Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

മുണ്ടു മുറുക്കി ഉടുക്കുന്നില്ല, മുഖ്യമന്ത്രി പറക്കുന്നത് ഹെലികോപ്ടറിൽ മാത്രം; കടുത്ത സാമ്പത്തിക പ്രതിസന്ധിയിൽ ഉഴറുന്ന സംസ്ഥാന സർക്കാർ ജനങ്ങളുടെ കുത്തിനു പിടിക്കാൻ വീണ്ടും ഒരുങ്ങുന്നു; പ്രതിസന്ധി മറികടക്കാൻ ഭൂമിയുടെ ന്യായവില വീണ്ടും കൂട്ടിയേക്കും; സംസ്ഥാനത്തിന്റെ പ്രധാന വരുമാനമാർഗങ്ങളിൽ ഒന്നായ മുദ്രപ്പത്രത്തിലൂടെയും രജിസ്ട്രേഷനിലൂടെയും കിട്ടുന്ന വരുമാനം വർദ്ധിപ്പിക്കാൻ ഒരുങ്ങുന്നതിനൊപ്പം മദ്യ വില വീണ്ടും കൂട്ടുന്നതിനെ കുറിച്ചും ആലോചന

മുണ്ടു മുറുക്കി ഉടുക്കുന്നില്ല, മുഖ്യമന്ത്രി പറക്കുന്നത് ഹെലികോപ്ടറിൽ മാത്രം; കടുത്ത സാമ്പത്തിക പ്രതിസന്ധിയിൽ ഉഴറുന്ന സംസ്ഥാന സർക്കാർ ജനങ്ങളുടെ കുത്തിനു പിടിക്കാൻ വീണ്ടും ഒരുങ്ങുന്നു; പ്രതിസന്ധി മറികടക്കാൻ ഭൂമിയുടെ ന്യായവില വീണ്ടും കൂട്ടിയേക്കും; സംസ്ഥാനത്തിന്റെ പ്രധാന വരുമാനമാർഗങ്ങളിൽ ഒന്നായ മുദ്രപ്പത്രത്തിലൂടെയും രജിസ്ട്രേഷനിലൂടെയും കിട്ടുന്ന വരുമാനം വർദ്ധിപ്പിക്കാൻ ഒരുങ്ങുന്നതിനൊപ്പം മദ്യ വില വീണ്ടും കൂട്ടുന്നതിനെ കുറിച്ചും ആലോചന

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: സാമ്പത്തിക പ്രതിസന്ധി രൂക്ഷമായതിനെ തുടർന്ന് സംസ്ഥാനത്ത് ട്രഷറി നിയന്ത്രണം ഏർപ്പെടുത്തിയത് കഴിഞ്ഞ ദിവസമാണ്. ഇതുസംബന്ധിച്ച് സർക്കാർ പുതിയ ഉത്തരവിറക്കിയിരുന്നു. ന വകുപ്പ് അനുവദിച്ച പ്രത്യേക ഇനങ്ങൾക്ക് മാത്രം ട്രഷറികളിൽ നിന്ന് പണം നൽകും. പണം അനുവദിക്കാവുന്ന ഇനങ്ങളുടെ പട്ടിക സർക്കാർ പുറത്തിറക്കി. തദ്ദേശ സ്ഥാപനങ്ങളുടെ ബില്ലുകളും മാറി നൽകില്ലെന്ന അവസ്ഥയാണ് ഏർപ്പെടുത്തിയത്.

അത്യാവശ്യബില്ലുകൾ മാത്രം മാറി നൽകിയാൽ മതിയെന്നാണ് നിർദ്ദേശം. ശമ്പളം, പെൻഷൻ, മെഡിക്കൽ ബില്ലുകൾ, ശബരിമലച്ചെലവുകൾ, ഇന്ധനച്ചെലവ്, ദുരിതാശ്വാസ നിധി, പ്രളയ സഹായം തുടങ്ങിയ സുപ്രധാന ഇനങ്ങൾക്ക് മാത്രമാണ് അനുമതിയുള്ളത്. സാധാരണ ശമ്പളം, പെൻഷൻ എന്നിവയുടെ വിതരണത്തിന് മുന്നോടിയായാണ് നിയന്ത്രണങ്ങൾ ഏർപ്പെടുത്തുന്നത്. ഇത്തവണ നേരത്തേതന്നെ നിയന്ത്രണം കർശനമാക്കാൻ സർക്കാർ നിർബന്ധിതമായി. ഇപ്പോൾ സാമ്പത്തിക പ്രതിസന്ധിയിൽ നട്ടം തിരിയുന്ന ഇടതു സർക്കാർ അടുത്തതായി ജനങ്ങൾക്ക് പണി തരുന്നു എന്നാണ് അറിയുന്നത്.

ഇതിന്റെ ഭാഗമായി ഭൂമിയുടെ ന്യായവില വീണ്ടും വർധിപ്പിച്ചേക്കു എന്നാണ് അറിയുന്നത്. ഭൂമിയുടെ പ്രത്യേകത, വാണിജ്യമൂല്യം എന്നിവ കണക്കിലെടുത്തുള്ള ന്യായവില നിർണയസംവിധാനത്തിലേക്ക് കടക്കാനും ഇടയുണ്ട്. സമീപകാലത്തൊന്നുമില്ലാത്ത സാമ്പത്തികപ്രതിസന്ധിയിലൂടെയാണ് സർക്കാർ കടന്നുപോകുന്നത്. വരുമാനംകൂട്ടാനുള്ള മാർഗങ്ങളെപ്പറ്റി ശുപാർശചെയ്യാൻ ധനവകുപ്പ് അഡീഷണൽ ചീഫ് സെക്രട്ടറി മനോജ് ജോഷിയുടെ അധ്യക്ഷതയിൽ രൂപവത്കരിച്ച വകുപ്പുസെക്രട്ടറിമാരുടെ സമിതി ആദ്യയോഗം ചേർന്നു. മറ്റ് നികുതികളെല്ലാം പരമാവധിയായതിനാൽ ഭൂമിയുടെ ന്യായവില കൂട്ടലാണ് സമിതിയുടെ മുന്നിൽവന്ന പ്രധാന നിർദ്ദേശം. സംസ്ഥാനത്തിന്റെ പ്രധാന വരുമാനമാർഗങ്ങളിലൊന്നാണ് മുദ്രപ്പത്രത്തിലൂടെയും രജിസ്ട്രേഷനിലൂടെയും കിട്ടുന്ന വരുമാനം.

2018-19ലെ ബജറ്റിലും ന്യായവില 10 ശതമാനം വർധിപ്പിച്ചിരുന്നു. എന്നിട്ടും കേരളത്തിലാകമാനം ന്യായവില അതിന്റെ വിപണിവിലയെക്കാൾ വളരെത്താഴെയാണ്. വൻവിലയുള്ള ഭൂമി വിൽക്കുമ്പോൾ ആധാരത്തിൽ ന്യായവില കാണിച്ചാൽമതി. ഇതിനുള്ള രജിസ്ട്രേഷൻ ഫീസും സ്റ്റാമ്പ് ഡ്യൂട്ടിയുമേ ഈടാക്കാനാവൂ. ഇതിലൂടെ സർക്കാരിന് വൻനഷ്ടമുണ്ടാവുന്നു. അതുകൊണ്ട് കൂടിയാണ് ഭൂമിയുടെ ന്യായവില വീണ്ടും ഉയർത്താൻ സർക്കാർ ആലോചിക്കുന്നത്.

അതേസമയം കേരളത്തിൽ വാണിജ്യകേന്ദ്രങ്ങൾ, വിനോദസഞ്ചാരകേന്ദ്രങ്ങൾ, പ്രമുഖ നഗരകേന്ദ്രങ്ങൾ, വിശേഷപ്പെട്ട സ്ഥാപനങ്ങളുടെ സമീപപ്രദേശങ്ങൾ എന്നിവിടങ്ങളിലൊക്കെ ഭൂമിക്ക് മോഹവിലയാണ്. ഇത്തരം ഭൂമിയുടെ വാണിജ്യമൂല്യം കണക്കിലെടുത്ത് അവ തരംതിരിച്ച് ന്യായവില നിർണയിക്കണമെന്നും സമിതി വിലയിരുത്തി. അങ്ങനെവന്നാൽ ന്യായവില വീണ്ടും പുതുതായി നിർണയിക്കേണ്ടിവരും. ന്യായവില പുതുക്കി നിർണയിക്കാതെ 2010-ൽ തീരുമാനിച്ച വിലയുടെ നിശ്ചിതശതമാനം വർധിപ്പിക്കുകയാണ് കാലാകാലം ചെയ്തുകൊണ്ടിരിക്കുന്നത്. ന്യായവില കൂടുന്നതോടെ വസ്തുകൈമാറ്റത്തിനുള്ള ചെലവ് കൂടുന്നത് ഭൂമിവിൽപ്പനയെയും റിയൽ എസ്‌റ്റേറ്റ് രംഗത്തെയും സാരമായി തന്നെ ബാധിച്ചേക്കും.

മദ്യത്തിന് നികുതി കൂട്ടുന്നതിനെക്കുറിച്ചും ചർച്ചയുണ്ടായി. എന്നാൽ അയൽസംസ്ഥാനങ്ങളെക്കാൾ മദ്യത്തിന് ഇവിടെ വിലകൂടുതലാണ്. ഇനിയും കൂട്ടിയാൽ കള്ളക്കടത്തുണ്ടാവുമോ എന്നതാണ് ആശങ്ക. കേരളത്തിൽ കൂടുതലും വിൽക്കുന്നത് 750 മില്ലീലിറ്ററിന് 500 മുതൽ 1000 രൂപവരെ വിലയുള്ള മദ്യമാണ്. വിലകൂടുന്നത് വിൽപ്പനയെ ബാധിക്കുന്നില്ലെന്നാണ് ഇത് നൽകുന്ന സൂചനയെന്നും സമിതി വിലയിരുത്തി. എത്രയും വേഗം ശുപാർശകൾ നൽകാനാണ് സമിതിയോട് സർക്കാർ ആവശ്യപ്പെട്ടത്. സമിതിയുടെ ശുപാർശകൾ സർക്കാർ അംഗീകരിക്കേണ്ടതുണ്ട്. ഭൂമി വിൽപ്പന നടക്കുന്നത് വഴി സർക്കാറിലേക്ക് 2017-18 കാലയളവിൽ എത്തിയത് 3693.17 കോടി രൂപയാണ്. 2019-20 സെപ്റ്റംബർവരെ 2012.03 കോടി രൂപയും ഖജനാവിലെത്തി.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP