Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

മൂന്ന് കൊല്ലത്തിനിടെ വാറണ്ട് ഉപയോഗിച്ചുള്ള പൊലീസുകാരുടെ യാത്രയിൽ ഒരു ബസ് ഉടമയ്ക്ക് മാത്രം കിട്ടാനുള്ളത് 45,000 രൂപ; മലബാറിൽ സ്വകാര്യ ബസുടമകൾക്ക് നൽകാനുള്ളത് ലക്ഷങ്ങൾ; റോഡിലെ കുണ്ടും കുഴിയും മഴക്കാലത്തെ അറ്റകുറ്റ പണിയും തളർത്തുമ്പോൾ കിട്ടാനുള്ളത് കിട്ടാനായി പൊലീസിന് മുമ്പിൽ കുമ്പിട്ട് നിന്ന് മുതലാളിമാർ; വിനയാകുന്നത് വാറണ്ട് ബിൽ തുക മാറി കൊടുക്കാനുള്ള സംവിധാനം ഇതുവരേയും സ്പാർക്കിൽ ആരംഭിക്കാത്തത്; ഏമാന്മാരെ കണ്ട് മടുത്ത് ബസ് ഉടമകൾ

മൂന്ന് കൊല്ലത്തിനിടെ വാറണ്ട് ഉപയോഗിച്ചുള്ള പൊലീസുകാരുടെ യാത്രയിൽ ഒരു ബസ് ഉടമയ്ക്ക് മാത്രം കിട്ടാനുള്ളത് 45,000 രൂപ; മലബാറിൽ സ്വകാര്യ ബസുടമകൾക്ക് നൽകാനുള്ളത് ലക്ഷങ്ങൾ; റോഡിലെ കുണ്ടും കുഴിയും മഴക്കാലത്തെ അറ്റകുറ്റ പണിയും തളർത്തുമ്പോൾ കിട്ടാനുള്ളത് കിട്ടാനായി പൊലീസിന് മുമ്പിൽ കുമ്പിട്ട് നിന്ന് മുതലാളിമാർ; വിനയാകുന്നത് വാറണ്ട് ബിൽ തുക മാറി കൊടുക്കാനുള്ള സംവിധാനം ഇതുവരേയും സ്പാർക്കിൽ ആരംഭിക്കാത്തത്; ഏമാന്മാരെ കണ്ട് മടുത്ത് ബസ് ഉടമകൾ

രഞ്ജിത്ത് ബാബു

കണ്ണൂർ: തകർച്ച നേരിടുന്ന സ്വകാര്യ ബസ്സ് വ്യവസായത്തിന് പൊലീസ് വകുപ്പിന്റെ കുത്ത്. സ്വകാര്യ ബസ്സുകളിൽ വാറണ്ട് ഉപയോഗിച്ച് പൊലീസ് ഉദ്യോഗസ്ഥർ നടത്തിയ യാത്രകളിൽ നാല് വർഷത്തോളമായി ബസ്സുടമകൾക്ക് പണം നൽകിയില്ല. നിരവധി തവണ അതാത് പൊലീസ് ജില്ലാ ഓഫീസുകളിൽ പണം ലഭിക്കാനുള്ള അപേക്ഷ നൽകിയിട്ടും ഫലമില്ലാത്ത അവസ്ഥയിലാണ്.

2016 മുതൽ 19 വരെ വാറണ്ട് ഉപയോഗിച്ച് കണ്ണൂരിൽ നിന്നും കോഴിക്കോട് വരെ പൊലീസ് ഉദ്യോഗസ്ഥർ ബസ്സിൽ സഞ്ചരിച്ച ഇനത്തിൽ ഒരു ബസ്സുടമക്ക് മാത്രം ലഭിക്കാനുള്ളത് 45,000 രൂപ. കണ്ണൂർ, കാസർഗോഡ്, കോഴിക്കോട്, വയനാട്, മലപ്പുറം ജില്ലകളിലെ ആയിരത്തോളം സ്വകാര്യ ബസ്സുടമകൾക്ക് പൊലീസുകാർ സഞ്ചരിച്ച ഇനത്തിൽ ലക്ഷക്കണക്കിന് രൂപയാണ് വാറണ്ട് ബില്ലിനത്തിൽ പൊലീസ് വകുപ്പ് നൽകാനുള്ളത്.

മധ്യകേരളത്തിലും തെക്കൻ കേരളത്തിലും കെ.എസ്. ആർ.ടി.സി. ബസ്സുകൾ കൂടുതലുള്ളതിനാൽ പൊലീസുകാരുടെ സഞ്ചാരം ആർ.ടി.സി. ബസ്സുകളിലാണ്. എന്നാൽ കെ.എസ്. ആർ.ടി.സി. ബസ്സുകൾക്ക് വാറണ്ട് ബില്ലിനത്തിലുള്ള തുക നൽകിയിട്ടുണ്ടെന്നാണ് അറിയുന്നത്. മലബാർ മേഖലയിൽ കെ.എസ്. ആർ.ടി.സി. ബസ്സുകൾ കുറവായതിനാൽ പൊലീസുദ്യോഗസ്ഥർ സ്വകാര്യ ബസ്സുകളെയാണ് ആശ്രയിക്കുന്നത്. എന്നാൽ മൂന്ന് വർഷം കഴിഞ്ഞിട്ടും സ്വകാര്യ ബസ്സുകളിൽ പൊലീസ് ഉദ്യോഗസ്ഥർ സഞ്ചരിച്ച പണം ഉടമകൾക്ക് ഇതുവരേയും നൽകിയിട്ടില്ല.

സ്പാർക്ക് എന്ന സ്വകാര്യ ഏജൻസിയെയാണ് സ്വകാര്യ ബസ്സുടമകൾക്ക് വാറണ്ട് ബിൽ പ്രകാരം തുക നൽകാൻ പൊലീസ് വകുപ്പ് ഏൽപ്പിച്ചിട്ടുള്ളത്. എന്നാൽ സ്പാർക്കിന് ജില്ലാ പൊലീസ് ഓഫീസുകൾ വഴി കത്തും വിവരങ്ങളും നൽകിയാൽ പോലൂം തുക ലഭിക്കാത്ത അവസ്ഥയിലാണ്. ബസ്സുടമകളുടെ ബാങ്ക് അക്കൗണ്ട് വിവരങ്ങളും വാറണ്ട് ബിൽ സംബന്ധിച്ച വിവരങ്ങളും സ്പാർക്കിന് അയച്ചാലും പണമോ മറ്റ് മറുപടിയോ ലഭിക്കാറില്ലെന്ന് ബസ്സുടമകൾ പറയുന്നു.

ആയിരത്തോളം ബസ്സുടമകൾക്കാണ് പൊലീസ് ഉദ്യോഗസ്ഥർ സഞ്ചരിച്ച വാറണ്ട് ബിൽ പ്രകാരമുള്ള തുക ലഭിക്കാതായത്. ദേശീയ പാത വഴി സഞ്ചരിക്കുന്ന ബസ്സുകളുടെ ഉടമകൾക്കാണ് ഇത്തരമൊരു ദുരവസ്ഥ കൂടുതലായുള്ളത്. പൊലീസുകാരുടെ സഞ്ചാരവും ഏറ്റവും കൂടുതലുള്ളത് ദേശീയ പാത വഴിയാണ്. കണ്ണൂർ, കോഴിക്കോട് റൂട്ടിലെ എ. ശ്രീധരൻ എന്നയാൾക്ക് ലഭിക്കാനുള്ളത് കഴിഞ്ഞ മൂന്ന് വർഷത്തെ തുക 40,000 ത്തിലേറെ രൂപയാണ്.

കാലവർഷം ശക്തമായതോടെ ബസ്സുകളിൽ യാത്രക്കാർ കുറഞ്ഞതും റോഡുകളുടെ ശോച്യാവസ്ഥ കാരണം അറ്റകുറ്റ പണി ഏറിയതും ബസ്സുടമകളെ ഈ മേഖലയിൽ നിന്നും പിൻതിരിയാൻ നിമിത്തമായിരിക്കയാണ്. പിടിച്ചു നിൽക്കണമെങ്കിൽ പൊലീസ് വകുപ്പിൽ നിന്നും ലഭിക്കാനുള്ള കുടിശ്ശിക താത്ക്കാലിക ആശ്വാസമാകും എന്ന പ്രതീക്ഷയിലാണ് ബസ്സുടമകൾ. ബസ്സുടമക്ക് ലഭിക്കേണ്ട വാറണ്ട് ബിൽ തുക മാറി കൊടുക്കാനുള്ള സംവിധാനം ഇതുവരേയും സ്പാർക്കിൽ ആരംഭിച്ചിട്ടില്ലെന്ന ആരോപണം ഉയരുന്നുണ്ട്.

അതാണ് സ്വകാര്യ ബസ്സുടമകൾക്ക് പൊലീസ് വകുപ്പിൽ നിന്നും ലഭിക്കേണ്ട കുടിശ്ശിക പണം ലഭിക്കാത്തതിന് കാരണമെന്നറിയുന്നു. ഇനിയും എത്രകാലം തുക ലഭിക്കാൻ കാത്തിരിക്കണമെന്ന ആശങ്കയിലാണ് ബസ്സുടമകൾ.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP