Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

യുദ്ധ രംഗത്തേക്ക് പോയ കാമുകനെ കാത്തിരിക്കുന്ന പ്രണയിനിയുടെ പേരിൽ അറിയപ്പെട്ടു; രണ്ടാം ലോക മഹായുദ്ധത്തിൽ സോവിയേറ്റ് യൂണിയനെ രക്ഷിച്ച മാരകായുധം; സ്റ്റാലിന്റെ ആയുധപ്പുരയിലെ വിശ്വസ്തൻ; എളുപ്പത്തിൽ നിർമ്മിക്കാനും തൊടുക്കാനും കഴിയുന്നത് യുദ്ധ മുന്നണിയിൽ പ്രിയങ്കരമാക്കി; യുഎസ് എസ് ആറിന്റെ തകർച്ചയോടെ എത്തിപ്പെട്ടത് ലോകമെമ്പടുമുള്ള ഭീകര സംഘടനകളുടെ കൈയിൽ; അമേരിക്കയെ ഞെട്ടിപ്പിക്കുന്നത് തുരുതുരാ വന്നു വീഴുന്ന ആയുധം; ട്രംപിന്റെ ഉറക്കം കെടുത്തി ഇറാന്റെ കത്യൂഷ റോക്കറ്റുകൾ

യുദ്ധ രംഗത്തേക്ക് പോയ കാമുകനെ കാത്തിരിക്കുന്ന പ്രണയിനിയുടെ പേരിൽ അറിയപ്പെട്ടു; രണ്ടാം ലോക മഹായുദ്ധത്തിൽ സോവിയേറ്റ് യൂണിയനെ രക്ഷിച്ച മാരകായുധം; സ്റ്റാലിന്റെ ആയുധപ്പുരയിലെ വിശ്വസ്തൻ; എളുപ്പത്തിൽ നിർമ്മിക്കാനും തൊടുക്കാനും കഴിയുന്നത് യുദ്ധ മുന്നണിയിൽ പ്രിയങ്കരമാക്കി; യുഎസ് എസ് ആറിന്റെ തകർച്ചയോടെ എത്തിപ്പെട്ടത് ലോകമെമ്പടുമുള്ള ഭീകര സംഘടനകളുടെ കൈയിൽ; അമേരിക്കയെ ഞെട്ടിപ്പിക്കുന്നത് തുരുതുരാ വന്നു വീഴുന്ന ആയുധം; ട്രംപിന്റെ ഉറക്കം കെടുത്തി ഇറാന്റെ കത്യൂഷ റോക്കറ്റുകൾ

മറുനാടൻ ഡെസ്‌ക്‌

ടെഹ്റാൻ: രണ്ടാം ലോക മഹായുദ്ധത്തിൽ സോവിയറ്റ് ചെമ്പട മരംകോച്ചുന്ന തണുപ്പത്തും അതിശക്തമായി പേരാടി ഹിറ്റ്്ലറുടെ ജർമ്മനിയെ പ്രതിരോധിക്കുന്ന കാലം. രാവേറെ കമൂണിസ്റ്റ് ഇന്റർനാഷണൽ ഗാനവും, സോവിയറ്റ് ദേശീയഗാനവും പാടി ജനവും തെരുവുകളിൽ ഒരുപോള കണ്ണടക്കാതെ സൈന്യത്തിനൊപ്പം സ്റ്റാലിൻഗ്രാഡ് പ്രതിരോധിച്ചു.

ആ കാലത്ത് ചെമ്പടയിലെ പട്ടാളക്കാർക്ക് വളരെ പ്രിയപ്പെട്ട ഒരു കവിതയുണ്ടായിരുന്നു. സോവിയറ്റ് കവി മിഖായേൽ ഇസക്കോവിസ്‌ക്കി രചിച്ച കത്യൂഷ എന്ന ഗാനമായിരുന്നു അത്. യുദ്ധരംഗത്തേക്ക്പോയ പ്രിയതമനെ കാത്തിരിക്കുന്ന കത്യൂഷ എന്ന പ്രണയിനിയുടെ ഓർമ്മകൾ അക്കാലത്ത് സൈനികർ ഏറ്റുപാടി. പിന്നീട് തങ്ങൾക്ക് പ്രിയപ്പെട്ട റോക്കറ്റിനും അവർ ആ പേരുതന്നെ ഇട്ടു. കത്യൂഷ. ഇന്ന് ഇറാന്റെ എറ്റവും വിലിയ സ്വത്താണ് ഈ റോക്കറ്റ്. ഇപ്പോൾ ബാഗ്ദാദിലെ അമേരിക്കൻ എംബസിക്ക് സമീപത്തേക്ക് ഇറാൻ തൊടുത്ത്വിട്ട് യുഎസിനെ ഞെട്ടിച്ചതും ഇതേ കത്യൂഷ റോക്കറ്റ് തന്നെ.

രൂപകൽപ്പന താരതമ്യേന ലളിതമായി രൂപകൽപ്പനയാണ് കത്യൂഷയുടെ ഏറ്റവും വലിയ പ്രത്യേകത. പക്ഷേ ആദ്യകാലത്ത് കൃത്യത കുറവാണെന്ന് പ്രശ്നം ഇതിനുണ്ടായിരുന്നു. പക്ഷേ പെട്ടെന്നുണ്ടാവുന്ന ആക്രമണങ്ങളിൽ ഇത് ഫലപ്രദമായിരുന്നു. പ്രത്യേകിച്ചും ജർമ്മൻ പട്ടാളക്കാർ ഇത് ഭയപ്പെട്ടിരുന്നു. രണ്ടാംലോക മഹായുദ്ധം കഴിഞ്ഞതോടെ സോവിയറ്റ് യൂണിയൻ വ്യാപകമായി ഈ റോക്കറ്റുകൾ നിർമ്മിക്കാൻ തുടങ്ങി. ജോസഫ് സ്റ്റാലിന്റെ പ്രിയപ്പെട്ട ആയുധമായും ഇത് വിലയിരുത്തപ്പെട്ടു. താരതമ്യേന ചെലവ് കുറഞ്ഞതാണെന്നതും കത്യൂഷക്ക് ഗുണം ചെയ്തു. ട്രക്കുകളിലും കവചിതവാഹനങ്ങളിലും എന്നുവേണ്ട എവിടെനിന്നും ഈ റോക്കറ്റിനെ വളരെ എളുപ്പത്തിൽ വിക്ഷേപിക്കുവാനും കഴിയും. രണ്ടാംലോക മഹായുദ്ധത്തിനുശേഷം, നിരവധി ഗവേഷണങ്ങളാണ് ഈ റോക്കറ്റുകളിൽ നടന്നത്. ഇന്ന് ഉപയോഗിക്കുന്നത് ഇതിന്റെ അങ്ങേയറ്റം വികസിതമായ രൂപമാണ്.

സോവിയറ്റ് യൂണിയന്റെ വിഘടനത്തോടെ, റഷ്യയ്ക്ക് സൈനിക ആയുധശേഖരത്തിന്റെ ഭൂരിഭാഗവും പാരമ്പര്യമായി ലഭിച്ചു. സ്വാഭാവികമായും കത്യൂഷ റോക്കറ്റ് ലോഞ്ചർ സംവിധാനവുമൊക്കെ റഷ്യയുടെ ഭാഗമായി. പക്ഷേ അവിടെയാണ് അപകടം തുടങ്ങിയതും. റഷ്യയിൽനിന്ന് ഇത് എളുപ്പത്തിൽ തീവ്രാവാദ സംഘടനകളിൽ എത്തി. താരതമ്യേന എളുപ്പത്തിൽ നിർമ്മിക്കാൻ കഴിയുന്നതും, ഉപയോഗിക്കാനും എളുപ്പമായതുകൊണ്ട് ഇത് ലോകമെമ്പാടുമുള്ള തീവ്രാവാദ സംഘടനകളുടെ ഇഷ്ട ആയുധമാണ്. യെമനിലെ ഹൂതി വിമതരും, ലെബനിനിലെ ഹിസ്ബുല്ലയും തൊട്ട് ഫലസ്തീൻ പോരാളികൾവരെ ഇന്ന് ഈ റോക്കറ്റ് ഇപയോഗിക്കുന്നുണ്ട്.

സോവിയറ്റ് യൂണിയനിലെ താരതമ്യേന ദുർബലരായ പല രാജ്യങ്ങളും, വിഘടനാനന്തരം പിടിച്ചുനിന്നത് ഇത്തരം ആയുധ വിൽപ്പനയിലൂടെയാണ്. ഒന്നും രണ്ടും ചെചെൻ യുദ്ധങ്ങളിൽ റഷ്യൻ സേനയും നാഗൊർനോ-കറാബക്ക് യുദ്ധത്തിൽ അർമേനിയൻ , അസർബൈജാനി സേനകളും ഈ ആയുധം വ്യാപകമായി ഉപയോഗിച്ചിരുന്നു. 2008 ലെ സൗത്ത് ഒസ്സെഷ്യ യുദ്ധത്തിൽ ജോർജിയൻ സർക്കാർ സേന ബിഎം -21 ഗ്രേഡ് അല്ലെങ്കിൽ സമാനമായ റോക്കറ്റ് പീരങ്കികൾ ഉപയോഗിച്ചതായി റിപ്പോർട്ടുണ്ട്. കത്യുഷ പോലുള്ള ലോഞ്ചറുകൾ അഫ്ഗാനിസ്ഥാൻ , അംഗോള , ചെക്കോസ്ലോവാക്യ , ഈജിപ്ത്, കിഴക്കൻ ജർമ്മനി , ഹംഗറി , ഇറാൻ , ഇറാഖ് , മംഗോളിയ , ഉത്തര കൊറിയ , പോളണ്ട്, സിറിയ , യെമൻ , വിയറ്റ്നാം എന്നിവിടങ്ങളിലേക്ക് കയറ്റുമതി ചെയ്തു.

ചെക്കോസ്ലോവാക്യ , ചൈന , ഉത്തര കൊറിയ , ഇറാൻ എന്നിവിടങ്ങളിലും അവ നിർമ്മിക്കപ്പെട്ടു. തുടർന്നങ്ങോട്ട് നടന്ന ചെറുതും വലുതുമായ യുദ്ധത്തിലൊക്കെയും കത്യൂഷയുണ്ട്. റഷ്യ വഴികിട്ടിയ കത്യൂഷയെ ഏറെ ഗവേഷണങ്ങൾ നടത്തി ആധുനികവത്ക്കരിച്ചാണ്, ഇറാൻ ഉപയോഗിക്കുന്നത്. ഈ റോക്കറ്റുകൾക്ക് പിന്നാലെ, ലോകത്തിലെ ഏറ്റവും ശക്തമായ മിസൈൽ ശൃഖലയും ഇറാനുണ്ട്. ഒറ്റയടിക്ക് ഈ രാജ്യത്തെ തോൽപ്പിക്കാൻ കഴിയില്ല എന്ന് ചുരുക്കം. കാത്യുഷ റോക്കറ്റുകൾ ഉപയോഗിച്ചാണ് വടക്കൻ ബഗ്ദാദിലെ ബലാദ് വ്യോമതാവളത്തെ ആക്രമിച്ചത്. ഉടൻ തന്നെ അപായ സൈറൺ മുഴങ്ങി. എവിടെ നിന്നാണ് റോക്കറ്റ് വന്നതെന്നറിയാൻ യുഎസ് ആളില്ലാ ഡ്രോണുകൾ അയച്ചു. എന്നാൽ തെളിവൊന്നും കിട്ടിയില്ല.

ഏതെങ്കിലും ഒരു പ്രത്യേക ലക്ഷ്യം വച്ചല്ലാതെ ഒരു മേഖലയിലേക്ക് തുടരെ റോക്കറ്റുകൾ വന്നുവീഴുംവിധമാണ് കാത്യുഷ ലോഞ്ചറിന്റെ പ്രവർത്തനം. അതിവേഗത്തിൽ റോക്കറ്റുകളയയ്ക്കാനും സാധിക്കും. രണ്ടാം ലോക മഹായുദ്ധത്തിൽ സോവിയറ്റ് യൂണിയൻ ഉപയോഗിച്ചിരുന്നതാണ് ഇവ. ഇറാനിലേക്കും ഇറാഖിലേക്കും ഇവ കയറ്റുമതി ചെയ്തിട്ടുണ്ട്. ഇറാനിൽ ഇവയുടെ നിർമ്മാണ യൂണിറ്റുകളുമുണ്ട്. അതുകൊണ്ട് തന്നെ അക്രമത്തിന് പിന്നിൽ ഇറാനാണെന്ന് അമേരിക്കയും വിശ്വസിക്കുന്നു. വെള്ളിയാഴ്ച സുലൈമാനിയുടെ മരണത്തിനു പിന്നാലെ ബഗ്ദാദിൽ ശനിയാഴ്ചയുണ്ടായ വ്യോമാക്രമണത്തിൽ ഇറാൻ പിന്തുണയുള്ള ഇറാഖ് പൗരസേനയിലെ ആറുപേർ കൊല്ലപ്പെട്ടിരുന്നു. ബഗ്ദാദ് വിമാനത്താവളത്തിനു സമീപം സുലൈമാനിയുടെ വാഹനവ്യൂഹത്തിനു നേരെയുണ്ടായ ആക്രമണത്തിൽ ഏഴു പേരാണു കൊല്ലപ്പെട്ടത്. ഖാസിം സുലൈമാനിയുടെ മൃതദേഹവുമായുള്ള വിലാപയാത്ര ഇറാനിലേക്ക് പുറപ്പെട്ടതിന് തൊട്ട് പിന്നാലെയാണ് ഇറാനിലെ അമേരിക്കൻ കേന്ദങ്ങൾ ലക്ഷ്യം വച്ച് റോക്കറ്റ് ആക്രമണം ആദ്യം ഉണ്ടായത്. പിന്നാലെ രണ്ട് വ്യോമ താവളങ്ങൾ ആക്രമിച്ചു. ഇതിന് കൂടുതൽ ശക്തിയുള്ള മിസൈലുകളാണ് ഉപയോഗിച്ചത്. ഇന്ന് പുലർച്ചെ ഗ്രീൻ സോണിൽ വീണ്ടും കത്യൂഷ റോക്കറ്റുകളെത്തി. ഇതും അമേരിക്കയെ ഞെട്ടിച്ചു.

വിപ്ലപ ഗാർഡ് തലവൻ കാസിം സൊലേമാനിയെ ഇറാഖിൽ വച്ച് കൊന്നതിന് പ്രതികാരമായി ഇറാഖിലെ അൽ അസദ്, ഇർബിൽ സൈനിക വിമാനത്താവളങ്ങളിലേക്ക് അയച്ച ഇറാന്റെ ബാലസ്റ്റിക് മിസൈലുകൾ അമേരിക്കയ്ക്ക് ഇറാൻ നൽകിയ മുഖമടച്ചുള്ള അടിയാണെന്ന് ആയത്തൊള്ള അലി ഖമനേയി പറഞ്ഞു. ഇറാൻ പ്രതികാരം തുടങ്ങിയിട്ടേയുള്ളൂ എന്നതിന്റെ സൂചനയാണെന്നും ഖമനേയി മുന്നറിയിപ്പ് നൽകിയിരുന്നു. ഇറാനിലെ ഉന്നത സൈനിക നേതാക്കളിൽ ഒരാളായ കാസിം സൊലേമാനിയെ വധിച്ച അമേരിക്കൻ നടപടിക്ക് 'കനത്ത പ്രതികാരം' തന്നെ ഉണ്ടാകുമെന്ന് അലി ഖമനേയി നേരത്തേ പ്രഖ്യാപിച്ചിരുന്നു. എന്നാൽ ഇറാഖിലെ ഈ ആക്രമണം മതിയാകില്ലെന്നും ഇനിയും ആക്രമണങ്ങൾ നടക്കാനുണ്ടെന്നും ഖമനേയി വ്യക്തമാക്കി.

എന്നാൽ ഇറാന്റെ അക്രമണശേഷം 'എല്ലാവരും നന്നായിരിക്കുന്നു'വെന്ന് അമേരിക്കൻ പ്രസിഡന്റ് ഡോണാൾഡ് ട്രംപും മാധ്യമങ്ങളെ അറിയിച്ചു. ഇതിന് പുറകേ ഇറാഖിലെ അമേരിക്കൻ സൈനീക കേന്ദ്രങ്ങളായ അൽ അസദ്, ഇർബിൽ സൈനിക വിമാനത്താവളങ്ങളുടെ ആകാശ ദൃശ്യങ്ങൾ പുറത്ത് വന്നു. ഞങ്ങളുടെ പ്രിയപ്പെട്ട സുലൈമാനിയുടെ കൈവെട്ടിയ അമേരിക്കയെ മേഖലയിൽ നിന്നും വെട്ടി നീക്കുമെന്ന് ഇറാൻ പ്രസിഡന്റ് ഹസ്സൻ റൂഹാനി വ്യക്തമാക്കിയിട്ടുണ്ട്. അമേരിക്ക കുറ്റം ചെയ്തിട്ടുണ്ടെങ്കിൽ അതിനു തക്ക മറുപടിയും നേരിടേണ്ടി വരുമെന്ന് ടെലിവിഷൻ ചാനലിന് നൽകിയ അഭിമുഖത്തിൽ റൂഹാനി പറഞ്ഞു.

മേഖലയിലെ മറ്റ് രാജ്യങ്ങളിൽ നിന്നും അമേരിക്ക തിരിച്ചടി നേരിടുമെന്നാണ് ഞാൻ കരുതുന്നത്. അവർ ഞങ്ങളുടെ പ്രിയപ്പെട്ട സുലൈമാനിയുടെ കരങ്ങൾ ഛേദിച്ചു. അതിനു പകരമായി പശ്ചിമേഷ്യയിലെ അമേരിക്കയുടെ കാലുകൾ തന്നെ ഞങ്ങൾ ഛേദിക്കും. അമേരിക്ക വിവേകമുള്ളവരാണെങ്കിൽ ഈ അവസരത്തിൽ അവരുടെ ഭാഗത്ത് നിന്നും തുടർ നടപടികൾ ഉണ്ടാവില്ല. സുലൈമാനിയുടെ കൊലപാതകത്തിന് മറുപടിയായി ഇറാഖിലെ യുഎസിന്റെ വ്യോമതാവളങ്ങളിൽ ഇറാൻ മിസൈൽ ആക്രമണം നടത്തിയിരുന്നു. യു.എസ് മറ്റ് നടപടികൾ സ്വീകരിക്കുകയാണെങ്കിൽ ഈ നീക്കം മതിയാകില്ലെന്നും റൂഹാനി കൂട്ടിച്ചേർത്തു. മേഖലയിലെ രാജ്യങ്ങളുടെ പ്രതികരണം അമേരിക്ക അറിയണമെന്നാണ് എന്റെ കാഴ്ചപ്പാടെന്നും റൂഹാനി പറഞ്ഞു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP