Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

കിടപ്പാടം പണയം വച്ച് ഏഴു ലക്ഷം കോഴ കൊടുത്ത് നേടിയത് ജില്ലാ സഹകരണ ബാങ്കിലെ സ്വീപ്പർ പോസ്റ്റ്; ശമ്പളമായി കിട്ടിയ 6000 കൊണ്ട് ഒന്നിനും തികയാതെ വന്നപ്പോൾ കിടപ്പാടം ജപ്തിയായി; പ്രമോഷൻ തടഞ്ഞതോടെ ആകെയുള്ള പ്രതീക്ഷയും അസ്തമിച്ചു; കിണറ്റിൽ ചാടി ജീവനൊടുക്കിയത് എല്ലാ വഴിയും അടഞ്ഞപ്പോൾ; കേരളാ ബാങ്ക് രൂപീകരണത്തിലെ ആദ്യ രക്സാക്ഷിയായി ചാത്തന്നൂരുകാരൻ വിനീഷ്; ഭാവി അനിശ്ചിതത്വത്തിലായിരിക്കുന്നത് 56 പേർക്ക്: കോഴ വാങ്ങി പോക്കറ്റിൽ ഇട്ട നേതാക്കൾക്ക് സുഖവാസം

കിടപ്പാടം പണയം വച്ച് ഏഴു ലക്ഷം കോഴ കൊടുത്ത് നേടിയത് ജില്ലാ സഹകരണ ബാങ്കിലെ സ്വീപ്പർ പോസ്റ്റ്; ശമ്പളമായി കിട്ടിയ 6000 കൊണ്ട് ഒന്നിനും തികയാതെ വന്നപ്പോൾ കിടപ്പാടം ജപ്തിയായി; പ്രമോഷൻ തടഞ്ഞതോടെ ആകെയുള്ള പ്രതീക്ഷയും അസ്തമിച്ചു; കിണറ്റിൽ ചാടി ജീവനൊടുക്കിയത് എല്ലാ വഴിയും അടഞ്ഞപ്പോൾ; കേരളാ ബാങ്ക് രൂപീകരണത്തിലെ ആദ്യ രക്സാക്ഷിയായി ചാത്തന്നൂരുകാരൻ വിനീഷ്; ഭാവി അനിശ്ചിതത്വത്തിലായിരിക്കുന്നത് 56 പേർക്ക്: കോഴ വാങ്ങി പോക്കറ്റിൽ ഇട്ട നേതാക്കൾക്ക് സുഖവാസം

ശ്രീലാൽ വാസുദേവൻ

കൊല്ലം: സംസ്ഥാന സർക്കാരിന്റെ പ്രകടന പത്രികയിൽ ഉണ്ടായിരുന്ന കേരളാ ബാങ്ക് യാഥാർഥ്യമാകുമ്പോൾ ജീവിതം വഴിമുട്ടുന്നത് ലക്ഷങ്ങൾ കോഴ കൊടുത്ത് ജില്ലാ ബാങ്കുകളിൽ പാർട്ട് ടൈം സ്വീപ്പർ പോസ്റ്റ് കരസ്ഥമാക്കിയവർക്ക്. തുച്ഛമായ ശമ്പളവും കോടതിയിലെ സ്റ്റേ ഉത്തരവിന്റെ ബലത്തിൽ മാത്രമുള്ള ജോലിയും കൊണ്ട് ഭാവി ഇരുളടഞ്ഞു പോയവരിൽ ഒരാൾ കിണറ്റിൽ ചാടി ജീവനൊടുക്കി. കേരളാ ബാങ്കിന്റെ ആദ്യ രക്തസാക്ഷിയായി ഇയാളെ തൊഴിലാളി ഗ്രൂപ്പുകൾ വാഴ്‌ത്തുമ്പോൾ അക്കാര്യം ഉറക്കെ വിളിച്ചു പറയാൻ ആർക്കും ധൈര്യവുമില്ല. 

പത്തനംതിട്ട ജില്ലാ സഹകരണ ബാങ്കിന്റെ ആസ്ഥാന ഓഫീസിൽ ജീവനക്കാരനായ ചാത്തന്നൂർ പാരിപ്പള്ളി എഴിപ്പുറം കല്ലിടാഞ്ചിയിൽ വിനീഷ് (37) ആണ് കഴിഞ്ഞ ദിവസം വീട്ടുമുറ്റത്തെ കിണറ്റിൽ ചാടി മരിച്ചത്. ഇദ്ദേഹത്തിന്റെ മാതാപിതാക്കൾ നേരത്തേ മരിച്ചു. ഭാര്യ നിത്യയ്ക്കും മകൻ വസുദേവിനുമൊപ്പമായിരുന്നു താമസം. ഇന്നലെയാണ് ജീവനൊടുക്കിയത്. പത്തനംതിട്ട ജില്ലാ സഹകരണ ബാങ്കിൽ യുഡിഎഫ് ഭരണസമിതി അധികാരത്തിലിരിക്കുമ്പോൾ 57 നിയമനം ആണ് നടന്നത്. മുഴുവൻ പാർട്ട്ടൈം സ്വീപ്പർ പോസ്റ്റിലേക്കുള്ളതായിരുന്നു. 4 കെഎസ്‌യുക്കാർക്ക് മാത്രമാണ് സൗജന്യ നിയമനം ലഭിച്ചത്.

ബാക്കി 53 പേരിൽ നിന്നും അഞ്ചു മുതൽ 15 ലക്ഷം വരെ നേതാക്കൾ നിയമനത്തിനായി കോഴ വാങ്ങിയിരുന്നു. ഉണ്ടായിരുന്ന കിടപ്പാടം പണയപ്പെടുത്തി ഏഴുലക്ഷം രൂപയാണ് വിനീഷ് നൽകിയത്. ജില്ലാ സഹകരണ ബാങ്കിന്റെ ഏനാത്ത് ശാഖയിലാണ് താൽകാലിക നിയമനം ലഭിച്ചത്. 10,500 രൂപ മാത്രമായിരുന്നു ശമ്പളം. പിഎഫ് അടക്കമുള്ള ആനുകൂല്യങ്ങൾ പിടിച്ചു കഴിഞ്ഞതിന് ശേഷം ആറായിരം രൂപയോളം മാത്രമായിരുന്നു കൈയിൽ കിട്ടിയിരുന്നത്. ഇതു കൊണ്ട് കുടുംബ ചെലവ് മുന്നോട്ട് നീക്കാൻ പറ്റാതെ വന്നതോടെ പരിചയക്കാരിൽ നിന്ന് കടം വാങ്ങി തുടങ്ങി.

കടക്കാർ ബാങ്കിലെത്തി പണം തിരികെ ചോദിക്കാൻ തുടങ്ങിയത് നാണക്കേടുമായി. ഇതിനിടെയാണ് വീട് പണയം വച്ചതിന്റെ തിരിച്ചടവ് മുടങ്ങി ജപ്തിയിലുമെത്തിയത്. കേരളാ ബാങ്ക് രൂപീകരണത്തിന്റെ ഭാഗമായി പാർട്ട്ടൈം ജീവനക്കാരെ ഒഴിവാക്കുന്നതിനുള്ള നീക്കം ഇതിനിടെ ആരംഭിച്ചു. ഇതിനെതിരേ ഹൈക്കോടതിയെ സമീപിച്ച് ജീവനക്കാരുടെ സംഘടനകൾ സ്റ്റേ സമ്പാദിച്ചു. കേരളാ ബാങ്കിൽ പാർട്ട്ടൈം ജീവനക്കാരുടെ തസ്തിക ഒഴിവാക്കി പകരം പ്യൂണിന് ആ ചുമതല കൂടി നൽകാൻ തീരുമാനമായി.

ഇതോടെ നിലവിലുള്ള പാർട്ട്ടൈം സ്വീപ്പർമാരുടെ പ്രമോഷൻ തടയപ്പെട്ടു. കേരളാ ബാങ്ക് യാഥാർഥ്യമായതോടെ ജോലി തന്നെ പോകുന്ന അവസ്ഥയായി. ഇതിനിടെ വിനിഷിനെ ഏനാത്ത് നിന്ന് പത്തനംതിട്ടയിലെ ആസ്ഥാന ഓഫീസിലേക്ക് മാറ്റി. കൈയിൽ കിട്ടിയിരുന്ന ശമ്പളം മുഴുവൻ ബസ് കൂലിക്കായി മാറ്റി വയ്ക്കേണ്ട അവസ്ഥയും ഇതോടെ ഉണ്ടായി. അങ്ങനെയാണ് വിനീഷ് ജീവനൊടുക്കിയത്.

കേരളാ ബാങ്ക് തൊഴിലാളി ദ്രോഹമാണെന്ന് ഇടതു സംഘടനാ ജീവനക്കാർ തന്നെ പറയുന്നു. പക്ഷേ, ഇക്കാര്യം ഉറക്കെ പറയാൻ ആരും തയാറല്ല. മുൻപ് സാധാരണക്കാരുടെ ഏകാശ്രയമായിരുന്നു സഹകരണ ബാങ്കുൾ. ഇപ്പോഴത് ദേശസാൽകൃത ബാങ്കുകളുടെ രീതിയിലേക്ക് വന്നു. ഏതൊരാൾക്കും ബാങ്ക് മാനേജർ പരിശോധിച്ച് ഒരാഴ്ചയ്ക്കുള്ളിൽ അവരുടെ ഈടിന് ആനുപാതികമായി സഹകരണ ബാങ്കുകൾ വായ്പ നൽകിയിരുന്നു. ഇപ്പോഴത് പറ്റാത്ത അവസ്ഥയാണ്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP