Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202418Thursday

ഗ്യാരന്റി കാർഡിലെ പത്ത് വാഗ്ദാനങ്ങളും നടപ്പാക്കാൻ കർമ്മ പദ്ധതി; ഉറപ്പുകൾ എങ്ങനെ നടപ്പാക്കാമെന്ന് വ്യക്തമാക്കേണ്ടത് ഒരാഴ്‌ച്ചക്കുള്ളിൽ; അമിത്ഷായെ കണ്ടശേഷം നടന്ന ഉന്നതതല യോഗത്തിൽ അരവിന്ദ് കെജ്രിവാൾ നിർദ്ദേശം നൽകിയത് നിയമസഭാ തെരഞ്ഞെടുപ്പ് സമയത്ത് മറ്റ് പാർട്ടികളെ അത്ഭുതപ്പെടുത്തിയ പ്രഖ്യാപനങ്ങൾ യാഥാർത്ഥ്യമാക്കുന്നതിന് വേണ്ടി പണിയെടുക്കാൻ

ഗ്യാരന്റി കാർഡിലെ പത്ത് വാഗ്ദാനങ്ങളും നടപ്പാക്കാൻ കർമ്മ പദ്ധതി; ഉറപ്പുകൾ എങ്ങനെ നടപ്പാക്കാമെന്ന് വ്യക്തമാക്കേണ്ടത് ഒരാഴ്‌ച്ചക്കുള്ളിൽ; അമിത്ഷായെ കണ്ടശേഷം നടന്ന ഉന്നതതല യോഗത്തിൽ അരവിന്ദ് കെജ്രിവാൾ നിർദ്ദേശം നൽകിയത് നിയമസഭാ തെരഞ്ഞെടുപ്പ് സമയത്ത് മറ്റ് പാർട്ടികളെ അത്ഭുതപ്പെടുത്തിയ പ്രഖ്യാപനങ്ങൾ യാഥാർത്ഥ്യമാക്കുന്നതിന് വേണ്ടി പണിയെടുക്കാൻ

മറുനാടൻ മലയാളി ബ്യൂറോ

ന്യൂഡൽഹി: തന്റെ തെരഞ്ഞെടുപ്പ് വാഗ്ദാനങ്ങൾ നടപ്പാക്കാനൊരുങ്ങി ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാൾ. നിയമസഭാ തിരഞ്ഞെടുപ്പിനിടെ പുറത്തിറക്കിയ ഗ്യാരന്റി കാർഡിലെ പത്ത് വാഗ്ദാനങ്ങൾ നടപ്പാക്കുന്നത് സംബന്ധിച്ച കർമ്മപദ്ധതി തയ്യാറാക്കാൻ ഉന്നത ഉദ്യോഗസ്ഥർക്ക് അരവിന്ദ് കെജ്രിവാൾ നിർദ്ദേശം നൽകി. കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായുമായി നടത്തിയ കൂടിക്കാഴ്ചയ്ക്കുശേഷം വിളിച്ചുചേർത്ത മന്ത്രിമാരുടെയും ഉന്നത ഉദ്യോഗസ്ഥരുടെയും യോഗത്തിലാണ് കെജ്രിവാൾ ഈ നിർദ്ദേശം നൽകിയത്.

കർമപദ്ധതി തയ്യാറാക്കാൻ ഒരാഴ്ചത്തെ സമയം വിവിധ വകുപ്പുകളുടെ തലവന്മാർക്ക് നൽകിയിട്ടുണ്ടെന്ന് യോഗത്തിനുശേഷം അദ്ദേഹം മാധ്യമങ്ങളെ അറിയിച്ചു. തടസമില്ലാത്ത വൈദ്യുതി വിതരണം, അനധികൃത കോളനികളിലെല്ലാം അടിസ്ഥാന സൗകര്യങ്ങൾ തുടങ്ങിയ ഉറപ്പുകളാണ് കെജ്രിവാൾ തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ പുറത്തിറക്കിയ ഗ്യാരന്റി കാർഡിൽ നൽകിയിരുന്നത്. ഇവ നടപ്പാക്കുന്നതിനുള്ള തുക അടുത്ത ബജറ്റിൽ വകയിരുത്തുമെന്നും കെജ്രിവാൾ വ്യക്തമാക്കിയിട്ടുണ്ട്.

ഗ്യാരന്റി കാർഡിലെ ഉറപ്പുകൾ താഴെ പറയുന്നവയാണ്..

1. നിലവിലുള്ള മാസത്തിൽ 200 യൂണിറ്റ് സൗജന്യ വൈദ്യുതി തുടരും. അതേ പോലെ നിലവിലെ 24 മണിക്കൂർ വൈദ്യുതി ഉറപ്പ് വരുത്തും. വൈദ്യുതി കേബിളുകൾ മുഴുവൻ ഭൂമിക്കടിയിലാക്കും.

2. ഓരോ വീട്ടിലും മാസത്തിൽ ഇരുപതിനായിരം ലിറ്റർ വെള്ളം സൗജന്യമായി നൽകുന്ന പദ്ധതി അടുത്ത അഞ്ച് വർഷവും തുടരും. ശുദ്ധമായ കുടിവെള്ളം 24 മണിക്കൂറും ഓരോ വീട്ടിലും ലഭ്യമാക്കും.

3. അന്താരാഷ്ട്ര നിലവാരമുള്ള വിദ്യാഭ്യാസം ഡൽഹിയിലെ ഓരോ കുട്ടിക്കും ലഭിക്കുന്നു എന്ന് ഉറപ്പ് വരുത്തും.

4. ആരോഗ്യ മേഖലയിൽ കൂടുതൽ സേവനങ്ങൾ ലഭ്യമാക്കും. ചികിത്സയും ടെസ്റ്റുകളും മരുന്നും സൗജന്യമായി ലഭിക്കുന്ന നിലവിലുള്ള സ്ഥിതി തുടരും.

5. സ്ത്രീകൾക്കുള്ള സൗജന്യ യാത്രാ പദ്ധതി തുടരും. സ്‌കൂൾ വിദ്യാർത്ഥികൾക്കും യാത്ര സമ്പൂർണ സൗജന്യമാക്കും. പുതിയ പതിനൊന്നായിരം ബസുകൾ നിരത്തിലിറക്കും.

6. അന്തരീക്ഷ മലിനീകരരണം തടയാൻ കൂടുതൽ പദ്ധതികൾ. രണ്ടു കോടിയിലധികം മരങ്ങൾ വെച്ചു പിടിപ്പിക്കും.

7. ജനങ്ങളുടെ സുരക്ഷ ഉറപ്പ് വരുത്താൻ ' മൊഹല്ല മർഷൽ ' പദ്ധതി. ഓരോ തെരുവുകളിലും സംസ്ഥാന സർക്കാരിന്റെ സുരക്ഷാ ഉദ്യോഗസ്ഥർ. (ഡൽഹി പൊലീസ് കേന്ദ്ര സർക്കാരിന്റെ കീഴിൽ).

8. അംഗീകാരമില്ലാത്ത കോളനികളിലും റോഡ്, കുടിവെള്ളം, ഡ്രൈനേജ്, സി സി ടി വി എന്നിവ ഉറപ്പ് വരുത്തും.

9. ചേരികളിൽ താമസിക്കുന്ന മുഴുവൻ ഡൽഹി നിവാസികൾക്കും വീടുകൾ നിർമ്മിച്ചു നൽകും (Pucca house).

10. മുനിസിപ്പൽ കോർപ്പറേഷന്റെ സഹകരണമില്ലെങ്കിലും ഡൽഹിയെ മാലിന്യ വിമുക്തമാക്കും. (ഡൽഹിയിലെ ആകെയുള്ള മൂന്ന് മുനിസിപ്പൽ കോർപ്പറേഷനുകളും ഭരിക്കുന്നത് ബിജെപിയാണ്. മാലിന്യ നിർമ്മാർജ്ജനം പൂർണമായും കോർപ്പറേഷന്റെ ചുമതലയിലും).

നേരത്തെ കേന്ദ്ര ആഭ്യന്തരമന്ത്രിയുടെ വസതിയിലെത്തി അദ്ദേഹം അമിത് ഷായുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. കൂടിക്കാഴ്ച 20 മിനിട്ടോളം നീണ്ടുനിന്നു. ഡൽഹി നിയമസഭാ തിരഞ്ഞെടുപ്പിൽ ആം ആദ്മി പാർട്ടി തിളക്കമാർന്ന വിജയം നേടിയ ശേഷം കെജ്രിവാളും അമിത് ഷായും നടത്തുന്ന ആദ്യ കൂടിക്കാഴ്ച ആയിരുന്നു ഇത്. കൂടുക്കാഴ്ചയ്ക്കിടെ പൗരത്വ നിയമ ഭേദഗതിക്കെതിരെ ഡൽഹി ഷഹീൻബാഗിൽ നടക്കുന്ന പ്രക്ഷോഭം അടക്കമുള്ള വിഷയങ്ങൾ കേന്ദ്ര ആഭ്യന്തര മന്ത്രിയുമായി ചർച്ച ചെയ്തില്ലെന്ന് മാധ്യമങ്ങളുടെ ചോദ്യത്തിന് മറുപടിയായി കെജ്രിവാൾ പറഞ്ഞു.

കഴിഞ്ഞ 16നാണ് ഡൽഹി മുഖ്യമന്ത്രിയായി അരവിന്ദ് കെജ്രിവാൾ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റത്. കഴിഞ്ഞ മന്ത്രിസഭയിൽ ജലവകുപ്പിന്റെ ചുമതലയുണ്ടായിരുന്ന മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിന് ഇത്തവണ മറ്റ് വകുപ്പുകളില്ല. തൊഴിൽ, നഗര വികസനം എന്നിവയ്ക്കൊപ്പം സത്യേന്ദ്ര കുമാർ ജെയിനാണ് ജലവകുപ്പിന്റെ ചുമതല വഹിക്കുക. പരിസ്ഥിതി, തൊഴിൽ, വികസനം എന്നിവ ഗോപാൽ റായിയും വനിത ശിശുക്ഷേമ വകുപ്പുകളുടെ ചുമതല രാജേന്ദ്ര പാൽ ഗൗതമും വഹിക്കും.

ഉപമുഖ്യമന്ത്രി മനീഷ് സിസോദിയയുടെ വകുപ്പുകളിൽ മാറ്റമില്ല. വിദ്യാഭ്യാസം, ധനം, ടൂറിസം ഉൾപ്പടെ പതിനൊന്ന് വകുപ്പുകളുടെ ചുമതലയാണ് മനീഷ് സിസോദിയ വഹിക്കുന്നത്. ഇമ്രാൻ ഹുസ്സൈൻ ഭക്ഷ്യ സിവിൽ സപ്ലൈസും കൈലോഷ് ഖെലോട്ട് നിയമം, ട്രാൻസ്പോർട്ട് തുടങ്ങിയ വകുപ്പുകളുമാണ് വഹിക്കുന്നത്. 70 അംഗ ഡൽഹി നിയമസഭയിൽ 62 സീറ്റുകളാണ് ആംആദ്മി സർക്കാർ നിലനിർത്തിയത്. എട്ട് സീറ്റുകൾ ബിജെപി നേടിയപ്പോൾ കോൺഗ്രസിന് ഒരു സീറ്റും ലഭിച്ചില്ല.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP