Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ആശുപത്രിയിൽ ഡ്യൂട്ടിക്ക് പോയ നഴ്സിനെ തടഞ്ഞിട്ടത് ഒരു മണിക്കൂർ; ആശുപത്രി സൂപ്രണ്ട് വിളിച്ചപ്പോൾ ഒരുത്തനോടും സംസാരിക്കാൻ താൽപര്യമില്ലെന്ന് എസ്ഐ; ഭർത്താവിന്റെ ബൈക്കിന് പിന്നിലിരുന്ന ഡ്യൂട്ടിക്ക് പോയ ഫാർമസിസ്റ്റിനോട് സമ്പർക്കം പാടില്ലെന്ന് പറഞ്ഞത് അശ്ലീല ആംഗ്യത്തോടെയെന്നും ആക്ഷേപം; കോവിഡ് തടയാൻ നടുറോഡിൽ കഷ്ടപ്പെടുന്ന പൊലീസ് സേനയ്ക്ക് കളങ്കമായി ഇങ്ങനെയും ചില പൊലീസുകാർ പത്തനംതിട്ടയിൽ

ആശുപത്രിയിൽ ഡ്യൂട്ടിക്ക് പോയ നഴ്സിനെ തടഞ്ഞിട്ടത് ഒരു മണിക്കൂർ; ആശുപത്രി സൂപ്രണ്ട് വിളിച്ചപ്പോൾ ഒരുത്തനോടും സംസാരിക്കാൻ താൽപര്യമില്ലെന്ന് എസ്ഐ; ഭർത്താവിന്റെ ബൈക്കിന് പിന്നിലിരുന്ന ഡ്യൂട്ടിക്ക് പോയ ഫാർമസിസ്റ്റിനോട് സമ്പർക്കം പാടില്ലെന്ന് പറഞ്ഞത് അശ്ലീല ആംഗ്യത്തോടെയെന്നും ആക്ഷേപം; കോവിഡ് തടയാൻ നടുറോഡിൽ കഷ്ടപ്പെടുന്ന പൊലീസ് സേനയ്ക്ക് കളങ്കമായി ഇങ്ങനെയും ചില പൊലീസുകാർ പത്തനംതിട്ടയിൽ

ശ്രീലാൽ വാസുദേവൻ

പത്തനംതിട്ട: കോവിഡ് 19 എന്ന മഹാമാരി നിയന്ത്രിക്കാൻ ആരോഗ്യ പ്രവർത്തകർക്കൊപ്പം പെടാപ്പാട് പെടുകയാണ് നമ്മുടെ പൊലീസ് സേന. അതിന് പ്രത്യുപകാരം എന്ന നിലയിൽ ജനങ്ങൾ അവർക്ക് ആദരവും ബഹുമാനവും കൊടുക്കുന്നു. എന്നാൽ, ഇക്കാലത്തും സേനയുടെ പേര് കളങ്കപ്പെടുത്താൻ ചിലർ തനി പൊലീസുകാരായി നടുറോഡിലുണ്ട്. ഇത്തരം രണ്ടു പേർ കഴിഞ്ഞ രണ്ടു ദിവസങ്ങളിലായി അപമാനിച്ചത് ആശുപത്രി ഡ്യൂട്ടി പോയ രണ്ടു വനിതകളെയാണ്. നടുറോഡിൽ അപമാനത്തിന് ഇരയായവരിൽ ഒരാൾ അടൂർ ജനറൽ ആശുപത്രിയിലെ നഴ്സും മറ്റൊരാൾ മെഴുവേലി ആയുർവേദാശുപത്രിയിലെ ഫാർമസിസ്റ്റുമാണ്. അപമാനിക്കാൻ തയാറായ അടൂരിലെ എസ്ഐ പിന്നീട് നഴ്സിന്റെ വീട്ടിലെത്തി കാലു പിടിച്ചപ്പോൾ ഇലവുംതിട്ട സ്റ്റേഷനിലെ പൊലീസുകാരൻ വനിതാ ഫാർമസിസ്റ്റിന്റെ ഭർത്താവിന്റെ പേരിൽ പരാതി നൽകാനാണ് ശ്രമിച്ചത്.

അടൂർ ജനറൽ ആശുപത്രിയിലെ നഴ്സ് നൂറനാട് സ്വദേശി ജാസ്മിൻ മുഹമ്മദിനെ രണ്ടു ദിവസം മുൻപ് ഉച്ചയ്ക്കാണ് കെപി റോഡിൽ പഴകുളം ജങ്ഷന് സമീപം അടൂർ സ്റ്റേഷനിലെ ഒരു എസ്ഐ തടഞ്ഞിട്ടത്. ഉച്ച കഴിഞ്ഞുള്ള ഡ്യൂട്ടിക്ക് വേണ്ടി നൂറനാട്ടുള്ള വീട്ടിൽ നിന്ന് സ്വയം കാർ ഓടിച്ചു വരികയായിരുന്നു ജാസ്മിൻ. വാഹന പരിശോധന നടത്തുകയായിരുന്ന ഇവരെ തടഞ്ഞു. തിരിച്ചറിയൽ കാർഡ് കാണിച്ച ജാസ്മിനോട് വാഹനം മാറ്റിയിടാൻ എസ്ഐ നിർദേശിച്ചു. 15 മിനുട്ട് കാത്തു നിന്ന് ജാസ്മിൻ എസ്ഐയോട് ഒടുക്കം യൂണിഫോം കാണിച്ചു കൊടുത്തിട്ട് താൻ നഴ്സാണെന്നു, ഉച്ചയ്ക്ക് ശേഷമുള്ള ഷിഫ്ടിൽ കയറേണ്ടതാണെന്നും പറഞ്ഞു. എസ്ഐ ഇതൊന്നും ചെവിക്കൊണ്ടില്ല.

തന്റെ തുണി കാണാനല്ല ഞാനിവിടെ നിൽക്കുന്നത് എന്നായിരുന്നു മറുപടി. കുറേ നേരം കഴിഞ്ഞിട്ടും പൊലീസ് വിട്ടയയ്ക്കാതെ വന്നപ്പോൾ ജാസ്മിൻ ആശുപത്രി സൂപ്രണ്ടിനെ വിളിച്ചു. സൂപ്രണ്ടിനോട് സംസാരിക്കാൻ നഴ്സ് ആവശ്യപ്പെട്ടപ്പോൾ തനിക്ക് ഒരുത്തനോടും സംസാരിക്കണ്ട കാര്യമില്ല എന്നായിരുന്നു എസ്ഐയുടെ മറുപടി. ഒരു മണിക്കൂറിന് ശേഷം ഇവരെ പോകാൻ അനുവദിച്ചു. ആശുപത്രിയിൽ എത്തിയ ജാസ്മിൻ ഡിവൈഎസ്‌പിക്കും ജില്ലാ കലക്ടർക്കും പരാതി നൽകി. സംഗതി കൈവിട്ട് പോയെന്ന് മനസിലായ എസ്ഐ വൈകിട്ട് നൂറനാട്ടെ വീട്ടിലെത്തി നഴ്സിന്റെ ഭർത്താവിന്റെ കാലു പിടിച്ചു. പരാതി പിൻവലിക്കണം എന്നായിരുന്നു ആവശ്യം. എന്നാൽ, കുടുംബം പരാതി പിൻവലിക്കാൻ തയാറായില്ല.

ഇലവുംതിട്ട ജങ്ഷനിൽ വാഹന പരിശോധന നടത്തിയ പൊലീസ് സംഘത്തിലെ സിപിഓ ആണ് പ്രക്കാനം സ്വദേശിയായ ആയുർവേദ വനിതാ ഫാർമസിസ്റ്റിനോട് മോശമായി പെരുമാറിയത്. ഡ്യൂട്ടിക്ക് പോകുന്നതിനായി ഭർത്താവിന്റെ ബൈക്കിന് പിന്നിലാണ് ഇവർ എത്തിയത്. ഇലവുംതിട്ടയിൽ വച്ച് പൊലീസ് തടഞ്ഞു. ഡ്യൂട്ടിക്ക് പോകുകയാണ് എന്ന് പറഞ്ഞ് തിരിച്ചറിയൽ കാർഡ് കാണിച്ചെങ്കിലും വിടാൻ തയാറായില്ല. ഇതോടെ ഭർത്താവ് ഇടപെട്ടു. ഈ സമയത്താണ് രണ്ടുപേർ തമ്മിൽ സമ്പർക്കം പാടില്ലെന്ന് അശ്ലീല ആംഗ്യത്തോടെ ഫാർമസിസ്റ്റ് പറഞ്ഞത്. പൊലീസ് സംഘത്തിലെ മറ്റുള്ളവർക്ക് ഫാർമസിസ്റ്റിനെ അറിയാമായിരുന്നതിനാൽ പോകാൻ അനുവദിച്ചു.

ഇതിന് ശേഷം തന്റെ ഡ്യൂട്ടി തടസപ്പെടുത്തി എന്നാരോപിച്ച് പൊലീസുകാരൻ ഫാർമസിസ്റ്റിന്റെ ഭർത്താവിന് എതിരേ ഇലവുംതിട്ട എസ്എച്ച്ഓ വിനോദ് കൃഷ്ണന് പരാതി നൽകുകയായിരുന്നു. പൊലീസുകാരന്റെ പരാതിയിൽ കേസ് എടുക്കാൻ നീക്കം തുടങ്ങിയതോടെ വനിതാ ഫാർമസിസ്റ്റ് സ്ത്രീത്വത്തെ അപമാനിച്ചതിന് ഇൻസ്പെക്ടർക്ക് പരാതി നൽകി. ഇപ്പോൾ ഭർത്താവിനെതിരേ കേസ് എടുക്കുമെന്ന് പറഞ്ഞ് ഫാർമസിസ്റ്റിനെ ഭീഷണിപ്പെടുത്തുകയാണ് പൊലീസ്. വനിതയുടെ പരാതി ആയിട്ടു കൂടി നീതി നൽകാതിരിക്കാനാണ് നീക്കം.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP