Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

മാധ്യമങ്ങളും പ്രതിപക്ഷ നേതാവും എന്തും പറഞ്ഞോട്ടെ, കേരള മുഖ്യമന്ത്രി ചീറിപ്പായുന്നെങ്കിൽ അത് അതിസുരക്ഷയിൽ ഗമയോടെ തന്നെ! പിണറായിയുടെ സുരക്ഷ വർദ്ധിപ്പിക്കാൻ 75 ലക്ഷം ചെലവിട്ട് ആറ് ഇന്നോവ ക്രിസ്റ്റ കാറുകൾ കൂടി വാങ്ങുന്നു; രണ്ട് കാറുകൾ വാങ്ങുന്നത് ഡൽഹിക്ക് പോകുമ്പോൾ അവിടെ സുരക്ഷ ഒരുക്കാൻ; മുണ്ടു മുറുക്കി ഉടുക്കാൻ നാട്ടുകാരോട് അഭ്യർത്ഥിക്കുന്ന ധനമന്ത്രി തോമസ് ഐസക്ക് സുരക്ഷക്കായി വാഹനങ്ങൾ വാങ്ങാൻ ഉപധനാഭ്യർഥനയുമായി നിയമസഭയിൽ

മാധ്യമങ്ങളും പ്രതിപക്ഷ നേതാവും എന്തും പറഞ്ഞോട്ടെ, കേരള മുഖ്യമന്ത്രി ചീറിപ്പായുന്നെങ്കിൽ അത് അതിസുരക്ഷയിൽ ഗമയോടെ തന്നെ! പിണറായിയുടെ സുരക്ഷ വർദ്ധിപ്പിക്കാൻ 75 ലക്ഷം ചെലവിട്ട് ആറ് ഇന്നോവ ക്രിസ്റ്റ കാറുകൾ കൂടി വാങ്ങുന്നു; രണ്ട് കാറുകൾ വാങ്ങുന്നത് ഡൽഹിക്ക് പോകുമ്പോൾ അവിടെ സുരക്ഷ ഒരുക്കാൻ; മുണ്ടു മുറുക്കി ഉടുക്കാൻ നാട്ടുകാരോട് അഭ്യർത്ഥിക്കുന്ന ധനമന്ത്രി തോമസ് ഐസക്ക് സുരക്ഷക്കായി വാഹനങ്ങൾ വാങ്ങാൻ ഉപധനാഭ്യർഥനയുമായി നിയമസഭയിൽ

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയന് ഇതുവരെ മറ്റൊരു കേരള മുഖ്യമന്ത്രിക്കും ഒരുക്കാത്ത വിധത്തിൽ സുരക്ഷ ഒരുക്കുന്നത് എന്തിനാണ്? ഈ ചോദ്യം കെവിൻ വധക്കേസുമായി ബന്ധപ്പെട്ട ആരോപണങ്ങൾ ഉയർന്നപ്പോൾ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും മാധ്യമങ്ങളും പിണറായിക്ക് നേരെ ഉയർത്തിരുന്നു. എന്നാൽ, ഈ ആരോപണങ്ങളെയെല്ലാം പുച്ഛിച്ചു തള്ളുകയാണ് മുഖ്യമന്ത്രി ചെയ്തത്. താൻ സുരക്ഷയുടെ അകമ്പടിയോടെ തന്നെയോ യാത്ര ചെയ്യുകയുള്ളൂവെന്ന് വ്യക്തമാക്കിയ മുഖ്യമന്ത്രി വീണ്ടും സുരക്ഷ വർദ്ധിപ്പിക്കാനുള്ള നീക്കത്തിലാണ്. ഇതിനായി കൂടുതൽ വാഹനങ്ങൾ വാങ്ങാൻ ഒരുങ്ങുകയാണ് സർക്കാർ.

സംസ്ഥാനത്തിന്റെ ധനസ്ഥിതി അതീവ ഗുരുതരമാണെന്ന് കംപ്‌ട്രോളർ ആൻഡ് ഓഡിറ്റർ ജനറൽ റിപ്പോർട്ട് നൽകിയതിന് പിന്നാലെയാണ് 75 ലക്ഷം രൂപ ചെലവിട്ട് ആറ് ഇന്നോവ കാറുകൾ വാങ്ങാൻ സർക്കാർ തീരുമാനിച്ചിരിക്കുന്നത്. ഇതിൽ റണ്ട് വാഹനങ്ങൾ വാങ്ങുന്നത് വല്ലപ്പോഴും മുഖ്യമന്ത്രി ഡൽഹിക്ക് പോകുമ്പോൾ അവിടെ സുരക്ഷാ ആവശ്യങ്ങൾക്കായി ഉപയോഗിക്കാനാണ്. ഇത് കൂടാതെ മറ്റ് മന്ത്രിമാർക്ക് വേണ്ടിയുമാണ് വാഹനങ്ങൾ വാങ്ങുന്നത്. ഇതേക്കുറിച്ചുള്ള വിവരം പുറത്തുവന്നത് ഇന്ന് നിയമസഭയിൽ ഉപധനാഭ്യർഥനയുമായി ധനമന്ത്രി തോമസ് ഐസക്ക് എത്തിയപ്പോഴാണ്.

ഇന്നോവ ക്രിസ്റ്റ ഇനത്തിൽപെട്ട വാഹനങ്ങൾ വാങ്ങാൻ ഉദ്ദേശിക്കുന്നതായി കാണിച്ച് തോമസ് ഐസക്ക് ഉപധനാഭ്യർത്ഥന ചർച്ചയ്ക്കിടെയാണ് സഭയുടെ അനുമതി തേടിയത്. ആറ് ഇന്നോവ കാറുകളിൽ രണ്ടെണ്ണം ഡൽഹിയിൽ മുഖ്യമന്ത്രിയുടെ സുരക്ഷയ്ക്കായാണ് ഉപയോഗിക്കുക. ബാക്കി വാഹനങ്ങൾ മന്ത്രിമാർ അടക്കമുള്ള വിഐപികൾക്കു സുരക്ഷ ശക്തമാക്കാനായാണ് ഉപയോഗിക്കുക. മന്ത്രിസഭയിൽ ചർച്ച ചെയ്ത ശേഷമായിരിക്കും ഇക്കാര്യത്തിൽ തീരുമാനം കൈക്കൊള്ളുക. മുഖ്യമന്ത്രിയുടെയും മന്ത്രിമാരുടെയും സുരക്ഷയ്ക്കായി വൻ വാഹനവ്യൂഹത്തെയും പൊലീസ് സംഘത്തേയും ഉപയോഗിക്കുന്നതിനെതിരെ പ്രതിപക്ഷം കടുത്ത വിമർശനവുമായി നേരത്തെ രംഗത്ത് വന്നിരുന്നു. ഇതിനിടെയാണ് മുഖ്യമന്ത്രിക്ക് സുരക്ഷ ഒരുക്കാനായി വീണ്ടും വാഹനങ്ങൾ വാങ്ങുന്നത്.

മുഖ്യമന്ത്രിയുടെ അതിവേഗ ചീറിപ്പായലിനായി വലിയ സുരക്ഷ ഒരുക്കുന്നതിനെതിരെ വിമർശനം കടുക്കുന്ന വേളയിലാണ് പുതിയ നീക്കവും. മുഖ്യമന്ത്രിയുടെയും മന്ത്രിമാരുടെയും സുരക്ഷയ്ക്കായി വൻ വാഹനവ്യൂഹത്തെയും പൊലീസ് പടയെയും രംഗത്തിറക്കിയിരിക്കെയാണു വീണ്ടും സുരക്ഷ കൂട്ടാൻ പുതിയ വാഹനങ്ങൾ മാറ്റുന്നത്. ആഡംബര വാഹനങ്ങൾ വാങ്ങുന്ന കാര്യത്തിൽ അടക്കം മിതത്വം പാലിക്കുമെന്നായിരുന്നു ഈ സർക്കാർ അധികാരത്തിലേറിയ ശേഷം പറഞ്ഞു കൊണ്ടിരുന്നത്. പൊലീസ് എസ്‌കോർട്ട് അധികം ഉപയോഗിക്കില്ലെന്നും പറയുകയുണ്ടായി. എന്നിട്ടും കഴിഞ്ഞവർഷം ഇന്നോവ ക്രിസ്റ്റ വാഹനങ്ങൾ വാങ്ങിയിരുന്നു.

ഇടതു സർക്കാർ അധികാരത്തിൽ വന്നശേഷം മന്ത്രിമാർക്ക് ഔദ്യോഗിക വാഹനങ്ങൾ വാങ്ങാൻ ചെലവിട്ടത് 6,68,82,307 രൂപയാണ് ചെലവിട്ടത്. മുഖ്യമന്ത്രിയുൾപ്പടെ മന്ത്രിമാർക്കായി 35 പുതിയ വാഹനങ്ങളാണ് ഈ സർക്കാർ അധികാരത്തിൽ വന്നശേഷം വാങ്ങിയത്. മുഖ്യമന്ത്രിയുടെ ഔദ്യോഗിക വാഹനവും സ്പെയർ വാഹനവും കൂടാതെ ഓഫീസ് ആവശ്യത്തിന് മാത്രം 11 വണ്ടികളാണ് ടൂറിസം വകുപ്പ് അനുവദിച്ചിരിക്കുന്നത്. പ്രൈവറ്റ് സെക്രട്ടറിമാർ, ഓഫീസ് സ്റ്റാഫ്, അഡീഷണൽ പ്രൈവറ്റ് സെക്രട്ടറി എന്നിവർക്ക് ഇന്നോവയും പൊളിറ്റിക്കൽ സെക്രട്ടറി, ശാസ്ത്ര ഉപദേഷ്ടാവ്, വികസന ഉപദേഷ്ടാവ്, നിയമോപദേശകൻ എന്നിവർക്ക് പഴയ മോഡൽ ആൾട്ടിസും പ്രിൻസിപ്പൽ സെക്രട്ടറിക്കുള്ള മാരുതി എസ്. എക്സ് 4ഉം സ്‌കോഡയുമുൾപ്പെടെയാണിത്. മുഖ്യമന്ത്രിയുടെ ഹെലികോപ്ടർ യാത്രയ്ക്ക് ഓഖി ഫണ്ടിൽ നിന്ന് തുകയെടുത്തത് വിവാദമായിരുന്നു. ഇതിന് പിന്നാലെയാണ് പുതിയ കണക്ക് എത്തുന്നത്.

ആഡംബര കാറു വാങ്ങലിൽ പ്രതിപക്ഷ നേതാവും പിന്നിലല്ല. പുതിയ കാറു വേണമെന്ന് സർക്കാരിനോട് ആദ്യം ആവശ്യപ്പെട്ടത് പ്രതിപക്ഷ നേതാവായിരുന്നു. അതിന് ശേഷം മന്ത്രിമാർക്ക് എല്ലാം പുതിയ കാറെത്തി. നിയമവകുപ്പ് മന്ത്രി എ. കെ ബാലനും വിദ്യാഭ്യാസ മന്ത്രി പ്രൊഫ. സി. രവീന്ദ്രനാഥും പഴയ ഇന്നോവ ഡി , ഇന്നോവ ഡി 8 എസ് മോഡലുകൾകൊണ്ട് തൃപ്തിപ്പെട്ടു. പക്ഷേ മറ്റ് മന്ത്രിമാർ അങ്ങനെയായിരുന്നില്ല. ദേവസ്വം -ടൂറിസം വകുപ്പ് മന്ത്രി കടകംപള്ളി സുരേന്ദ്രനുള്ളത് ടൊയോട്ടോ കോറോളാ ആൾട്ടിസ് കാറാണ് ഉള്ളത്. മുഖ്യമന്ത്രിയുടെയും കടകംപള്ളിയുടെയും സ്പെയർ വാഹനങ്ങളും മുന്തിയ മോഡലുകൾ തന്നെയായിരുന്നു. ഈ സർക്കാർ അധികാരത്തിലെത്തിയ ശേഷം നിരവധി വാഹനങ്ങൾ വാങ്ങിയതിന് പിന്നാലെയാണ് ധനസ്ഥിതി അതീവ മോശമായിരിക്കുന്ന വേളയിൽ മുഖ്യമന്ത്രിയുടെ സുരക്ഷക്കായി വാഹനങ്ങൾ വീണ്ടും വാങ്ങുന്നത്.

മുഖ്യമന്ത്രിയുടെ സുരക്ഷക്കായി ഒരുക്കുന്നത് 350 പൊലീസുകാർ

കെവിൻ വിഷയവുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രിയുടെ സുരക്ഷയ്‌ക്കെതിരെ വിമർശനം ഉയർന്നപ്പോൾ അദ്ദേഹത്തിന്റെ സുരക്ഷയെ സംബന്ധിച്ചുള്ള വിവരങ്ങളും കൂടുതലായി പുറത്തുവന്നിരുന്നു. തലസ്ഥാനം വിട്ടാൽ മുഖ്യമന്ത്രിക്ക് സുരക്ഷ ഒരുക്കാൻ വേണ്ടത് കുറഞ്ഞതു 350 പൊലീസുകാരാണെന്നും അന്ന് വാർത്തകൾ വന്നിരുന്നു. സ്ഥിരം അകമ്പടിക്കാർക്കു പുറമെ മുഖ്യമന്ത്രി എത്തുന്ന ജില്ലകളിലെയും സമീപപ്രദേശത്തെയും ലോക്കൽ, സ്‌പെഷൽ ബ്രാഞ്ച് പൊലീസിനെ എല്ലാ വേദികളിലും വഴിയിലുടനീളവും വിന്യസിക്കും. മുൻപൊരു മുഖ്യമന്ത്രിക്കും നൽകാത്ത അതിസുരക്ഷയാണു പിണറായി വിജയനു പൊലീസ് ഉന്നതർ മൽസരിച്ചു കാഴ്ചവയ്ക്കുന്നത്. പൈലറ്റും എസ്‌കോർട്ടും വേണ്ടെന്നു പറഞ്ഞ് അധികാരത്തിലേറിയ വ്യക്തിക്കാണ് ഈ സുരക്ഷാകവചം.

കെവിൻ വിഷയമുണ്ടായ വേളയിൽ കോട്ടയത്ത് മുഖ്യമന്ത്രി എത്തിയപ്പോൾ സുരക്ഷ ഒരുക്കാൻ ലോക്കൽ പൊലീസിൽനിന്നു നിയോഗിച്ചതു 320 പേരെയായിരുന്നു. ഇതിൽ ഡിവൈഎസ്‌പിമാർ മുതൽ വനിതാ പൊലീസുകാർ വരെ ഉൾപ്പെടും. ഇരുപതിലേറെ പേരടങ്ങിയ സ്‌പെഷൽ ബ്രാഞ്ച് പട. സ്ഥിരമായി ഒപ്പം സഞ്ചരിക്കുന്ന ഗൺമാൻ, പൈലറ്റ്, എസ്‌കോർട്ട്, കമാൻഡോകൾ എന്നിവരുടെ 17 അംഗ സംഘം വേറെ. പിണറായി പങ്കെടുക്കുന്ന സ്ഥലങ്ങളിൽ മാത്രമല്ല, വഴിനീളെ പൊലീസിനെ വിന്യസിച്ചാണു സുരക്ഷ ഒരുക്കുന്നത്.

ആഭ്യന്തര സെക്രട്ടറി, ഡിജിപി, ഇന്റലിജൻസ് മേധാവി എന്നിവരടങ്ങുന്ന സുരക്ഷാ സമിതിയാണു മുഖ്യമന്ത്രിയുടെയും മന്ത്രിമാരുടെയുമെല്ലാം സുരക്ഷ തീരുമാനിക്കുന്നത്. ഇടയ്ക്കിടെ ഇന്റലിജൻസിൽനിന്ന് എന്തെങ്കിലും റിപ്പോർട്ട് വാങ്ങി സുരക്ഷാ സംഘത്തിന്റെ എണ്ണം വർധിപ്പിക്കുന്നതിലാണ് ഇവരുടെ താൽപര്യം. മുഖ്യമന്ത്രി പോകുന്ന വഴിയിലും വേദികളിലും പൊലീസുകാർ രണ്ടു മണിക്കൂർ മുൻപേ റിപ്പോർട്ട് ചെയ്യണം. പ്രധാനമന്ത്രിയും മറ്റും പോകുന്നതിനു സമാനമായി ഗതാഗതം തടയുന്നു എന്നാണ് അന്ന് പുറത്തുവന്ന മാധ്യമ വാർത്തകൾ.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP