Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

വിമാനത്താവളം മുതൽ സ്റ്റേഡിയം വരെ തന്നെ സ്വീകരിക്കാൻ 70 ലക്ഷം പേരുണ്ടാകും; മോദി ഉറപ്പ് നൽകിയെന്ന് ഡൊണാൾഡ് ട്രംപ്; ഹൂസ്റ്റണിലെ 'ഹൗഡി മോദി' പരിപാടിയുടെ മാതൃകയിൽ ട്രംപിന് അഹമ്മദാബാദിൽ വമ്പൻ സ്വീകരണം ഒരുക്കാൻ നീക്കം; ഒരു ലക്ഷം മാത്രം കപ്പാസിറ്റിയുള്ള മൊട്ടേറ സ്റ്റേഡിയത്തിൽ എങ്ങനെ ലക്ഷങ്ങൾ എത്തുമെന്ന ചോദ്യം ബാക്കി; ഇന്ത്യാ സന്ദർശനത്തിനായി അമേരിക്കൻ പ്രസിഡന്റ് എത്തുമ്പോൾ വ്യാപാരക്കരാറിലും പ്രതിരോധ കരാറുകളിലും ഒപ്പുവെച്ചേക്കും

വിമാനത്താവളം മുതൽ സ്റ്റേഡിയം വരെ തന്നെ സ്വീകരിക്കാൻ 70 ലക്ഷം പേരുണ്ടാകും; മോദി ഉറപ്പ് നൽകിയെന്ന് ഡൊണാൾഡ് ട്രംപ്; ഹൂസ്റ്റണിലെ 'ഹൗഡി മോദി' പരിപാടിയുടെ മാതൃകയിൽ ട്രംപിന് അഹമ്മദാബാദിൽ വമ്പൻ സ്വീകരണം ഒരുക്കാൻ നീക്കം; ഒരു ലക്ഷം മാത്രം കപ്പാസിറ്റിയുള്ള മൊട്ടേറ സ്റ്റേഡിയത്തിൽ എങ്ങനെ ലക്ഷങ്ങൾ എത്തുമെന്ന ചോദ്യം ബാക്കി; ഇന്ത്യാ സന്ദർശനത്തിനായി അമേരിക്കൻ പ്രസിഡന്റ് എത്തുമ്പോൾ വ്യാപാരക്കരാറിലും പ്രതിരോധ കരാറുകളിലും ഒപ്പുവെച്ചേക്കും

മറുനാടൻ ഡെസ്‌ക്‌

വാഷിങ്ടൺ: അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് ഇന്ത്യാ സന്ദർശനത്തിനായി ഈ മാസം എത്തുകയാണ്. സന്ദർശനത്തിന് മുന്നോടിയായി മോദിയെ പുകഴ്‌ത്തിക്കൊണ്ട് ട്രംപ് രംഗത്തുവന്നു. മോദി മാന്യനായ സുഹൃത്താണെന്നും അദ്ദേഹം പറഞ്ഞു. ഇന്ത്യയിൽ തനിക്ക് ഗംഭീര സ്വീകരണം ലഭിക്കുമെന്നാണ് ട്രംപ് അവകാശപ്പെടുന്നത്. സന്ദർശനം നടത്തുമ്പോൾ തനിക്ക് ഗംഭീര സ്വീകരണം നൽകുമെന്ന് മോദി ഉറപ്പു നൽകിയതായും ട്രംപ് വ്യക്തമാക്കി. ഹൂസ്റ്റണിലെ 'ഹൗഡി മോദി' പരിപാടിയുടെ മാതൃകയിൽ ട്രംപിന് മോദിയുടെ സംസ്ഥാനമായ ഗുജറാത്തിലെ അഹമ്മദാബാദിൽ സ്വീകരണം നൽകാനും പദ്ധതിയുണ്ട്. അഹമ്മദാബാദിൽ പുതുതായി നിർമ്മിച്ച മൊട്ടേറ ക്രിക്കറ്റ് സ്റ്റേഡിയത്തിലാണ് ട്രംപിന് കൂറ്റൻ സ്വീകരണമൊരുക്കുക.

ഒരുലക്ഷമാണ് സ്റ്റേഡിയത്തിന്റെ കപ്പാസിറ്റി. അഹമ്മദാബാദ് വിമാനത്താവളത്തിൽ നിന്ന് ക്രിക്കറ്റ് സ്റ്റേഡിയം വരെ തന്നെ സ്വീകരിക്കാൻ അമ്പത് മുതൽ എഴുപത് ലക്ഷം വരെ ആളുകളെ ഒരുക്കുമെന്ന് മോദി ഉറപ്പ് നൽകിയതായി ട്രംപ് പറഞ്ഞു. ഞങ്ങൾക്ക് കോടിക്കണക്കിന് ജനങ്ങളുണ്ടെന്ന് മോദി പറഞ്ഞു. എന്റെ പ്രശ്‌നമെന്താണെന്നുവച്ചാൽ കഴിഞ്ഞ ദിവസം ഏകദേശം 50000 പേരെ കണ്ടപ്പോൾ തന്നെ എനിക്ക് നന്നായി തോന്നിയില്ല. ഏകദേശം 50-70 ലക്ഷം ആളുകൾ തന്നെ വരവേൽക്കാനുണ്ടാകുമെന്നാണ് പ്രതീക്ഷ- ട്രംപ് പറഞ്ഞു.

സ്റ്റേഡിയത്തിൽ മോദിയും ട്രംപും സംയുക്തമായിട്ടാണ് ജനങ്ങളെ അഭിസംബോധന ചെയ്യുക. ഫെബ്രുവരി 24, 25 തീയതികളിലായിട്ടാണ് ട്രംപ് ഇന്ത്യ സന്ദർശിക്കുന്നത്. ആദ്യമായിട്ടാണ് ട്രംപ് ഇന്ത്യ സന്ദർശിക്കുന്നത്. സന്ദർശത്തനത്തിൽ ഇന്ത്യയുമായി വ്യാപാരക്കരാർ ഒപ്പിടാനാകുമെന്നാണ് പ്രതീക്ഷയെന്നും ട്രംപ് മാധ്യമപ്രവർത്തകരോട് പറഞ്ഞു. 2019ലെ അമേരിക്കൻ സന്ദർശനത്തിലാണ് ഹൂസ്റ്റണിൽ 50000 അമേരിക്കയിൽ താമസിക്കുന്ന ഇന്ത്യക്കാരെ പങ്കെടുപ്പിച്ച് ഹൗഡി മോദി പരിപാടി നടത്തിയത്. പരിപാടിയിൽ പ്രസിഡന്റ് തെരഞ്ഞെടുപ്പിൽ ട്രംപിന് വോട്ട് ചെയ്യണമെന്ന മോദിയുടെ പരാമർശം വിവാദമായിരുന്നു.

ന്യായമായ രീതിയിലാണ് ഇന്ത്യ മുന്നോട്ട് പോകുന്നതെങ്കിൽ ഇന്ത്യയുമായുള്ള വ്യാപാരക്കരാർ ഒപ്പു വെക്കുമെന്നും ട്രംപ് വ്യക്തമാക്കി. അഹമ്മദാബാദിലും ന്യൂഡൽഹിയിലുമാണ് ട്രംപ് സന്ദർശനം നടത്തുന്നത്. യു.എസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് ഇന്ത്യ സന്ദർശിക്കുന്നു. ഫെബ്രുവരി 24-25 തീയതികളിൽ ട്രംപ് ഇന്ത്യയിലെത്തുമെന്നാണ് വൈറ്റ് ഹൗസ് അറിയിച്ചിരിക്കുന്നത്. ഇന്ത്യ-യു.എസ് ബന്ധത്തെ സന്ദർശനം കൂടുതൽ ശക്തമാക്കും. ഇന്ത്യൻ ജനതയും അമേരിക്കൻ ജനതയും തമ്മിലുള്ള സൗഹൃദം സന്ദർശനം കൂടുതൽ ദൃഢമാക്കുമെന്നും വൈറ്റ്ഹൗസ് പ്രത്യാശ പ്രകടിപ്പിച്ചിരുന്നു.

ലോകം കൊറോണ വൈറസിന്റെ ഭീതിയിൽ കഴിയുന്നതിനിടെയാണ് പ്രസിഡന്റ് ഡൊനാൾഡ് ട്രംപ് ഇന്ത്യയിലേക്കെത്തുന്നത്. ഇരുരാജ്യങ്ങളും തമ്മിലുള്ള ഇറക്കുമതി തീരുവയുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ പരിഹരിക്കുക, പുതിയ ആയുധ കരാറിൽ ഒപ്പുവെക്കുക തുടങ്ങിയ വൻ കരാറുകളിലാണ് ഇരുരാജ്യങ്ങളും തമ്മിൽ ഒപ്പുവെക്കുക. മാത്രമല്ല, സാമ്പത്തിക സഹകരണം ശക്തിപ്പെടുത്തുന്നിലും, ഇരുരാജ്യങ്ങളും തമ്മിൽ ഒപ്പുവെച്ചക്കും.

വൻ ആയുധകരാറിൽ ഒപ്പുവെക്കാനും സാധ്യതകളുണ്ട്. യുഎസിൽ നിന്ന് 24 എംഎച്ച്ആർ, 60 ഹെലികോപ്റ്ററുകൾ ഇന്ത്യ വാങ്ങിയേക്കും. ഇന്ത്യക്ക് യുഎസ് പുതിയ സാങ്കേതിക വിദ്യകൾ ഘടിപ്പിച്ച ആയുധങ്ങൾ ഒരുപക്ഷേ നൽകാനും സാധ്യതകളുണ്ട്. യുദ്ധക്കപ്പലുകളടക്കം വാങ്ങാൻ സർക്കാർ തയ്യാറായിട്ടുണ്ടെന്നാണ് വിവരം. യുഎസ് പ്രതിരോധ കമ്പനിയായലോക്ക് ഹീഡ്മാർട്ടനിൽ നിന്ന് ഇന്ത്യ 2.6 ബില്യൺ ഡോളർ വരുന്ന പ്രതിരോധ ഉപകരണങ്ങൾ വാങ്ങാനും സാധ്യതയുണ്ട്. ഇക്കാര്യം ചില ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നുണ്ട്.

ട്രംപിന്റെ സന്ദർശനവുമായി ബന്ധപ്പെട്ടുകൊണ്ടുള്ള ഷെഡ്യൂളിൽ ക്രമീകരണം നടത്താനുള്ള തയ്യാറെടുപ്പിലാണ് സർക്കാർ വൃത്തങ്ങൾ. ട്രംപിന്റെ ഇന്ത്യാ സന്ദർശനത്തിന് മുന്നോടിയായി ലോജിസ്റ്റിക് ലെവലിൽ പ്രവർത്തിക്കുന്ന വാഷിങ്ടണ്ണിലെ ഉന്നത ഉദ്യോഗസ്ഥർ ഇന്ത്യാ സന്ദർശനം നടത്തിയെന്നാണ് റിപ്പോർട്ട്. ഇരുരാഷ്ട്രങ്ങളും തമ്മിലുള്ള സഹകരണം, വ്യാപാരം എന്നിവ ശക്തിപ്പെടുത്തുകയെന്നതാണ് ട്രംപിന്റെ ഇന്ത്യാ സന്ദർശനത്തിലൂടെ കേന്ദ്രസർക്കാർ പ്രധാനമായും ലക്ഷ്യമിടുന്നത്.

ഇരുരാഷ്ട്രങ്ങളും തമ്മിലുള്ള കയറ്റുമതി വ്യാപാരം ശക്തിപ്പെടുത്തുക എന്നതാണ് കേന്ദ്രസർക്കാർ ട്രംപിന്റെ ഇന്ത്യ സന്ദർസനത്തിലൂടെ ലക്ഷ്യമിടുന്നത്. മാത്രമല്ല സ്റ്റീൽ, അലുമിനിയം ഉത്പ്പന്നങ്ങളുടെ തീരുവ ഒഴിവാക്കാനാകും ഇന്ത്യ ചർച്ചകളിൽ പ്രധാനമായും ശ്രമങ്ങൾ നടത്തിയേക്കുക. യുഎസ്ന്റെ പ്രത്യേക വ്യാപാര പദവിയായ ജിഎസ്‌പിയിൽ ഉൾപ്പെടുത്താനും ഇന്ത്യ ആവശ്യപ്പെട്ടേക്കും. നികുതി രഹിത ഇറക്കുമതി അനുവദിച്ച് വ്യാപാര മേഖലയിൽ നൽകിയിരുന്ന പ്രത്യേക പരിഗണന (ജിഎസ്‌പി) യുഎസ് പിൻവലിച്ചത് ഇന്ത്യക്ക് വലിയ രീതിയിൽ തിരിച്ചടിയുണ്ടായിട്ടുണ്ട്.

ഇന്ത്യ 2018-2019 സാമ്പത്തികവർഷം ആകെ കയറ്റുമതി ചെയ്തത് 52.4 ബില്യൺ ഡോളർ വരുന്ന ഉത്പ്പന്നങ്ങളായിരുന്നു. യുഎസിൽ നിന്നുള്ള ഇറക്കുമതി ഏകദേശം 35.5 ബില്യൺ ഡോളറുമായിരുന്നു. യുഎസിൽ നിന്നുള്ള ഇറക്കുമതി വ്യാപാരം കുറഞ്ഞതോടെ ഇന്ത്യയുടെ വ്യാപാര 2018-2019 സാമ്പത്തിക വർഷം 16.9 ബില്യണിലേക്ക് ചുരുങ്ങുകയും ചെയ്തു. എന്നാൽ 2017-2018 സാമ്പത്തിക വർഷം ഇന്ത്യയുടെ വ്യാപാര കമ്മി യുഎസുമായുള്ള വ്യാപാരത്തിൽ രേഖപ്പെടുത്തിയത് ഏകദേശം 21.3 ബില്യൺ ഡോളറായിരുന്നുവെന്നാണ് കണക്കുകളിലൂടെ ചൂണ്ടിക്കാട്ടുന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP