Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

യുവതികൾ പൊലീസ് സംരക്ഷണയിൽ അതീവ സുരക്ഷിതമായി സന്നിധാനത്ത് എത്തുമോ? അയ്യപ്പ വിശ്വാസികൾക്ക് അധികം കാത്തു നിൽക്കാതെ മല കയറാൻ ഓൺലൈൻ ബുക്കിങ് സംവിധാനം ഏർപ്പെടുത്തി കേരള പൊലീസ്; യുവതി പ്രവേശനത്തിൽ പ്രതിഷേധം ആളിക്കത്തവേ ശബരിമലയിൽ ഓൺലൈൻ ബുക്കിങ് സംവിധാനം ഉടനടി നടപ്പിലാക്കി സർക്കാർ; ഭക്തർക്ക് ഇനി തങ്ങാൻ സാധിക്കുക പരമാവധി 24 മണിക്കൂർ മാത്രം

യുവതികൾ പൊലീസ് സംരക്ഷണയിൽ അതീവ സുരക്ഷിതമായി സന്നിധാനത്ത് എത്തുമോ? അയ്യപ്പ വിശ്വാസികൾക്ക് അധികം കാത്തു നിൽക്കാതെ മല കയറാൻ ഓൺലൈൻ ബുക്കിങ് സംവിധാനം ഏർപ്പെടുത്തി കേരള പൊലീസ്; യുവതി പ്രവേശനത്തിൽ പ്രതിഷേധം ആളിക്കത്തവേ ശബരിമലയിൽ ഓൺലൈൻ ബുക്കിങ് സംവിധാനം ഉടനടി നടപ്പിലാക്കി സർക്കാർ; ഭക്തർക്ക് ഇനി തങ്ങാൻ സാധിക്കുക പരമാവധി 24 മണിക്കൂർ മാത്രം

മറുനാടൻ ഡെസ്‌ക്‌

തിരുവനന്തപുരം: ശബരിമല യുവതി പ്രവേശന വിഷയത്തിൽ പ്രതിഷേധം ആളിക്കത്തവേ ഭക്തരെ അതീവ സുരക്ഷിതരായി മല കയറ്റാൻ ഓൺലൈൻ ബുക്കിങ് സംവിധാനം ഏർപ്പെടുത്തി കേരള സർക്കാർ. ശബരിമല ദർശനത്തിന് തിരുപ്പതി മാതൃകയിലുള്ള ഡിജിറ്റൽ ബുക്കിങ് സംവിധാനമാണ് അതിവേഗം ബഹുദൂരത്തിൽ കേരളാ സർക്കാർ നടപ്പിലാക്കിയിരിക്കുന്നത്. ഇനി ശബരിമല ദർശനം ആഗ്രഹിക്കുന്ന യുവതികൾക്ക് നേരത്തെ തന്നെ വെബ്‌സൈറ്റ് വഴി ബുക്ക് ചെയ്ത് അതീവ സുരക്ഷയോടെ സന്നിധാനത്ത് എത്താം. വഴിയിൽ പ്രതിഷേധക്കാർ തടയുമെന്ന പേടിയും വേണ്ട. ഇതിലൂടെ തീർത്ഥാടകർ ദർശനത്തിന് എത്തുന്ന തീയതിയും സമയവും വരെ മുൻകൂട്ടി അറിയാം.

കാനന പാതയിലുള്ള ക്ഷേത്രമായതിനാൽ തിരുപ്പതി മോഡൽ ശബരിമലയിൽ വൈകുമെന്ന് നേരത്തെ റിപ്പോർട്ടുകൾ പുറത്ത് വന്നെങ്കിലും ശബരിമലയിലെത്തുന്ന ഭക്തരുടെ സുരക്ഷ പരിഗണിച്ച് ഓൺലൈൻ സംവിധാനം ഉടനടി തന്നെ നടപ്പിലാക്കി സർക്കാർ മാതൃകയാകുക ആയിരുന്നു. മണ്ഡലകാലത്തിന് മുമ്പ് തന്നെ ഓൺലൈൻ ബുക്കിങ് സംവിധാനം നിലവിൽ വന്നതോടെ ഇനി യുവതികൾക്കും മുൻകുട്ടി ബുക്ക് ചെയ്ത് സുരക്ഷിതരായി തന്നെ ശബരിമലയിൽ എത്താനുള്ള സംവിധാനമാണ് ഒരുങ്ങിയിരിക്കുന്നത്. ഇതോടെ കേരള സർക്കാരിന്റെ വെബ്‌സൈറ്റിൽ കയറി ബുക്ക് ചെയ്താൽ ക്യൂ നിൽക്കാതെ തന്നെ ഭക്തർക്ക് ശബരിമല ദർശനം നടത്തി മടങ്ങാം.

ശബരിമല ക്യൂ ഡോട്ട് കോം എന്ന വെബ്‌സൈറ്റാണ് സർക്കാർ ഇതിനായി ആരംഭിച്ചിരിക്കുന്നത്. നിലക്കൽ വരെ കെഎസ്ആർടിസി ബസ് ഓൺലൈൻ ബുക്ക് ചെയ്യാനും വെബ്‌സൈറ്റിൽ സൗകര്യം ഒരുക്കിയിട്ടുണ്ട്. ശബരിമലയിൽ എല്ലാ സ്ത്രീകളെയും പ്രവേശിപ്പിക്കാമെന്ന സുപ്രീംകോടതി വിധിനടപ്പാക്കാനുള്ള സർക്കാർ നിലപാടിനെതിരെ വൻ പ്രതിഷേധം ആളിക്കത്തവെയാണ് ശബരിമലയിൽ സർക്കാർ പുത്തൻ പരിഷ്‌ക്കാരങ്ങൾ ഏർപ്പെടുത്തിയിരിക്കുന്നത്. ശബരിമലയിലെ തിരക്കു നിയന്ത്രിക്കാനാണ് തിരുപ്പതി ക്ഷേത്രത്തിലെ മാതൃകയിൽ ഡിജിറ്റൽ ബുക്കിങ് സംവിധാനം ഏർപ്പെടുത്തിയിരിക്കുന്നത്. ഇതുവഴി ശബരിമലയുടേയും തീർത്ഥാടകരുടേയും സുരക്ഷയും സുരക്ഷിതത്വവും ഉറപ്പു വരുത്തുന്നതിനാണ് സർക്കാർ ലക്ഷ്യം വയ്ക്കുന്നത്.

സർക്കാരിന്റെ പുതിയ വെബ്‌സൈറ്റ് വഴി ബുക്ക് ചെയ്ത് എത്തുന്ന ഭക്തർക്ക് പമ്പ വരെ നീളുന്ന നീണ്ട ക്യൂവിൽ പെടാതെ സന്നിധാനം വരെ എത്താം. ബുക്ക് ചെയ്ത് എത്തുന്നവരുടെ കൂപ്പണും ഐഡി കാർഡും പരിശോധിച്ച് കേരളാ പൊലീസ് സന്നിധാനത്തേക്കുള്ള പ്രത്യേക ക്യൂവിലൂടെ കയറ്റി വിടും. രജിസ്റ്റർ ചെയ്യുന്നവർ പേര്, വിലാസം, ജില്ല, പിൻ കോഡ്. ഫോട്ടോ പതിച്ച ഐഡി കാർഡ്, ഫോട്ടോ എന്നിവ നൽകി പ്രൊഫൈൽ ക്രിയേറ്റ് ചെയ്യണം. അപ്പോൾ ലോഗിൻ ഐഡി ലഭിക്കും. ഇതുവഴി സൈൻ ഇൻ ചെയ്ത് ബുക്ക് ചെയ്യാനുള്ള സൗകര്യമാണ് ഒരുക്കിയിരിക്കുന്നത്. ബുക്ക് ആയി കഴിഞ്ഞാൽ ഈമെയിലിൽ വഴി കൂപ്പൺ ലഭിക്കും. ഇതിലൂടെ തീർത്ഥാടകർ ദർശനത്തിന് എത്തുന്ന തീയതിയും സമയവും മുൻകൂട്ടി അറിയാനും കഴിയും.

ശബരിമല ദർശനത്തിന് തിരുപ്പതി മാതൃകയിലുള്ള ഡിജിറ്റൽ ബുക്കിങ് നടപ്പാക്കുന്ന കാര്യം സർക്കാർ നേരത്തെ തന്നെ പരിഗണനയിൽ എടുത്തിരുന്നു. എന്നാൽ കാനന പാത ആയതിനാൽ ഉടനൊന്നും നടപ്പിലാക്കാൻ കഴിയില്ല എന്നായിരുന്നു റിപ്പോർട്ട്. എന്നാൽ ശബരിമല സ്ത്രീ പ്രവേശന വിഷയത്തിൽ പ്രതിഷേധം ആളിക്കത്തി നിൽക്കേ ഓൺലൈൻ ബുക്കിങ് ഉടനടി നടപ്പിലാക്കി ശബരിമലയിൽ സർക്കാർ അതിവേഗം ബഹുദൂരം പാലിക്കുക ആയിരുന്നു

തിരുപ്പതി മാതൃകയിലുള്ള ഓൺലൈൻ ക്രമീകരണങ്ങൾക്ക് കുറഞ്ഞത് നാലുമാസമെങ്കിലും വേണ്ടിവരുമെന്നാണ് നേരത്തെ സർക്കാർ വ്യക്തമാക്കിയിരുന്നത്. സ്ത്രീ പ്രവേശനത്തിന് സുപ്രീംകോടതി ഉത്തരവിട്ട സാഹചര്യത്തിലാണ് ഇടപെടൽ. ശബരിമലയിൽ തിരക്ക് കുറയ്ക്കാനും തീർത്ഥാടക നിയന്ത്രണത്തിനും ഡിജിറ്റൽ ബുക്കിങ് ഏർപ്പെടുത്തിയിരിക്കുന്നത്. ശബരിമല ചീഫ് കോ-ഓർഡിനേറ്റർ കൂടിയായ പൊതുമരാമത്തുവകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി ജി. കമലവർധനറാവു, ദേവസ്വം പ്രിൻസിപ്പൽ സെക്രട്ടറി കെ.ആർ. ജ്യോതിലാൽ, എ.ഡി.ജി.പി. എസ്. ആനന്ദകൃഷ്ണൻ തുടങ്ങിയവരടങ്ങുന്ന സംഘം തിരുപ്പതി മാതൃകയെപ്പറ്റി നേരത്തെ പഠനം നടത്തിയിരുന്നു. ഓൺലൈൻ ബുക്കിങ് അനുവദിക്കുന്ന സമയത്ത് ദർശനം നടത്തി മടങ്ങുന്ന തിരുപ്പതി സംവിധാനത്തിന് ശബരിമലയിൽ പ്രായോഗിക പ്രശ്‌നങ്ങളുണ്ടെന്നും കൂടുതൽ ചർച്ച നടത്തിയും സമയമെടുത്തും മാത്രമേ ഇതു നടപ്പാക്കാനാവൂ എന്നുമാണ് സംഘം വിലയിരുത്തിയിരുന്നത്.

ഇതോടെ ഇത്തവണ അതീവ സുരക്ഷയിൽ തന്നെയാകും തീർത്ഥാടനം എന്ന് ഉറപ്പായി കഴിഞ്ഞു. ഉത്സവകാലത്ത് ശബരിമലയിലും പരിസരങ്ങളിലുമായി 5000 പൊലീസ് ഉദ്യോഗസ്ഥരെ നിയോഗിക്കും. ഇതിനായി സന്നിധാനം, പമ്പ, നിലയ്ക്കൽ, വടശ്ശേരിക്കര എന്നീ സ്റ്റേഷനുകളിലെ പൊലീസുകാരുടെ എണ്ണം വർധിപ്പിക്കും. സന്നിധാനത്തും പരിസരത്തും കൂടുതൽ ക്യാമറകൾ സ്ഥാപിക്കുകയും ചെയ്യും. ജനക്കൂട്ടത്തെ നിയന്ത്രിക്കുന്നതിനും ഇതരസംസ്ഥാനങ്ങളിൽ നിന്ന് വരുന്ന സാമൂഹ്യ വിരുദ്ധരെ തിരിച്ചറിയുന്നതിനുമായി കൂടുതൽ പൊലീസിനെ നൽകണമെന്ന് മറ്റു സംസ്ഥാനങ്ങളോട് അഭ്യർത്ഥിക്കാനും തീരുമാനിച്ചിട്ടുണ്ട്.

സുഗമമായ ദർശനം ഉറപ്പാക്കുന്നതിനായി ആധുനിക സാങ്കേതികവിദ്യ ഉപയോഗിക്കും. ശബരിമലയിലെ തിരക്കു കുറയ്ക്കുന്നതിനായി ചെങ്ങന്നൂർ, പത്തനംതിട്ട എന്നിവിടങ്ങളിൽ അധിക സൗകര്യം ഏർപ്പെടുത്തും. ശബരിമലയിലും പരിസരത്തും ക്രമസമാധാനനില ഉറപ്പാക്കുന്നതിന് കർശനനടപടി സ്വീകരിക്കും.തുലാമാസ പൂജകൾക്ക് നടതുറന്നപ്പോൾ ഉണ്ടായ ക്രമസമാധാന പ്രശ്‌നങ്ങൾ പരിഗണിച്ച് തീർത്ഥാടനകാലത്ത് ക്രമസമാധാനനില ഉറപ്പു വരുത്തുന്നതിന് ശക്തമായ പൊലീസ് സുരക്ഷ ഏർപ്പെടുത്തും.

മണ്ഡലകാലത്തു ദിവസം 80,000 പേർക്കു ദർശന സൗകര്യം ഒരുക്കാനാണു ഡിജിറ്റൽ ബുക്കിങ് ഏർപ്പെടുത്തുന്നത്. തിരുപ്പതിയിൽ വർഷങ്ങളായി ഈ സംവിധാനം നിലവിലുണ്ട്. നിലയ്ക്കലിൽ പാർക്കിങ്ങിനും ഓൺലൈൻ ബുക്കിങ് ഏർപ്പെടുത്തും. തിരക്കേറിയ ദിവസങ്ങളിൽ 60,000 വാഹനങ്ങൾ വരെ നിലയ്ക്കലിൽ എത്തുന്നുണ്ടെന്നാണു കണക്ക്. നേരത്തെ പമ്പയിൽ അടക്കം വാഹന ്‌സ്വകാര്യ വാഹന ഗതാഗതം നിരോധിച്ചിരുന്നു. നിലയ്ക്കലിൽ പാർക്കിങ് നേരത്തെ ബുക്ക് ചെയ്യുന്നതിലൂടെ ഗതാഗതക്കുരുക്കും ഒഴിവാകും.

ദിവസേന ഒരു ലക്ഷത്തോളം പേർ ദർശനത്തിനെത്തുന്ന തിരുപ്പതിയിൽ ദർശന സമയം ബുക്കിങ് വേളയിൽ തന്നെ അറിയാം. വഴിപാടു നൽകാനുള്ള ഇഹുണ്ടിക സൗകര്യവുമുണ്ട്. വെബ്സൈറ്റ് വഴിയും തിരുപ്പതിയിലെ പ്രത്യേക കൗണ്ടറുകൾ വഴിയും പോസ്റ്റ് ഓഫിസുകൾ വഴിയും ദർശനം ബുക്ക് ചെയ്യാനാകും. ഈ മാതൃകയാണു കേരളവും പരിഗണിക്കുന്നത്. ഇടോയ്‌ലറ്റ് ഉൾപ്പെടെ അവിടത്തെ ശുചിത്വസംവിധാനങ്ങളും പകർത്താനാണ് ആലോചന.

ഇതിനു പുറമേ സ്ത്രീകൾക്കായി നിലയ്ക്കലിൽ അടക്കം പ്രത്യേക സൗകര്യങ്ങൾ ഒരുക്കുമെന്ന് സർക്കാർ അറിയിച്ചിട്ടുണ്ട്. കെ. എസ്. ആർ. ടി. സി നിലയ്ക്കലിൽ സ്ത്രീകൾക്ക് പ്രത്യേകം കാത്തിരിപ്പു കേന്ദ്രങ്ങൾ ഏർപ്പെടുത്തും. 15 കംഫർട്ട് സ്റ്റേഷനുകളുണ്ടാവും. ഇവിടെ 15 കൗണ്ടറുകളിലൂടെ ടിക്കറ്റ് നൽകാനാണ് തീരുമാനിച്ചിരിക്കുന്നത്. ഇതിൽ അഞ്ചെണ്ണം സ്ത്രീകൾക്കായി അനുവദിക്കും. വനിതാ കണ്ടക്ടർമാരും ഇവിടെ ഡ്യൂട്ടിയിലുണ്ടാവും.

കെ. എസ്. ആർ. ടി. സി ബസുകളിൽ 25 ശതമാനം സീറ്റുകൾ ശബരിമലയിലേക്കുള്ള സ്ത്രീ തീർത്ഥാടകർക്കായി റിസർവ് ചെയ്യും. സ്ത്രീകൾ ഇല്ലെങ്കിൽ മാത്രമേ പുരുഷന്മാരെ ഈ സീറ്റുകളിലിരിക്കാൻ അനുവദിക്കൂ. സന്നിധാനത്ത് ക്യൂ നിൽക്കുമ്പോഴുള്ള തിരക്ക് നിയന്ത്രിക്കാൻ പൊലീസ് നടപടി സ്വീകരിക്കും. സ്ത്രീകൾ കൂടുതലായി എത്തുന്ന പശ്ചാത്തലത്തിൽ കൂടുതൽ വനിതാ പൊലീസുകാരെ നിയോഗിക്കും. സന്നദ്ധ പ്രവർത്തകരായി സ്ത്രീകളെക്കൂടി ഏർപ്പെടുത്തും.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP