Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

സ്ത്രീധനത്തിലെ ചാള മേരിയുടെ മരുമകളെ നിങ്ങൾ മറക്കുമോ? ആ നായികാ നടി ഇപ്പോൾ ജീവിക്കാൻ വേണ്ടി തട്ട് ദോശ ചുടുകയാണ്: മകനെ പഠിപ്പിക്കാൻ യുകെയിൽ അയച്ചു കുടുങ്ങി പോയ പ്രൈം ടിവി സീരിയൽ നടി കവിത ലക്ഷമി നെയ്യാറ്റിൻകരയ്ക്ക് സമീപം തട്ട് കട നടത്തുന്ന വീഡിയോ സോഷ്യൽ മീഡിയയിൽ വൈറൽ ആകുമ്പോൾ

സ്ത്രീധനത്തിലെ ചാള മേരിയുടെ മരുമകളെ നിങ്ങൾ മറക്കുമോ? ആ നായികാ നടി ഇപ്പോൾ ജീവിക്കാൻ വേണ്ടി തട്ട് ദോശ ചുടുകയാണ്: മകനെ പഠിപ്പിക്കാൻ യുകെയിൽ അയച്ചു കുടുങ്ങി പോയ പ്രൈം ടിവി സീരിയൽ നടി കവിത ലക്ഷമി നെയ്യാറ്റിൻകരയ്ക്ക് സമീപം തട്ട് കട നടത്തുന്ന വീഡിയോ സോഷ്യൽ മീഡിയയിൽ വൈറൽ ആകുമ്പോൾ

മറുനാടൻ ഡെസ്‌ക്‌

തിരുവനന്തപുരം: എത്രയൊക്കെയാ വാങ്ങിയത്? ആറു ദോശയും ബീഫും.... തൊണ്ണൂറു രൂപ... കാശ് വാങ്ങുന്നതിനിടെയിലും കവിതാ ലക്ഷ്മി ദോശ ചുടുകയാണ്. നല്ല വലിയ ദോശ. കൂട്ടിന് കസിൻസും. രാത്രിയിലും തട്ടുകട തുടങ്ങും. ചില ദിവസങ്ങളിൽ ഡള്ളായിരിക്കും. കെകെ രാജീവിന്റെ അയലത്തെ സുന്ദരിയെന്ന സീരിയലിൽ അഭിനയിക്കുന്നതിനിടെയാണ് തട്ടുകട കച്ചവടം.

സ്ത്രീധനം സീരിയലിലെ ചാളമേരിയുടെ മരുമകളാണ് യഥാർത്ഥ ജീവിതത്തിൽ 'കവിതാ ലക്ഷ്മി'. പ്രൈംടൈമിൽ ടെലിവിഷൻ പ്രേക്ഷകരെ പിടിച്ചിരുത്തിയ സീരിയൽ. ഇതിലെ അഭിനേതാവായ കവിതാ ലക്ഷ്മി ഇന്ന് തട്ടു ദോശ വിൽക്കുകയാണ്. ഈ വീഡിയോ സോഷ്യൽ മീഡയയിൽ വൈറലായതോടെ ചർച്ചകൾ പല തരത്തിലായി. അത്യാവശ്യം സന്തോഷമായി ജീവിച്ച് വരികയായിരുന്നു ഞങ്ങൾ. എല്ലാം മാറി മറിഞ്ഞതു പെട്ടെന്നാണ്...-ഈ വിഡിയോയയെ കുറിച്ച് കവിതാ ലക്ഷ്മി തന്നെ പറയുന്നത് ഇങ്ങനെയാണ്. നെയ്യാറ്റിൻകരയിൽ നിംസ് ഹോസ്പിറ്റലിന്റെ സമീപമാണ് തട്ടുകട.

പത്ത് വർഷത്തോളമായി നെയ്യാറ്റിൻകരയിൽ താമസിക്കുന്ന കവിതാ ലക്ഷ്മിക്ക്  മകളും മകനുമാണുള്ളത്. വാടകവീട്ടിൽ താമസിക്കുന്ന ഈ നടി സിനിമയിലും മുഖം കാട്ടിയിട്ടുണ്ട്. ഇതിനിടെയിലാണ് മകനെ പഠിപ്പിച്ച് നല്ല നിലയിലാക്കാനുള്ള ഓഫർ കിട്ടുന്നത്. ഈ ചതിക്കുഴിയാണ് കവിതാ ലക്ഷ്മിയെ ജീവിത പ്രാരാബ്ദത്തിലേക്ക് തള്ളി വിട്ടത്. വിദേശത്തെ മകന്റെ പഠന മോഹത്തിലേക്ക് കാര്യങ്ങൾ എത്തിയത് ഇങ്ങനെയാണെന്ന് അവർ വിശദീകരിക്കുന്നു. ഒരു സുഹൃത്തിന്റെ മകൾക്ക് യു കെയിൽ എംഡിക്ക് അഡ്‌മിഷനു വേണ്ടിയാണ് ഒരു ട്രാവൽ ഏജൻസിയിൽ പോയത്. ആ കുട്ടിക്കു പകരം ഹോട്ടൽ മാനേജ്‌മെന്റ്‌റ് ഡിപ്ലോമ കഴിഞ്ഞ എന്റെ മകനുള്ള ഒരു അവസരത്തെക്കുറിച്ചാണ് അവർ അന്നു പറഞ്ഞത്. ഇത് വിശ്വസിച്ചതാണ് പ്രശ്‌നകാരണം. ആ സ്ഥാപനത്തിന്റെ ഉടമയ്ക്ക് യു കെയിൽ മൂന്നു ഹോട്ടലുകൾ ഉണ്ടെന്നും അവിടെ സ്റ്റഡി ആൻഡ് വർക്ക് ചെയ്യാം എന്നുമായിരുന്നു ഓഫർ. നാലുവർഷത്തെ കോഴ്‌സിനു സീറ്റ് ശരിയാക്കിത്തന്നു. അന്നു പറഞ്ഞത് പത്തു പൗണ്ട് മണിക്കൂർ ശമ്പളത്തിൽ അവനവിടെ ജോലി ചെയ്യാം എന്നായിരുന്നു. അമ്പതു ലക്ഷം ചിലവു വരുന്ന കോഴ്‌സിന് ഒരുവർഷം പന്ത്രണ്ടുലക്ഷം വച്ച് മുപ്പത്തിയാറു ലക്ഷം അടച്ചാൽ മതിയെന്നും പറഞ്ഞു.

ഒരു മാസം ഏകദേശം ഒരുലക്ഷം രൂപ അന്നൊരു കൂടുതലായി തോന്നിയില്ല, എനിക്കു വർക്ക് ഉണ്ടായിരുന്നു. ഞങ്ങളുടേത് ആർഭാട ജീവിതമൊന്നും അല്ലാത്തതിനാൽ മിച്ചം പിടിക്കാവുന്നതെയുള്ളൂ. പിന്നെ മോന്റെ പാർട്ട് ടൈം ജോലിയുമുണ്ടല്ലോ. അങ്ങനെ ഒരുപാടു പേരുടെ സഹായം കൊണ്ട് അവനെ യു കെയ്ക്ക് അയച്ചു. പക്ഷെ അവിടെ ചെന്നപ്പോൾ എല്ലാം മാറി മറിഞ്ഞു. പറഞ്ഞ ശമ്പളത്തിന്റെ പകുതി പോലും കിട്ടിയില്ല. അവിടെ ഒരുവർഷം കോഴ്‌സ് എന്നു പറഞ്ഞാൽ മഞ്ഞുവീഴ്ചയുടെ മാസങ്ങൾ ഒഴിവാക്കി ആറുമാസമേ ക്ലാസ് ഉള്ളൂ. ഇതൊന്നും ഞങ്ങളോടു വ്യക്തമായി പറഞ്ഞിരുന്നില്ല. അതായത് ആറുമാസം കൊണ്ട് പന്ത്രണ്ടു ലക്ഷം രൂപ. അതോടെ ഞങ്ങൾ പെട്ടു. യൂണിവേഴ്‌സിറ്റിയിൽ നിന്ന് മെയിലുകൾ വന്നു തുടങ്ങിയപ്പോഴാണ് വിവരങ്ങൾ അറിയുന്നത്. കോഴ്‌സ് മുടങ്ങാതിരിക്കുവാൻ ആദ്യവർഷത്തെ ഫീസ് ഒരു വിധത്തിൽ അടച്ചു. ആ പരീക്ഷ അവൻ പാസാകുകയും ചെയ്തു. ഈ വർഷം ഫീസ് അടയ്ക്കാനുള്ള തീയതി കഴിഞ്ഞു ആകെ വല്ലാത്ത അവസ്ഥയിലാണ്. എന്തെങ്കിലും വരുമാനം എന്ന നിലയിലാണ് തട്ടുകട തുടങ്ങിയത്, പക്ഷെ അതുകൊണ്ട് ഒന്നുമാകുന്നില്ല.-കവിതാ ലക്ഷ്മി പറയുന്നു.

മോന്റെ യാത്രയുമായി ബന്ധപ്പെട്ട് കുറച്ച് നാൾ സീരിയലിൽ നിന്നും വിട്ടു നിൽക്കേണ്ടി വന്നു. ഇതോടെ അവസരങ്ങൾ കുറഞ്ഞു. പിന്നെ മുന്നോട്ട് പോകാൻ ബുദ്ധിമുട്ടായി. ഇതോടെ തട്ടുകടയിലേക്ക് കാര്യങ്ങളെത്തി. സീരിയിലിലെ ആരും സഹായം ചെയ്തില്ല. ദിനേശ് പണിക്കർ വ്യക്തിപരമായി സഹായിച്ചിട്ടുണ്ട് എന്നതിനപ്പുറം ഒരു സംഘടനയും തിരിഞ്ഞു നോക്കിയിട്ടില്ല. ഒരു ഗ്രാനൈറ്റിന്റെ ചെറിയ ഷോപ്പ് നടത്തിയിരുന്നു. സ്വന്തമായി വസ്തു ഇല്ലാത്തതുകൊണ്ട് ലോൺ ഒന്നും കിട്ടിയില്ല. മുദ്ര ലോണും ശരിയായില്ല. അങ്ങനെ ആ കട പൂട്ടി. എന്തു ജോലിയും ചെയ്യുന്നതിൽ എനിക്ക് അഭിമാനക്കുറവ് തോന്നിയിട്ടില്ല. തട്ടുകട നടത്താൻ മാത്രമല്ല, ഹോട്ടലിൽ പണിയെടുക്കാനും ഒരു മടിയുമില്ല, ഇന്ന് ഡബ്ബിങ് ഉള്ളതാണ്. രാത്രി തട്ടുകടയിലേക്കു വേണ്ട ചമ്മന്തി അരച്ചു വച്ചിട്ടു വേണം പോകാൻ. വീട്ടുടമസ്ഥൻ ഒരു അനുഗ്രഹമാണ്, പത്തുവർഷമായി ഇവിടെ താമസിക്കുന്നു. വാടക പലപ്പോഴും മുടങ്ങും, പക്ഷെ ഇതുവരെ ചോദിച്ചിട്ടില്ല.

ആർത്രൈറ്റിസ് ഉണ്ട്. തളർവാതത്തിന്റെ വക്കിൽ എത്തിയ സമയത്ത് വനിത അന്നു റിപ്പോർട്ട് ചെയ്തിരുന്നു. ഹാർട്ടിന് ചെറിയ പ്രശ്‌നമുണ്ട്, എനിക്ക് എന്തെങ്കിലും പറ്റിയാൽ മോളുടെ കാര്യം എന്താവും എന്നോർത്ത് ഭയമുണ്ട്. ചില സുഹൃത്തുക്കൾ സഹായം ചെയ്യുന്നുണ്ട്. മമ്മൂട്ടിയേയും ലാൽ ജോസിനേയുമാണ് സിനിമയിൽ അറിയാവുന്നത്. താപ്പാനയിൽ ഡബ്ബ് ചെയ്തത് മമ്മൂട്ടിയുടെ സഹായത്തോടെയാണ്. ദുൽഖറിന്റെ ഉസ്താദ് ഹോട്ടൽ കണ്ട് ഇഷ്ടപ്പെട്ടാണ് മോൻ ഷെഫ് ആകുന്നത്. ബുദ്ധിമുട്ട് അറിഞ്ഞാൽ മമ്മൂട്ടിയും ലാൽ ജോസും സഹായിക്കുമെന്ന് ഉറപ്പുണ്ട്. ആരെങ്കിലും സഹായിച്ചാൽ മോന്റെ പഠനം പൂർത്തിയാകും. കെ കെ രാജീവിന്റെ സീരിയലിലും അമൃതയിലെ ഒരു സീരിയലിലും റോൾ ഉണ്ട്. ബാക്കി സമയം തട്ടുകട നടത്തുന്നു-കവിതാ ലക്ഷ്മി പറയുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP