Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202418Thursday

മുല്ലപ്പെരിയാറിന്റെ എല്ലാ ഷട്ടറുകളും താഴ്‌ത്തി; ക്യാമ്പിൽ നിന്നും വീട്ടിലേക്ക് മടങ്ങിയവർ വെള്ളത്തിൽ കുതിർന്ന വീട് ഏത് നിമിഷവും ഇടിഞ്ഞു വീഴുമെന്ന കടുത്ത ആശങ്കയിൽ; കുട്ടനാട്ടിൽ വെള്ളപ്പൊക്കം രൂക്ഷമായി തുടരുന്നു; ഒറ്റപ്പെട്ട സ്ഥലങ്ങളിൽ കുടുങ്ങിയവർക്കായി രക്ഷാപ്രവർത്തനം തുടരുന്നു; ദുരന്തത്തിൽ എത്രപേർ മരിച്ചെന്ന വിവരം പൂർണമായും പുറത്തുവിടാതെ സർക്കാർ; പാളങ്ങളിലെ പരിശോധന കഴിഞ്ഞതോടെ തിരുവനന്തപുരത്തു നിന്ന് കാസർകോട് വരെ ട്രെയിനിൽ യാത്ര ചെയ്യാം

മുല്ലപ്പെരിയാറിന്റെ എല്ലാ ഷട്ടറുകളും താഴ്‌ത്തി; ക്യാമ്പിൽ നിന്നും വീട്ടിലേക്ക് മടങ്ങിയവർ വെള്ളത്തിൽ കുതിർന്ന വീട് ഏത് നിമിഷവും ഇടിഞ്ഞു വീഴുമെന്ന കടുത്ത ആശങ്കയിൽ; കുട്ടനാട്ടിൽ വെള്ളപ്പൊക്കം രൂക്ഷമായി തുടരുന്നു; ഒറ്റപ്പെട്ട സ്ഥലങ്ങളിൽ കുടുങ്ങിയവർക്കായി രക്ഷാപ്രവർത്തനം തുടരുന്നു; ദുരന്തത്തിൽ എത്രപേർ മരിച്ചെന്ന വിവരം പൂർണമായും പുറത്തുവിടാതെ സർക്കാർ; പാളങ്ങളിലെ പരിശോധന കഴിഞ്ഞതോടെ തിരുവനന്തപുരത്തു നിന്ന് കാസർകോട് വരെ ട്രെയിനിൽ യാത്ര ചെയ്യാം

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: കേരളത്തെ പിടിച്ചുലച്ച പ്രളയക്കെടുതിലെ അതിജീവിക്കാനുള്ള തീവ്ര ശ്രമത്തിലാണ് കേരളം. റോഡുകളും വീടുകളും തകർത്തെറിഞ്ഞ പ്രളയക്കെടുതിയിൽ നിന്നും കരകയറാൻ ഇതുവരെ സാധിച്ചിട്ടില്ല. മഴമാറി മാനം തെളിഞ്ഞതോടെ ട്രെയിൻ ഗതാഗതം പുനഃസ്ഥാപിച്ചു. നെടുമ്പാശ്ശേരിയിൽ നിന്നുള്ള വിമാനസർവീസ് തുടങ്ങിയില്ലെങ്കിലും കൊച്ചിയിൽ നിന്നും തുടങ്ങിയത് ആളുകൾക്ക് ആശ്വസമായിട്ടുണ്ട്. ഇതിനിടെ ആലപ്പുഴ ജില്ലയിൽ ഇപ്പോഴു കാര്യങ്ങൾ കുഴഞ്ഞു മറിഞ്ഞഅവസ്ഥയിലാണ്. ഇവിടെ എത്രപേർ മരിച്ചെന്ന കാര്യത്തിൽ പൂർണമായ കണക്ക് സർക്കാർ പുറത്തുവിട്ടിട്ടില്ല. മരണ സഖ്യം ഉയരുമെന്നാണ് വിലയിരുത്തൽ.

സംസ്ഥാനത്ത് 3244 ക്യാമ്പുകളിൽ 101491 പുരുഷന്മാരും, 212735 സ്ത്രീകളുമടക്കം 1078023 ദുരിതബാധിതരാണുള്ളത്. രക്ഷാപ്രവർത്തനം പൂർണതയിലേക്കെത്തിയിട്ടില്ല. അവസാനത്തെ ആളെയും രക്ഷപ്പെടുത്തും വരെ രക്ഷാപ്രവർത്തനം തുടരുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്്# വ്യക്തമാക്കിയിരുന്നു. ഇന്നലെ മാത്രം 602 പേരെ രക്ഷപ്പെടുത്തിയെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. പ്രളയം മൂലം പഞ്ചവത്സര പദ്ധതിക്ക് തുല്ല്യമായ തുക സംസ്ഥാനത്ത് നിർമ്മാണ പുനരുജ്ജീവന പ്രവർത്തനങ്ങൾക്ക് മാറ്റിവെക്കാൻ കേരളം തയ്യാറാവേണ്ടി വരും. പലയിടങ്ങളിലും വീടുകളിലേക്ക് മടങ്ങിയെത്താനുള്ള സാഹചര്യമാണുള്ളതെന്നും മുഖ്യമന്ത്രി പറഞ്ഞു.

വെള്ളത്തിൽ കുതിർന്ന് ഇടിഞ്ഞു വീഴാറായി വീടുകൾ

ദുരിതാശ്വാസ ക്യാമ്പിൽ നിന്നും സ്വന്തം വീടുകളിലേക്ക് ആളുകൾ മടങ്ങിത്തുടങ്ങി. വെള്ളം കയറി ഏതു നിമിഷവും ഇടിഞ്ഞു വീഴാറായ അവസ്ഥയിലാണ് വീടുകളുടെ നില. ഇങ്ങനെയുള്ള വീടുകളിൽ എങ്ങനെ കഴിയുമെന്ന കാര്യത്തിൽ ആർക്കും ഒരു ധാരണയുമില്ല. വീടുകളിൽ കയറിയ ചെളി നീക്കം ചെയ്യാൻ തന്നെ വളരെ സമയമെടുക്കും. ഒന്നിൽ നിന്നും തുടങ്ങേണ്ട അവസ്ഥയിലാണ് കേരളം.

പ്രളയബാധിത പ്രദേശങ്ങളുടെ ശുചീകരണത്തിന് ഗ്രാമപഞ്ചായത്ത് വാർഡുകൾക്ക് 25,000 രൂപ വീതവും നഗരസഭാ വാർഡുകൾക്ക് 50,000 രൂപ വീതവും ഉടൻ നൽകും. 11 നഗരസഭയിൽ ഇതിനകം ശുചീകരണ പ്രവർത്തനം തുടങ്ങി. പ്ലമ്പിങ്, വയറിങ്, വൈദ്യുതിവൽക്കരണം തുടങ്ങിയവ യുദ്ധകാലാടിസ്ഥാനത്തിൽ പൂർത്തിയാക്കാൻ തദ്ദേശ സ്ഥാപനങ്ങൾ കേന്ദ്രീകരിച്ച് നടപടി സ്വീകരിക്കുമെന്നും മുഖ്യമന്ത്രി അറിയിച്ചിട്ടുണ്ട്. വൈദ്യുതി പുനഃസ്ഥാപിക്കുന്നതിന് ചാർജ് ഈടാക്കില്ല. വീടുകളിലേക്ക് മടങ്ങുന്ന കുടുംബങ്ങൾക്ക് സൗജന്യ കിറ്റ് നൽകും. വീടുകൾ പൂർണമായും വാസയോഗ്യമായ ശേഷമേ താമസം തുടങ്ങാവൂ എന്നും മുഖ്യമന്ത്രി അഭ്യർത്ഥിച്ചു. നനഞ്ഞ കറൻസി നോട്ടുകൾ മാറ്റിനൽണമെന്ന് റിസർവ് ബാങ്കിനോട് ആവശ്യപ്പെടുകയും അവരത് സമ്മതിക്കുകയും ചെയ്തിട്ടുണ്ടെന്നും പിണറായി അറിയിച്ചു.

തിരുവനന്തപുരം മുതൽ കാസർകോട് വരെ ട്രെയിനിൽ യാത്ര ചെയ്യാം

സംസ്ഥാനത്ത് മഴക്കെടുതിക്ക് ശേഷം ട്രെയിൻ ഗതാഗതം പുനഃസ്ഥാപിച്ചു. എറണാകുളം-ഷൊർണൂർ പാതയും തുറന്നതോടെ സംസ്ഥാനത്ത് തീവണ്ടിഗതാഗതം സാധാരണനിലയിലേക്ക്. തിങ്കളാഴ്ചമുതൽ മിക്ക പാതകളിലും തീവണ്ടി ഓടിത്തുടങ്ങി. 23 ഇടങ്ങളിൽ വേഗം കുറച്ചാണ് വണ്ടികൾ കടത്തിവിടുന്നത്. ഗതാഗതം പൂർവസ്ഥിതിയിലാകാൻ രണ്ടുദിവസം എടുക്കുമെന്ന് റെയിൽവേ അറിയിച്ചു. തൃശ്ശൂർ-ഗുരുവായൂർ പാത ഇനിയും തുറന്നിട്ടില്ല. ദീർഘദൂര വണ്ടികളുടെ റദ്ദാക്കലും തിരിച്ചുവിടലും ബുധനാഴ്ചവരെ തുടരും. നാഗർകോവിൽ പാതയിലൂടെ ദീർഘദൂര തീവണ്ടികൾ വഴിതിരിച്ചുവിടുന്നത് നിർത്തി. പലവഴിക്കായ കോച്ചുകൾ ഏകോപിക്കുന്ന മുറയ്ക്ക് സമയപ്പട്ടികപ്രകാരം വ്യാഴാഴ്ച മുതൽ തീവണ്ടികൾ ഓടിത്തുടങ്ങും.

മംഗളൂരു യാർഡിലേക്ക് തിങ്കളാഴ്ച ഏതാണ്ട് മുഴുവൻ വണ്ടികളും എത്തിയതോടെ ഉത്തരമലബാറിലെയും യാത്രാദുരിതത്തിന് അറുതിയായി.ചെന്നൈ മെയിൽ, വെസ്റ്റ് കോസ്റ്റ്, കോയമ്പത്തൂർ ഇന്റർസിറ്റി എന്നിവ ഞായറാഴ്ചമുതൽ പുറപ്പെട്ടിരുന്നു. തിങ്കളാഴ്ച ചെന്നൈ സൂപ്പർഫാസ്റ്റും ഓടി. ഇതോടെ പാലക്കാട് വഴിയുള്ള എല്ലാ വണ്ടികളും ഓടാൻ തുടങ്ങി. അഞ്ചുദിവസമായി സർവീസ് നിർത്തിവെച്ചിരുന്ന മലബാർ, മാവേലി അടക്കമുള്ള തീവണ്ടികളും ഓടിത്തുടങ്ങിയിട്ടുണ്ട്.

തൃശ്ശൂർ-ഗുരുവായൂർ പാതയിൽ ഒട്ടേറെ സ്ഥലങ്ങളിൽ ട്രാക്കിലൂടെ വെള്ളം ഒഴുകിയിരുന്നു. സംരക്ഷണഭിത്തികളും തകർന്നു. അറ്റകുറ്റപ്പണികൾ പുരോഗമിക്കുകയാണ്. ചൊവ്വാഴ്ച ഇതുവഴി പരീക്ഷണ ഓട്ടം നടന്നേക്കും. കൊല്ലം-പുനലൂർ പാതയിലെ അറ്റകുറ്റപ്പണികൾ പൂർത്തിയാക്കി. ചൊവ്വാഴ്ചമുതൽ തീവണ്ടികൾ ഓടിത്തുടങ്ങും. പുനലൂർ-ചെങ്കോട്ട പാത ഗതാഗതയോഗ്യമല്ല. കൊല്ലത്തുനിന്നുള്ള തീവണ്ടികൾ പുനലൂരിൽ യാത്ര അവസാനിപ്പിക്കും. ബുധനാഴ്ചയ്ക്കകം ഈ പാതയിലും തീവണ്ടി ഓടിത്തുടങ്ങിയേക്കും. ചൊവ്വാഴ്ച ഇതുവഴിയുള്ള കൊല്ലം-താംബരം സ്‌പെഷ്യൽ റദ്ദാക്കിയിട്ടുണ്ട്.

പാളങ്ങളുടെ അറ്റകുറ്റപ്പണി ചുമതലയുള്ള പെർമനന്റ് വേ, സിഗ്‌നൽ, ജനറൽ ഇലക്ട്രിക്കൽ, ട്രാക്ഷൻ എന്നീ വിഭാഗങ്ങളിലെ അഞ്ഞൂറോളം ജീവനക്കാർ രാത്രി ജോലിചെയ്താണ് ഷൊർണൂർ-എറണാകുളം പാത ഗതാഗതയോഗ്യമാക്കിയത്. തിങ്കളാഴ്ച പുലർച്ചെ സാങ്കേതികപരിശോധന പൂർത്തിയാക്കി ഫിറ്റ്നസ് സർട്ടിഫിക്കറ്റും നൽകി. പൈലറ്റ് എൻജിനുപിന്നാലെ ഷൊർണൂരിൽനിന്ന് കാരയ്ക്കൽ-എറണാകുളം എക്സ്‌പ്രസ് കടത്തിവിട്ടു. എറണാകുളത്തുനിന്ന് കണ്ണൂർ ഇന്റർസിറ്റിയും പുറപ്പെട്ടു.

ചെങ്ങന്നൂരിൽ ഇപ്പോഴും രക്ഷാദൗത്യം തുടരുന്നു, കുട്ടനാട്ടിൽ ഇപ്പോഴും വെള്ളക്കെട്ട്

ചെങ്ങന്നൂർ, പാണ്ടനാട്, പറവൂർ മേഖലകളിൽ ഇന്നലെ രക്ഷാപ്രവർത്തനം തുടർന്നു. ഇന്നും ഇവിടെ ഒറ്റപ്പെട്ട സ്ഥലങ്ങളിൽ രക്ഷാപ്രവർത്തനം തുടരുന്നു. വീടുകൾ കയറി പരിശോധിക്കുന്ന അവസ്ഥയിലേക്കാണ് കടക്കുന്നത്. ആരെങ്കിലും മരണപ്പെട്ടിട്ടുണ്ടോ എന്ന കാര്യത്തിൽ കൂടി വ്യക്ത വരുത്താൻ ഈ പരിശോധന ഗുണകരമാകും. അതേസമയം കുട്ടനാട്ടിൽ ഇപ്പോഴു വെള്ളക്കെട്ട് തുടരുകയാണ്. ഇത് കൂടുതൽ ആശങ്കകൾക്ക് ഇടയാക്കുന്നു.

ചെങ്ങന്നൂരിൽ രക്ഷാപ്രവർത്തനം അന്തിമ ഘട്ടത്തിലെത്തി നിൽക്കെ ആരോപണ പ്രത്യാരോപണങ്ങളും ഉയർന്നു. റവന്യൂ ഉദ്യോഗസ്ഥർ പരാജയമെന്ന വിമർശനവുമായി സൈന്യം രംഗത്തെത്തി. ഇക്കാര്യം അവർ സജിചെറിയാൻ എംഎൽഎയെ അറിയിച്ചു. ഏകോപനത്തിന് വേണ്ടത്ര ഉദ്യോഗസ്ഥരില്ലെന്നതാണ് പ്രശ്‌നമായി ചൂണ്ടിക്കാട്ടുന്നത്. ഇതിനിടെ ചെങ്ങന്നൂരിൽ ദുരിതാശ്വാസ പ്രവർത്തനം 95 ശതമാനം പൂർത്തിയായി. വീടുകളിൽ നിന്ന് സ്വയം പുറത്തുവരാത്തവർക്ക് ഏഴുടൺ ഭക്ഷണം വ്യോമസേന ഹെലികോപ്റ്ററകിൽ വിതരണം ചെയ്തു. വൈകുന്നേരത്തോട് ക്യാംപുകളിൽ രൂക്ഷമായ ഭക്ഷണ ക്ഷാമം നേരിടുകയാണ് എന്നതും മറ്റൊരു പ്രശ്‌നമായി.

ഉള്ള ഭക്ഷണം പ്രളയബാധിത പ്രദേശങ്ങളിലെത്തിക്കാൻ ചാക്കുകളുടെ അഭാവം കാരണം ഹെലികോപ്റ്ററുകൾക്ക് ആകാശത്ത് കാത്തുകിടക്കേണ്ടി വന്നു. സർക്കാർ ഉദ്യോഗസ്ഥരുടെ സമീപനത്തപ്പറ്റി ക്യാംപിലെത്തിയ കോടിയേരി ബാലകൃഷ്ണനോട് ദുരിതബാധിതർ പരാതി പറഞ്ഞു. സമയോചിതമായി കാര്യങ്ങൾ ചെയ്യാത്ത റവന്യൂ ഉദ്യോഗസ്ഥരേ സജി ചെറിയാൻ എംഎൽഎ ശകാരിച്ചു. ഭക്ഷണമെത്തിക്കുന്നതിൽ ഏകോപനം വേണമെന്ന് കോടിയേരി ബാലകൃഷ്ണനും ഉമ്മൻ ചാണ്ടിയും പറഞ്ഞു.

ചെങ്ങന്നൂർ വെള്ളത്തിൽ നിന്ന് കരകയറുകയാണ്. കല്ലിശ്ശേരിയിലും തിരുവൻവണ്ടൂരിലും വെള്ളം ഇറങ്ങി തുടങ്ങി. ഇനിയും വെള്ളത്തിൽ നിൽക്കുന്ന വീടുകളുണ്ട്. ജീവൻ രക്ഷപെട്ട് വീട്ടിലേക്ക് തിരികെ എത്തുന്നവരുടെ ഹൃദയം തകർക്കുന്നതാണ് അവിടുത്തേ സ്ഥിതി. പലയിടത്തും ദുരിതാശ്വാസ ക്യാമ്പുകളിൽ ജനങ്ങൾ വീടുകളിലേക്ക് മടങ്ങി തുടങ്ങി. പാണ്ടനാടും വെന്മണിയും ഇപ്പോഴും വെള്ളത്തിലാണ്. വീട് വിട്ടുവരാതെ വീട്ടിൽകഴിയുന്നവർക്ക് ഭക്ഷണവും കൃത്യമായി എത്തിക്കുന്നുണ്ട്. ദുരിതാശ്വാസ ക്യാമ്പുകളിൽ കഴിയുന്നവരുടെ വേദന തിരിച്ചുചെല്ലുമ്പോൾ വീടുകളുടെ അവസ്ഥയേ ഓർത്താണ്.

മുല്ലപ്പെരിയാർ അണക്കെട്ടിന്റെ മുഴുവൻ ഷട്ടറുകൾ അടച്ചു

മുല്ലപ്പെരിയാർ അണക്കെട്ടിന്റെ മുഴുവൻ ഷട്ടറുകൾ അടച്ചു. അണക്കെട്ടിലേക്കുള്ള നീരൊഴുക്ക് കുറഞ്ഞതിനെത്തുടർന്നാണ് ഷട്ടറുകൾ അടച്ചത്. ഡാമിലെ ജലനിരപ്പ് 140 അടിയായി കുറഞ്ഞു. ജലനിരപ്പ് 140 അടിക്കുമുകളിലെത്തിയതോടെ ഈ മാസം പതിനഞ്ചിനാണ് ഡാമിന്റെ ഷട്ടറുകൾ ഉയർത്തിയത്. ജലനിരപ്പ് 140 അടിയായി താഴ്ന്നതോടെ സ്പിൽവേയിലെ എട്ടു ഷട്ടറുകൾ തമിഴ്‌നാട് പൂർണമായും താഴ്‌ത്തിയിരുന്നു. അഞ്ചു ഷട്ടറുകൾ ഒരടി മാത്രമാണു തുറന്നിരുന്നത്. കഴിഞ്ഞ ദിവസം വൈകിട്ട് ഏഴിന് അണക്കെട്ടിലേക്കുള്ള നീരൊഴുക്ക് സെക്കൻഡിൽ 6476 ഘനയടിയായി കുറഞ്ഞു. ഇതിൽ 4269 ഘനയടി സ്പിൽവേ വഴി ഇടുക്കിയിലേക്കും 2207 ഘനയടി തമിഴ്‌നാട്ടിലേക്കും തുറന്നുവിട്ടിരിക്കുകയാണ്.

തലസ്ഥാനത്ത് ഗതാഗത തടസ്സങ്ങളില്ല, നെല്ലിയാമ്പതിയിൽ ഗതാഗത തടസ്സങ്ങളില്ല

സംസ്ഥാനത്തെ വിവിധ ജില്ലകളിലും ഗതാഗതം പുനഃസ്ഥാപിച്ചു തുടങ്ങിയിണ്ട്. ജില്ലയിൽ ഗതാഗത തടസ്സങ്ങളില്ല. കെഎസ്ആർടിസി സംസ്ഥാനത്തെ മുഴുവൻ റൂട്ടുകളിലും സർവീസ് പുനരാരംഭിച്ചതായി എംഡി ടോമിൻ തച്ചങ്കരി അറിയിച്ചു. കൊല്ലംതിരുമംഗലം ദേശീയ പാതയിൽ ആര്യങ്കാവ് കോട്ടവാസൽ പള്ളിക്കു സമീപം രാത്രി എട്ടരയോടെ മണ്ണിടിഞ്ഞ് ഗതാഗതം പൂർണമായി തടസ്സപ്പെട്ടു. എംഎസ്എൽ മുതൽ ചെങ്കോട്ട വരെയും ഗതാഗത തടസ്സം. പത്തനംതിട്ടയിൽ തിരുവല്ല - മാവേലിക്കര റോഡ്: കടപ്ര ഭാഗത്തും കാവുംഭാഗത്തും പുളിക്കീഴും കടപ്രയിലും വെള്ളമുണ്ട്.

ചെങ്ങന്നൂർ-ആറന്മുള റോഡിൽ ആറന്മുള ഭാഗത്തെ വെള്ളം ഇറങ്ങിയിട്ടില്ല. പന്തളം - കിടങ്ങന്നൂർ - ആറന്മുള റോഡിൽ നാൽക്കാലിക്കൽ ഭാഗത്തും വെള്ളം. ടി.കെ.റോഡ്: തിരുവല്ല പത്തനംതിട്ട - കുമ്പഴ ഗതാഗതം പുനരാരംഭിച്ചു. ആലപ്പുഴ ചങ്ങനാശേരി റോഡ് പൂർണമായി വെള്ളത്തിലാണ്. അമ്പലപ്പുഴ- തിരുവല്ല റോഡിൽ തകഴി മുതൽ പൊടിയാടി ഭാഗം വരെയും മവേലിക്കരകോഴഞ്ചേരി റോഡിൽ പേരിശേരി, പുലിയൂർ ഭാഗം വരെയും ഗതാഗത തടസ്സം. ചെങ്ങന്നൂർ പാണ്ടനാട് പരുമല റോഡ് പൂർണമായി വെള്ളത്തിൽ. എംസി റോഡിൽ ഗതാഗതം പുനഃസ്ഥാപിച്ചു.

കോട്ടയംചങ്ങനാശേരി, കോട്ടയംകുമരകം, കോട്ടയം വൈക്കം, വൈക്കംഎറണാകുളം, വൈക്കംമൂവാറ്റുപുഴ, വൈക്കംകൂത്താട്ടുകുളം, വൈക്കംപാലാ, കോട്ടയംകുമളി റോഡുകളിൽ ഗതാഗത തടസ്സം. കോട്ടയംറാന്നി, കോട്ടയംപാലാ, കോട്ടയംപീരുമേട്, റോഡുകളിൽ തടസ്സം മാറി. ഇടുക്കിനേര്യമംഗലം റോഡിൽ ചെറുതോണി മുതൽ പനംകുട്ടി വരെ ഗതാഗതം ഭാഗികമായി പുനഃസ്ഥാപിച്ചു. ചെറുതോണി കരിമ്പൻ റോഡിലെ ഗതാഗത തടസ്സം ഭാഗികമായി നീക്കി.

അടിമാലികുമളി പാതയിൽ റോഡ് ഒലിച്ചുപോയ ആയിരമേക്കർ, പനംകുട്ടി എന്നിവിടങ്ങളിൽ സൈന്യത്തിന്റെ സഹായത്തോടെ റോഡ് താൽക്കാലികമായി തുറക്കുന്നതിനുള്ള നടപടികൾ തുടങ്ങി. തൊടുപുഴപുളിയന്മല സംസ്ഥാന പാതയിൽ കുളമാവ് മുതൽ ചെറുതോണി വരെയുള്ള സ്ഥലങ്ങളിൽ മണ്ണിടിച്ചിലുള്ള സാഹചര്യത്തിൽ ഗതാഗത തടസ്സം തുടരുന്നു. കട്ടപ്പനചെറുതോണി റോഡിൽ, ഇടുക്കി കഴിഞ്ഞാൽ ചെറുതോണിയിലേക്കു വരാൻ കഴിയാത്ത സ്ഥിതി. ചേലച്ചുവട്‌വണ്ണപ്പുറം റോഡിലും ഗതാഗത തടസ്സമുണ്ട്.

കൊച്ചിധനുഷ്‌കോടി റോഡിൽ അടിമാലി മുതൽ മൂന്നാർ വരെയുള്ള ഭാഗത്ത് മണ്ണിടിഞ്ഞതിനാൽ ഗതാഗതം തടസ്സപ്പെട്ട നിലയിൽ. അടിമാലിചെറുതോണി, അടിമാലിരാജാക്കാട്, അടിമാലികുഞ്ചിത്തണ്ണി, അടിമാലി പണിക്കൻകുടി റോഡുകളിലും മണ്ണിടിഞ്ഞ് റോഡ് തകർന്നതിനാൽ ഗതാഗതം പുനഃസ്ഥാപിക്കാനായിട്ടില്ല. കൊച്ചിധനുഷ്‌കോടി ദേശീയപാതയിൽ അടിമാലി വരെ മാത്രം ബസ് സർവീസുകൾ. മൂന്നാർ, കുമളി, കട്ടപ്പന, നെടുങ്കണ്ടം പ്രദേശങ്ങളിലേക്കു സർവീസുകൾ തുടങ്ങിയിട്ടില്ല.

ദേശീയപാത 66ൽ കൊടുങ്ങല്ലൂരിലേക്കും കെഎസ്ആർടിസി സർവീസുകളില്ല. പറവൂർ വരെ ഇന്നലെ കുറച്ചു ബസുകൾ സർവീസ് നടത്തിയെങ്കിലും വടക്കേക്കര മേഖലയിലേക്ക് ഇപ്പോഴും സർവീസുകളില്ല. എംസി റോഡ് വഴിയുള്ള ഗതാഗതം സുഗമമായി. എറണാകുളത്തുനിന്നു തിരുവനന്തപുരം, തൃശൂർ, കോട്ടയം, കോഴിക്കോട് റൂട്ടുകളിൽ ബസുകൾ സർവീസ് നടത്തുന്നു. എറണാകുളംകോട്ടയം റൂട്ടിൽ കാഞ്ഞിരമറ്റം വഴിയാണ് സർവീസുകൾ നടത്തുന്നത്.

ദേശീയപാതയിൽ കുതിരാൻ ഭാഗത്തു മണ്ണിടിഞ്ഞുണ്ടായ തടസ്സം പൂർണമായി നീക്കിയിട്ടില്ല. ഒരു വശത്തു കൂടി മാത്രമാണു വാഹനങ്ങൾ കടത്തിവിടുന്നത്. നെല്ലിയാമ്പതിയിലേക്കും അട്ടപ്പാടിയിലേക്കുമുള്ള റോഡ് ഗതാഗതം പുനഃസ്ഥാപിച്ചിട്ടില്ല. കരുവന്നൂർ പുഴ ഗതി മാറി ഒഴുകി ആറാട്ടുപ്പുഴ ചെറിയപാലം ബണ്ട് റോഡ് തകർന്നതിനെത്തുടർന്നു തൃശൂർകാഞ്ഞാണി റോഡിൽ ഗതാഗത നിരോധനം. കാഞ്ഞാണിപെരുമ്പുഴ പാടത്തു വെള്ളം നിറഞ്ഞതിനെത്തുടർന്ന് ഇരു ഭാഗങ്ങളിലേക്കും ടോറസ് ലോറികളിലാണ് യാത്രക്കാരെ എത്തിക്കുന്നത്.

ന്മ തൃശൂർ-വാടാനപ്പിള്ളി റൂട്ടിൽ തൃശൂരിൽനിന്ന് ചേറ്റുപുഴ വരെ ബസ് സർവീസുകൾ. ചേർപ്പ് റൂട്ടിൽ ചിറയ്ക്കൽ മേഖലയിൽ റോഡിൽ വെള്ളം കയറിയതിനെ തുടർന്നു തൃപ്രയാറിലേക്കും ഗതാഗതം നിരോധിച്ചു. തൃശൂരിൽ നിന്ന് ഇരിങ്ങാലക്കുടയിലേക്കു ഗതാഗതം പുനഃസ്ഥാപിച്ചിട്ടില്ല. തൃശൂർഷൊർണൂർ റോഡിൽ ഉരുൾപൊട്ടലുണ്ടായ കുറാഞ്ചേരി ഭാഗത്ത് കുറാഞ്ചേരി പാലം വഴി ഗതാഗതം തിരിച്ചുവിട്ടു.

വയനാട് ജില്ലയിലെ പ്രധാന റോഡുകളെല്ലാം നിലവിൽ ഗതാഗതയോഗ്യമാണ്. മലപ്പുറത്തുനിന്ന് നാടുകാണി ചുരം വഴി വയനാട്ടിലേക്കുള്ള ഗതാഗതം പുനഃസ്ഥാപിച്ചു. മൾട്ടി ആക്‌സിലുള്ള വലിയ വാഹനങ്ങൾക്കു മാത്രം നിയന്ത്രണം. മാനന്തവാടിയിൽനിന്നു കണ്ണൂർ ജില്ലയിലെ കൊട്ടിയൂരിലേക്കുള്ള പാൽചുരം ഇനിയും ഗതാഗതയോഗ്യമാക്കിയിട്ടില്ല. കണ്ണൂർ- വയനാട് ജില്ലകളെ ബന്ധിപ്പിക്കുന്ന കൊട്ടിയൂർ ബോയ്‌സ് ടൗൺ പാതയിൽ ഗതാഗതം ഭാഗികം. ചെറിയ വാഹനങ്ങൾക്കു മാത്രം കടന്നു പോകാം.

കൂട്ടുകാർക്കായി നോട്ട്ബുക്ക് നിർമ്മിച്ച് വിദ്യാർത്ഥികൾ

പ്രളയത്തിൽ നഷ്ടപ്പെട്ടതിനു പകരമായി കൂട്ടുകാർക്ക് പുതിയ നോട്ട്ബുക്കുകൾ നിർമ്മിച്ചു നൽകിയാണ് വി.എച്ച്.എസ്.ഇ. വിദ്യാർത്ഥികൾ മാതൃകയായിത്. നോട്ടുപുസ്തക നിർമ്മാണവും വിതരണവുമാണ് ഇവരേറ്റെടുത്തിട്ടുള്ളത്. വൊക്കേഷണൽ ഹയർസെക്കൻഡറി വകുപ്പിന്റെ 'സ്‌നേഹാക്ഷരം' പദ്ധതിപ്രകാരമാണ് പ്രവർത്തനം. വി.എച്ച്.എസ്.ഇ. നാഷണൽ സർവീസ് സ്‌കീമിന്റെ നേതൃത്വത്തിൽ പ്രിന്റിങ് ടെക്നോളജി വിദ്യാർത്ഥികളാണ് പുസ്തകം നിർമ്മിക്കുന്നത്. തിങ്കളാഴ്ച മുതൽ ഇവർ പ്രവർത്തനം തുടങ്ങിക്കഴിഞ്ഞു.

ജി.വി.എച്ച്.എസ്.എസ്. കുന്നംകുളം (തൃശ്ശൂർ), ജി.വി.എച്ച്.എസ്.എസ്. പാമ്പാടി (കോട്ടയം), ജി.വി.എച്ച്.എസ്.ഇ., ചേളാരി (മലപ്പുറം) സ്‌കൂളുകളിലെ പൂർവവിദ്യാർത്ഥികളടക്കം 300 പേർ സംരംഭത്തിലുണ്ട്. പഠനാവശ്യത്തിന് കരുതിയ യന്ത്രങ്ങളും പേപ്പറുകളുമാണ് ഉപയോഗിക്കുന്നത്. എൻ.എസ്.എസിന്റെ വിവിധ പ്രവർത്തനങ്ങളിൽനിന്ന് മിച്ചംവെച്ച തുകയും ഉപയോഗിക്കും. ആദ്യഘട്ടത്തിൽ 15,000 നോട്ടുപുസ്തകങ്ങൾ സ്‌കൂൾ തുറക്കുമ്പോഴേക്കും എത്തിക്കും.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP