Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

മോഹൻ രാജ് അവശനിലയിൽ ആശുപത്രിയിലാണെന്നും ചികിത്സാ ചെലവിനായി സാമ്പത്തിക സഹായം തേടുന്നുവെന്നുമുള്ള വാർത്ത തെറ്റാണെന്ന് കുടുംബം; ജനറൽ ആശുപത്രിയിൽ ചികിൽസ തേടി എത്തിയത് വെരിക്കോസ് വെയിൻ രോഗത്തിന്; തെറ്റായ പ്രചരണം നടത്തിയാൽ കേസ് കൊടുക്കുമെന്ന് നടന്റെ സഹോദരൻ; സഹായിക്കാനെത്തിയ അമ്മയേയും ഫെഫ്കയേയും പ്രേംലാൽ അറിയിച്ചതും ചെലവ് പണം വേണ്ടെന്ന് തന്നെ; 'കീരിക്കാടന്' ഗുരുതര ആരോഗ്യ പ്രശ്‌നമില്ലെന്ന് ഡോക്ടർമാരും

മോഹൻ രാജ് അവശനിലയിൽ ആശുപത്രിയിലാണെന്നും ചികിത്സാ ചെലവിനായി സാമ്പത്തിക സഹായം തേടുന്നുവെന്നുമുള്ള വാർത്ത തെറ്റാണെന്ന് കുടുംബം; ജനറൽ ആശുപത്രിയിൽ ചികിൽസ തേടി എത്തിയത് വെരിക്കോസ് വെയിൻ രോഗത്തിന്; തെറ്റായ പ്രചരണം നടത്തിയാൽ കേസ് കൊടുക്കുമെന്ന് നടന്റെ സഹോദരൻ; സഹായിക്കാനെത്തിയ അമ്മയേയും ഫെഫ്കയേയും പ്രേംലാൽ അറിയിച്ചതും ചെലവ് പണം വേണ്ടെന്ന് തന്നെ; 'കീരിക്കാടന്' ഗുരുതര ആരോഗ്യ പ്രശ്‌നമില്ലെന്ന് ഡോക്ടർമാരും

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: വ്യാജ പ്രചാരണത്തിനെതിരെ നടൻ മോഹൻരാജും കുടുംബവും. മോഹൻ രാജ് അവശനിലയിൽ ആശുപത്രിയിലാണെന്നും ചികിത്സാ ചെലവിനായി സാമ്പത്തിക സഹായം തേടുന്നുവെന്ന വാർത്ത തെറ്റാണെന്ന് കുടുംബം വ്യക്തമാക്കി. കാലിലെ വെരിക്കോസ് രോഗത്തിന് തിരുവനന്തപുരം ജനറൽ ആശുപത്രിയിൽ ചികിത്സ തേടിയ ദൃശ്യം തെറ്റായി പ്രചരിപ്പിക്കുകയാണെന്ന് മോഹൻരാജിന്റെ സഹോദരൻ പ്രേംലാൽ പറഞ്ഞു. തെറ്റായ പ്രചാരണം നടത്തിയവർക്കെതിരെ പൊലീസിൽ പരാതി നൽകുമെന്നും കുടുംബം വ്യക്തമാക്കി. കീരിക്കാടൻ ജോസ് എന്നറിയപ്പെടുന്ന മോഹൻരാജ് ഇപ്പോഴും ജനറൽ ആശുപത്രിയിൽ ചികിത്സയിൽ തുടരുകയാണ്. എന്നാൽ ആരുടേയും സഹായം വേണ്ടെന്നാണ് കുടുംബത്തിന്റെ നിലപാട്.

കിരീടം, ചെങ്കോൽ തുടങ്ങി നിരവധി ചിത്രങ്ങളിലൂടെ മലയാള സിനിമ പ്രേക്ഷകരുടെ മനസിൽ ഇടം നേടിയ നടനാണ് മോഹൻരാജ് എന്ന കീരീക്കാടൻ ജോസ്. കെ മധു സംവിധാനം ചെയ്ത 'മൂന്നാം മുറ' എന്ന മോഹൻലാൽ ചിത്രത്തിലൂടെയാണ് മലയാള സിനിമയിൽ അരങ്ങേറ്റം കുറിക്കുന്നത്. കിരീടം ആയിരുന്നു രണ്ടാമത്തെ ചിത്രം. സിനിമയിലെ കീരിക്കാടൻ ജോസ് എന്ന കഥാപാത്രത്തിലാണ് പിൽക്കാലത്ത് മോഹൻരാജ് അറിയപ്പെട്ടത്. അദ്ദേഹത്തിനെ ആരും തിരിഞ്ഞ് നോക്കുന്നില്ലെന്നും സാമ്പത്തികമായി ബുദ്ധിമുട്ടിലാണെന്നും കഴിയുന്നവർ സഹായിക്കണം എന്ന രീതിയിലാണ് സോഷ്യൽ മീഡിയയിൽ വാർത്തകൾ പ്രചരിക്കുന്നത്. ഇത് തെറ്റാണെന്ന് അമ്മയുടെ ജനറൽ സെക്രട്ടറിയായ ഇടവേള ബാബുവും വിശദീകരിച്ചിരുന്നു. എന്നാൽ മലയാളത്തിലെ പ്രമുഖ നടനായിരുന്ന കിരിക്കാടൻ ജോസിനെ ജനറൽ ആശുപത്രിയിൽ എത്തിച്ചത് ജീവിത സാഹചര്യങ്ങൾ തന്നെയാണ്.

കീരിക്കാടൻ ജോസിന് ഇൻഷുറൻസ് പരിരക്ഷയുണ്ട്. അതുകൊണ്ട് ആരുടേയും സഹായം വേണ്ടെന്നാണ് കുടുംബത്തിന്റെ പക്ഷം. ഇന്നലെ ആശുപത്രിയിൽ എത്തിയ സിനിമയിലെ സാങ്കേതിക സംഘടനയായ ഫെഫ്കാ നേതാക്കളോടും കുടുംബം പണം വേണ്ടെന്ന നിലപാട് എടുത്തിരുന്നു. താര സംഘടനയായ അമ്മയോടും ഇത് തന്നെയാണ് പറഞ്ഞിട്ടുള്ളത്. ചിത്രം തെറ്റായി ഉപയോഗിച്ച് സമൂഹമാധ്യമങ്ങളെ ഉപയോഗിച്ച് പണ പിരിവിന് സാധ്യതയുള്ളതു കൊണ്ടാണ് സാമ്പത്തിക പ്രശ്‌നങ്ങളൊന്നുമില്ലെന്ന് കുടുംബം വിശദീകരിക്കുന്നത്.

കീരിക്കാടൻ ജോസ് മോശം രോഗാവസ്ഥയിൽ കൂട്ടിനാരുമില്ലാതെ തിരുവനന്തപുരം ജനറൽ ആശുപത്രിയിൽ ശോചനീയാവസ്ഥയിൽ കഴിയുന്നതായി പ്രചരിക്കുന്ന വാർത്ത വാസ്തവവിരുദ്ധമാണെന്ന് ഇടവേള ബാബുവും അറിയിച്ചിരുന്നു. കീരിക്കാടൻ ജോസ് ആശുപത്രിയിലാണ് എന്ന വാർത്ത ശരിയാണ് എന്നാൽ നോക്കാൻ ആരുമില്ല എന്ന തരത്തിൽ പ്രചരിക്കുന്ന വാട്സാപ്പ് സന്ദേശം അടിസ്ഥാനരഹിതമാണ് - ഇടവേള ബാബു പറഞ്ഞു. വെരിക്കോസ് വെയിൻ എന്ന രോഗത്തിന്റെ മൂർധന്യാവസ്ഥയിലാണ് കീരിക്കാടൻ ജോസ് ഉള്ളത്. ചേട്ടനോടൊപ്പമായിരുന്നു അദ്ദേഹം താമസിച്ചിരുന്നത്. രോഗം മൂർച്ഛിച്ചതിനെത്തുടർന്നാണ് ആശുപത്രിയിലേക്ക് മാറ്റിയത് എന്നാണ് അദ്ദേഹത്തിന്റെ ചേച്ചിയോട് അന്വേഷിച്ചതിൽ നിന്നും അറിയാൻ കഴിഞ്ഞത്. കീരിക്കാടൻ ജോസിന്റെ സഹോദരന്റെ മകനാണ് ഇപ്പോൾ ആശുപത്രിയിൽ അദ്ദേഹത്തോടൊപ്പം ഉള്ളത് - ഇടവേള ബാബു പറഞ്ഞു.

ചിറകൊടിഞ്ഞ കിനാവുകൾ എന്ന സിനിമയിൽ ഒന്നിച്ചഭിനയിക്കുന്ന സമയത്തുതന്നെ രോഗത്തിന്റെ അസ്വസ്ഥത ഉണ്ടായിരുന്നു. എഴുന്നേറ്റ് നിന്ന് അഭിനയിക്കാൻ കഴിയാത്തതിനാൽ ഇരുന്നുള്ള ഷോട്ടുകളാണ് എടുത്തിരുന്നത്. അദ്ദേഹത്തിന്റെ രോഗാവസ്ഥ നേരിട്ട് കണ്ട് അറിയാവുന്നതുകൊണ്ടുതന്നെ പണമായും അല്ലാതെയും സംഘടനയിൽ നിന്നും ആവശ്യമായ എല്ലാ സഹായങ്ങളും ആദ്യം മുതൽ തന്നെ ലഭ്യമാക്കിയിരുന്നു. ഇനിയും എന്തെങ്കിലും സഹായം ആവശ്യമുണ്ടെങ്കിൽ അത് നൽകാനും സംഘടന ഒരുക്കമാണ് - ഇടവേള ബാബു പറഞ്ഞു. അതേസമയം, വാട്‌സാപ്പിലൂടെയും മറ്റും വ്യാജവാർത്തകൾ പ്രചരിപ്പിക്കുന്നവർക്കെതിരെ സൈബർ സെല്ലിൽ പരാതി നൽകുമെന്ന് കീരിക്കാടൻ ജോസിന്റെ ബന്ധുക്കൾ പറഞ്ഞു. ജനറൽ ആശുപത്രിയിൽ വച്ച് കീരിക്കാടൻ ജോസിനെ മോശം അവസ്ഥയിൽ കണ്ടു എന്ന തരത്തിലാണ് വാട്‌സ്ആപ്പ് സന്ദേശങ്ങൾ പ്രചരിക്കുന്നത്. ഒപ്പം അദ്ദേഹത്തിന്റെ വീഡിയോയും ചിത്രങ്ങളും പ്രചരിക്കുന്നുണ്ട്.

സിബി മലയിൽ സംവിധാനം ചെയ്ത മലയാളത്തിന്റെ എക്കാലത്തെയും സൂപ്പർ ഹിറ്റ് ചിത്രം കിരീടത്തിലെ കീരിക്കാടൻ ജോസ് എന്ന കഥാപാത്രത്തിലൂടെയാണ് മോഹൻരാജ് മലയാളികൾക്ക് സുപരിചിതനായത്. കീരിക്കാടൻ ജോസ് എന്ന പേര് തന്നെ അഭിനയമേഖലയിൽ അദ്ദേഹത്തിന്റെ പേരായി മാറി. വില്ലൻ വേഷങ്ങളിലൂടെയാണ് അദ്ദേഹം മലയാള സിനിമയിൽ തിളങ്ങിയത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP