Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

മണിമാളിക കണ്ടുകെട്ടാനെത്തിയ എൻഫോഴ്‌സ്‌മെന്റിനെ കുരുക്കാൻ വീട്ടിൽ റോട്ട്‌വീലറെ പൂട്ടിയിട്ട് കവിതാപിള്ളയുടെ നാടകം; സഹതാപവും സഹായവും തേടി അയച്ച കത്തിൽ മേനകാഗാന്ധി വീഴാത്തത് രക്ഷയായി; ഏറ്റവുമൊടുവിൽ പിടിയിലായത് രാത്രി ഉറക്കിക്കിടത്തി കോലഞ്ചേരിക്കാരന്റെ കാറും പണവും തട്ടിയപ്പോൾ

മണിമാളിക കണ്ടുകെട്ടാനെത്തിയ എൻഫോഴ്‌സ്‌മെന്റിനെ കുരുക്കാൻ വീട്ടിൽ റോട്ട്‌വീലറെ പൂട്ടിയിട്ട് കവിതാപിള്ളയുടെ നാടകം; സഹതാപവും സഹായവും തേടി അയച്ച കത്തിൽ മേനകാഗാന്ധി വീഴാത്തത് രക്ഷയായി; ഏറ്റവുമൊടുവിൽ പിടിയിലായത് രാത്രി ഉറക്കിക്കിടത്തി കോലഞ്ചേരിക്കാരന്റെ കാറും പണവും തട്ടിയപ്പോൾ

മറുനാടൻ മലയാളി ബ്യൂറോ

കൊച്ചി: സംസ്ഥാനത്ത് നിരവധി തട്ടിപ്പുകേസുകളിൽ പ്രതിയായ കവിതാപിള്ളയുടെ ഏറ്റവുമൊടുവിലത്തെ വേലത്തരം എൻഫോഴ്‌സ്‌മെന്റ് പൊളിച്ചതോടെയാണ് ഇവരുടെ പേരിൽ കൊച്ചി പോണേക്കരയിലുണ്ടായിരുന്ന മണിമാളിക കണ്ടുകെട്ടാൻ വഴിതെളിഞ്ഞത്. വീട് കണ്ടുകെട്ടുമെന്നായപ്പോൾ വളർത്തുനായയെ വീട്ടിൽത്തന്നെ നിർത്തി വീടുപേക്ഷിക്കുകയായിരുന്നു കവിതാ പിള്ള.

അതിനുശേഷം കേന്ദ്ര മന്ത്രി മനേകാഗാന്ധിയുടെ പട്ടിസ്‌നേഹം മുതലെടുക്കാനായി, എൻഫോഴ്‌സ്‌മെന്റുകാർ പട്ടിയെ വിട്ടുകൊടുക്കുന്നില്ലെന്ന് കാട്ടി മനേകാഗാന്ധിക്ക് പരാതി നൽകുകയായിരുന്നു കവിതാ പിള്ള. ഇതോടെ വീട് ഏറ്റെടുക്കാനാവാതെ എൻഫോഴ്‌സ്‌മെന്റ് കുഴങ്ങി. സ്വന്തം യജമാനനുമായി മാത്രം അടുക്കുകയും മറ്റാരെയും അടുപ്പിക്കാതിരിക്കുകയും ചെയ്യുന്ന സ്വഭാവമുള്ള റോട്ട് വീലർ എന്ന മുന്തിയ ഇനം നായയെയാണ് വീട്ടിൽ നിർത്തിയിരുന്നത്. ഇതോടെ എൻഫോഴ്‌സ്‌മെന്റ് പ്രതിസന്ധിയിലായി.

പക്ഷേ, പട്ടിയെന്നു കേട്ടാൽ സ്‌നേഹത്തോടെയെത്തുന്ന മനേകാ ഗാന്ധി കവിതാപിള്ളയുടെ കെണിയിൽ വീണിരുന്നെങ്കിൽ അവരുടെ തന്ത്രം വിജയിച്ചേനെ എന്ന് ബന്ധപ്പെട്ട ഉദ്യോഗസ്ഥർ പറയുന്നു. അതോടെ രണ്ടുകോടിയിലേറെ വിലമതിക്കുന്ന ആഡംബര വീട് ഏറ്റെടുക്കാനാവാത്ത സ്ഥിതിയുണ്ടാകുമായിരുന്നു. പക്ഷേ, ഇക്കുറി മനേകാഗാന്ധി വിവേകപൂർവമാണ് കേസിൽ ഇടപെട്ടത്. പരാതി അന്വേഷിച്ചതോടെ ഇത് കവിതാപിള്ളയുടെ തന്ത്രമാണെന്ന് വ്യക്തമായതോടെ പ്രശ്‌നത്തിൽ ഇടപെടാനാവില്ലെന്ന് മന്ത്രി വ്യക്തമാക്കുകയായിരുന്നു.

പക്ഷേ, പ്രശ്‌നം അവിടെയും തീർന്നില്ല, ഉടമയുമായല്ലാതെ അടുക്കാത്ത, ശൗര്യമുള്ള ഈ നായയെ മാറ്റുന്നത് എൻഫോഴ്‌സ് മെന്റിന് മറ്റൊരു വെല്ലുവിളിയായി മാറി. പലവട്ടം ആവശ്യപ്പെട്ടെങ്കിലും നായയെ കൊണ്ടുപോകാതെ വീട് കണ്ടുകെട്ടൽ നീട്ടിവയ്പിക്കാനായിരുന്നു കവിതാപിള്ളയുടെ ശ്രമം. ഒടുവിൽ എൻഫോഴ്‌സ്‌മെന്റ് ഉദ്യോഗസ്ഥർ വെറ്ററിനറി ഡോക്ടർ എബ്രഹാം തരകന്റെ സഹായം തേടി.

ഡോക്ടർ എത്തി കുത്തിവച്ച് മയക്കിയ ശേഷം നായയെ പാലാരിവട്ടത്തെ സംരക്ഷണ കേന്ദ്രത്തിലേക്ക് മാറ്റി. ഇതിനുശേഷമാണ് കവിതാപിള്ളയുടെ മണിമാളിക എൻഫോഴ്‌സ്‌മെന്റ് ഏറ്റെടുക്കുന്നത്. മുന്നുവയസ്സുകാരനായ, കസീ എന്ന റോട്ട് വീലർ വീരനെ മുൻനിർത്തിയായിരുന്നു കവിതാ പിള്ളയുടെ തന്ത്രം.

സംസ്ഥാനത്തുടനീളം മെഡിക്കൽ സീറ്റ് വാഗ്ദാനം ചെയ്ത് കോടികൾ തട്ടുകയും കഞ്ചാവുകേസ് ഒതുക്കാൻ പൊലീസിന്റെ ഇടനിലക്കാരിയായി പ്രവർത്തിക്കുകയും ചെയ്തുവെന്ന പരാതികളിൽ പ്രതിസ്ഥാനത്തുള്ള കവിതാപിള്ള ഇക്കഴിഞ്ഞ സെപ്റ്റംബറിൽ മറ്റൊരു കേസുമായി ബന്ധപ്പെട്ട് കസ്റ്റഡിയിലായിരുന്നു. കോലഞ്ചേരി സ്വദേശിയെ വശീകരിച്ച് ഹോട്ടൽ റൂമിലെത്തിക്ക്ുകയും ഇയാളുടെ പണവും വാഹനവും കവരുകയും ചെയ്തുവെന്ന കേസിലായിരുന്നു ഇത്.

2013ലാണ് കവിതാപിള്ളയെന്ന യുവസുന്ദരിയുടെ തട്ടിപ്പിന്റെ കഥകൾ കേരളത്തെ ഞെട്ടിച്ചത്. മെഡിക്കൽ സീറ്റ് വാഗ്ദാനം ചെയ്ത് കവിതാപിള്ളയും കൂട്ടാളികളും നിരവധി പേരിൽ നിന്നായി കോടികൾ തട്ടിയെടുത്തുവെന്നായിരുന്നു പരാതികൾ. ഈ കേസിൽ നാലരക്കോടിയിലേറെ രൂപയുടെ തട്ടിപ്പ് നടന്നുവെന്ന് കണ്ടെത്തി പൊലീസ് സമർപ്പിച്ച കുറ്റപത്രത്തിന്റെ വെളിച്ചത്തിലാണ് എൻഫോഴ്‌സ്‌മെന്റ് ഇവരുടെ സ്വത്തുവിവരം അന്വേഷിച്ചതും ഇപ്പോൾ കൊച്ചിയിലെ ആഡംബര വീട് കണ്ടുകെട്ടുന്നതും.

2013 കാലത്തുതന്നെയാണ് കൊച്ചിയിൽ ഒപ്പം താമസിച്ചയാളുടെ പണവും കാറും തട്ടിയെടുത്ത കേസും ഉണ്ടാകുന്നത്. ഈ കേസിലാണ് മൂന്നുവർഷത്തിനുശേഷം ഇക്കഴിഞ്ഞ സെപ്റ്റംബറിൽ അറസ്റ്റ് നടന്നത്. കലൂർ സ്റ്റേഡിയം റോഡിലെ ഫ്ളാറ്റിൽ പരിചയക്കാരനായ കോലഞ്ചേരി സ്വദേശിക്കൊപ്പം കവിത എത്തിയതോടെയാണ് സംഭവങ്ങളുടെ തുടക്കം.ഇരുവരും ഒരുമിച്ച് താമസിച്ചു. രാവിലെ കോലഞ്ചേരി സ്വദേശി ഉറക്കമെഴുന്നേറ്റപ്പോഴേക്കും കവിത സ്ഥലം വിട്ടിരുന്നു. കാറിന്റെ താക്കോലും മൊബൈൽ ഫോണും പണവുമെല്ലാം നഷ്ടപ്പെട്ടിരുന്നു.

കവിത വിളിച്ചുവരുത്തിയതു പ്രകാരം എത്തിയ കണ്ണൂർ നുച്ചാട് മണിപ്പാറ കൊട്ടക്കാട്ട് വീട്ടിൽ അനീഷ് (31) കാറും അതിലുണ്ടായിരുന്ന 80,000 രൂപയുടെ തട്ടിയെടുത്തു കടക്കുകയും ചെയ്തു. പ്രതികളിലേക്ക് നേരിട്ട് ബന്ധിപ്പിക്കുന്ന തെളിവുകൾ ലഭിക്കാതിരുന്നതിനാൽ അന്വേഷണം നീണ്ടുപോയി. ഒടുവിൽ സെപ്റ്റംബറിൽ ടൗൺ നോർത്ത് സിഐ വിജയന്റെ നേതൃത്വത്തിൽ കവിതയെ അറസ്റ്റ് ചെയ്യുകയായിരുന്നു.

മെഡിക്കൽ സീറ്റ് വാഗ്ദാനം ചെയ്ത് തട്ടിപ്പ് നടത്തിയതിന് കവിതയെ തിരുനെല്ലിയിൽ നിന്നാണ് പൊലീസ് പിടികൂടുന്നത്. ഇവരുടെ ബിസിനസ് പാർട്ണറും ഡ്രൈവറുമായ എറണാകുളം മരട് കണവത്ത് പറമ്പിൽ മുഹമ്മദ് അസ്താഫിനെയും കസ്‌റഡിയിലെടുത്തിട്ടുണ്ട്. നടുവേദനയ്ക്കു ചികിത്സ തേടിയെത്തിയ കവിത തിരുനെല്ലി ഗവ. ആശ്രമം സ്‌കൂൾ റോഡിലെ അംബിക ലോഡ്ജിൽ മൂന്നുദിവസമായി വ്യാജപ്പേരിൽ മുറിയെടുത്തു താമസിക്കുകയായിരുന്നു. ഭർതൃസഹോദരൻ ശ്രീനിവാസൻ, മകൻ വിഷ്ണു(18) എന്നിവരും കവിതയ്‌ക്കൊപ്പമുണ്ടായിരുന്നു.

പുഷ്പഗിരി, കിംസ്, അമല, അമൃത തുടങ്ങിയ മെഡിക്കൽ കോളജുകളിൽ സീറ്റ് വാഗ്ദാനം ചെയ്തായിരുന്നു കവിതയും സംഘവും തട്ടിപ്പു നടത്തിയിരുന്നത്. ഇതിനായി എറണാകുളത്തു കെജികെ എന്ന സ്ഥാപനവും തുടങ്ങിയിരുന്നു. കവിതയുടെ കൂട്ടാളി ശിവറാമിനെ നേരത്തേ അറസ്‌റ് ചെയ്തിരുന്നു. കോളജിൽനിന്നാണെന്ന പേരിൽ രക്ഷിതാക്കളെ വിളിച്ചു ബാക്കി തുക നൽകണമെന്ന് ആവശ്യപ്പെട്ടതു ശിവറാമായിരുന്നു. തിരുവനന്തപുരം സ്വദേശി സൈനുലാബ്ദീന്റെ മകൾക്ക് അമൃത മെഡിക്കൽ കോളജിൽ സീറ്റ് വാഗ്ദാനം ചെയ്തു 24 ലക്ഷം രൂപ തട്ടിയെടുത്തെന്ന കേസിൽ കവിത സമർപ്പിച്ച മുൻകൂർ ജാമ്യാപേക്ഷ കോടതി നേരത്തേ തള്ളിയതോടെയാണ് അന്ന് അറസ്റ്റിന് വഴിയൊരുങ്ങിയത്.

ഇതിനുപിന്നാലെയാണ് കവിതാപിള്ളയ്ക്ക് പൊലീസിലെ പല ഉന്നതരുമായും ബന്ധമുണ്ടായിരുന്നുവെന്ന വാർത്തകളും പുറത്തുവന്നത്. കൈക്കൂലി വാങ്ങി കേസുകൾ ഒതുക്കി തീർക്കാൻ പൊലീസിനുവേണ്ടി ഇടനിലക്കാർ പ്രവർത്തിക്കുന്നുണ്ടെന്ന ആരോപണത്തിന് തെളിവായി കൈക്കൂലി ആവശ്യപ്പെട്ട് കവിതാ പിള്ള നടത്തിയ ശബ്ദരേഖ ചാനലുകൾ പുറത്തുവിട്ടതോടെയാണ് ഇക്കാര്യങ്ങൾ പരസ്യമായത്.

കൊച്ചിയിലെ ഒരു കഞ്ചാവ് കേസ് ഒതുക്കാനാണ് കവിതാ പിള്ള ഇടപെട്ടത്. കേസിലെ ഒരു പ്രതിയുടെ അമ്മയുമായി കവിതാ പിള്ള നടത്തിയ ഫോൺ സംഭാഷണത്തിന്റെ വിവരമാണ് പുറത്തുവന്നത്. കൈക്കൂലി നൽകിയില്ലെങ്കിന്റെ മകന്റെ നില പരിതാപകരമായിരിക്കുമെന്ന് കവിതാ ഭീഷണിപ്പെടുത്തുന്ന ശബ്ദരേഖ പുറത്തുവന്നതോടെ ഇവരുടെ പൊലീസ് ബന്ധത്തെപ്പറ്റിയും വിവാദങ്ങൾ ഉയരുകയായിരുന്നു.

ഇതോടെയാണ് ആലപ്പുഴ പഴവീട് അമ്പലത്തിനു സമീപം മലയിൽ വീട്ടിൽ അനിലിന്റെ ഭാര്യയായ കവിതാ പിള്ളയെപ്പറ്റി പല വിശേഷങ്ങളും വാർത്തകളിൽ നിറയുന്നത്. ഇതിൽ ഒടുവിലത്തെ എപ്പിസോഡായിരുന്നു കഴിഞ്ഞദിവസം പട്ടിയെ വീട്ടിൽ പൂട്ടിയിട്ട് എൻഫോഴ്‌സ്‌മെന്റിന് പൂട്ടിടാനും മണിമാണിക കൈവിടാതിരിക്കാനും നടത്തിയ ശ്രമം.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP