Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

മെഴുകുതിരി വാങ്ങി തിരികെയെത്തിയ ഗോപി കണ്ടത് ആർത്തലച്ചുവരുന്ന ഉരുൾപൊട്ടലിൽ നിന്നും രക്ഷനേടാൻ ഓടിവരുന്ന ഭാര്യയേയും മക്കളേയും; കൺമുന്നിൽ നിന്ന് പ്രിയപ്പെട്ടവരെ വിധി വിളിച്ചുകൊണ്ട് പോകുന്നത് കണ്ട് നിന്നത് നിലവിളിയോടെ; അമ്മയേയും ഭാര്യയേയും മക്കളേയും നഷ്ടപ്പെട്ട യുവാവിനെ ആശ്വസിപ്പിക്കാനാകാതെ ബന്ധുക്കൾ

മെഴുകുതിരി വാങ്ങി തിരികെയെത്തിയ ഗോപി കണ്ടത് ആർത്തലച്ചുവരുന്ന ഉരുൾപൊട്ടലിൽ നിന്നും രക്ഷനേടാൻ ഓടിവരുന്ന ഭാര്യയേയും മക്കളേയും; കൺമുന്നിൽ നിന്ന് പ്രിയപ്പെട്ടവരെ വിധി വിളിച്ചുകൊണ്ട് പോകുന്നത് കണ്ട് നിന്നത് നിലവിളിയോടെ; അമ്മയേയും ഭാര്യയേയും മക്കളേയും നഷ്ടപ്പെട്ട യുവാവിനെ ആശ്വസിപ്പിക്കാനാകാതെ ബന്ധുക്കൾ

  ജംഷാദ് മലപ്പുറം

മലപ്പുറം: മെഴുകുതിരി വാങ്ങി തിരികെ എത്തുമ്പോഴേക്കും വിധി കവർന്നെടുത്തത് ഗോപിയുടെ പ്രിയപ്പെട്ടവരെ എല്ലാം. കൺമുന്നിൽ അമ്മയും ഭാര്യയും മക്കളും മരണത്തിന് കീഴടങ്ങുന്നതിന് സാക്ഷിയാകേണ്ടി വന്ന ഗോപിയെ ആശ്വസിപ്പിക്കാനാകാതെ ബന്ധുക്കളും. പോത്തുകല്ല് കവളപ്പാറ കോളനിയിലാണ് ഗോപിയും കുടുംബവും താമസം. കനത്ത മഴയിൽ കരണ്ട് പോയതോടെ വെളിച്ചത്തിനായി മക്കൾ കരഞ്ഞുതുടങ്ങി. മെഴുകുതിരി വാങ്ങാനായി അടുത്ത കടയിലേക്കുപോയ ഗോപി തിരിച്ചുവന്നപ്പോൾ മണ്ണിനടിയിലായത് മൊത്തംകുടുംബം. പോത്തുകല്ല് കവളപ്പാറ കോളനിയിലെ ഗോപിയുടെ കൈയെത്തും ദൂരത്തുനിന്നാണ് ഭാര്യയെയും രണ്ടു മക്കളെയും മാതാവിനെയും ഉരുൾപൊട്ടൽ കവർന്നത്.

നാലുപേരെയുടെയും ചേതനയറ്റ ശരീരം മണ്ണിൽകുളിച്ച് നിലമ്പൂർ ജില്ലാ ആശുപത്രി മോർച്ചറിയിലെത്തിക്കുമ്പോൾ വിതുമ്പിപൊട്ടിയ ഗോപിയെ ആശ്വാസിപ്പിക്കാനാവാതെ വിറങ്ങലിച്ചു നിൽക്കുകയായിരുന്നു പൊലീസും നാട്ടുകാരും. ഭാര്യാ സഹോദരൻ സോമന്റെ തോളിൽ കൈചായ്ച്ച് വിതുമ്പുന്ന ഗോപി കവളപ്പാറ ദുരന്തത്തിന്റെ നേർക്കാഴ്ചയായിരുന്നു. ഗോപിയുടെ മാതാവ് മാത (65), ഭാര്യ പ്രിയ (36), മക്കളായ പ്രജിഷ (14 ), ഗോഗുൽദാസ് (9) എന്നിവരുടെ ജീവനാണ് ഉരുൾപൊട്ടൽ കവർന്നത്.

ടാപ്പിങ് തൊഴിലാളിയായ ആദിവാസി യുവാവായ ഗോപിയും കുടുംബവും കവളപ്പാറയിൽ പഞ്ചായത്ത് നിർമ്മിച്ചു നൽകിയ വീട്ടിലായിരുന്നു താമസം. കനത്ത മഴയിൽ കരണ്ട് പോയതോടെ വെള്ളിയാഴ്ച രാത്രി ഏഴേകാലോടെ മെഴുകുതിരി വാങ്ങാനായി അടുത്ത കടയിലേക്കിറങ്ങിയതായിരുന്നു ഗോപി. വേഗം വന്ന് അത്താഴം കഴിച്ച് കിടക്കാമെന്ന് മകൻ ഗോപുവിന്റെ വാക്കുകേട്ട് മെഴുകുതിരിയും വാങ്ങി വേഗം മടങ്ങുകയായിരുന്നു. വീടിന് നൂറുമീറ്റർ അകലെയെത്തിയപ്പോഴാണ് മലയൊന്നായി ഇടിഞ്ഞുവീഴുന്ന ശബ്ദം കേട്ടത്.

നിലവിളിയോടെ ഓടിയെത്തുമ്പോൾ ഭാര്യയും മക്കളും വീടിനു പുറത്തേക്ക് ഓടിവരുന്നുണ്ടായിരുന്നു. ഇവർ അടുത്ത വീടിനടുത്തെത്തിയപ്പോഴേക്കും കോൺക്രീറ്റ് സ്ലാബിടിഞ്ഞ് അതിനടിയിലായി. മുകളിൽ മണ്ണും പതിച്ചു. കൈയെത്തും ദൂരത്ത് നിന്നും ഭാര്യയെയും മക്കളെയും മാതാവിനെയും മരണം കവരുന്നത് നെഞ്ചുപൊട്ടുന്ന നിലവിളിയോടെ കണ്ടുനിൽക്കേണ്ടി വന്ന ദുരിതം പറയുമ്പോൾ ഗോപിയുടെ കണ്ണ് നിറഞ്ഞൊഴുകി. വാക്കുകൾ കിട്ടാതെ വിതുമ്പിപൊട്ടി. ആശ്വാസവാക്കുപോലും പറയാനാവാതെ വേദന തിന്ന് വിതുമ്പുകയായിരുന്നു ബന്ധു സോമനും രതീഷും. കണ്ടുനിന്നവരെപ്പോലും കണ്ണീരണിയിച്ച കാഴ്ചയായിരുന്നു രാത്രി മോർച്ചറിക്ക് മുന്നിൽ.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP