Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

കേരള കാർഷിക സർവ്വകലാശാലയിൽ ഇനിയൊരു സ്ത്രീയും പീഡിപ്പിക്കപ്പെടാൻ പാടില്ല; ഇതൊക്കെ മുളയിലെ നുള്ളണമെന്നും കാർഷിക സർവ്വകലാശാലയിൽ പുതുതായി ചാർജെടുത്ത രജിസ്ട്രാർ ഗീതക്കുട്ടി; ചാർജെടുത്ത് ദിവസങ്ങൾക്കുള്ളിൽ രണ്ടു സ്ത്രീപീഡകരായ ശാസ്ത്രജ്ഞന്മാർക്കെതിരെ നടപടി; താൽക്കാലിക ജീവനക്കാരിയെ പീഡിപ്പിച്ച സംഭവത്തിൽ ആരോപണ വിധേയനായ ഡോ കൃഷ്ണകുമാറിനെ മറുനാടൻ റിപ്പോർട്ട് ചെയ്ത് മണിക്കൂറുകൾക്കുള്ളിൽ സ്ഥലം മാറ്റം

കേരള കാർഷിക സർവ്വകലാശാലയിൽ ഇനിയൊരു സ്ത്രീയും പീഡിപ്പിക്കപ്പെടാൻ പാടില്ല; ഇതൊക്കെ മുളയിലെ നുള്ളണമെന്നും കാർഷിക സർവ്വകലാശാലയിൽ പുതുതായി ചാർജെടുത്ത രജിസ്ട്രാർ ഗീതക്കുട്ടി; ചാർജെടുത്ത് ദിവസങ്ങൾക്കുള്ളിൽ രണ്ടു സ്ത്രീപീഡകരായ ശാസ്ത്രജ്ഞന്മാർക്കെതിരെ നടപടി; താൽക്കാലിക ജീവനക്കാരിയെ പീഡിപ്പിച്ച സംഭവത്തിൽ ആരോപണ വിധേയനായ ഡോ കൃഷ്ണകുമാറിനെ മറുനാടൻ റിപ്പോർട്ട് ചെയ്ത് മണിക്കൂറുകൾക്കുള്ളിൽ സ്ഥലം മാറ്റം

മറുനാടൻ മലയാളി ബ്യൂറോ

തൃശൂർ: ''കേരള കാർഷിക സർവ്വകലാശാലയിൽ ഇനിയൊരു സ്ത്രീയും പീഡിപ്പിക്കപ്പെടാൻ പാടില്ല. ഇതൊക്കെ മുളയിലെ നുള്ളണം'' കാർഷിക സർവ്വകലാശാലയിൽ പുതുതായി ചാർജെടുത്ത രജിസ്ട്രാർ ഡോ. ഗീതക്കുട്ടി പറയുന്നു. ചാർജെടുത്ത് ദിവസങ്ങൾക്കുള്ളിൽ രണ്ടു സ്ത്രീപീഡകരായ ശാസ്ത്രജ്ഞന്മാരെ പുറത്താക്കിക്കൊണ്ടാണ് ഡോക്ടർ ഗീതക്കുട്ടിയുടെ പ്രസ്താവന. സർവ്വകലാശാലയിലെ താൽക്കാലിക ജീവനക്കാരിയെ പീഡിപ്പിച്ച സംഭവത്തിൽ ആരോപണ വിധേയനായ സർവ്വകലാശാലയുടെ പരീക്ഷാ കൺട്രോളറായ ഡോ. കൃഷ്ണകുമാറിനെ മറുനാടൻ റിപ്പോർട്ട് ചെയ്ത് മണിക്കൂറുകൾക്കുള്ളിൽ തന്നെ തൽസ്ഥാനത്ത് നിന്ന് നീക്കം ചെയ്യുകയും ചെയ്തു. സ്ത്രീ പീഡനാരോപിതനായ പട്ടാമ്പി തവനൂർ എന്ജിനീയറിങ് കോളജിലെ മറ്റൊരു ശാസ്ത്രജ്ഞനായ ഡോ. ഹക്കീമിനെയും ഇന്ന് രജിസ്ട്രാർ സസ്‌പെൻഡ് ചെയ്തതായി അറിയുന്നു. ഇയാൾക്കെതിരെയും മറുനാടൻ നേരത്തെ റിപ്പോർട്ട് ചെയ്തിരുന്നു.

കേരള കാർഷിക സർവ്വകലാശാലയിലെ ഫാക്കൽറ്റി ഹോസ്റ്റലിൽ അരങ്ങേറിയ സ്ത്രീപീഡനം നടത്തിയത് സർവ്വകലാശാലാ പരീക്ഷാ കണ്ട്രോളർ തന്നെയെന്ന് ശരിവയ്ക്കുന്ന രീതിയിലാണ് ഇപ്പോൾ നടപടിയെടുത്തിട്ടുള്ളത്. സംഭവം മറുനാടൻ റിപ്പോർട്ട് ചെയ്ത് മണിക്കൂറുകൾക്കുള്ളിലാണ് പരീക്ഷാ കണ്ട്രോളറെ തൽസ്ഥാനത്തുനിന്ന് നീക്കം ചെയ്തുകൊണ്ട് സ്ഥലം മാറ്റിയത്. ഉന്നതതല സമ്മർദ്ദം മൂലമാണ് ഈ പ്രൊഫസറെ തൽക്കാലം സസ്‌പെൻഷൻ ഒഴിവാക്കി സ്വന്തം നാട്ടിലേക്കു സ്ഥലം മാറ്റിയതെന്നാണ് റിപ്പോർട്ട്. സ്ഥലമാറ്റ ഉത്തരവ് കൈപ്പറ്റിയ ആ നിമിഷം തന്നെ ആശാൻ സ്വന്തം നാട്ടിലേക്ക് വണ്ടി കയറിയെങ്കിലും അന്വേഷണത്തിൽ നിന്ന് ആശാന് രക്ഷപ്പെടാനാവില്ലെന്നും സർവ്വകലാശാല വൃത്തങ്ങൾ പറയുന്നു.

അതേസമയം ഇരയിൽ നിന്ന് മൊഴിയെടുത്ത പൊലീസ് പിന്നീട് ഇയാളെ ചോദ്യം ചെയ്തപ്പോൾ ഇയ്യാൾക്ക് ബോധക്ഷയം ഉണ്ടായി. ഇരയുടെ പരാതിയും മൊഴിയും പ്രഥമദൃഷ്ട്യാ തള്ളിക്കളയാനാവില്ലെന്നും ഒത്തുതീർപ്പുകൾക്കുള്ള പഴുതുകൾ അടച്ചാണ് പൊലീസ് നീങ്ങുന്നതെന്നുമുള്ള അനൗദ്യോഗിക സൂചനകളാണ് മറുനാടന് ലഭിക്കുന്നത്. ഈ സൂചനകളുടെ ബലത്തിൽ തന്നെയായിരിക്കണം സർവ്വകലാശാല രജിസ്ട്രാർ ഇയ്യാൾക്കെതിരെ പെട്ടെന്നുള്ള നടപടി സ്വീകരിച്ചതെന്നും പറയപ്പെടുന്നു.

മാസങ്ങൾക്ക് മുമ്പ് അരങ്ങേറിയ സ്ത്രീപീഡനം ഈയടുത്താണ് സർവ്വകലാശാല വൈസ് ചാൻസിലറുടെ ശ്രദ്ധയിൽ പെടുന്നത്. പീഡനത്തിന് വിധേയായ താൽക്കാലിക ജീവനക്കാരി തന്റെ പരാതി നേരത്തെ തന്നെ സർവ്വകലാശാലയുടെ മുൻ രജിസ്റ്റ്രാർ ഡോ. ലീനാകുമാരിക്ക് സമർപ്പിച്ചിരുന്നു. എന്നാൽ ഉന്നതതല സമ്മർദ്ദം മൂലം ഫയൽ പൂഴ്‌ത്തുകയായിരുന്നുവത്രേ. ഇക്കഴിഞ്ഞ മെയ്‌ 31 ന് ഡോ. ലീനാകുമാരി സർവീസിൽ നിന്ന് വിരമിച്ചതിനുശേഷമാണ് ഫയൽ വെളിച്ചം കാണുന്നത്. പിന്നീട് സർവ്വകലാശാലയുടെ രജിസ്ട്രാർ കസേരയിലെത്തിയ സർവ്വകലാശാലയുടെ മുൻ വനിതാ തർക്ക പരിഹാര സെല്ലിന്റെ ചുമതലയുണ്ടായിരുന്ന സ്ത്രീ ശാക്തീകരണ പ്രവർത്തക കൂടിയായ ഡോ. ഗീതക്കുട്ടിയാണ് ഫയലിൽ ഇരകൾക്കൊപ്പം നിന്ന് നടപടികൾ സ്വീകരിച്ചത്.

കേരള കാർഷിക സവ്വകലാശാലയുടെ തവനൂരിലെ കേളപ്പജി അഗ്രികൾച്ചറൽ എൻജിനിയറിങ് കോളേജിലെ ശാസ്ത്രജ്ഞനായ ഡോ. അബ്ദുൾ ഹക്കീമിനെതിരെ നടപടിയെടുത്തത് ഇതേ കേന്ദ്രത്തിൽ നടത്തിയ വാക്ക് ഇൻ ഇന്റർവ്യുവിന് അപേക്ഷ സമർപ്പിച്ച യുവതിയുടെ ബയോ ഡാറ്റയിൽ നിന്ന് ഫോൺ നമ്പർ ചോർത്തിയെടുത്ത് യുവതിയെ ഫോണിലൂടെ ലൈംഗികാതിക്രമം കാണിച്ചതിനായിരുന്നു.

ലൈംഗിക ചുവയോടെ ഡോ. അബ്ദുൾ ഹക്കീം യുവതിയോട് പറഞ്ഞതിങ്ങനെ:- ''ഞങ്ങളെയൊക്കെ കാണേണ്ടപോലെ കണ്ടാൽ ജോലിയുറപ്പിക്കാം.'' ജോലിക്ക് മുമ്പേ ഇതാണ് അവസ്ഥയെങ്കിൽ പിന്നെ ജോലി കിട്ടിയാൽ എന്തായിരിക്കും എന്നോർത്ത് യുവതി അഭിമുഖത്തിന് ഹാജരായില്ല. എന്നാൽ തനിക്കുണ്ടായ ദുരവസ്ഥ കാണിച്ചുകൊണ്ട് യുവതി മുഖ്യമന്ത്രിക്കും സർവ്വകലാശാലാ അധികാരികൾക്ക് പരാതി സമർപ്പിച്ചിരുന്നു. എന്നാൽ അന്നത്തെ രജിസ്ട്രാർ ഈ ശാസ്ത്രജ്ഞനെതിരെ നടപടികളൊന്നും എടുത്തിരുന്നില്ല.

ഇതു സംബന്ധിച്ച് സർവ്വകലാശാലയിലെ തന്നെ ഡോ. വിദ്യാസാഗർ കമ്മീഷൻ സമർപ്പിച്ച അന്വേഷണ റിപ്പോർട്ടിന്മേലാണ് ഇപ്പോൾ അബ്ദുൾ ഹക്കീമിനെതിരെ നടപടി സ്വീകരിച്ചതെന്നും പറയപ്പെടുന്നു. ഉദ്യോഗാർഥി മുഖ്യമന്ത്രിക്ക് സമർപ്പിച്ച പരാതിയും ഇരയുടെ മൊഴിയുമാണ് ഡോ. അബ്ദുൾ ഹക്കീമിനെ കുടുക്കിയത്. ഇതുകൂടാതെ ഇതേ കേന്ദ്രത്തിലെ ഒരു ശാസ്ത്രജ്ഞയടക്കം നിരവധി വിദ്യാർത്ഥികളുടെയും സ്ത്രീകളുടെയും പരാതികളും ഡോ. അബ്ദുൾ ഹക്കീമിനെതിരെ സർവ്വകലാശാലയുടെ ഫ്രീസറിൽ മരവിച്ചുകിടക്കുന്നുണ്ടെന്നാണ് അറിയാൻ കഴിയുന്നത്. ഇത് സംബന്ധിച്ച കേസുകളും കേരള ഹൈക്കോടതിയിൽ ഉണ്ടെന്നാണ് റിപ്പോർട്ട്.

കാർഷിക സർവ്വകലാശാലയിൽ എല്ലാം സുതാര്യമായാണ് നടക്കുന്നതെന്ന് കൃഷിമന്ത്രി വി എസ്.സുനിൽകുമാർ മറുനാടനോട് പറഞ്ഞിട്ട് ഏതാനും മാസങ്ങൾ മാത്രം പിന്നിടുമ്പോഴാണ് സ്ത്രീത്വത്തെ മൃഗീയമായി അപമാനിക്കുന്ന തരത്തിലുള്ള ഇത്തരം സ്ത്രീപീഡന തനിയാവർത്തനങ്ങൾ കാർഷിക സർവ്വകലാശാലയിൽ അരങ്ങേറുന്നത്.

തവനൂർ കോളജിലെ പ്രിസിഷൻ ഫാമിങ് വികസന കേന്ദ്രത്തിന്റെ മേധാവികൂടിയായ പ്രോഫസ്സർ അബ്ദുൾ ഹക്കീമാണ് സ്ത്രീപീഡനത്തിലെ പ്രധാന പ്രതിയായി ചിത്രീകരിക്കപ്പെട്ടതെങ്കിലും അഭിമുഖത്തിന് മേൽനോട്ടം വഹിക്കാനെത്തിയ കേരള കാർഷിക സർവ്വകലാശാല എക്‌സിക്യുട്ടീവ് കമ്മറ്റി അംഗം ഡോ. കെ. അരവിന്ദാക്ഷന് രണ്ടാം പ്രതിസ്ഥാനത്തു നിന്ന് മാറാനാവില്ലെന്നും പറയപ്പെടുന്നു. സംഭവത്തിൽ ഇരയുടെ വീട്ടുകാർ മുഖ്യമന്ത്രിക്കും അധികൃതർക്കും പരാതി നൽകിയിട്ടും വേട്ടക്കാർക്കെതിരെ നടപടികൾ സ്വീകരിക്കാതിരുന്നത് പ്രതികളുടെ രാഷ്ട്രീയ സ്വാധീനം മൂലമാണെന്ന ആരോപണവും ശക്തമാണ്. പുതിയ രജിസ്റ്റ്രാർ ഈ കേസുകളിൽ പുനരന്വേഷണം നടത്തുമെന്നാണ് അറിയാൻ കഴിയുന്നത്.

സർവ്വകലാശാലയിലെ നിരന്തരമായുള്ള സ്ത്രീപീഡനങ്ങളുടെ നാണക്കേടിൽ നിന്ന് സർവ്വകലാശാലയുടെ മുഖം രക്ഷിക്കുന്നതിന്റെ ഭാഗമായി സ്ത്രീപീഡനം രേഖയാക്കാതെ നടപടിയെടുക്കുകയായിരുന്നു സർവ്വകലാശാല വിസി എന്നാണ് സർവ്വകലാശാല വൃത്തങ്ങളിൽനിന്നും നാട്ടുകാരിൽനിന്നും അറിയാൻ കഴിയുന്നത്. അതേസമയം ഇരയുടെയും വേട്ടക്കാരന്റെയും രാഷ്ട്രീയം സർവ്വകലാശാലയുടെ ഭരണപക്ഷ രാഷ്ട്രീയമായതിനാലാണ് പ്രതികൾ രക്ഷപ്പെടുന്നതിന് കാരണമാകുന്നതെന്നും പറയപ്പെടുന്നു. ഈ സാഹചര്യത്തിലാണ് സർവ്വകലാശാലയുടെ പുതിയ രജിസ്ട്രാർ ഡോ. ഗീതക്കുട്ടിയുടെ നടപടികൾ സർവ്വകലാശാലയിലെ വേട്ടയാടപ്പെടുന്ന സ്ത്രീജീവനക്കാർക്ക് ആശ്വാസമാകുന്നത്.

കാർഷിക സർവ്വകലാശാലയിൽ കൂടുതലും കരാർ അടിസ്ഥാനത്തിൽ ജോലി ചെയ്യുന്ന സ്ത്രീ തൊഴിലാളികളാണുള്ളത്. ഇവരുടെ കരാർ ജോലി നീട്ടിക്കിട്ടുന്നതിനും ജോലി സ്ഥിരപ്പെടുത്തുന്നതിനുമായി ലൈംഗികമായി ചൂഷണം നടത്തുകയാണ് പ്രതികളെന്ന ആരോപണവും ശക്തമാണ്. ജോലി നഷ്ടപ്പെടുമെന്ന ഭയാശങ്കയാൽ സ്ത്രീ ജീവനക്കാർ ഒന്നും പുറത്തു പറയില്ല എന്ന വിശ്വാസമാണ് സർവ്വകലാശാലയിലെ സ്ത്രീപീഡകർ മുതലെടുക്കുന്നത്.

സ്ത്രീ ജീവനക്കാർക്ക് പരാതികൾ ബോധിപ്പിക്കാനുള്ള വനിതാ സെല്ലും സർവ്വകലാശാലയിൽ കാര്യക്ഷമമായി പ്രവർത്തിക്കുന്നില്ല എന്നാണ് അറിയാൻ കഴിയുന്നത്. കരാർ ജോലി നഷ്ടപ്പെടുമെന്ന ഭയാശങ്കയിന്മേൽ ഇരകളാരും തന്നെ പരാതികൾ സമർപ്പിക്കുന്നുമില്ല. ഇരകൾക്കൊപ്പം നിൽക്കുന്നവരെ പ്രീണിപ്പിക്കുന്ന തരത്തിലുള്ള നടപടികളാണ് സർവ്വകലാശാല കൈക്കൊള്ളുന്നതെന്ന ആരോപണവും ശക്തമാണ്. കഴിഞ്ഞ ദിവസം ഇത്തരത്തിൽ ശാസ്ത്രജ്ഞരടക്കം ആറുപേരെയാണ് ഭരണപക്ഷത്തിന്റെ ഇടപെടൽ മൂലം സർവ്വകലാശാല അധികൃതർ സ്ഥലം മാറ്റാൻ നിർബന്ധിതരായത്.

ഡോ. ലീനാകുമാരി സർവ്വീസിൽ നിന്ന് വിരമിച്ചതിനുശേഷം സർവ്വകലാശാലയുടെ രജിസ്റ്റ്രാർ കസേരയിലെത്തിയ സർവ്വകലാശാലയുടെ മുൻ വനിതാ തർക്ക പരിഹാര സെല്ലിന്റെ ചുമതലയുണ്ടായിരുന്ന സ്ത്രീ ശാക്തീകരണ പ്രവർത്തക കൂടിയായ ഡോ. ഗീതക്കുട്ടിയാണ് ഇപ്പോൾ സ്ത്രീപീഡന സംബന്ധിയായ ഫയലുകളിൽ ഇരകൾക്കൊപ്പം നിന്ന് ധീരമായ നടപടികൾ സ്വീകരിക്കുന്നത്. 

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP