Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

വലതുകാൽ വെച്ച് സോപാനത്തിന് മുന്നിലെത്തി; ചെറുപുഞ്ചിരിയോടെ വിഗ്രഹവും ശ്രീകോവിലും നോക്കിക്കണ്ടു; മാളികപ്പുറം മേൽശാന്തിയിൽ നിന്നും പ്രസാദം കൈനീട്ടിവാങ്ങി പേഴ്‌സണൽ സ്റ്റാഫ് അംഗത്തിന് നൽകി; വാവർ സ്വാമിയുടെ നടയിൽ നിന്നും കൽക്കണ്ടവും ഉണക്കമുന്തരിയുമടക്കമുള്ള പ്രസാദം സ്വീകരിച്ച് കഴിച്ചു; എല്ലാം ചുറ്റിക്കണ്ട് നിർദ്ദേശം നൽകിയ ശേഷം പമ്പയിലേക്ക് മടക്കം: മുഖ്യമന്ത്രി പിണറായിയുടെ കന്നി അയ്യപ്പദർശനം ഇങ്ങനെ

വലതുകാൽ വെച്ച് സോപാനത്തിന് മുന്നിലെത്തി; ചെറുപുഞ്ചിരിയോടെ വിഗ്രഹവും ശ്രീകോവിലും നോക്കിക്കണ്ടു; മാളികപ്പുറം മേൽശാന്തിയിൽ നിന്നും പ്രസാദം കൈനീട്ടിവാങ്ങി പേഴ്‌സണൽ സ്റ്റാഫ് അംഗത്തിന് നൽകി; വാവർ സ്വാമിയുടെ നടയിൽ നിന്നും കൽക്കണ്ടവും ഉണക്കമുന്തരിയുമടക്കമുള്ള പ്രസാദം സ്വീകരിച്ച് കഴിച്ചു; എല്ലാം ചുറ്റിക്കണ്ട് നിർദ്ദേശം നൽകിയ ശേഷം പമ്പയിലേക്ക് മടക്കം: മുഖ്യമന്ത്രി പിണറായിയുടെ കന്നി അയ്യപ്പദർശനം ഇങ്ങനെ

അർജുൻ സി വനജ്

സന്നിധാനം: തിരുവനന്തപുരത്ത് മാധ്യമപ്രവർത്തകരോട് കടക്ക് പുറത്ത് എന്ന് പറഞ്ഞ പിണറായി വിജയനെ ആയിരുന്നില്ല, സന്നിധാനത്ത് എത്തിയ മുഖ്യമന്ത്രി പിണറായി വിജയനിൽ കാണാനായത്. ചിരിച്ച് എല്ലാവരോടും സംസാരിച്ച്, വളരെ സൗമ്യനായ പിണറായി വിജയൻ. മണ്ഡല-മകര വിളക്ക് തീർത്ഥാടനം സംബന്ധിച്ച അവലോകന യോഗത്തിന് ശേഷം പന്ത്രണ്ട് മണിയോടെയാണ് മുഖ്യമന്ത്രി സോപാനത്തിലേക്ക് പോയത്. മുഖത്ത് ചെറിയ പുഞ്ചിരിയോടെ വടക്കെനട വഴി എക്സിക്യൂട്ടിവ് ഓഫീസറുടെ കാര്യലയത്തിലേക്ക് ആദ്യം. പിന്നീട് അവിടെ ഷൂ അഴിച്ച് വെച്ച് വെള്ള സോക്സ് ഇട്ട് സോപാനത്തേക്ക് ദേവസ്വം മന്ത്രിക്കും ദേവസ്വം പ്രസിഡന്റിനുമൊപ്പം കയറി. വലത് കാൽ വച്ചാണ് സോപാനത്തേക്ക് മുഖ്യമന്ത്രി പ്രവേശിച്ചത്.

തുടർന്ന് കൊടിമരത്തിന് സമീപം എത്തി നോക്കികണ്ടു. മെർക്കുറി ഒഴിച്ച് കേട്പാട് വരുത്തിയ ഭാഗം ഏതാണെന്ന് ദേവസ്വം പ്രസിഡന്റിനോട് ആരാഞ്ഞു. ശേഷം പടിഞ്ഞാറെ ഭാഗം വഴി സോപാനത്തിന് മുന്നിലേക്ക്. ആദ്യം ദേവസ്വം പ്രസിഡന്റ് പ്രയാർ ഗോപാല കൃഷ്ണനും തുടർന്ന് ദേവസ്വം മന്ത്രിയും പിന്നാലെ രാജു എബ്രഹാമിന് പുറകിലായി മുഖ്യമന്ത്രിയും സോപാനത്തിന് മുന്നിലെ സുരക്ഷ വേലിക്ക് ഉള്ളിലേക്ക്. പ്രയാർ ഗോപാലകൃഷ്ണൻ അയ്യപ്പ വിഗ്രഹത്തിന് മുന്നിൽ തൊഴുതു നിന്നപ്പോൾ, പിണറായി ചെറുപുഞ്ചിരിയോടെ വിഗ്രഹവും ശ്രീകോവിലും നോക്കികണ്ടു. തുടർന്ന് ശ്രീകോവിലിന് മുന്നിലുള്ള ഭണ്ഡാരത്തിലേക്ക് വീഴുന്ന വഴിപാടുകൾ, കൺവെയർ ബെൽറ്റിലൂടെ, ദേവസ്വം ഓഫീസിലേക്ക് എത്തുന്നത് പ്രയാർ ഗോപാലകൃഷ്ണൻ മുഖ്യമന്ത്രിക്ക് വിശദീകരിച്ച് നൽകി. സോപാനവും പരിസരവും നോക്കികണ്ട് നേരെ മാളികപ്പുറം ക്ഷേത്രത്തിലേക്ക്.

പടിഞ്ഞാറെ മേൽപ്പാലം വഴി മാളികപ്പുറം ക്ഷേത്രത്തിലെത്തിയ പിണറായി വിജയനെ, ക്ഷേത്രം മേൽശാന്തി തൊഴുത് സ്വീകരിച്ചു. ശ്രീകോവിൽ വീക്ഷിക്കുകയായിരുന്ന മുഖ്യമന്ത്രിക്കും ദേവസ്വം മന്ത്രിക്കും മേൽശാന്തി പൂജ കഴിഞ്ഞ പ്രസാദം നൽകി. പ്രസാദം ഇരുകൈയും നീട്ടി സ്വീകരിച്ച പിണറായി വിജയൻ ഉടൻതന്നെ, പ്രസാദം അടുത്ത നിന്ന പേഴ്സണൽ സ്റ്റാഫിന് കൈമാറുകയും ചെയ്തു. ഇതിനിടെ സോപാനത്തിലെ ഭണ്ഡാരപ്പെട്ടിക്ക് സമാനമായി ഇവിടേയും കൺവെയർ ബെൽറ്റ് വഴിയാണോ, വഴിപാടുകൾ പോകുന്നതെന്ന് മുഖ്യമന്ത്രി ചോദിച്ചു. ഇവിടെ വരുമാനം കുറവായതതുകൊണ്ട് കൺവയർ ബെൽറ്റ് ഇല്ലെന്ന് പ്രയാർ മറുപടി നൽകി. ശേഷം മേൽശാന്തിയുമായി കുശലം പറഞ്ഞ്, മാളികപ്പുറം ക്ഷേത്രവും ചുറ്റുപാടും നോക്കിക്കണ്ടു. പ്രയാർ ഗോപാലകൃഷ്ണൻ മാളികപ്പുറത്തമ്മയും അയ്യപ്പനും തമ്മിലുള്ള ബന്ധത്തെക്കുറിച്ചുള്ള ഐതീഹ്യങ്ങളും, നവഗ്രഹ പൂജമണ്ഡപത്തെക്കുറിച്ചും വിശദീകരിച്ചു.

തിരികെ പടിഞ്ഞാറെ നടവഴി, സോപാനത്തിലേക്ക് എത്തിയ പിണറായി, വടക്കെ നടവഴി സന്നിധാനത്തേക്ക് ഇറങ്ങി. സന്നിധാനത്ത് തൊഴുതാൽ വാവരേയും തൊഴണമെന്നാണ് ഐതീഹ്യമെന്ന് ആരോ പറഞ്ഞതോടെ, മുഖ്യമന്ത്രി വാവർ സ്വാമി നടയിലേക്ക് എത്തി. അവിടെ നിന്നും കൽക്കണ്ടവുംേ ഉണക്കമുന്തരിയുമടക്കമുള്ള പ്രസാദം ഇരുകൈയും നീട്ടി സ്വീകരിച്ച് കഴിച്ചു. അൽപനേരം അവിടെ ചെലവിട്ടതിന് ശേഷം നേരെ ഒരു മണിയോടെ ഗസ്റ്റ് ഹൗസിലേക്ക്. ഭക്ഷണത്തിന് ശേഷം മൂന്നുമണിയോടെ പമ്പയിലേക്ക്. വന്നപ്പോൾ മുഖത്ത് കണ്ട അതേ ഉത്സാഹത്തോടെയാണ് മുഖ്യമന്ത്രി സന്നിധാനത്ത് നിന്ന് ഇറങ്ങിയതും. പമ്പയിൽ മുഖ്യമന്ത്രി മറ്റൊരു പരിപാടിയിൽക്കൂടി പങ്കെടുത്ത ശേഷമാവും മടങ്ങുക.

രാവിലെ നടന്ന മണ്ഡലം-മകരവിളക്ക് തീർത്ഥാടനം സംബന്ധിച്ച അവലോകന യോഗത്തിന് ശേഷം, ശബരിമലയെ ദേശീയ തീർത്ഥാടനകേന്ദ്രമാക്കി മാറ്റുന്നതിന് കേന്ദ്ര സർക്കാരിൽ സമ്മർദ്ദം ചെലുത്തുമെന്ന് മുഖ്യമന്ത്രി പറഞ്ഞു. ശബരിമല വിമാനത്താവളം സംബന്ധിച്ച നടപടികളും, ശബരി റെയിൽ നടപ്പാക്കുന്നതിന് സ്ഥലം ഏറ്റെടുപ്പ് സംബന്ധിച്ച പ്രവർത്തനങ്ങളും വേഗത്തിലാക്കും. തീർത്ഥാടന കാലത്ത് കൂടുതൽ ട്രെയിനുകൾ കേന്ദ്ര സർക്കാർ അനുവദിക്കണമെന്നും മുഖ്യമന്ത്രി ആവശ്യപ്പെട്ടു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP