Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

സർക്കാർ മുണ്ടു മുറുക്കിയുടുത്ത് ചെലവ് ചുരുക്കുമ്പോൾ അപ്രഖ്യാപിത നിയമന നിരോധനം ഉറപ്പ്; കെഎസ്ആർടിസിക്കുള്ള ധനസഹായവും നിലച്ചേക്കും; പുതിയ വാഹനങ്ങൾ വാങ്ങില്ലെന്ന് പറയുമ്പോഴും മന്ത്രിമാരുടെ വിദേശയാത്രാച്ചെലവ് ധൂർത്തായി മാറിയില്ലേയെന്ന ചോദ്യത്തിന് മറുപടിയില്ല; വെള്ളാനകളായ കോർപ്പറേഷനുകളെ തൊടാനും തയ്യാറാകാതെ സർക്കാർ; ദുരിതാശ്വാസ പ്രവർത്തനം പൂർത്തിയാകും മുമ്പ് ഫണ്ട് പിരിക്കാനുള്ള മന്ത്രിമാരുടെ വിദേശയാത്രയെ വിമർശിച്ച് ഉമ്മൻ ചാണ്ടിയും

സർക്കാർ മുണ്ടു മുറുക്കിയുടുത്ത് ചെലവ് ചുരുക്കുമ്പോൾ അപ്രഖ്യാപിത നിയമന നിരോധനം ഉറപ്പ്; കെഎസ്ആർടിസിക്കുള്ള ധനസഹായവും നിലച്ചേക്കും; പുതിയ വാഹനങ്ങൾ വാങ്ങില്ലെന്ന് പറയുമ്പോഴും മന്ത്രിമാരുടെ വിദേശയാത്രാച്ചെലവ് ധൂർത്തായി മാറിയില്ലേയെന്ന ചോദ്യത്തിന് മറുപടിയില്ല; വെള്ളാനകളായ കോർപ്പറേഷനുകളെ തൊടാനും തയ്യാറാകാതെ സർക്കാർ; ദുരിതാശ്വാസ പ്രവർത്തനം പൂർത്തിയാകും മുമ്പ് ഫണ്ട് പിരിക്കാനുള്ള മന്ത്രിമാരുടെ വിദേശയാത്രയെ വിമർശിച്ച് ഉമ്മൻ ചാണ്ടിയും

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: പ്രളയക്കെടുതിയുടെ സാഹചര്യത്തിൽ സംസ്ഥാന സർക്കാർ ചെലവുചുരുക്കൽ നടപടികളിലേക്ക് കടക്കുമെന്നാണ് ധനമന്ത്രി തോമസ് ഐസക്ക് വ്യക്തമാക്കിയത്. ഈ ചെലവുചുരുക്കൽ നടപടി എത്രത്തോളമുണ്ടാകും എന്ന കാര്യത്തിൽ വ്യക്തത കൈവന്നിട്ടില്ല. നിലവിലെ വാർഷിക പദ്ധതികളിലെല്ലാം മാറ്റം വരുത്താൻ സർക്കാർ തീരുമാനിച്ചതോടെ സംസ്ഥാനത്തിന്റെ സാമ്പത്തിക വളർച്ച പിന്നോട്ടാകുമെന്ന കാര്യവും ഉറപ്പാണ്. സാമ്പത്തിക അച്ചടക്കം പാലിക്കുമെന്നാണ് ഐസക്കിന്റെ പ്രഖ്യാപനം എങ്കിലും പല കോർപ്പറേഷനുകളെയും അത് ബാധിക്കുമെന്ന സൂചനയാണ് ഐസക്ക് നൽകുന്നത്.

പിഎസ് സി വഴിയുള്ള പുതിയ നിയമനങ്ങൾ അത്യാവശ്യത്തിന് മാത്രമേ നടത്തൂ എന്നാണ് ഐസക്ക് വ്യക്തമാക്കുന്നത്. സ്‌കൂളുകൾ, ആശുപത്രികൾ എന്നിവിടങ്ങളിലേക്കുള്ള നിയമനങ്ങൾ തടയില്ലെന്നും തോമസ് ഐസക് പറഞ്ഞുവെങ്കിലും വരാനിരിക്കുന്നത് നിയമന നിരോധനങ്ങളുടെ കാലമാണെന്നതും വ്യക്തമാണ്. പുതിയ വാഹനങ്ങൾ വാങ്ങില്ലെന്ന തീരുമാവവു സർക്കാർ കൈക്കൊണ്ടിട്ടുണ്ട്. അതേസമയം ദുരിതബാധിതർക്കുള്ള നഷ്ടപരിഹാരം ഇനിയും ലഭ്യമായി തുടങ്ങിയിട്ടില്ല. നഷ്ടപരിഹാരത്തിന് പണം തടസമാകാത്ത സാഹചര്യം സൃഷ്ടിക്കുക എന്നതാണ് സർക്കാർ പോളിസിയെന്നാണ് ഐസക്ക് വ്യക്തമാക്കിയത്.

നിലവിലെ സാഹചര്യത്തിൽ 20,000 കോടിയെങ്കിലും വായ്പയായി ലഭിക്കണം. കേന്ദ്രസർക്കാർ വായ്പ പരിധി ഉയർത്തണം. തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾ കൃഷി വകുപ്പിന് പ്രാധാന്യം നൽകണമെന്നും ഐസക് ആവശ്യപ്പെട്ടു. അവശ്യ പദ്ധതികൾ മാത്രമാവും സർക്കാർ ഇനി നടപ്പാക്കുക. കിഫ്ബിയിൽ ഉൾപ്പെട്ട പദ്ധതികൾ നടപ്പാക്കും. കെ.എസ്.ആർ.ടി.സിയും കെ.എസ്.ഇ.ബിയും സാമ്പത്തിക അച്ചടക്കം പാലിക്കണമെന്നും ഐസക് പറഞ്ഞിട്ടുണ്ട്. പ്രളയക്കെടുതിയിൽ സാമ്പത്തിക നട്ടെല്ലൊടിഞ്ഞ കെഎസ്ആർടിസി കൂടുതൽ പ്രതിസന്ധിയിലേക്കാണ് നീങ്ങുന്നത്. ജീവനക്കാരുടെ എണ്ണം കുറച്ച് പ്രതിസന്ധിയെ മറികടക്കാൻ സർക്കാർ ശ്രമിച്ചേക്കുമെന്ന സൂചന എംഡി ടോമിൻ തച്ചങ്കരിയും നൽകി കഴിഞ്ഞു. അതേസമയം വെള്ളാനകളായ കോർപ്പറേഷനുകളെയും ബോർഡുകളെയും പിരിച്ചുവിടുകയോ മറ്റോ ചെയ്യുമോ എന്ന കാര്യത്തിലും ധനമന്ത്രി യാതൊരു വ്യക്തയും വരുത്തുന്നില്ല.

അതേസമയം ചെലവ് ചുരുക്കുമെന്ന് പറയുമ്പോൽ തന്നെയും പ്രധാന വിമർശനം ഉയരുന്നത് മന്ത്രിമാരുടെ വിദേശയാത്രയെ കുറിച്ചാണ്. മന്ത്രിമാർ പണം പിരിക്കാൻ വേണ്ടി വിദേശയാത്രക്ക് പുറപ്പെടുമ്പോൾ അത് ധൂർത്തായി മാറില്ലേ എന്ന ചോദ്യം ഉയരുന്നുണ്ട്. സർക്കാർ ചെലവിലാണോ അതോ സ്വന്തം ചെലവിലാണോ മന്ത്രിമാർ വിദേശയാത്ര നടത്തുക എന്ന കാര്യത്തിൽ വ്യക്തത കൈവന്നിട്ടില്ല. ഈ വിദേശയാത്രയുടെ ആവശ്യമുണ്ടോ എന്നത് തന്നെ ചിന്തിക്കേണ്ട കാര്യമാണ്. ചുരുക്കിപ്പറഞ്ഞാൽ കിട്ടിയ അവസരത്തിൽ മന്ത്രിമാർക്ക് വിദേശത്ത് ചുറ്റിയടിക്കാനുള്ള അവസരമാണ് കൈവന്നിരിക്കുന്നത്.

അതേസമയം സർക്കാറിന്റെ ഈ നീക്കത്തെ വിമർശിച്ച് മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി രംഗത്തെത്തിയിട്ടുണ്ട്. മന്ത്രിമാരുടെ സാന്നിധ്യവും നേതൃത്വവും ജില്ലകളിൽ വേണ്ട സമയത്തു ധനശേഖരണത്തിന് അവർ വിദേശത്തുപോകുന്നതു നീട്ടിവയ്ക്കണമെന്നു കോൺഗ്രസ് പ്രവർത്തക സമിതിയംഗം ഉമ്മൻ ചാണ്ടി ആവശ്യപ്പെട്ടു. മുഖ്യമന്ത്രി പിണറായി വിജയനു നൽകിയ കത്തിലാണ് ഉമ്മൻ ചാണ്ടി ഇക്കാര്യം ആവശ്യപ്പെട്ടത്. ക്യാംപുകളിൽ നിന്ന് ആളുകൾ മടങ്ങിയതോടെ ദുരിതാശ്വാസ പ്രവർത്തനം നിലച്ചമട്ടാണ്. എന്നാൽ, യുദ്ധകാലാടിസ്ഥാനത്തിൽ മന്ത്രിമാരുടെ നേതൃത്വത്തിൽ ജില്ലയിലെ മുഴുവൻ ജനപ്രതിനിധികളെയും ഉൾപ്പെടുത്തി ശുചീകരണ, കുടിവെള്ള, ആരോഗ്യസുരക്ഷാ പദ്ധതികൾക്കു തീവ്രയജ്ഞം ഉണ്ടാകേണ്ട സമയമാണിതെന്നും ഉമ്മൻ ചാണ്ടി പറഞ്ഞു.

ഒക്ടോബർ മുതൽ മന്ത്രിമാർ വിദേശങ്ങളിലേക്ക് ഇതിനായി പോകാനാണ് തീരുമാനിച്ചിരിക്കുന്നത്. യു. എ. ഇ, ബഹറൈൻ, ഒമാൻ, സൗദി അറേബ്യ, ഖത്തർ, കുവൈറ്റ്, സിംഗപ്പൂർ, മലേഷ്യ, ആസ്ട്രേലിയ, ന്യൂസ്ലാൻഡ്, യു. കെ, ജർമനി, അമേരിക്ക, കാനഡ എന്നിവിടങ്ങൾ സന്ദർശിച്ച് ധനസമാഹരണം നടത്താനാണ് മന്ത്രിസഭാ യോഗം തീരുമാനിച്ചിരിക്കുന്നത്. ഇതിൽ പ്രധാന രാജ്യങ്ങളിലേക്കുള്ള യാത്ര തരപ്പെടുത്താനാണ് മന്ത്രിമാരുടെ മത്സരം. എല്ലാ മന്ത്രിമാർക്കും പോകാവുന്ന തരത്തിൽ കൂടുതൽ രാജ്യങ്ങളെ ഉൾപ്പെടുത്തണമെന്നും ആവശ്യമുണ്ട്.

സാലറി ചലഞ്ചിലൂടെ പ്രവാസി മലയാളികളിൽ നിന്ന് ഒരു മാസത്തെ ശമ്പളമാണ് പിണറായി ആഗ്രഹിക്കുന്നത്. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് പണം നൽകാൻ ഏവരും തയ്യാറാണ്. അത് മുഖ്യമന്ത്രിയുടെ അക്കൗണ്ടിലേക്ക് മാറ്റുകയും ചെയ്യും. ഇത് വളരെ വേഗത്തിൽ നടക്കുന്ന പ്രക്രിയയാണ്. ഇതിനെ അട്ടിമറിക്കാനും വിദേശ യാത്രയിലൂടെ അടിച്ചു പൊളിക്കാനുമാണ് മന്ത്രിമാരുടെ നീക്കം. മന്ത്രിമാർക്കൊപ്പം ഉദ്യോഗസ്ഥരും വിദേശങ്ങളിലേക്ക് പോകും. മെഗാ ഷോകളിലൂടെ പിരവ് സംഘടിപ്പിക്കാനാണ് നീക്കം. ഇതിന്റെ ആവശ്യമുണ്ടോയെന്നും ലോക കേരള സഭയിലെ അംഗങ്ങളിലൂടെ പണപ്പിരിവ് നടത്തുന്നതല്ലേ ഉത്തമമെന്നുമാണ് ഉയരുന്ന ചോദ്യവും ഉയരുന്നുണ്ട്.

അതേസമയം ദുരിതബാധിതർക്കു നൽകാൻ സർക്കാർ ഉത്തരവായ 10,000 രൂപ അർഹരായ മുഴുവൻ കുടുംബങ്ങൾക്കും നൽകണമെന്നാണ് ഉമ്മൻ ചാണ്ടി ചൂണ്ടിക്കാട്ടുന്നത്. വെള്ളക്കെട്ട്, മണ്ണിടിച്ചിൽ എന്നീ കാരണങ്ങളാൽ വാസയോഗ്യമല്ലാതായ കുടുംബങ്ങൾക്കു മാത്രമേ സർക്കാർ ഉത്തരവ് പ്രകാരം പണം ലഭിക്കുകയുള്ളു. ഈ വ്യവസ്ഥ നടപ്പാക്കിയാൽ പ്രളയം മൂലം ദുരിതം അനുഭവിച്ച വലിയൊരു വിഭാഗത്തിന് ആനുകൂല്യം ലഭിക്കില്ല. വെള്ളപ്പൊക്കം മൂലം വീടുവിട്ടുമാറിയവർ, വെള്ളം കയറിയ വീടുകളിൽ താമസിച്ചവർ, മലയിടിഞ്ഞതിനെ തുടർന്ന് അപകടമേഖലയിൽനിന്നു മാറിത്താമസിച്ചവർ, തൊഴിൽ ചെയ്യാൻ കഴിയാതിരുന്ന മത്സ്യത്തൊഴിലാളികൾ തുടങ്ങിയവർക്കു കൂടി 10,000 രൂപ നൽകണമെന്ന് ഉമ്മൻ ചാണ്ടി ആവശ്യപ്പെട്ടു.

ഇലക്ട്രോണിക്‌സ് സാധനങ്ങൾ ഉൾപ്പെടെയുള്ള വീട്ടുപകരണങ്ങൾ നഷ്ടപ്പെട്ടവർക്ക് ആനുപാതികമായ നഷ്ടപരിഹാരം നൽകണം. സാധാരണ മഴക്കാലത്തുപോലും നൽകുന്ന സൗജന്യറേഷൻ ഇതുവരെ കൊടുത്തിട്ടില്ല. സൗജന്യ റേഷൻ നൽകുമെന്നു മുഖ്യമന്ത്രി നിയമസഭയിൽ ഉറപ്പു പറഞ്ഞിരുന്നു. ഒരു മാസം വരെയോ സാധാരണജീവിതം സാധ്യമാകുന്നതു വരെയോ സൗജന്യ റേഷൻ കൊടുക്കണം. പ്രളയത്തിന്റെ ഏറ്റവും കനത്ത ആഘാതമേറ്റ കാർഷിക മേഖലയുടെ പുനരുദ്ധാരണവും കർഷകർക്കുള്ള സഹായവും അടിയന്തര പ്രാധാന്യത്തോടെ നടപ്പാക്കണം. ദുരിതബാധിത പ്രദേശമായി പ്രഖ്യാപിച്ച സ്ഥലങ്ങളിലെ കർഷകരുടെ അഞ്ചുലക്ഷം രൂപ വരെയുള്ള വായ്പ എഴുതിത്ത്ത്തള്ളണം.

കാർഷിക മേഖലയിലെ നഷ്ടം കണക്കാക്കാനും കർഷകർക്കു നൽകേണ്ട സഹായം തീരുമാനിക്കാനും പ്രത്യേക സംവിധാനം ഉണ്ടാകണം.
ഓണക്കച്ചവടത്തിനു കടകളിൽ കൂടുതൽ സ്റ്റോക്ക് ഉണ്ടായിരുന്നതിനാൽ വ്യാപാര, വ്യവസായ മേഖലയ്ക്കും കനത്ത നഷ്ടം സംഭവിച്ചു. അവരുടെ നഷ്ടത്തിന്റെ ഒരു ഭാഗം സർക്കാർ നൽകുകയും ബാക്കി തുകയ്ക്ക് ഉദാരമായ ബാങ്ക് വായ്പ ലഭ്യമാക്കുകയും വേണം. അടിസ്ഥാന സൗകര്യങ്ങളുടെ പുനരുദ്ധാരണവും വീടുകളുടെ പുനർനിർമ്മാണവുമാണ് കേരളം നേരിടാൻ പോകുന്ന ഏറ്റവും വലിയ വെല്ലുവിളി. ലോകബാങ്കിൽ നിന്നും എഡിബിയിൽ നിന്നും വായ്പ തേടിയതു പ്രായോഗികമായ സമീപനമാണ്.

ദുരിതാശ്വാസ, പുനരധിവാസ പ്രവർത്തനങ്ങളിൽ പ്രതിപക്ഷം പൂർണ സഹകരണമാണു നൽകുന്നത്. എന്നാൽ ചില ദുരിതാശ്വാസ ക്യാംപുകളിൽ അന്ധമായ രാഷ്ട്രീയം കടന്നുവന്നു. ദുരിതബാധിതർക്കു വേണ്ടി സമാഹരിച്ച സാധനങ്ങൾ ചിലർ കടത്തുകയും ചിലയിടങ്ങളിൽ വിതരണം ചെയ്യാൻപോലും കഴിയാതെ വന്നതും ഒഴിവാക്കേണ്ടതായിരുന്നു. ദുരിതാശ്വാസ, പുനരധിവാസ പ്രവർത്തനങ്ങളിൽ നിർബന്ധിത പങ്കാളിത്തത്തിനു പകരം അർപ്പണ മനോഭാവത്തോടെയുള്ള സേവന പങ്കാളിത്തമാണ് ഉണ്ടാകേണ്ടതെന്നും ഉമ്മൻ ചാണ്ടി പറഞ്ഞു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP