Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

സുപ്രീംകോടതിയെ പേടിച്ച് സർക്കാരും പൊലീസും മര്യാദക്കാരായതോടെ കട്ടച്ചിറ പള്ളിയിൽ കടന്ന് ഓർത്തഡോക്‌സ് വിഭാഗം; യുവ ഐഎഎസുകാരിയുടെ നേതൃത്വത്തിൽ പൊലീസിനെ കൊണ്ട് പരിപൂർണ്ണ സുരക്ഷ ഉറപ്പിച്ച് നടത്തിയ പള്ളി പ്രവേശനത്തിനിടെ യാക്കോബയക്കാർ ഉയർത്തിയ എതിർപ്പ് ദുർബ്ബലമായി; രണ്ടാഴ്ച പള്ളിൽ നിന്നിറങ്ങാതെ പ്രാർത്ഥനാ പ്രതിഷേധവുമായി യാക്കോബായക്കാരും; ഇനി പിടിച്ച് നിൽക്കാനാവില്ലെന്ന് തിരിച്ചറിഞ്ഞ് ഹൃദയം നുറുങ്ങി യാക്കോബായക്കാർ

സുപ്രീംകോടതിയെ പേടിച്ച് സർക്കാരും പൊലീസും മര്യാദക്കാരായതോടെ കട്ടച്ചിറ പള്ളിയിൽ കടന്ന് ഓർത്തഡോക്‌സ് വിഭാഗം; യുവ ഐഎഎസുകാരിയുടെ നേതൃത്വത്തിൽ പൊലീസിനെ കൊണ്ട് പരിപൂർണ്ണ സുരക്ഷ ഉറപ്പിച്ച് നടത്തിയ പള്ളി പ്രവേശനത്തിനിടെ യാക്കോബയക്കാർ ഉയർത്തിയ എതിർപ്പ് ദുർബ്ബലമായി; രണ്ടാഴ്ച പള്ളിൽ നിന്നിറങ്ങാതെ പ്രാർത്ഥനാ പ്രതിഷേധവുമായി യാക്കോബായക്കാരും; ഇനി പിടിച്ച് നിൽക്കാനാവില്ലെന്ന് തിരിച്ചറിഞ്ഞ് ഹൃദയം നുറുങ്ങി യാക്കോബായക്കാർ

മറുനാടൻ മലയാളി ബ്യൂറോ

ആലപ്പുഴ: സുപ്രീം കോടതി വിധിയുടെ പിൻബലത്തിൽ കട്ടച്ചിറ സെന്റ് മേരീസ് പള്ളിയിൽ ഓർത്തഡോക്‌സ് വിഭാഗം പ്രവേശിക്കുമ്പോൾ കൈയടി ലഭിക്കുന്നത് സബ് കലക്ടർ വി.ആർ.കൃഷ്ണതേജയ്ക്ക്. ജില്ലാ ഭരണകൂടത്തിന്റെ നിയന്ത്രണത്തിലായിരുന്നു പ്രവേശനം. യാക്കോബായ വിഭാഗം പ്രതിഷേധവുമായി എത്തിയെങ്കിലും അധികൃതർ ഇടപെട്ടു സംഘർഷം ഒഴിവാക്കി. എല്ലാം നിയന്ത്രിച്ചത് സബ് കലക്ടർ വി.ആർ.കൃഷ്ണതേജയായിരുന്നു. പൊലീസിനും വിശ്വാസികൾക്കും കൃഷ്ണ തേജയെ അനുസരിക്കേണ്ടി വന്നപ്പോൾ സുപ്രീംകോടതി വിധി നടപ്പായി.

സുപ്രീംകോടതിയെ പേടിച്ച് സർക്കാരും പൊലീസും മര്യാദക്കാരാവുകായിയിരുന്നു. ഇതോടെയാണ് കട്ടച്ചറി പള്ളിയിൽ കടന്ന് ഓർത്തഡോക്‌സ് വിഭാഗത്തിന് പ്രാർത്ഥന തുടങ്ങിയത്. യുവ ഐപിഎസുകാരിയുടെ നേതൃത്വത്തിൽ പൊലീസിനെ കൊണ്ട് പരിപൂർണ്ണ സുരക്ഷ ഉറപ്പിച്ച നടത്തിയ പള്ളി പ്രവേശനത്തിനിടെ യാക്കോബയക്കാർ ഉയർത്തിയ എതിർപ്പ് ദുർബ്ബലവുമായി. രണ്ടാഴ്ച പള്ളിൽ നിന്നിറങ്ങാതെ പ്രാർത്ഥനാ പ്രതിഷേധവുമായി യാക്കോബായക്കാരും സജീവമാകുന്നു. ഇനി പിടിച്ച് നിൽക്കാനാവില്ലെന്ന് തിരിച്ചറിഞ്ഞ് ഹൃദയം നുറുങ്ങി യാക്കോബായക്കാർ കട്ടച്ചിറ പള്ളിയിൽ വേദനയോടെ നിൽക്കുകയാണ്.

സബ് കലക്ടർ വി.ആർ.കൃഷ്ണതേജയാണ് പൊലീസ് അധികൃതരുടെ സാന്നിധ്യത്തിൽ പള്ളി തുറന്നുകൊടുത്തത്. ഓർത്തഡോക്‌സ് വൈദികരും അൻപതോളം വിശ്വാസികളും അധികൃതരുടെ അനുമതിയോടെ പള്ളിയിൽ പ്രവേശിച്ചു. തങ്ങളെയും പ്രവേശിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് എത്തിയ യാക്കോബായ വിഭാഗത്തെ പൊലീസ് തടഞ്ഞു. ഇതോടെ ചെറിയ ഉന്തും തള്ളുമുണ്ടായി. വയോധികയ്ക്കും മറ്റൊരാൾക്കും പരുക്കേറ്റു. കെപി റോഡിൽ 2 മണിക്കൂറോളം ഗതാഗതം തടസ്സപ്പെട്ടു. എന്നാൽ കൃഷ്ണ തേജ ഉറച്ചാണെന്ന് യാക്കോബയക്കാർക്ക് മനസ്സിലായി. അതുകൊണ്ട പ്രതിഷേധം നാമമാത്രമാവുകയും ചെയ്തു.

ഇന്നലെ ഉച്ച കഴിഞ്ഞു രണ്ടരയോടെ സമീപത്തെ സമരപ്പന്തലിൽ നിന്നെത്തിയ യാക്കോബായ വിഭാഗത്തെ പള്ളിക്കു മുന്നിലെ കുരിശടിക്കു സമീപം പൊലീസ് തടഞ്ഞതോടെ തർക്കമുണ്ടായി. ഇതിനിടയിൽ കട്ടച്ചിറ കുട്ടേമ്പടത്ത് തെക്കതിൽ കുട്ടിയമ്മ തമ്പാൻ (80) കുഴഞ്ഞു വീണു. പൊലീസിന്റെ ഷീൽഡിൽ തട്ടി കട്ടച്ചിറ വട്ടപ്പറമ്പിൽ ബിജു തങ്കച്ചനു (48) പരുക്കേറ്റു. പൊലീസും യാക്കോബായ വിഭാഗവും തമ്മിൽ ചർച്ച നടത്തിയെങ്കിലും ധാരണയായില്ല. ഇതിനിടയിൽ ഓർത്തഡോക്‌സ് വൈദികരും വിശ്വാസികളും പള്ളിക്കുള്ളിൽ പ്രവേശിച്ചു. സ്ഥലത്തു നേരത്തെ മുതൽ വൻ പൊലീസ് സംഘം നിലയുറപ്പിച്ചിരുന്നു. പ്രതിഷേധത്തിന്റെ ഭാഗമായി യാക്കോബായ വിഭാഗം പ്രാർത്ഥനാ യജ്ഞം തുടരുകയാണ്. പെരുന്നാളിനു മുന്നോടിയായി ഓർത്തഡോക്‌സ് വിഭാഗം ഫാ. ജോൺസ് ഈപ്പന്റെ നേതൃത്വത്തിൽ ഓഗസ്റ്റ് 15 വരെ പള്ളിയിൽ താമസിച്ച് ആരാധനാ ക്രമങ്ങൾ നടത്തും.

അതിനിടെ കായംകുളം കട്ടച്ചിറ സെന്റ് മേരീസ് ഓർത്തഡോക്‌സ് പള്ളിയിൽ സുപ്രീം കോടതി വിധി നടപ്പാക്കുന്നതിനു സഹകരിച്ച ആലപ്പുഴ ജില്ലാ ഭരണകൂടത്തിനും പൊലീസിനും ഓർത്തഡോക്‌സ് സഭാ സെക്രട്ടറി ബിജു ഉമ്മൻ നന്ദി അറിയിച്ചു. സുപ്രീംകോടതി വിധിയനുസരിച്ച് ഓർത്തഡോക്‌സ് സഭയിലെ വൈദികരും ജനങ്ങളും പ്രവേശിച്ച് ആരാധന നടത്തിയെന്ന് അദ്ദേഹം പറഞ്ഞു. സുപ്രീംകോടതിയുടെ മൂന്നംഗ ബെഞ്ച് കട്ടച്ചിറ അന്തിമ വിധി പുറപ്പെടുവിച്ചിട്ട് ഒരു വർഷമായി. സംഘർഷം ഒഴിവാക്കുന്നതിനാണു സഭ ക്ഷമാപൂർവം കാത്തത്. ഇടവക രജിസ്റ്റർ പുതുക്കുമെന്നും 1934 ലെ ഭരണഘടന അനുസരിച്ച് തിരഞ്ഞെടുപ്പു നടത്തുമെന്നും വികാരി ഫാ. ജോൺസ് ഈപ്പൻ അറിയിച്ചു

ഇന്നലെ ഉച്ചയ്ക്ക് രണ്ടരയോടെയാണ് കട്ടച്ചിറ പള്ളിയിൽ പ്രക്ഷുബ്ധരംഗങ്ങൾ അരങ്ങേറിയത്. പള്ളിയിൽ കയറാൻ അനുമതി തേടി ഓർത്തഡോക്സ് വിഭാഗം ജില്ലാ കലക്ടറെ സമീപിച്ചിരുന്നു. അദ്ദേഹം വെള്ളിയാഴ്ച ഇരുകൂട്ടരുമായും ചർച്ച നടത്തി. പള്ളിയിൽ കയറാൻ ഓർത്തഡോക്സ് വിഭാഗം വികാരി ഫാ. ജോൺസ് ഈപ്പനും 50 പേർക്കും അനുവാദം നൽകി. എന്നാൽ പള്ളി രജിസ്റ്ററിൽ പേരില്ലാത്തവരും ഇവരുടെ പട്ടികയിലുണ്ടെന്ന് യാക്കോബായ വിഭാഗം ആരോപിച്ചു. പള്ളി രജിസ്റ്റർ ഇന്നലെ ഹാജരാക്കിയെങ്കിലും കലക്ടർ അംഗീകരിച്ചില്ല.

അതോടെ, മുൻ നിശ്ചയപ്രകാരം യാക്കോബായ വിശ്വാസികൾ പള്ളിക്കു സമീപത്തെ സമരപ്പന്തലിൽ പ്രാർത്ഥനായജ്ഞം ആരംഭിച്ചു. സബ് കലക്ടർ കൃഷ്ണതേജ, ഡിവൈ.എസ്‌പിമാരായ പി.എൻ. സജി, അനീഷ് വി. കോര, ബിനു തുടങ്ങിയവരുടെ നേതൃത്വത്തിൽ നാനൂറോളം പൊലീസ് ഉദ്യോഗസ്ഥർ രാവിലെ മുതൽ സ്ഥലത്തുണ്ടായിരുന്നു. ഓർത്തഡോക്സ് വൈദികരും അംഗങ്ങളും പള്ളിക്കു സമീപമെത്തിയപ്പോഴേക്കും യാക്കോബായ സഭാ വൈദികർ ഉൾപ്പെടെയുള്ളവരെ പൊലീസ് വളഞ്ഞുവച്ചു. ഇതിനെ യാക്കോബായ പക്ഷം എതിർത്തു. തുടർന്നുണ്ടായ സംഘർഷം കൈവിട്ട് പോകാതെ പൊലീസ് നോക്കി.

ഇതിനിടെ പൊലീസ് സംരക്ഷണത്തോടെ ഓർത്തഡോക്സ് പക്ഷം പള്ളിയിൽ പ്രവേശിച്ചു. രാത്രിയിലും വൈദികൻ ഉൾപ്പെടെ ചിലർ പള്ളിയിൽ കഴിയുകയാണ്. യാക്കോബായ വിശ്വാസികൾ സമരപ്പന്തലിലുണ്ട്. പള്ളിയിൽ കയറിയതിനു ശേഷമേ സമരം അവസാനിപ്പിക്കൂവെന്ന് യാക്കോബായ വിഭാഗം വ്യക്തമാക്കി.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP