസ്ലിം കുടുംബത്തെ സഹായിക്കാൻ ഒരു ഹിന്ദു തന്നെ മുന്നിട്ടിറങ്ങി എന്ന കാരണത്താൽ ഒരു കൂട്ടം അഭിഭാഷകർ തനിക്കെതിരായി തിരിഞ്ഞെന്ന് ദീപിക പറഞ്ഞിരുന്നു. ദീപിക സിങ്ങിനെ പിന്തുണ ഇല്ലായിരുന്നെങ്കിൽ തങ്ങൾ കേസിനുപോകുന്ന കാര്യം പോലും ചിന്തിച്ചിരുന്നില്ലെന്ന് പെൺകുട്ടിയുടെ കുടുംബം പറയുന്നു.

മുസ്ലിം യൂത്ത്ഗിനും അഭിമാനിക്കാം

കത്വയിലെ വിധി വരുമ്പോൾ കേരളത്തിലെ മുസ്ലിം യൂത്ത് ലീഗ് അടക്കമുള്ള സംഘടനകൾക്കും അഭിമാനിക്കാം. ആദ്യ ഘട്ടത്തിൽ തന്നെ കുടുംബത്തിന് ആശ്വാസവും പിന്തുണയും നൽകാനെത്തിയവരിൽ യൂത്ത് ലീഗിന്റെ ദേശീയ സമിതി പ്രതിനിധികളും ഉണ്ടായിരുന്നു. പിന്നീട് കേസിൽ കുടുംബത്തിന് വേണ്ട സാമ്പത്തിക, നിയമ സഹായങ്ങളും ധൈര്യവും നൽകി മുന്നോട്ട് കൊണ്ടുപോയതിൽ യൂത്ത് ലീഗ് നിർണായക പങ്ക്വഹിച്ചു. കുടുംബത്തിന് വേണ്ടി ഹാജരായ അഭിഭാഷക സംഘത്തിന് എല്ലാ സഹായവും നൽകിയത് മുസ്ലിം യൂത്ത് ലീഗ് ആയിരുന്നു. യൂത്ത് ലീഗ് ദേശീയ ജനറൽ സെക്രട്ടറി സി.കെ സുബൈർ അഭിഭാഷക സംഘത്തോടൊപ്പം സജീവമായി ഉണ്ടായിരുന്നു.

മുസ്ലിം യൂത്ത് ലീഗിനെ അഭിനന്ദിച്ചാൽ അത് മതിയാകാതെ വരും. അവർ ആ കുടുംബത്തിന് ചെയ്ത സഹായങ്ങൾ അത്രയേറെയുണ്ട്. കേസിന്റെ ഓരോ ഘട്ടത്തിലും അതോടൊപ്പം നിന്ന യൂത്ത് ലീഗ് സംഘം ഇപ്പോഴും കേസിന്റെ വിധി കേൾക്കാനും പഠാൻകോട്ടിൽ എത്തിയിട്ടുണ്ട്. അത് തന്നെ അവരുടെ ആത്മാർത്ഥത തെളിയിക്കുന്നു,-കേസിൽ പെൺകുട്ടിയുടെ കുടുംബത്തിന് വേണ്ടി ഹാജരായ അഭിഭാഷക സംഘത്തിന് നേതൃത്വം നൽകിയ അഡ്വ. മുബീൻ ഫറൂഖി പറഞ്ഞു.

'കേസിനെ കുറിച്ച് അറിഞ്ഞ ആദ്യ ഘട്ടത്തിൽ തന്നെ ഞങ്ങൾ കുടുംബത്തിനെ സഹായിക്കാൻ പോയിരുന്നു. കേസ് വാദിക്കാൻ ആവശ്യമായ സാമ്പത്തിക സഹായം നൽകാമെന്നാണ് അന്ന് ആ കുടുംബത്തെ അറിയിച്ചത്. പിന്നീട് കേസ് പഠാൻകോട്ടിലേക്ക് മാറ്റിയതോടെ നേരത്തെ പെൺകുട്ടിക്ക് വേണ്ടി നിലയുറപ്പിച്ച ദീപിക സിംഗിന് അത്രയും ദൂരത്തേക്ക് വരുന്നത് ബുദ്ധിമുട്ടേറിയ ഒന്നായി. ഇതോടെ അഭിഭാഷകൻ മാറുകയും നിയമസഹായത്തിന് സാമ്പത്തിക സഹായം ആവശ്യമായി വരികയും ചെയ്തു. ഈ സാഹചര്യത്തിലാണ് യൂത്ത് ലീഗ് കുടുംബത്തിന് വേണ്ടി മുന്നിൽ നിന്നത്. കുടുംബത്തിന് എല്ലാവിധ സാമ്പത്തിക സഹായങ്ങളും ലഭ്യമാക്കാൻ ഞങ്ങൾക്ക് സാധിച്ചിട്ടുണ്ട്'- സുബൈർ പറഞ്ഞു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP