Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

കട്ടിലിൽ കിടന്നുറങ്ങുന്ന ഏഴ് വയസ്സുകാരി അലീന! കോൺക്രീറ്റ് കഷ്ണങ്ങൾ രക്ഷാകവചമൊരുക്കിയപ്പോഴും ഫഹ്മിതയ്ക്ക് നഷ്ടമായത് അച്ഛനേയും അമ്മയേയും സഹോദരങ്ങളേയും; സഹോദരിയുടെ വിവാഹം അടിപൊളിയാക്കാൻ ഓടിയെത്തിയ സൈനികനെ കാത്തിരുന്നതും മരണം; വിവാഹ വീട്ടിൽ ഇനിയുള്ളത് ജിഷ്ണു മാത്രം; ഇരുനില വീടുകൾ പോലും പുറത്ത് കാണാനാകാത്ത വിധം കല്ലും മണ്ണും വന്ന് മൂടിയ നിലയിൽ; കവളപ്പാറയിൽ നിറയുന്നത് കണ്ണീര് മാത്രം

കട്ടിലിൽ കിടന്നുറങ്ങുന്ന ഏഴ് വയസ്സുകാരി അലീന! കോൺക്രീറ്റ് കഷ്ണങ്ങൾ രക്ഷാകവചമൊരുക്കിയപ്പോഴും ഫഹ്മിതയ്ക്ക് നഷ്ടമായത് അച്ഛനേയും അമ്മയേയും സഹോദരങ്ങളേയും; സഹോദരിയുടെ വിവാഹം അടിപൊളിയാക്കാൻ ഓടിയെത്തിയ സൈനികനെ കാത്തിരുന്നതും മരണം; വിവാഹ വീട്ടിൽ ഇനിയുള്ളത് ജിഷ്ണു മാത്രം; ഇരുനില വീടുകൾ പോലും പുറത്ത് കാണാനാകാത്ത വിധം കല്ലും മണ്ണും വന്ന് മൂടിയ നിലയിൽ; കവളപ്പാറയിൽ നിറയുന്നത് കണ്ണീര് മാത്രം

മറുനാടൻ മലയാളി ബ്യൂറോ

നിലമ്പൂർ: കട്ടിലിൽ കിടന്നുറങ്ങുന്ന നിലയിലായിരുന്നു 7 വയസ്സുകാരി അലീന. അഞ്ചടിയോളം മണ്ണു നിറഞ്ഞ മുറിക്കുള്ളിലെ, നിലത്തേക്കിരുന്നുപോയ കട്ടിലിൽ അവൾ ഒറ്റയ്ക്ക്. വീടിന്റെ മേൽക്കൂരയിലെ സ്ലാബ് തകർത്ത് കൈകൊണ്ടു മണ്ണുനീക്കിയാണ് രക്ഷാപ്രവർത്തകർ അലീനയുടെ ശരീരം പുറത്തെടുത്തത്. അലീനയുടെ പിതാവിന്റെ സഹോദരന്റെ മകളായ അനഘയുടെ മൃതദേഹം വെള്ളിയാഴ്ച കണ്ടെത്തിയിരുന്നു. സൈന്യം നേരിട്ടിറങ്ങിയ രക്ഷാദൗത്യത്തിന്റെ മൂന്നാം ദിവസം 4 മൃതശരീരങ്ങളാണു കണ്ടെടുക്കാനായത്.

പ്രതികൂല സാഹചര്യങ്ങളെ തുടർന്ന് മലപ്പുറം കവളപ്പാറയിൽ രക്ഷാ പ്രവർത്തനം തുടരുകയാണ്. ദേശീയ ദുരന്തനിവാരണ സേനയുടെ 20 പ്രത്യേക സംഘം കവളപ്പാറയിൽ എത്തിയാണ് രക്ഷാ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്നത്. പൊലീസും ഒപ്പം രക്ഷാ പ്രവർത്തനം നടത്തുന്നുണ്ട്. കരസേനയുടെ എഞ്ചിനീയറിങ് വിങ്ങിലെ 50 അംഗങ്ങളും നിലമ്പൂരിൽ നിന്ന് കവളപ്പാറയിലെ ദുരന്ത ഭൂമിയിലുണ്ട്. പ്രദേശത്തു നിന്നും ഇതുവരെ 10 പേരുടെ മൃതദേഹങ്ങൾ കണ്ടെത്തിയിട്ടുണ്ട്. ഉരുൾപൊട്ടലിൽ കവളപ്പാറയിലെ 57 പേരെ കാണാതായിട്ടുണ്ടെന്നാണ് പ്രദേശ വാസികൾ പറയുന്നത്. മുപ്പതോളം വീടുകൾ മണ്ണിനടിയിലാണ്. പഞ്ചായത്തിന്റെ കണക്കുകളനുസരിച്ച് 51 പേരെ ഇനിയും കണ്ടെത്താനുണ്ട്. വൻ ദുരന്തത്തിൽ നിന്ന് അദ്ഭുതകരമായി രക്ഷപ്പെട്ടവരും കവളപ്പാറയിലുണ്ട്.

ഒരു പ്രദേശമാകെ ഉരുൾപ്പൊട്ടലിൽ തകർന്ന് പോയ അവസ്ഥയാണ് കവളപ്പാറയിൽ ഉള്ളത്. ഇരുനില വീടുകൾ പോലും പുറത്ത് കാണാനാകാത്ത വിധം കല്ലും മണ്ണും വന്ന് മൂടിയിരിക്കുകയാണ്. ഒരു കിലോമീറ്ററോളം പൂർണ്ണമായും മണ്ണിനടിയിലായിരിക്കുകയാണ്.

ഫഹ്മിതയെ ഉയർത്തയത് രക്ഷാകരം

ഫഹ്മിത-ഇനി അവൾക്കുള്ളത് അവൾ മാത്രമാണ്. ബാക്കിയില്ലാം ഉരുളെടുത്തു. ഒരു നാടിനെ മുഴുവൻ തുടച്ചുനീക്കിയ ദുരന്തത്തിൽ മാതാപിതാക്കളെയും സഹോദരിയെയും നഷ്ടപ്പെട്ട ഈ 16 വയസ്സുകാരി ഇപ്പോൾ പാണ്ടിക്കാട്ടെ ബന്ധുവീട്ടിലാണുള്ളത്. ഫഹ്മിതയുടെ പിതാവ് മുതിരുക്കുളം മുഹമ്മദ്, മാതാവ് ഫൗസിയ, ഇളയ സഹോദരി ഫാത്തിമ ഷിബിന എന്നിവർ കവളപ്പാറയിലുണ്ടായ ഉരുൾപൊട്ടലിൽ മരിച്ചു. ദുരന്തം ബാക്കി വച്ച ഫഹ്മിത നഷ്ടത്തിന്റെ വേദനയിലാണ് ഇനി.

വീടിന്റെ പിൻഭാഗം തകർത്തെത്തിയ ഉരുളിന്റെ പ്രഹരത്തിൽ അന്നു ഫഹ്മിതയും പുറത്തേക്കു തെറിച്ചുവീണിരുന്നു. പക്ഷേ, പിന്നാലെ അടർന്നുവീണ വീടിന്റെ സ്‌ലാബുകൾക്കുള്ളിൽ അവൾ കുടുങ്ങിക്കിടന്നു. ചെളിവെള്ളത്തിന്റെ കുത്തൊഴുക്കിൽപെടാതെയും ചെങ്കല്ലുകൾ ദേഹത്തു പതിക്കാതെയും കോൺക്രീറ്റ് കഷണങ്ങൾ അവൾക്കു കവചമൊരുക്കി. രാത്രി ഇവിടെ രക്ഷാപ്രവർത്തനത്തിനെത്തിയ പ്രദേശവാസികളാണ് അവശിഷ്ടങ്ങൾക്കുള്ളിൽനിന്നു കരച്ചിൽ കേട്ടത്. ഹഫ്മിതയുടെ ശരീരം പാതിയും മണ്ണിൽ പൂണ്ടുപോയ അവസ്ഥയിലായിരുന്നു.

കുടുംബാംഗങ്ങളും അയൽവാസികളുമടക്കം 9 പേരാണ് അപകട സമയത്ത് മുഹമ്മദിന്റെ വീട്ടിലുണ്ടായിരുന്നത്. മുഹമ്മദിന്റെ കുടുംബത്തിനൊപ്പം അയൽവാസിയായ ഗോപിയുടെ അമ്മയും ഭാര്യയും 2 മക്കളും ഉരുളിൽ ഒടുങ്ങി. മെഴുകുതിരി വാങ്ങാൻ കവലയിലേക്കു പോയ ഗോപി മാത്രമാണ് ആ കുടുംബത്തിൽ ബാക്കി. പാണ്ടിക്കാട്ടെ ഉമ്മയുടെ വീട്ടിലെത്തിച്ച ഫഹ്മിതയോട് മാതാപിതാക്കളും സഹോദരിയും ദുരിതാശ്വാസ ക്യാംപിലുണ്ടെന്നാണു പറഞ്ഞിരുന്നത്. പിന്നീട് എല്ലാവരും പോയത് അവൾ അറിഞ്ഞു.

വിവാഹ വീട്ടിൽ ഇനി ഒരാൾ മാത്രം

പെങ്ങളുടെ വിവാഹത്തിന്റെ ഒരുക്കങ്ങൾക്കായാണ്, ബംഗാളിൽ സൈനികനായ വിഷ്ണു അവധിയെടുത്തു നാട്ടിലെത്തിയത്. ഡിസംബറിലാണു വിവാഹം നിശ്ചയിച്ചിരുന്നത്. പക്ഷേ, ദുരന്തം വിഷ്ണുവിന്റെ കവളപ്പാറയിലെ ഉരുൾപൊട്ടലിന്റെ രൂപത്തിൽ വീട്ടിലെത്തി. സന്തോഷം നിറഞ്ഞുകവിയേണ്ട വീട് ഇന്ന് മൺകൂമ്പാരത്തിനടിയിലാണ്. ജിഷ്‌നയില്ല, വിഷ്ണുവില്ല, പിതാവ് വിജയനില്ല, അമ്മ വിശ്വേശ്വരിയില്ല. ഉരുളിൽ മണ്ണിലാണ്ടുപോയ ഇവരിലാരെയും ഇതുവരെ കണ്ടെത്താനായിട്ടില്ല. വ്യാഴാഴ്ച ഇടിഞ്ഞിറങ്ങിയ മല ഈ കുടുംബത്തിൽ അവശേഷിപ്പിച്ചത് വിഷ്ണുവിന്റെ സഹോദരൻ ജിഷ്ണുവിനെ മാത്രം. അപകടസമയത്ത് ജിഷ്ണു വീട്ടിലുണ്ടായിരുന്നില്ല.

33 ആർമി കോറിൽ ബംഗാളിലെ സിലിഗുരിയിൽ ജോലിചെയ്യുന്ന വിഷ്ണു കഴിഞ്ഞ ആഴ്ചയാണ് നാട്ടിലെത്തിയത്. ദുരിതാശ്വാസ പ്രവർത്തനങ്ങൾക്കിടെ രാത്രി ഭക്ഷണം കഴിക്കാൻ വീട്ടിൽപ്പോയ വിഷ്ണുവിനെ കൂട്ടുകാർ പിന്നീട് കണ്ടിട്ടില്ല.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP