Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

മഴ ശമനമില്ലാതെ തുടരുന്നതിനാൽ നാളെ മൂന്ന് ജില്ലകളിൽ റെഡ് അലർട്ട്; ഇതുവരെ മരണം 56; ദുരിതാശ്വാസ ക്യാമ്പുകളിൽ കഴിയുന്നത് കാൽ ലക്ഷത്തോളം പേർ; വടക്കൻ ജില്ലകളിൽ പ്രളയം ബാധിച്ചത് ഇതുവരെ വെള്ളപ്പൊക്കം ഉണ്ടായിട്ടില്ലാത്ത മേഖലകളിലും; മഴയുടെ തീവ്രത കുറയുന്നതിന്റെ ആശ്വാസത്തിൽ കേരളം; പ്രകൃതി ദുരന്തങ്ങൾക്ക് സാധ്യതയെന്ന് മുഖ്യമന്ത്രി

മഴ ശമനമില്ലാതെ തുടരുന്നതിനാൽ നാളെ മൂന്ന് ജില്ലകളിൽ റെഡ് അലർട്ട്; ഇതുവരെ മരണം 56; ദുരിതാശ്വാസ ക്യാമ്പുകളിൽ കഴിയുന്നത് കാൽ ലക്ഷത്തോളം പേർ; വടക്കൻ ജില്ലകളിൽ പ്രളയം ബാധിച്ചത് ഇതുവരെ വെള്ളപ്പൊക്കം ഉണ്ടായിട്ടില്ലാത്ത മേഖലകളിലും; മഴയുടെ തീവ്രത കുറയുന്നതിന്റെ ആശ്വാസത്തിൽ കേരളം; പ്രകൃതി ദുരന്തങ്ങൾക്ക് സാധ്യതയെന്ന് മുഖ്യമന്ത്രി

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: മഴ ശമനമില്ലാതെ തുടരുന്ന സാഹചര്യത്തിൽ സംസ്ഥാനത്ത് നാളെ മൂന്ന് ജില്ലകളിൽ റെഡ് അലർട്ട് പ്രഖ്യാപിച്ചു. വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിൽ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം റെഡ് അലേർട്ട് പ്രഖ്യാപിച്ചതായി മുഖ്യമന്ത്രി അറിയിച്ചു. അവിടെ മണിക്കൂറിൽ 204 എം.എമ്മിൽ കൂടുതൽ മഴ പെയ്യാനുള്ള സാദ്ധ്യതയുണ്ട്. തുടർച്ചയായ ദിവസങ്ങളിൽ അതിതീവ്ര മഴ പെയ്യുന്ന സാഹചര്യത്തിൽ വെള്ളപ്പൊക്കം, ഉരുൾപൊട്ടൽ തുടങ്ങിയ പ്രകൃതി ദുരന്തങ്ങൾക്ക് സാധ്യത വർധിക്കുമെന്നും മുഖ്യമന്ത്രി അറിയിച്ചു. അതേ സമയം, പലയിടങ്ങളിലും മഴയുടെ തീവ്രത കുറഞ്ഞത് ആളുകൾക്ക് ആശ്വാസമായി.

സംസ്ഥാനത്തിന്റെ വിവിധയിടങ്ങളിൽ മഴ തുടരുകയാണ്. മഴക്കെടുതികളിൽ മരിച്ചവരുടെ എണ്ണം 56ആയി. കഴിഞ്ഞ ദിവസത്തെ കനത്ത മണ്ണിടിച്ചിലിൽ വിറങ്ങലിച്ച നിലമ്പൂർ കവളപ്പാറയിൽ രക്ഷാപ്രവർത്തനത്തിനിടെ വീണ്ടും മണ്ണിടിഞ്ഞത് പരിഭ്രാന്തിയുണ്ടാക്കി.ഓഗസ്റ്റ് 11ന് എറണാകുളം, ഇടുക്കി, തൃശ്ശൂർ, പാലക്കാട്, മലപ്പുറം,കോഴിക്കോട് എന്നീ ജില്ലകളിലും ഓഗസ്റ്റ് 12ന് ഇടുക്കി,മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർഗോഡ് എന്നീ ജില്ലകളിലും, ഓഗസ്റ്റ് 13ന് ഇടുക്കി, മലപ്പുറം, വയനാട് എന്നീ ജില്ലകളിലും, ഓഗസ്റ്റ് 14ന് ഇടുക്കി, മലപ്പുറം, വയനാട് എന്നീ ജില്ലകളിലും, കേന്ദ്ര കാലാവസ്ഥ നിരീക്ഷണ വകുപ്പ് 'ഓറഞ്ച്' അലേർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.

അതേസമയം, കാലവർഷക്കെടുതിയെ തുടർന്ന് സംസ്ഥാനത്തെ കാൽലക്ഷത്തോളം പേർ ദുരിതാശ്വാസക്യാംപുകളിൽ അഭയം പ്രാപിച്ചതായി സർക്കാർ വൃത്തങ്ങൾ അറിയിച്ചു. ഭൂരിപക്ഷം ദുരിതാശ്വാസ ക്യാംപുകളിലും അവശ്യവസ്തുകൾക്ക് ക്ഷാമം നേരിടുന്നതായി പരാതിയുണ്ട്. കഴിഞ്ഞ വർഷത്തെ മഹാപ്രളയത്തിൽ ദുരിതാശ്വാസപ്രവർത്തനങ്ങളിൽ മുന്നിൽ നിന്ന കോഴിക്കോട് അടക്കമുള്ള ജില്ലകളും ഈ പ്രവശ്യം പ്രളയത്തിൽ വലയുകയാണ്. കോഴിക്കോട്ടെ 280-ഓളം ക്യാംപുകളിൽ അവശ്യവസ്തുകൾക്ക് ക്ഷാമമുണ്ടെന്നാണ് വിവരം. വയനാട്ടിലും മലപ്പുറത്തും ഇതേ അവസ്ഥയാണ്.

മഹാപ്രളയത്തിലുണ്ടായതിലും വളരെ വലിയ നാശനാഷ്ടങ്ങളാണ് കാലവർഷക്കെടുതിയിൽ വടക്കൻ ജില്ലകളിലുണ്ടായത്. ഇന്നേ വരെ വെള്ളപ്പൊക്കം ഉണ്ടാവാതിരുന്ന മേഖലയിലെ പല പ്രദേശങ്ങളിലും ഇക്കുറി ആൾപ്പൊക്കത്തിൽ വെള്ളമെത്തി. ദുരിതാശ്വാസ ക്യാംപുകളിലെത്തിയവരിൽ വലിയൊരു വിഭാഗം ഇതാദ്യമായി പ്രളയത്തെ നേരിടുന്നവരാണ്. വെള്ളപ്പൊക്കം രൂക്ഷമായ ഇന്നലെ രാത്രി മാത്രം കോഴിക്കോട് നഗരത്തിൽ 24 ക്യാംപുകളാണ് തുറന്നത്. ബാണാസുരസാഗർ ഡാം കൂടി തുറന്നതോടെ വയനാട്ടിൽ കൂടുതൽ പേർ ക്യാംപുകളിലെത്തുമോ എന്ന ആശങ്കയുമുണ്ട്. ഇതിനിടയിലാണ് ദുരിതാശ്വാസ ക്യാംപുകളിൽ അവശ്യ വസ്തുകൾ ലഭിക്കാത്ത അവസ്ഥ നേരിടുന്നത്. ദുരിതബാധിതരെ സഹായിക്കാനായി എല്ലാവരും മുന്നോട്ട് വരണമെന്ന് ജില്ലാ കളക്ടർമാർ ആവശ്യപ്പെട്ടു.

വടക്കൻ ജില്ലകളിലെ ദുരിതബാധിതർക്കുള്ള അവശ്യവസ്തുകൾ സ്വീകരിക്കാൻ തിരുവനന്തപുരം നഗരത്തിലെ വിവിധ കേന്ദ്രങ്ങളിൽ കളക്ഷൻ പോയിന്റുകൾ ആരംഭിച്ചു.

1. കോർപറേഷൻ ഓഫീസ് - മ്യൂസിയം - 8590088599, 9961525100,9946857197
2. യൂണിവേഴ്‌സിറ്റി സ്റ്റുഡന്റ് സെന്റർ പിഎംജി - 9567302207,9495181218,8921189512
3. ലോ കോളേജ് പിഎംജി -
4. യൂണിവേഴ്‌സിറ്റി കോളേജ് പാളയം - 9633153396
5. കേദാരം കോപ്ലക്‌സ്, കേശവദാസപുരം
6.ടെക്‌നോപാർക്ക് (പ്രതിധ്വനി)
7. യൂണിവേഴ്‌സിറ്റി ക്യാംപസ്, കാര്യവട്ടം - 9895277257, 9037864445
8. ഗാന്ധി പാർക്ക് കിഴക്കേകോട്ട - 8129868106
9. ഗവ.മോഡൽ ജിഎച്ച്എസ് പട്ടം - 8921745499, 7012470137
10. എസ്എൻ കോളേജ് ചെമ്പഴന്തി - 8129694119

മുഖ്യമന്ത്രിയുടെ ഫേസ്‌ബുക്ക് കുറിപ്പിന്റെ പൂർണരൂപം

ഞായറാഴ്ച (ഓഗസ്റ്റ്11ന്) വയനാട്, കണ്ണൂർ, കാസർഗോഡ് ജില്ലകളിൽ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം റെഡ് അലേർട്ട് പ്രഖ്യാപിച്ചു. റെഡ് അലേർട്ട് പ്രഖ്യാപിക്കപ്പെട്ട ജില്ലകളിൽ അതിതീവ്ര (Extremely Heavy 24 മണിക്കൂറിൽ 204 mm ൽ കൂടുതൽ മഴ) മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്. തുടർച്ചയായ ദിവസങ്ങളിൽ അതിതീവ്ര മഴ പെയ്യുന്ന സാഹചര്യത്തിൽ വെള്ളപ്പൊക്കം, ഉരുൾപൊട്ടൽ തുടങ്ങിയ പ്രകൃതി ദുരന്തങ്ങൾക്ക് സാധ്യത വർധിക്കും.ഓഗസ്റ്റ് 11ന് എറണാകുളം, ഇടുക്കി, തൃശ്ശൂർ, പാലക്കാട്, മലപ്പുറം,കോഴിക്കോട് എന്നീ ജില്ലകളിലും ഓഗസ്റ്റ് 12ന് ഇടുക്കി,മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർഗോഡ് എന്നീ ജില്ലകളിലും, ഓഗസ്റ്റ് 13ന് ഇടുക്കി, മലപ്പുറം, വയനാട് എന്നീ ജില്ലകളിലും, ഓഗസ്റ്റ് 14ന് ഇടുക്കി, മലപ്പുറം, വയനാട് എന്നീ ജില്ലകളിലും, കേന്ദ്ര കാലാവസ്ഥ നിരീക്ഷണ വകുപ്പ് 'ഓറഞ്ച്' അലേർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഓറഞ്ച് പ്രഖ്യാപിക്കപ്പെട്ട ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ശക്തമായതോ (115 mm വരെ മഴ) അതിശക്തമായതോ (115 mm മുതൽ 204.5 mm വരെ മഴ) ആയ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്.
ഓഗസ്റ്റ് 13ന് എറണാകുളം, കോഴിക്കോട് എന്നി ജില്ലകളിലും ഓഗസ്റ്റ് 14ന് എറണാകുളം, കോഴിക്കോട് എന്നി ജില്ലകളിൽ കേന്ദ്ര കാലാവസ്ഥ നിരീക്ഷണ കേന്ദ്രം മഞ്ഞ അലേർട്ടും പ്രഖ്യാപിച്ചു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP