Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

30 കഴിഞ്ഞവർ കടക്ക് പുറത്തെന്ന് കെസിബിസി; യുവാവായ ക്രിസ്തു എന്ന് അച്ചന്മാർ എങ്ങനെ ഇനി പള്ളിയിൽ പ്രസംഗിക്കുമെന്ന് ചോദിച്ച് യുവാക്കൾ; കത്തോലിക്ക സഭയിൽ യുവജനങ്ങളുടെ പ്രായപരിധി 30 ആയി കുറയ്ക്കാനുള്ള തീരുമാനം യുവത്വത്തിന്റെ കടയ്ക്കൽ കെ.സി.ബി.സിയുടെ കോടാലിയെന്ന് ആക്ഷേപം; ശക്തമായ പ്രതിഷേധമുയർത്താൻ യുവജനസംഘടനയായ കെസിവൈഎമ്മിന്റെ അടിയന്തര സിൻഡിക്കേറ്റ് വെള്ളിയാഴ്ച; തീരുമാനം പിൻവലിച്ചില്ലെങ്കിൽ കൂട്ടരാജിയെന്ന് മുന്നറിയിപ്പ്

30 കഴിഞ്ഞവർ കടക്ക് പുറത്തെന്ന് കെസിബിസി; യുവാവായ ക്രിസ്തു എന്ന് അച്ചന്മാർ എങ്ങനെ ഇനി പള്ളിയിൽ പ്രസംഗിക്കുമെന്ന് ചോദിച്ച് യുവാക്കൾ; കത്തോലിക്ക സഭയിൽ യുവജനങ്ങളുടെ പ്രായപരിധി 30 ആയി കുറയ്ക്കാനുള്ള തീരുമാനം യുവത്വത്തിന്റെ കടയ്ക്കൽ കെ.സി.ബി.സിയുടെ കോടാലിയെന്ന് ആക്ഷേപം; ശക്തമായ പ്രതിഷേധമുയർത്താൻ യുവജനസംഘടനയായ കെസിവൈഎമ്മിന്റെ അടിയന്തര സിൻഡിക്കേറ്റ് വെള്ളിയാഴ്ച; തീരുമാനം പിൻവലിച്ചില്ലെങ്കിൽ കൂട്ടരാജിയെന്ന് മുന്നറിയിപ്പ്

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: കേരള കത്തോലിക്ക സഭയിൽ യുവജനങ്ങളുടെ പ്രായപരിധി കുറയ്ക്കാനുള്ള തീരുമാനത്തിനെതിരെ വൻ പ്രതിഷേധം.പ്രായപരിധി 35 ൽ നിന്ന് 30 ആക്കി കുറയ്ക്കാനുള്ള തീരുമാനമാണ് വിവാദത്തിനടയാക്കിയത്. ഡിസംബർ 5 മുതൽ 7 വരെ കേരള കത്തോലിക്ക സഭയുടെ ആസ്ഥാനമായ പിഒസിയിൽ സമ്മേളിച്ച മെത്രാന്മാരുടെ സമ്മേളനത്തിലാണ് 15 മുതൽ 30 വരെ പ്രായപരിധിയിൽ ഉൾപ്പെടുന്നവരെ മാത്രമേ ഇനി മുതൽ യുവജനങ്ങൾ എന്ന് വിശേഷിപ്പിക്കുകയുള്ളു എന്ന് തീരുമാനിച്ചത്. 30 വയസ് പൂർത്തിയാകുന്നതോടെ യുവജനസംഘടനയിലെ അവരുടെ അംഗത്വം നഷ്ടമാകുമെന്നും സർക്കുലറിൽ പറയുന്നു. ഡിസംബറിലെടുത്ത തീരുമാനം രഹസ്യമാക്കി വച്ചിരിക്കുകയായിരുന്നുവെന്നാണ് യുവജനസംഘടനാ ഭാരവാഹികളുടെ ആരോപണം.

കത്തോലിക്കാസഭയിലെ അപചയത്തിനെതിരെ ശബ്ദമുയർത്തുന്ന യുവജനങ്ങളെ വെട്ടിനിരത്താനുള്ള ഏകപക്ഷീയമായ തീരുമാനമാണിതെന്നാണ് ആരേപണം. മൂന്ന് റീത്തുകളിലായി ഒന്നായി പ്രവർത്തിച്ചുവരുന്ന യുവാക്കളെ ഭിന്നിപ്പിക്കാൻ റീത്ത് തലത്തിൽ മൂന്ന് സംഘടനകൾ ഉണ്ടാക്കിയതും പ്രതിഷേധത്തിന് ഇടയാക്കി. സീറോ-മലബാർ സഭയിൽ സമീപകാലത്തുണ്ടായ ഭൂമി വിവാദവും മറ്റുമായി ബന്ധപ്പെട്ടാണ് കെസിവൈഎം അടക്കമുള്ള സഭയിലെ യുവജനസംഘടനകൾ പുതിയ നീക്കത്തെ കാണുന്നത്. സഭയിലെ എതിർശബ്ദങ്ങൾ കുറയ്ക്കുക എന്ന ലക്ഷ്യമിട്ടാണ് തീരുമാനമെന്ന് അവർ ആരോപിക്കുന്നു. ഇതോടെ തീരുമാനം പിൻവലിച്ചില്ലെങ്കിൽ രാജി അടക്കമുള്ള കാര്യങ്ങളാണ് കെസിവൈഎമ്മിന്റെ നിലവിലെ ഭാരവാഹികൾ ആലോചിക്കുന്നത്.

ഡിസംബറിലെടുത്ത തീരുമാനം പുറത്താക്കാതെ വച്ചുവെന്നും അടുത്ത സംസ്ഥാന സമ്മേളനം വരുമ്പോൾ ചോദ്യം ചെയ്യാൻ പ്രാപ്തിയുള്ള ചിലർ വരാനുള്ള സാധ്യത കണക്കിലെടുത്ത അത് തടയാനാണ് സർക്കുലരെന്നുമാണ് ആരോപണം. ജനുവരി മുതലാണ് ഈ പ്രായപരിധി പ്രാബല്യത്തിൽ വരുന്നത്.

സർക്കുലർ ഇങ്ങനെ:

2017 ഡിസംബർ 5 മുതൽ 7 വരെ കേരള കത്തോലിക സഭയുടെ ആസഥാന കാര്യാലയമായ പിഒസിയിൽ സമ്മേളിച്ച മെത്രാന്മാരുടെ സമ്മേളനം ചർച്ച ചെയ്ത് തീരുമാനിച്ച പ്രകാരം സിബിസിഐയുടെയും ഐസിവൈഎമ്മിന്റെയും മാനദണ്ഡങ്ങൾ പിന്തുടർന്ന് കൊണ്ട് 15 മുതൽ 30 വരെ പ്രായപരിധിയിൽ ഉൾപ്പെടുന്നവരെ മാത്രമേ നി മുതൽ കേരളസഭയിൽ യുവജനങ്ങൾ എന്ന് വിശേഷിപ്പിക്കുന്നുള്ളു.30 വയസുപൂർത്തിയാകുന്ന പ്രകാരം യുവജനസംഘടനയിലെ അവരുടെ അംഗത്വം നഷ്ടമാകും.ഔദ്യോഗിക ഭാരവാഹിത്വത്തിലേക്ക് തിരഞ്ഞെടുക്കപ്പെടുന്നവർ ഔദ്യോഗിക കാലാവധി പൂർത്തിയാകുന്നതിന് മുമ്പായി 30 വയസ് പൂർത്തിയാകുന്നില്ലെന്ന് ഉറപ്പ് വരുത്തേണ്ടതാണ്.ദേശീയ -അന്തർ ദേശീയ തലങ്ങളിലേക്ക് നിർദ്ദേശിക്കപ്പെടുകയോ, തിരഞ്ഞെടുക്കപ്പെടുകയോ ചെയ്യുന്നവർ അവർ തിരഞ്ഞെടുക്കപ്പെടുന്ന സ്ഥാനങ്ങൾ തീർപ്പുകൽപിക്കുന്ന നിയമവ്യവസ്ഥകൾ പാലിക്കാൻ കടപ്പെട്ടവരാകുന്നു.ഈ നിയമം ജനുവരി ഒന്നുമുതൽ പ്രാബല്യത്തിൽ വരുമെന്നും കെസിബിസി ജൂൺ ഏഴിന് പുറപ്പെടുവിച്ച സർക്കുലറിൽ പറയുന്നു,.

കെസിവൈഎം പ്രസിഡൻഷ്യൽ ഭരണഘടനയുള്ള സംഘടനയാണ്.കെസിബിസി അംഗീകരിച്ച ഭരണഘടനയാണ് സംഘടനയക്കുള്ളത്.ഭരണഘടനാഭേദഗതി വരുത്താതെ ഒറ്റ സർക്കലുറിലൂടെ മാറ്റം വരുത്തിയിരിക്കുകയാണെന്നാണ് യുവജനസംഘടനകളു
ടെ ആരോപണം. കെസിവൈഎം സംസ്ഥാന സമിതിയും മുൻ കാല ഭാരവാഹികളും ശക്തമായ എതിർപ്പുമായി രംഗത്തെത്തിയിരിക്കുകയാണ്. വിവിധ രൂപതകളിൽ നിന്നടക്കം സംസ്ഥാന സമിതിയിൽ രാജി പ്രഖ്യാപിച്ചിരിക്കുകയാണ്.തിരുവനന്തപുരത്ത് നാളെ അടിയന്തരമായി സിൻഡിക്കേറ്റ് യോഗം ചേരുകയാണ്.അതിന് ശേഷം കെസിബിസി പ്രസിഡന്റിനെ പോയി കാണും സമവായ ചർച്ചകൾ നടത്തും.പ്രായപരിധി 35 ആക്കി നിലനിർത്തിയില്ലെങ്കിൽ കൂട്ടരാജി എന്ന തീരുമാനത്തിലാണ് കെസിവൈഎം നേതാക്കൾ.

മൂന്ന് റീത്തുകളെ മൂന്ന് സംഘടനകളാക്കി വിഭജിക്കാനുള്ള തീരുമാനവും വൻപ്രതിഷേധമാണ് ക്ഷണിച്ചുവരുത്തിയിരിക്കുന്നത്. മലങ്കരക്കാർക്ക് എംസിവൈഎം, ലാറ്റിൻ സഭയിൽ എൽസിവൈഎം,, സീറോ മലബാർ സഭയിൽ എസ്എംവൈഎം എന്നിങ്ങനെയാണ് സംഘടനകളുണ്ടാക്കിയിരിക്കുന്നത്. നേരത്തെ ഇത്തരത്തിലുള്ള നീക്കം അറയ്ക്കൽ പിതാവിന്റെ കാലത്തുണ്ടായിരുന്നു. പിന്നീട് മാർ വർക്കി വിതയത്തലിന്റെ കാലത്ത് ഈ തീരുമാനം മരവിപ്പിച്ചു.

നിലവിൽ സീറോ മലബാർ സഭയിൽ എസ്എംവൈഎം രൂപീകരിച്ചുവെങ്കിലും രൂപതകളിൽ വേരോട്ടമുണ്ടായില്ല.എസ്എവൈഎം ദേശീയ ഭാരവാഹികളുടെ സ്വന്തം രൂപതയിൽ പോലും അത് ചലനം സൃഷ്ടിക്കാൻ പരാജയപ്പെട്ടു. ആരും കെസിവൈഎം വിട്ടുപോകാൻ തയ്യാറായിരുന്നില്ല എന്നതാണ് കാരണം. ഈ പശ്ചാത്തലത്തിൽ സഭയിൽ ഭാരവാഹിയാകാനുള്ള പ്രായപരിധി 30 നിജപ്പെടുത്തിയത് വൻ പ്രതിഷേധം ക്ഷണിച്ചുവരുത്തി. .
പ്രായപരിധി കുറച്ചാൽ നേതൃത്വത്തിനെതിരെയുള്ള ചോദ്യം ചെയ്യൽ ഒഴിവാക്കാമെന്നും റീത്തുകളെ മൂന്ന് സംഘടനകളാക്കി തിരിച്ചാൽ സംഘബലം കുറയുമെന്നും നേതൃത്വം കണക്കുകൂട്ടിയതായാണ് ആരോപണം.

കെസിബിസി പുറപ്പെടുവിച്ച സർക്കുലറിലുള്ള പ്രതിഷേധം കെസിബിസിയെ അറിയിക്കുമെന്ന് കെസിവൈഎം സംസ്ഥാന സമിതിക്ക് വേണ്ടി പ്രസിഡന്റ് ഇമ്മാനുവൽ മൈക്കിൾ, ജനറൽ സെക്രട്ടറി എബിൻ കണിവയലിൽ എന്നിവർ അറിയിച്ചു.

'കെ.സി.ബി.സി. പുറപ്പെടുവിച്ച സർക്കുലർ കാണുകയുണ്ടായി. ഈ സർക്കുലർ സംസ്ഥാന സിൻഡിക്കേറ്റിന്റെ വാട്ട്‌സപ്പ് ഗ്രൂപ്പിൽ വന്നപ്പോൾ മാത്രമാണ് സംസ്ഥാന നേതൃത്വം ഇതിനെ കുറിച്ച് അറിയുന്നത്. ഇത്തരം പ്രധാനപ്പെട്ട ഒരു തീരുമാനം കൈക്കൊള്ളുന്നതിനു മുൻപ് കേരളത്തിലെ കത്തോലിക്ക യുവജനങ്ങളുടെ പ്രതിനിധികളായ കെ.സി.വൈ.എം. സംസ്ഥാന ഭാരവാഹികളെ പോലും അറിയിക്കാതിരുന്നത് പ്രതിഷേധപരമാണ്.' ഈ പ്രതിഷേധം കെ.സി.ബി.സി. യെ അറിയിക്കുകയും തുടർ നടപടികൾ ആലോചിക്കുകയും ചെയ്യുന്നതായിരിക്കുമെന്നും ഇരുവരും പറഞ്ഞു.വിഷയം ചർച്ച ചെയ്യാൻ വെള്ളിയാഴ്ച കെ.സി.വൈ.എം. സംസ്ഥാന സിൻഡിക്കേറ്റ് യോഗം അടിയന്തിരമായി വിളിച്ചു കൂട്ടും.തിരുവനന്തപുരത്തു വെച്ച് യോഗം ചേർന്ന ശഷം സിൻഡിക്കേറ്റംഗങ്ങൾ ഒന്നു ചേർന്ന് കെ.സി.ബി.സി. പ്രസിഡന്റിനെ കാണും.

അതേസമയം വാട്‌സാപ്പ് ഗ്രൂപ്പുകളിലും മറ്റും കെസിവൈഎമ്മുകാരുടെ ശക്തമായ പ്രതികരണങ്ങളാണ് വരുന്നത്.

'യേശു ക്രിസ്തു തന്റെ 30-ാം വയസ്സിൽ പരസ്യ ജീവിതം ആരംഭിച്ചു 33-ാം വയസ്സിൽ കുരിശിൽ മരിച്ചു . ആത്മീയ - സഭാ - സേനാ പതികൾ അദ്ദേഹത്തെ യുവാവെന്നാണ് ഇന്നും വിളിക്കുന്നത്... ഇതിൽ എന്ത് യുക്തിയാണുള്ളത്!

പ്രിയപെട്ട യുവജനങ്ങളെ,നിങ്ങളുടെ യുവത്വത്തിന് കടക്കൽ കെ.സി.ബി.സിയുടെ കോടാലി. 2019 ജനുവരി 01 മുതൽ നമ്മളിൽ പലരും കറിവേപ്പിലയ്ക്ക് തുല്യം.നാളിതു വരെ നമ്മുടെ പ്രസ്ഥാനത്തിൽ പ്രവർത്തിക്കാൻ 15 മുതൽ 35 വയസ്സുവരെയുള്ളവർക്കായിരുന്നു അവസരം ഉണ്ടായിരുന്നത്. എന്നാൽ ഒരു രാത്രി ഇരുട്ടി വെളുത്തപ്പോൾ കെ.സി.ബി.സി മെത്രാൻ സമിതി തിരുമാനിച്ചു 30 വയസ്സ് വരെയുള്ളവർ യുവജനങ്ങളായാൽ മതി എന്ന്.

കത്തോലിക്ക വിശ്വാസി എന്ന നിലയിൽ സഭാ സമുദായ നേതൃത്വത്തോടുള്ള ബഹുമാനത്തോട് കൂടി പിതാക്കന്മാരോടു ഞാൻ ഒന്ന് ചോദിച്ചോട്ടെ.നിങ്ങൾ മാത്രം മേശയ്ക്ക് ചുറ്റും കൂടിയിരുന്നു തീരുമാനം എടുത്തപ്പോൾ അറിഞ്ഞിരുന്നോ! വർഷങ്ങളായി നിങ്ങൾ പറയുന്ന ഈ പ്രസ്ഥാനത്തിന് വേണ്ടി സമയവും, കുടുംബവും, സമ്പാദ്യവും, ആയുസ്സിന്റെ നല്ലൊരു പങ്കും നഷ്ടപ്പെടുത്തി നാളിതു വരെ പ്രവർത്തിച്ച യുവജനങ്ങളുടെ വികാരങ്ങളെ, ചിന്തകളെ, അവരുടെ അഭിപ്രായങ്ങളെ....ഇല്ല നിങ്ങൾ അറിഞ്ഞില്ല.അറിയണമായിരുന്നു, അന്വേഷിക്കണമായിരുന്നു.അവർക്ക് എന്താണ് പറയാൻ ഉള്ളത് എന്ന്.

ഇവിടെ ഒരു സംസ്ഥാന സമിതിയുണ്ട്,കെ.സി.ബി.സിയുടെ കീഴിൽ 3 റീത്തുകളിലുമായി നിരവധി രൂപത സമിതികളുണ്ട് ഒരു വാക്ക് അവരോടു കൂടി ആലോചിക്കാമായിരുന്നു, അഭിപ്രായം ആരായാമായിരുന്നു.2001 മുതൽ ഇന്ന് വരെയുള്ള 18 വർഷകാലം ഈ പറയുന്ന യുവജന പ്രസ്ഥാനത്തിൽ പ്രവർത്തിച്ച ഒരു വ്യക്തിയെന്ന നിലയിൽ ഞാൻ പറയുന്നു തീരുമാനം മോശമായി പോയി. പിതാക്കന്മാരെ ദയവു ചെയ്തു എടുത്ത തീരുമാനം പുനപരിശോധിക്കണം, കഴിയുമെങ്കിൽ സംസ്ഥാന സമിതിയുടെയെങ്കിലും അഭിപ്രായം ചോദിക്കണം, സംസ്ഥാന സെനറ്റിൽ ചർച്ച ചെയ്യണം.

KCBC യുടെ ഈ തീരുമാനത്തോട് എന്റെ ശക്തമായ പ്രതിഷേധം അറിയിച്ചു കൊള്ളുന്നു.

എന്ന്, ലിനു തോമസ്,കൊച്ചിരൂപത കെ.സി.വൈ.എം മുൻ പ്രസിഡന്റ് 

ഇനി പള്ളിയിൽ അച്ചൻ മാർ പ്രസംഗിക്കുമ്പോൾ യുവാവായ ക്രിസ്തു എന്നു പറയുമ്പോൾ സധൈര്യം എഴുന്നേറ്റ് നിന്ന് എതിർക്കാം .... ക്രിസ്തു മരിക്കുന്നതിന് 3 വർഷം മുമ്പ് യു വത്യം അവസാനിച്ചു: (കെ.സി.ബി.സി നിയമ പ്രകാരം)

'യുവത്വം .... പ്രായം കൂടും തോറും പുറത്താകുന്ന പ്രതിഭാസം അലഞ്ഞിട്ടുണ്ട് അത് തേടി.... നിലാവിൽ ഗംഗയുടെ തീരത്ത് നഷത്രമെണി കിടന്നവന് ഒരു വെളിപാടുണ്ടായി 30-ാം വയസിൽ പ്രസ്ഥാനത്തെ നയിക്കാം. ആഗ്രഹവുമായി ചെന്ന് കയറിയത് അരമനയിൽ ചെന്നപാടെ സ്വികരിച്ചിരുത്തി, ആവശ്യം പറഞ്ഞു30 വയസ് കഴിഞ്ഞ സ്ഥിതിക്ക് കടക്ക് പുറത്തെന്ന് ഉത്തരവ് കിട്ടി.. പകച്ച് പോയി ഞാൻ

എന്തുണ്ട് ഊരുതെണ്ടിയുടെ ഓട്ട കീശയിൽ... ഒന്നുമില്ല...ഒടുവിൽ KCYM ന്റെ ബാലപാഠംങ്ങൾ പഠിപ്പിച്ച പൂർവ്വികരെ മനസിൽ ധ്യാനിച്ച് ദർബാർ ഹാളിൽ ഒരു മീറ്റിങ് കൂടി....അരമന ഫ്‌ളാറ്റ്...സകരോംമ് കീ... KCYM ജോ കഭികദം.. (എന്ത് പണ്ടാറാണാവോ..)പേര് മാറ്റം തന്നെ പൂർത്തിയാക്കാൻ പറ്റാതിടത്താണ് ഇനി പ്രായം എന്ന് ഞാൻ ചിന്തിക്കാറുണ്ട്....

.പക്ക്‌ഷേ പല പ്രതിസന്ധികളും നല്കി പ്രസ്ഥാനത്തെ തകർക്കുമ്പോൾ ഞാൻ ഓർക്കുക മാന്നാനത്ത് KE കോളജിൽ ഒത്തിരി മഹവ്യക്തിത്വങ്ങൾ ഈ പ്രസ്ഥാനത്തിന് രൂപം കൊടുത്തപ്പോൾ ഒരു സഭയും ഉണ്ടായിരുന്നില്ല.. സഭയ്ക്ക് പുറത്ത് നിന്നാണ് സംഘടന രൂപം കൊണ്ടത്... പിന്നീട് സഭയുടെ കരുത്തായി പ്രസ്ഥാനം മാറിയത് ചരിത്രം...ജോയി ഗോതുരുത്തിനെ പോലെയുള്ള പ്രമുഖരെ കണ്ടാണ് ഞാൻ ഇതിൽ വന്നത്, അത് പോലെ നിങ്ങളിൽ പലരും..

അവരെ ആരും ഭരിച്ചിരുന്നില്ല, ഒരച്ചനും, അഭിപ്രായപ്രകടനങ്ങൾ നടത്തിയിട്ടുമില്ല യുവാക്കൾ യുവത്യം വിളിച്ച് പറഞ് കൂടെ നിന്നു...സ്വന്തം കാശു മുടക്കി പ്രവർത്തനങ്ങൾ നടത്തി.....ഇന്ന് ഫണ്ടുകൾ നല്കി ഞങ്ങളെ പ്രവർത്തിപ്പിച്ചത് സഭയുടെ ആവശ്യമായിരുന്നു,യുവജന ശുശ്രുഷയുടെ പേരിൽ കോടികൾ വന്നിട്ടുമുണ്ടാകുംഅതിലൊരപ്പകഷണം നല്കി ഞങ്ങളെ കൂടെ നിർത്തിയിട്ട്.... ഇന്ന് 30 ആയി ..പോയിക്കോ... എന്ന് പറഞ്ഞാൽ ഞങ്ങൾ എവിടെ പോക്കും.ഐ.സി.വൈ.എം നിയമപ്രകാരം പിൻന്തുടരുന്ന നടപടിയാണെങ്കിൽ എന്തുകൊണ്ട് വർഷങ്ങൾക്ക് മുമ്പായില്ല....എന്തിനിപ്പോ തുഗ്ലക്ക് പരിഷ്‌കാരം കൊണ്ട് വന്നു...ഞങ്ങൾ ഇവിടെ ശബ്ദി ചാലും, തെരുവിലിറങ്ങിയാലും അവഹേളനം സഭയ്ക്ക് മാത്രമായിരിക്കും....

'5 നും... 35 നും ഇടയിലുള്ള കാലഘട്ടം എന്ന് യുവത്വത്തെ നോക്കി 10, ഉം 15 ഉം വർഷം പലവട്ടം പറഞ്ഞിട്ട് ഇന്ന് 30 എന്നാക്കി പറയാൻ പറഞ്ഞാൽ സമ്മതിക്കില്ല......ഈ പ്രസ്ഥാനത്തെ സഭയ്ക്ക് വേണ്ടാ എന്നാണെങ്കിൽ ഞാൻ എനിക്കും വേണ്ട എന്ന് പറയില്ല... ഞാൻ ഒറ്റയ്ക്ക് പ്രവർത്തിക്കും 

സഭയുടെ പിന്തുണയില്ലെങ്കിൽ പോലും....യുവാവായ ക്രിസ്തുവിനെ റോൾ മോഡലാക്കിയ പ്രസ്ഥാനം എന്ന് പലവട്ടം പറഞ്ഞതാണ്അതും മാറ്റി പറയണമെന്നാണെങ്കിൽസമ്മതിക്കില്ല ക്രിസ്തു ഉള്ളിടത്തോളം ഞങ്ങൾ പറയുക തന്നെ ചെയ്യും യുവാവായ യോശു ക്രിസ്തുവെന്ന്.സഭയ്ക്ക് പിന്തുണയും, സഭയ്‌ക്കെതിരെ സോഷ്യൽ മീഡിയയിലും മറ്റും വിമർശനങ്ങൾ ഉയരുമ്പോൾ സംരക്ഷിക്കുകയും, പ്രതിരോധിക്കുകയും ചെയ്താതാണ് ഞങ്ങളുടെ തെറ്റെങ്കിൽ....എന്റെ പിഴ... എന്റ പിഴ എന്റെ വലിയ പിഴ

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP