Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

ഒരു വാർത്ത പോലും കൊടുക്കാതെ മാതൃഭൂമിയടക്കമുള്ള ചില മാദ്ധ്യമങ്ങൾ തമസ്‌ക്കരിച്ചിട്ടും കേരള ലിറ്ററേച്ചർ ഫെസ്റ്റിവെൽ ചരിത്രമായി; ഡി സി ബുക്‌സ് ഒരുക്കിയ ഉൽസവം സമാപിച്ചത് വൻ ജനപങ്കാളിത്തത്തോടെ; അടുത്തവർഷം മുതൽ കോഴിക്കോട് സ്ഥിരം വേദി; ജയ്പൂർ സാഹിത്യോത്സവത്തിന് സമാനമായി മേള ഉയരുന്നു

ഒരു വാർത്ത പോലും കൊടുക്കാതെ മാതൃഭൂമിയടക്കമുള്ള ചില മാദ്ധ്യമങ്ങൾ തമസ്‌ക്കരിച്ചിട്ടും കേരള ലിറ്ററേച്ചർ ഫെസ്റ്റിവെൽ ചരിത്രമായി; ഡി സി ബുക്‌സ് ഒരുക്കിയ ഉൽസവം സമാപിച്ചത് വൻ ജനപങ്കാളിത്തത്തോടെ; അടുത്തവർഷം മുതൽ കോഴിക്കോട് സ്ഥിരം വേദി; ജയ്പൂർ സാഹിത്യോത്സവത്തിന് സമാനമായി മേള ഉയരുന്നു

കെ വി നിരഞ്ജൻ

കോഴിക്കോട്: സാംസ്കാരിക പരിപാടികൾക്കും സാഹിത്യചർച്ചകൾക്കുമൊക്കെ ആളില്ലാകസേരകൾമാത്രം കാണുന്ന ഇക്കാലത്ത്, വൻ ജനപങ്കാളിത്തത്തോടെ ഒരു കൾച്ചറൽ ഫെസ്റ്റിവെൽ സംഘടിപ്പിക്കപ്പെട്ടാൽ അത് അദ്ഭുതം തന്നെയാണ്.കോഴിക്കോട്ട് ഞായറാഴ്ച സമാപിച്ച ഡി.സി ബുക്‌സിന്റെ നേതൃത്വത്തിലുള്ള രണ്ടാമത് കേരള ലിറ്ററേച്ചർ ഫെസ്റ്റിവെൽ സാക്ഷിയായത് അത്തരമൊരു ഉണർവിനാണ്.

ഐ.എഫ്.എഫ്.കെക്ക് സമാനമായി കേരളമെമ്പാടുമുള്ള യുവകലാകാരന്മാർ ഒഴുകിയത്തെിയ മേള, വിദേശസാഹിത്യകാരന്മാർവരെ പങ്കെടുത്ത സംവാദങ്ങളും, ചലച്ചിത്രോത്സവും, പാട്ടും, നൃത്തവും, വരയുമൊക്കെയായി നാലുദിവസവവും സജീവമായിരുന്നു. അതുകൊണ്ടുതന്നെ ജയ്പുർ സാഹിത്യോൽസവത്തിന്റെയൊക്കെ തലത്തിലേക്ക് ഇതിനെ ഉയർത്താനുള്ള തയ്യാറെടുപ്പിലാണ് സംഘാടകർ. ചടങ്ങിനത്തെിയ മുഖ്യമന്ത്രി പിണറായി വിജയനും കോഴിക്കോടിനെ സാഹിത്യോത്സവത്തിന്റെ സ്ഥിരം വേദിയാക്കണമെന്ന് അഭ്യർത്ഥിച്ചിരുന്നു.സ്ഥലം എംഎ‍ൽഎ എ പ്രദീപ്കുമാറും നേരത്തെ ഈ വിഷയം ചൂണ്ടിക്കാട്ടിയിരുന്നു.ഇത് അംഗീകരിച്ച സംഘാടകർ മൂന്നാമത് കേരള ലിറ്ററേച്ചർ ഫെസ്റ്റിവെൽ 2018 ഫെബ്രുവരി ഏഴു മുതൽ കോഴിക്കോട് ബീച്ചിൽ സംഘടിപ്പിക്കുമെന്നും അറിയിച്ചിട്ടുണ്ട്.

അതേസമയം തങ്ങളുടെ തട്ടകമായ കോഴിക്കോട്ട് എത്തി ഡി.സി ബുക്‌സ് പേരെടുക്കുന്നുവെന്നതിലെ കൊതിക്കെറുവുമൂലം മാതൃഭൂമി പത്രം മേള പൂർണമായി ബഹിഷ്‌ക്കരിച്ചിരുന്നു.ഇത്രയും വലിയ പരിപാടിയായിട്ടും ഒരു വാർത്തപോലും പത്രം പ്രാധാന്യത്തോടെ നൽകിയില്ല.ഇതേ അസുഖമുള്ള മനോരമയും പിശുക്കിയാണ് വാർത്തകൾ കൊടുത്തത്.പക്ഷേ സോഷ്യൽ മീഡിയയിൽ മേള തരംഗമായതോടെ ഇവരുടെ ബഹിഷ്‌ക്കരണമെല്ലാം കാറ്റിൽ പറന്നു.

വ്യാഴാഴ്ച തുടങ്ങിയ സാഹിത്യോത്സവത്തിൽ വിദേശരാജ്യങ്ങളിൽനിന്നുൾപ്പെടെ മുന്നൂറോളം എഴുത്തുകാരും സാംസ്‌കാരിക പ്രവർത്തകരുമാണ് പങ്കടെുത്തത്. ആനുകാലിക വിഷയങ്ങളിൽ ചർച്ചകൾ, സംവാദങ്ങൾ, പ്രമുഖരുമായി ഫയർസൈഡ് ചാറ്റ്, സാമൂഹികപ്രസക്തിയുള്ള ചലച്ചിത്രങ്ങളും ഡോക്യുമെന്ററികളും പ്രദർശിപ്പിക്കുന്ന ചലച്ചിത്രോത്സവം, പാചകോത്സവം, ഒ.വി. വിജയന്റെ കാർട്ടൂൺ പ്രദർശനം തുടങ്ങിയവ മേളയുടെ പ്രത്യേകതകളായിരുന്നു.

ഞായറാഴ്ച വൈകീട്ട് നടന്ന ചടങ്ങിൽ ടൂറിസം മന്ത്രി കടകംപള്ളി സുരേന്ദ്രൻ സമാപന സമ്മേളനം ഉദ്ഘാടനം ചെയ്തു. ദേശീയത എന്ന വാക്ക് ഉയർത്തിപ്പിടിച്ച് തങ്ങൾക്കിഷ്ടമില്ലാത്തതിനെയെല്ലാം എതിർക്കാമെന്ന ഫാസിസ്റ്റ് ചിന്താഗതിക്കെതിരെ ഒറ്റക്കെട്ടായി നാം മുന്നോട്ടുപോവണമെന്ന് അദ്ദഹേം പറഞ്ഞു. മന്ത്രി എ.കെ. ശശീന്ദ്രൻ, എ. പ്രദീപ് കുമാർ എംഎ‍ൽഎ, ഫെസ്റ്റിവെൽ ഡയറക്ടർ കെ. സച്ചിദാനന്ദൻ തുടങ്ങിയവർ സംസാരിച്ചു.

നേരത്തെ മുഖ്യമന്ത്രി പിണറായി വിജയനും എഴുത്തുകാരൻ എം.മുകുന്ദനുമായുള്ള നടക്കാതെപോയ മുഖാമുഖമാണ് മേളയിലെ ഏക കല്ലുകടി. മുഖാമുഖത്തിന് പകരം ഇരുവരുടെയും പ്രസംഗമാണ് മേളയിൽ കണ്ടത്. കേരളത്തിന്റെ സാംസ്‌കാരിക പ്രബുദ്ധതയെ കളങ്കപ്പെടുത്തുന്ന ഒരുകൂട്ടർ രംഗത്തുവരുകയാണെന്നും അത്തരക്കാരെ എല്ലാവരും ചേർന്ന് ഒറ്റപ്പെടുത്തണമെന്നും പിണറായി വിജയൻ പറഞ്ഞു. ശക്തമായ മതനിരപേക്ഷതയും അഭിപ്രായസ്വാതന്ത്ര്യവുമുള്ള നാടെന്നു പറയുന്ന കേരളത്തിലാണ് എം ടിക്കും കമലിനും നേരെ ഭീഷണിയുണ്ടായത്.

ഭരണഘടന ഉറപ്പുനൽകുന്ന അഭിപ്രായസ്വാതന്ത്ര്യമനുസരിച്ച് തങ്ങളുടെ അഭിപ്രായം പ്രകടിപ്പിച്ചതിനാണ് ദാബോൽക്കർ, പൻസാരെ, കൽബുർഗി എന്നിവരെ കൊലപ്പെടുത്തിയത്. അഭിപ്രായം പറയുന്നവർക്ക് ജീവൻ നഷ്ടപ്പെടുന്ന അവസ്ഥയാണുള്ളത്. വർഗീയത കലയുടെമേൽ കൈവച്ചാൽ മൗലികതയുടെ ഒരു പൊടിപ്പും ആ രംഗത്തുണ്ടാവില്ല. അസഹിഷ്ണുതക്കെതിരെ നിതാന്ത ജാഗ്രത പാലിക്കേണ്ടതുണ്ടെന്നാണ് ഓരോ ദിവസത്തെയും സംഭവങ്ങൾ വ്യക്തമാക്കുന്നതെന്നും പിണറായി കൂട്ടിച്ചേർത്തു.

നേരത്തെ എഴുത്തുകാരൻ ടി. പത്മനാഭന്റെ പ്രഭാഷണവും വിവാദമായിരുന്നു.മോദിക്കെതിരെ എം ടി. വാസുദേവൻ നായർ അത്രക്കൊന്നും പറഞ്ഞിട്ടില്‌ളെന്നാണ് ടി. പത്മനാഭൻ വ്യക്തമാക്കിയത്. നരേന്ദ്ര മോദി ഗുജറാത്ത് മുഖ്യമന്ത്രിയായിരുന്ന കാലത്തുതന്നെ അദ്ദേഹത്തിന്റെ അത്യാചാരങ്ങളെക്കുറിച്ച് പ്രസംഗിച്ച വ്യക്തിയാണ് താൻ. മോദി ഗാന്ധിമുക്ത ഭാരതം സൃഷ്ടിക്കുന്നതിനെതിരെ അന്നുതന്നെ താൻ എതിർത്തിരുന്നെങ്കിലും മാദ്ധ്യമങ്ങൾ അത്ര പ്രാധാന്യം നൽകിയില്ല. മഹാനായ വാസുദേവൻ നായർ അത്രക്കൊന്നും പറഞ്ഞിട്ടില്ല. പാവപ്പെട്ട സിനിമ സംവിധായകൻ കമൽ ഒന്നും ചെയ്തിട്ടില്ല. എന്നാൽ, കമലിന്റെ നേരെയാണ് ആക്രമണം മുഴുവൻ. എം ടിയുടെ നേരെ ചെറിയ കിളുന്ത് മാത്രമാണ് ഉണ്ടായത്. തുഞ്ചൻപറമ്പിൽ തോമസ് ഐസകിന്റെ പുസ്തകപ്രകാശന ചടങ്ങിനിടെ പറഞ്ഞുപോയതാണ്. ഉടനെ പല ഭക്തരും എഴുന്നേറ്റുനിന്നു.പത്മനാഭൻ പറഞ്ഞു.

എം ടിയുടെ വളരെ അടുത്ത പ്രിയദർശൻ എഴുതിയത് എം ടി മോദി വിരുദ്ധനും സംഘ് വിരുദ്ധനുമല്ല, കോൺഗ്രസിന്റെയും മാർക്‌സിസ്റ്റ് പാർട്ടിയുടെയും അനുകൂലിയുമല്ല എന്നാണ്. ഡൽഹിയിലെ ജെ.എൻ.യുവിലെയും ഹൈദരാബാദിലെയും പ്രശ്‌നങ്ങളെക്കുറിച്ച് നമ്മൾ സംസാരിക്കുന്നു. എന്നാൽ, പേരൂർക്കടയിൽ നടക്കുന്നതെന്താണെന്നും അവിടെ എത്രയെത്ര രോഹിതുമാരാണ് വരാൻ പോവുന്നതെന്നും പത്മനാഭൻചോദിച്ചു.

ഷഹനായി മാന്ത്രികൻ ബിസ്മില്ല ഖാന്റെ മകനും അന്തരിച്ച ഗസൽ മാന്ത്രികനുമായ ഉസ്താദ് നയീർഖാന്റെ മക്കളായ നാസിർ അബ്ബാസ്ഖാൻ, അസദ് അബ്ബാസ് എന്നിവരുൾപ്പെടുന്ന സംഘത്തിന്റെ ഷഹനായിയും മേളയുടെ ഭാഗമായി ഉണ്ടായി.സംഗീതത്തെ എന്നും വികാരമായി കൊണ്ടുനടന്നിരുന്ന കോഴിക്കോട്ടുകാർ ഈ വേദിയിലേക്കും ഇരച്ചുകയറി.മേള ജനകീയമാവാൻ ഇത്തരം ഘടകങ്ങളും സഹായകമായി. ചലച്ചിത്രോത്സവത്തിനും വൻ ജനപങ്കാളിത്തമായിരുന്നു. അടുത്തകൊല്ലം ജയ്പുർ സാഹിത്യോത്സവത്തോട് കിടപിടിക്കുന്ന മേളയാക്കി ഇതിനെ മാറ്റുമെന്നാണ് മുഖ്യസംഘാടകൻ രവി ഡി.സി പറയുന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP