Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202426Friday

ഇന്നു തന്നെ സെൻകുമാർ ചുമതലയേൽക്കും; മുകളിൽ ശ്രീവാസ്തവയും താഴെ തച്ചങ്കരിയും ഒത്തുള്ള പൊലീസ് ഭരണം സുഖമാക്കാൻ സർക്കിൾ ഇൻസ്‌പെക്ടർമാരേയും എസ് ഐമാരേയും കൂട്ടത്തോടെ സ്ഥലം മാറ്റിയേക്കും; പരമാവധി ഗുസ്തി ഒഴിവാക്കി ഉറച്ച നിലപാട് എടുത്ത് നീതി നടപ്പാക്കും; നളിനി നെറ്റോയ്‌ക്കെതിരെ കേസ് എടുക്കാനും ജിഷാ കേസിലെ ഒത്തുകളി പൊളിക്കാനും സാധ്യത

ഇന്നു തന്നെ സെൻകുമാർ ചുമതലയേൽക്കും; മുകളിൽ ശ്രീവാസ്തവയും താഴെ തച്ചങ്കരിയും ഒത്തുള്ള പൊലീസ് ഭരണം സുഖമാക്കാൻ സർക്കിൾ ഇൻസ്‌പെക്ടർമാരേയും എസ് ഐമാരേയും കൂട്ടത്തോടെ സ്ഥലം മാറ്റിയേക്കും; പരമാവധി ഗുസ്തി ഒഴിവാക്കി ഉറച്ച നിലപാട് എടുത്ത് നീതി നടപ്പാക്കും; നളിനി നെറ്റോയ്‌ക്കെതിരെ കേസ് എടുക്കാനും ജിഷാ കേസിലെ ഒത്തുകളി പൊളിക്കാനും സാധ്യത

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: ചീഫ് സെക്രട്ടറി നളിനി നെറ്റോയെ നിയമക്കുരുക്കിൽ പെടുത്താൻ ഉറച്ചാണ് ടിപി സെൻകുമാർ നീങ്ങുന്നതെന്നാണ് സർക്കാരിന്റെ വിലയിരുത്തൽ. സുപ്രീംകോടതിയുടെ ഉത്തരവിന്റെ കരുത്തിൽ പൊലീസ് മേധാവിയായി ഇന്ന് സെൻകുമാറിന് നിയമന ഉത്തരവ് കിട്ടും. അത് ലഭിച്ചാൽ ഉടൻ തന്നെ പൊലീസ് ആസ്ഥാനത്ത് എത്തി സെൻകുമാർ ചുമതലയേൽക്കും. സെൻകുമാറിന് അധികാര ചിഹ്നം നൽകാൻ ലോക്‌നാഥ് ബെഹ്‌റ നിൽക്കുമോ എന്നതാണ് ഉയരുന്ന മറ്റൊരു ചോദ്യം. കാരണം ബെഹ്‌റയുടെ പൊലീസ് മേധാവിയായുള്ള സ്ഥാനമേൽക്കൽ ചടങ്ങിന് സെൻകുമാർ എത്തിയിരുന്നില്ല. അതുകൊണ്ടാണ് ബെഹ്‌റയുടെ നിലപാട് ശ്രദ്ധേയമാകുന്നത്.

ഇതിനിടെയാണ് പൊലീസ് ആസ്ഥാനത്ത് കടുത്ത നിലപാടുകൾ സെൻകുമാർ എടുക്കുമെന്ന് വ്യക്തമാകുന്നത്. സെൻകുമാർ അധികാരത്തിലേക്ക് എത്തുമെന്ന് മനസ്സിലാക്കി 100 ഡിവൈ എസ് പി മാരെ സർക്കാർ കഴിഞ്ഞ ദിവസം സ്ഥലം മാറ്റിയിരുന്നു. പൊലീസ് ഉപദേശകനായി രമൺ ശ്രീവാസ്തവയെ മുഖ്യമന്ത്രി പിണറായി വിജയൻ നിയോഗിച്ചതും സെൻകുമാറിനെ മെരുക്കാനാണ്. ഇതിനൊപ്പം പൊലീസ് ആസ്ഥാനത്ത് എഡിജിപിയായി ടോമിൻ തച്ചങ്കരിയും എത്തുന്നു. പിണറായിയുടേയും സിപിഎമ്മിന്റേയും വിശ്വസ്തനായ തച്ചങ്കരിയിലൂടെ സർക്കാർ പൊലീസ് ആസ്ഥാനത്ത് പിടിമുറുക്കും. ഡി വൈ എസ് പിമാരെ മാറ്റിയതും സെൻകുമാറിന്റെ പൊലീസിലുള്ള പിടിവള്ളികളില്ലാതെയാക്കാനാണ്. ഇതിന് മറുപടിയായി സിഐമാരേയും എസ് ഐമാരേയും സെൻകുമാറും സ്ഥലം മാറ്റിയേക്കും. ഇത് സർക്കാർ പ്രതീക്ഷിക്കുന്നുമുണ്ട്. നളിനി നെറ്റോയെ കേസെടുത്ത് കുടുക്കാനുള്ള സെൻകുമാറിന്റെ നീക്കം സർക്കാർ തിരിച്ചറിയുന്നുണ്ട്. ഈ സാഹചര്യത്തിലാണ് കടുത്ത നടപടികൾ പ്രതീക്ഷിക്കുന്നത്.

ഡിവൈഎസ്‌പിമാർ മുതലുള്ള പൊലീസുകാരുടെ സ്ഥലം മാറ്റം ആഭ്യന്തര വകുപ്പിന്റെ അധികാര പരിധിയിലാണ്. എന്നാൽ എസ് ഐമാരേയും സി ഐമാരേയും സ്ഥലം മാറ്റുന്നത് ഡിജിപിയും. കീഴ് വഴക്കമനുസരിച്ച് സർക്കാരിന്റെ അഭിപ്രായം തന്നെയാകും ഇത്തരം സ്ഥലം മാറ്റത്തിൽ ഡിജിപിയും നടപ്പാക്കുക. അതുകൊണ്ട് തന്നെ ഭരണത്തിലിരിക്കുന്നവർക്ക് താൽപ്പര്യമുള്ള എസ് ഐമാരും സിഐമാരും പ്രധാന സ്ഥാനങ്ങളിലെത്തും. ഇങ്ങനെ ലോക്‌നാഥ് ബെഹ്‌റയുടെ കാലത്ത് നിർണ്ണായക പദവികളിൽ എല്ലാം ഇടത് ആഭിമുഖ്യമുള്ള പൊലീസുകാരെ നിയോഗിച്ചിരുന്നു. ഇവരെയെല്ലാം സെൻകുമാർ സ്ഥലം മാറ്റുമെന്നാണ് സൂചന. ഇത്തരം നീക്കങ്ങളിൽ കരുതലോടെ പ്രതികരിക്കാനും ഇടപെടൽ നടത്താനും തച്ചങ്കരിയോട് സർക്കാർ നിർദ്ദേശിച്ചിട്ടുമുണ്ട്. എന്നാൽ തന്റെ അധികാര പരിധിയിൽ കൈകടത്താൻ ആരേയും അനുവദിക്കില്ലെന്നാണ് സെൻകുമാറിന്റെ ഉറച്ച നിലപാട്. പൊലീസ് ആസ്ഥാനത്തെ വിഷയത്തിൽ ഏറ്റുമുട്ടൽ ഇല്ലാതൊരു പരിഹാരമാണ് ആഗ്രഹിക്കുന്നത്.

എന്നാൽ നളിനി നെറ്റോയ്ക്ക് എതിരെ കേസെടുക്കുമെന്നാണ് സെൻകുമാറിന്റെ നിലപാട്. തന്റെ സ്ഥാനചലനവുമായി ബന്ധപ്പെട്ട് നളിനി നെറ്റോ ആഭ്യന്തര വകുപ്പ് അഡീഷണൽ ചീഫ് സെക്രട്ടറിയായിരിക്കെ തയാറാക്കിയ റിപ്പോർട്ടുകളിലെ വൈരുധ്യവും രണ്ടാം റിപ്പോർട്ട് ചീഫ് സെക്രട്ടറിയെ കാണിക്കാതെ നേരിട്ട് സർക്കാരിനു സമർപ്പിച്ചതിന്റെ കാരണവുമാകും അന്വേഷിക്കുക. . നളിനി നെറ്റോ ഫയലിൽ കൃത്രിമം കാട്ടിയെന്ന് സെൻകുമാർ സുപ്രീം കോടതിയിൽ ചൂണ്ടിക്കാട്ടിയിരുന്നു. ഇതിൽ സുപ്രീംകോടതിയുടെ പ്രതികരണങ്ങൾ സെൻകുമാറിന് അനുകൂലമായിരുന്നു. ചൊവ്വാഴ്ച സുപ്രീംകോടതിയുടെ നിലപാടുകൾ കൂടി പരിശോധിച്ചാകും അന്തിമ തീരുമാനം എടുക്കുക. നളിനി നെറ്റോയെ അറസ്റ്റ് ചെയ്യുന്നതിന്റെ സാധ്യതയും സെൻകുമാർ തേടിയിട്ടുണ്ട്.

പുറ്റിങ്ങൽ വെടിക്കെട്ട് ദുരന്തവുമായി ബന്ധപ്പെട്ട് നളിനി നെറ്റോ സമർപ്പിച്ച റിപ്പോർട്ട് ചൂണ്ടിക്കാട്ടിയാണ് സർക്കാർ സെൻകുമാറിനെ പൊലീസ് മേധാവി സ്ഥാനത്തു നിന്നു നീക്കിയത്. പുറ്റിങ്ങൽ വെടിക്കെട്ട് ദുരന്തവുമായി ബന്ധപ്പെട്ട് രണ്ടു റിപ്പോർട്ടുകളാണ് നളിനി നെറ്റോ സർക്കാരിനു സമർപ്പിച്ചത്. ആദ്യത്തെ റിപ്പോർട്ട് സമർപ്പിച്ചത് 2016 ഏപ്രിൽ 13-നാണ്. വെടിക്കെട്ട് ദുരന്തത്തിനു കാരണക്കാരായ മൂന്നു പൊലീസ് ഉദ്യോഗസ്ഥർക്കെതിരേ നടപടി സ്വീകരിക്കണമെന്നു പറയുന്ന ഈ റിപ്പോർട്ടിൽ സെൻകുമാറിനെപ്പറ്റി പരാമർശം ഉണ്ടായിരുന്നില്ല. പിന്നീട് ഇടതു സർക്കാർ അധികാരത്തിൽ വന്നശേഷം 2016 മെയ്‌ 26-നു നൽകിയ റിപ്പോർട്ടിലാണ് സെൻകുമാറിനെക്കൂടി ഉൾപ്പെടുത്തിയത്.

ജിഷ കൊലക്കേസ് അന്വേഷണത്തിലും സെൻകുമാറിനു വീഴ്ച പറ്റിയെന്നാണ് നളിനി നെറ്റോ റിപ്പോർട്ട് ചെയ്തത്. രണ്ടാമത്തെ റിപ്പോർട്ട് അന്നു ചീഫ് സെക്രട്ടറിയായിരുന്ന എസ്.എം. വിജയാനന്ദിനെ കാണിക്കാതെയാണ് സർക്കാരിനു സമർപ്പിച്ചത്. സർക്കാർ മാറിയതിനു ശേഷമുള്ള റിപ്പോർട്ടിൽ സെൻകുമാറിന്റെ പേരു വന്നതു പരാമർശിച്ചാണ് സുപ്രീം കോടതി, അദ്ദേഹത്തെ ഡി.ജി.പി. സ്ഥാനത്തുനിന്നു നീക്കം ചെയ്തത് രാഷ്ട്രീയപ്രേരിതമാകാമെന്നു നിരീക്ഷിച്ചത്. ഈ സാഹചര്യത്തിൽ, മനഃപൂർവം റിപ്പോർട്ടിൽ പേര് ഉൾപ്പെടുത്തിയതിനെതിരേ ചീഫ് സെക്രട്ടറിയുടെ പേരിൽ കേസെടുക്കാനാണ് നീക്കം.

ജിഷാക്കേസിലും സെൻകുമാറിനെതിരെ ആരോപണം ഉയർന്നിരുന്നു. അമീറുൾ ഇസ്ലാമിനെ പിടിച്ചത് ബെഹ്‌റയുടെ നേട്ടമായും വിലയിരുത്തി. എന്നാൽ സെൻകുമാറിന്റെ കാലത്ത് നടന്ന അന്വേഷണത്തിന്റെ തുടർച്ച മാത്രമായിരുന്നു ബെഹ്‌റയുടെ പൊലീസും ചെയ്തത്. പ്രതി മൊബൈൽ ഫോൺ ഓൺ ചെയ്തതു മാത്രമാണ് നിർണ്ണായകമായത്. ഇക്കാര്യത്തിലെ ഗൂഢാലോചന ബെഹ്‌റ അന്വേഷിച്ചതുമില്ല. ഈ സാഹചര്യത്തിൽ ജിഷാ കേസിലെ ഗൂഢാലോചനയിലേക്ക് സെൻകുമാർ അന്വേഷണം നീട്ടുമെന്നാണ് സൂചന.

സംസ്ഥാന പൊലീസ് മേധാവി സ്ഥാനത്തുനിന്ന് നീക്കിയതിനെതിരെ സുപ്രീംകോടതിയിൽനിന്ന് അനുകൂല വിധി നേടിയ ടി.പി. സെൻകുമാറിനെ തൽസ്ഥാനത്തു പുനർനിയമിക്കാനുള്ള ഉത്തരവിൽ മുഖ്യമന്ത്രി പിണറായി വിജയൻ കഴിഞ്ഞ ദിവസമാണ് ഒപ്പിട്ടത്. ഉത്തരവ് ശനിയാഴ്ച സെൻകുമാറിന് കൈമാറും. സെൻകുമാറിനെ പുനർനിയമിക്കാനുള്ള ഉത്തരവ് നടപ്പാക്കാത്തതിന്റെ പേരിൽ സുപ്രീംകോടതി സംസ്ഥാന സർക്കാരിനെ രൂക്ഷമായ ഭാഷയിൽ വിമർശിച്ചിരുന്നു. ഇതിനു പിന്നാലെയാണ് അദ്ദേഹത്തിന് പുനർനിയമനം നൽകാനുള്ള ഉത്തരവിൽ മുഖ്യമന്ത്രി ഒപ്പിട്ടത്. സെൻകുമാർ സംസ്ഥാന പൊലീസ് മേധാവി സ്ഥാനത്തു തിരികെയെത്തുന്നതോടെ, നിലവിൽ ആ സ്ഥാനം വഹിക്കുന്ന ഡിജിപി ലോക്‌നാഥ് ബെഹ്‌റ വിജിലൻസ് ഡയറക്ടറാകും. വിജിലൻസ് ഡയറക്ടറായിരുന്ന ജേക്കബ് തോമസ് നിർബന്ധിത അവധിയിൽ പ്രവേശിച്ചതുമുതൽ വിജിലൻസിന്റെ ചുമതലയും ബെഹ്‌റയ്ക്കായിരുന്നു. പുതിയ സാഹചര്യത്തിൽ ബെഹ്‌റ വിജിലൻസിന്റെ മുഴുവൻ സമയ ചുമതലയിലേക്കു മാറും. ജേക്കബ് തോമസ് അവധി ഒരു മാസത്തേക്കു കൂടി നീട്ടിയിരുന്നു.

അതിനിടെ ജൂൺ 30-ന് വിരമിക്കുംവരെ പൊലീസ് മേധാവിയായി താനുണ്ടാകുമെന്ന സെൻകുമാറിന്റെ പ്രഖ്യാപനവും ശ്രദ്ധേയമാണ്. ഇടഞ്ഞുനിൽക്കുന്ന സെൻകുമാറിനെ പൊലീസ് ആസ്ഥാനത്ത് തളയ്ക്കാനാണ് സർക്കാർ ശ്രമം. അദ്ദേഹത്തിന്റെ തലയ്ക്കുമീതെ പൊലീസ് ഉപദേഷ്ടാവായി രമൺ ശ്രീവാസ്തവയെയും താഴെ പൊലീസ് ആസ്ഥാനത്ത് എ.ഡി.ജി.പി.യായി ടോമിൻ തച്ചങ്കരിയെയും നിയമിച്ചത് ഇതിന്റെ ഭാഗമാണ്. മുഖ്യമന്ത്രിയുടെ പൊലീസ് ഉപദേശകനായ രമൺ ശ്രീവാസ്തവയുടെ നിർദ്ദേശങ്ങൾ തച്ചങ്കരിയിലൂടെ നടപ്പാക്കാനാവും സർക്കാർ ആലോചിക്കുന്നത്. പൊലീസ് ആസ്ഥാനത്തെ ഐ.പി.എസുകാരെ മുഴുവൻ മാറ്റി. നിലവിലുണ്ടായിരുന്നവരിൽ എഐജി രാഹുൽ ആർ. നായർ മാത്രമാണ് ശേഷിക്കുന്നത്. ഇഷ്ടമില്ലാത്ത ഡി.ജി.പി. തൊട്ടതെല്ലാം കുറ്റം എന്ന നിലയിലേക്ക് കാര്യങ്ങൾ പോയാൽ പൊലീസ് ആസ്ഥാനത്ത് ഭരണസ്തംഭനം ഉറപ്പ്.

സുപ്രീംകോടതിയാണ് സെൻകുമാറിനെ നിയമിക്കാൻ പറഞ്ഞത്. സർക്കാരിൽനിന്ന് സമ്മർദങ്ങളുണ്ടായാൽ അദ്ദേഹം വീണ്ടും കോടതിയെ ആശ്രയിച്ചേക്കാം. സംസ്ഥാന അഡ്‌മിനിസ്‌ട്രേറ്റീവ് ട്രിബ്യൂണൽ അംഗമായി അദ്ദേഹത്തെ നിയമിക്കാനുള്ള ശുപാർശ സർക്കാർ അംഗീകരിച്ച് ഗവർണർക്ക് കൈമാറിയിരുന്നു. അഡ്‌മിനിസ്‌ട്രേറ്റീവ് ട്രിബ്യൂണൽ അംഗമായി നിയമനം കിട്ടിയാൽ പൊലീസ് മേധാവിസ്ഥാനം സെൻകുമാർ ഒഴിയുമെന്നാണ് സർക്കാരിന്റെ വിലയിരുത്തൽ.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP