Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

ഫയൽ കൂമ്പാരത്തിൽ സുഖിച്ചുറങ്ങുന്ന ഉദ്യോഗസ്ഥ രീതിയെ അടിച്ചമർത്താൻ ഉറപ്പിച്ചു മുഖ്യമന്ത്രി; മേലാളന്മാരെ സോപ്പിട്ട് ഒപ്പിട്ടു മുങ്ങുന്നവർക്ക് മേൽ പിടി വീഴും; കെഎസിനെതിരായ ചെറുത്തുനിൽപ്പിന് കോൺഗ്രസിനൊപ്പം പിണറായി വിരുദ്ധരും കൈകോർക്കുന്നത് 'കിമ്പളം' നിലക്കുമെന്ന് ഉറപ്പായതോടെ; ഏത് വിധേനെയും ചെറുക്കാൻ പോർമുഖം തുറന്നതോടെ മെല്ലപ്പോക്കിന് വേഗം കൂടും

ഫയൽ കൂമ്പാരത്തിൽ സുഖിച്ചുറങ്ങുന്ന ഉദ്യോഗസ്ഥ രീതിയെ അടിച്ചമർത്താൻ ഉറപ്പിച്ചു മുഖ്യമന്ത്രി; മേലാളന്മാരെ സോപ്പിട്ട് ഒപ്പിട്ടു മുങ്ങുന്നവർക്ക് മേൽ പിടി വീഴും; കെഎസിനെതിരായ ചെറുത്തുനിൽപ്പിന് കോൺഗ്രസിനൊപ്പം പിണറായി വിരുദ്ധരും കൈകോർക്കുന്നത് 'കിമ്പളം' നിലക്കുമെന്ന് ഉറപ്പായതോടെ; ഏത് വിധേനെയും ചെറുക്കാൻ പോർമുഖം തുറന്നതോടെ മെല്ലപ്പോക്കിന് വേഗം കൂടും

കോട്ടയം: കേരളാ അഡ്‌മിനിസ്ട്രേറ്റീവ് സർവീസ് വരുന്നത് തങ്ങളുടെ സ്വൈര്യവിഹാരത്തിന് മുക്കുകയറാകുമെന്ന വിശ്വാസത്തിൽ ഉദ്യോഗസ്ഥലോബി അരയും തലയും മുറുക്കി നേരിടാൻ രംഗത്ത്. നേതാക്കന്മാർക്ക് ഒപ്പിട്ടു മുങ്ങാനുള്ള സ്വാതന്ത്ര്യവും ഇല്ലാതാവും. ഫലത്തിൽ നിലവിലുള്ള സംഘടനാ സ്വാതന്ത്ര്യത്തിന് കുച്ചുവിലങ്ങാവും.

പാർട്ടിയിലെന്ന പോലെ അധികാരകേന്ദ്രത്തെ വെല്ലുവിളിക്കാത്ത മെരുക്കമുള്ള അണികളെയാണ് ഉദ്യോഗസ്ഥതലത്തിലും പിണറായി കാണുന്നത്. കെഎഎസിനെതിരായ സമരം കോൺഗ്രസ് സംഘടനകളാണ് നയിക്കുന്നതെങ്കിലും ഇടതു ക്യാമ്പിന്റെ പ്രത്യേകിച്ച് സിപിഎമ്മിലെ പിണറായി വിരുദ്ധരുടെ പിന്തുണയും ഉണ്ട്. പക്ഷേ ഫയൽ കൂമ്പാരത്തിൽ സുഖിച്ചുറങ്ങുന്ന ഉദ്യോഗസ്ഥസംസ്‌കാരത്തിന് അറുതി വരുത്താനുറച്ചുതന്നെയാണ് പിണറായി. ഇത് നിലവിലുള്ള ഉദ്യോഗസ്ഥ- സർക്കാർ ശീതസമരത്തിന്റെ ആക്കം കൂട്ടും. മെല്ലപ്പോക്കിന് വേഗം കൂടും. പക്ഷേ മുന്നോട്ടുവച്ച കാൽ പിന്നോട്ടില്ലെന്ന നിലപാടിലാണ് മുഖ്യമന്ത്രി. കെഎഎസ് അട്ടിമറിക്കാനുള്ള ഉദ്യോഗസ്ഥനീക്കവും മുഖ്യമന്ത്രിയുടെ ഉറച്ച നിലപാടും ഭരണസിരാകേന്ദ്രത്തിൽ പുതിയ പോർമുഖം തുറന്നിരിക്കുകയാണ്.

സെക്രട്ടേറിയേറ്റിൽ സാധാരണക്കാരനെ വട്ടം ചുറ്റിക്കുന്ന ഉദ്യോഗസ്ഥരാജ് അവസാനിപ്പിക്കാനുള്ള നടപടിയുടെ ഭാഗമായാണ് 30 വകുപ്പുകളിൽ കേരള അഡ്‌മിനിസ്‌ട്രേറ്റീവ് സർവീസ് നടപ്പാക്കാൻ തീരുമാനിച്ചത്. ഉമ്മൻ ചാണ്ടിയും വി എസ് അച്യുതാനന്ദനും കേരളത്തിൽ ഭരിച്ച എല്ലാ മന്ത്രിമാരെയും വെള്ളം കുടിപ്പിച്ച സെക്രട്ടേറിയറ്റിലെ തപ്പാനകൾക്കു കൂച്ചുവിലങ്ങിടാനുള്ള ഈ നടപടിയെ എതു വിധേനെയും തോൽപ്പിക്കാനാണ് ഉദ്യോഗസ്ഥ ലോബിയുടെ നീക്കം.

കെഎഎസ് വന്നാൽ നിലവിൽ മേശതോറും ഇഴഞ്ഞു നീങ്ങുന്ന ഫയൽ വർക്ക് കൾച്ചർ ഇല്ലാതാകുമെന്നാണു പ്രതീക്ഷ. ഒരോ സെക്ഷനും ഡയറക്ടറുടെ കീഴിലാവും. ഫയൽ നീക്കം ഈ ഡയറക്ടറെ കേന്ദ്രീകരിച്ചാവും. നിലവിൽ എൽഡി ക്‌ളാർക്ക് മുതൽ സൂപ്രണ്ടുമാർവരെ കുറിയിട്ടു കളിക്കുന്ന രീതി ഇല്ലാതാവും. ഈ നീക്കം മനസിലായതോടെയാണ് ഉദ്യോഗസ്ഥലോബി ഒന്നടങ്കം സടകുടഞ്ഞ് കേരളാ അഡ്‌മിനിസ്‌ട്രേറ്റീവ് സർവീസിനെതിരെ രംഗത്തു വന്നിരിക്കുന്നത്. ഇടതു സംഘടനകൾ സമരത്തിനില്ലെങ്കിലും അനങ്ങാമടിയന്മാരായ എല്ലാ ഉദ്യോഗസ്ഥരുടെയും മാനസിക പിന്തുണയും ആശീർവാദവും സമരത്തിനുണ്ട്. പിണറായി വിജയൻ മുഖ്യമന്ത്രിയായിരിക്കുമ്പോൾ ഭരണതലത്തിലുള്ള തീരുമാനത്തെ എതിർക്കാനാവാത്തിനാലാണ് ഇടതുസംഘടനകൾ വായ്‌പൊത്തിയിരിക്കുന്നത്. എങ്കിലും അവർ അസ്വസ്ഥരാണ്. സമരത്തിന് മാനസികമായ പിന്തുണ നൽകി സംതൃപ്തിയടയുകയാണ് അവർ.

സെക്രട്ടേറിയറ്റിലെ മുപ്പത് വകുപ്പുകളിൽ കേരള അഡ്‌മിനിസ്‌ട്രേറ്റീവ് സർവീസ് നടപ്പാക്കാനുള്ള തീരുമാനത്തിന് കഴിഞ്ഞ മന്ത്രിസഭായോഗമാണ് അന്തിമ അനുമതി നൽകിയത്. ഇതോടെ പൊതുഭരണവകുപ്പ്, ധനകാര്യവകുപ്പ് ഉൾപ്പടെയുള്ള മുപ്പത് വകുപ്പുകളിൽ കെഎഎസ് വരും. കെഎഎസ് എന്നാൽ ഐഎഎസിന്റെ കേരളാ രൂപം. മിടുക്കരായ ഉദ്യോഗാർഥികളെ നേരിട്ട് റിക്രൂട്ട് ചെയ്ത് സെക്രട്ടേറിയേറ്റിലെ സുപ്രധാന ചുമതലകളിലേക്ക് നിയോഗിക്കുകയാണ് ലക്ഷ്യം. ഇതിന് ഏറെ നാളായി ശ്രമം തുടങ്ങിയിട്ട്. ഉമ്മൻ ചാണ്ടി മുഖ്യമന്ത്രിയായിരുന്ന കാലത്ത് ഭരണസംവിധാനം മെച്ചപ്പെടുത്തുക എന്ന ലക്ഷ്യത്തോടെ കേരള അഡ്‌മിനിസ്‌ട്രേറ്റീവ് സർവീസ് നടപ്പാക്കാൻ തീരുമാനമുണ്ടായിരുന്നെങ്കിലും ജീവനക്കാർ ഒന്നടങ്കം പ്രതിഷേധിച്ചതോടെ സർക്കാർ പത്തിമടക്കി. ജീവനക്കാരുടെ സംഘടനകളുടെ പ്രതിഷേധത്തെ തുടർന്ന് ഇത് നടപ്പാക്കാനായിരുന്നില്ല.

കേരള അഡ്‌മിനിസ്‌ട്രേറ്റീവ് സർവീസിൽ സെക്രട്ടേറിയറ്റിനെ ഉൾപ്പെടുത്തിയതിനെ തുടർന്നായിരുന്നു ഉദ്യോഗസ്ഥര് അന്ന് എതിർപ്പുമായി രംഗത്തെത്തിയത്. തുടർന്ന് ഇക്കാര്യത്തിൽ തീരുമാനമെടുക്കാൻ മന്ത്രിസഭാ ഉപസമിതിയുണ്ടാക്കി. എന്നിട്ടും തീരുമാനം ഉണ്ടാവുകയോ നടപ്പാക്കുകയോ ചെയ്തിരുന്നില്ല. ഉദ്യോഗസ്ഥരെ പിണക്കി എന്തെങ്കിലും ചെയ്യാനുള്ള ചങ്കുറപ്പ് ചാണ്ടിക്കില്ലായിരുന്നു. എന്നാൽ എൽ. ഡി.എഫ് അധികാരത്തിൽ വന്നതോടെ നിലപാട് മാറി. സെക്രട്ടേറിയറ്റിൽ ഉൾപ്പടെ കേരള അഡ്‌മിനിസ്‌ട്രേറ്റീവ് സർവീസ് നടപ്പാക്കുമെന്ന് തുറന്നു പറഞ്ഞു.

പല യോഗങ്ങളിലും മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്യോഗസ്ഥരുടെ മനോഭാവത്തിന് മുന്നറിയിപ്പ് നൽകിയെങ്കിലും അവർ ചെവിക്കൊണ്ടില്ല. പതിവുശൈലി തുടർന്നു. ഇതോടെയാണ് കെഎഎസ് നടപ്പാക്കാൻ സർക്കാർ തീരുമാനിച്ചത്. തുടർന്ന് മന്ത്രിസഭാ യോഗം ഇതിന് അനുമതി നൽകുകയായിരുന്നു. എന്നാൽ കെഎഎസ് പരാജയമായിരിക്കുമെന്നതിനാലാണ് തങ്ങൾ എതിർക്കുന്നതെന്നാണ് ഉദ്യോഗസ്ഥ പക്ഷം. രണ്ടാം ഗസറ്റഡ് തസ്തികയിലേക്ക് നേരിട്ട് നിയമനം നടത്തിയ വനം, പൊലീസ് വകുപ്പുകളിൽ അത് പരാജയമായിരുന്നുവെന്ന് അവർ പറയുന്നു. ഇതു മൂലം പിന്നീടത് ഉപേക്ഷിക്കേണ്ടിയും വന്നുവെന്നും ഇവർ ചൂണ്ടിക്കാട്ടുന്നു.

എന്നാൽ സെക്രട്ടേറിയേറ്റിലെ ചുവപ്പുനാട അഴിച്ചേ അടങ്ങൂ എന്ന നിലപാടിലാണ് മുഖ്യമന്ത്രി. ഇതിന് ഇപ്പോഴുള്ള പോംവഴി കെഎഎസ് മാത്രമാണെന്നാണ് അദ്ദേഹത്തിന്റെ മതം.കെ.എ.എസ്. രൂപവ്തകരിക്കുംമുമ്പ് വിശദപഠനം നടത്തണമെന്ന ആവശ്യം അംഗീകരിക്കാനാവില്ലെന്ന് പിണറായി പറഞ്ഞത് ഈ സാഹചര്യത്തിലാണ്. ആകെ ഒഴിവുകളുടെ മൂന്നിലൊന്ന് തസ്തികകളിൽ നേരിട്ടു നിയമിക്കുമെന്നതും സെക്രട്ടേറിയേറ്റ് ജീവനക്കാരെയും ഇതിൽ പരിഗണിക്കുമെന്നതും മാത്രമാണ് ആകെ ജീവനക്കാർക്കുള്ള ആശ്വാസം. ഏതായാലും ഉദ്യോഗസ്ഥ ലോബിയും സർക്കാരും വിടുന്ന മട്ടില്ല. ഐഎഎസുകാരെ മുട്ടുകുത്തിച്ച പിണറായി ഇതും നേടുമോ എന്നാണ് കണ്ടറിയാനുള്ളത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP