Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202416Tuesday

ഗ്രേവ് ക്രൈംസ് ആര് അന്വേഷിക്കുമെന്ന ചോദ്യത്തിന് ഉന്നത ഉദ്യോഗസ്ഥർക്ക് മറുപടിയി; പൊലീസ് സ്റ്റേഷൻ വിസിറ്റും ഇൻസ്പെക്ഷനും ഇനിയില്ല; സിഐ എന്ന പേരിൽ ഇനി എസ്ഐയുടെ പണി ചെയ്യണം; കേരളാ പൊലീസിലെ 196 സിഐമാരെ എസ്എച്ച്ഓ ആക്കികൊണ്ടുള്ള പണി പാളി; തുഗ്ലക് പരിഷ്‌കാരമെന്ന് ഉദ്യോഗസ്ഥർ

ഗ്രേവ് ക്രൈംസ് ആര് അന്വേഷിക്കുമെന്ന ചോദ്യത്തിന് ഉന്നത ഉദ്യോഗസ്ഥർക്ക് മറുപടിയി; പൊലീസ് സ്റ്റേഷൻ വിസിറ്റും ഇൻസ്പെക്ഷനും ഇനിയില്ല; സിഐ എന്ന പേരിൽ ഇനി എസ്ഐയുടെ പണി ചെയ്യണം; കേരളാ പൊലീസിലെ 196 സിഐമാരെ എസ്എച്ച്ഓ ആക്കികൊണ്ടുള്ള പണി പാളി; തുഗ്ലക് പരിഷ്‌കാരമെന്ന് ഉദ്യോഗസ്ഥർ

ശ്രീലാൽ വാസുദേവൻ

പത്തനംതിട്ട: കേരളാ പൊലീസിലെ സർക്കിൾ ഇൻസ്പെക്ടർമാരെ സ്റ്റേഷൻ ഹൗസ് ഓഫീസർമാരാക്കി (എസ്.എച്ച്.ഒ)കൊണ്ടുള്ള പരിഷ്‌കാരം ആരുടെ ബുദ്ധിയാണെന്ന് അറിയില്ല. പക്ഷേ, ഇതിനെ നമുക്ക് ശരിക്കും തുഗ്ലക്ക് പരിഷ്‌കാരമെന്ന് വിളിക്കാം. വിപുലമായ അധികാരങ്ങളുള്ള സർക്കിൾ ഇൻസ്പെക്ടർമാരെയാണ് ഇൻസ്പെക്ടർ ഓഫ് പൊലീസ് എന്ന വിളിപ്പേരോടു കൂടി പൊലീസ് സ്റ്റേഷൻ ഭരിക്കാൻ നിയോഗിച്ചിരിക്കുന്നത്. ഒന്നിലധികം സ്റ്റേഷനിൽ നിന്ന് ഒറ്റ സ്റ്റേഷനിലേക്ക് ഇവർ ചുരുങ്ങിയതോടെ, ഇതേ സർക്കിൾ പരിധിയിൽ വരുന്ന മറ്റു പൊലീസ് സ്റ്റേഷനുകളിൽ എസ്ഐമാർ എസ്എച്ച്ഓ ആയി തുടരും. നല്ല കാര്യം, പക്ഷേ, സിഐമാർ മാത്രം അന്വേഷിക്കേണ്ട ഗ്രേവ് ക്രൈംസ്, മാസത്തിൽ രണ്ടു തവണ നടത്തേണ്ട പൊലീസ് സ്റ്റേഷൻ സന്ദർശനം, വർഷത്തിൽ നാലു തവണ നടത്തേണ്ട പൊലീസ് സ്റ്റേഷൻ പരിശോധന എന്നിവയൊക്കെ ഇനി ആര് നോക്കുമെന്നതാണ് പ്രശ്നം. പരിഷ്‌കാരം നടപ്പിലായപ്പോഴാണ് അമളി മനസിലായത്. ഇനി പഴയതു പോലെ സിഐമാരുടെ അധികാരം പുനഃസ്ഥാപിച്ചാൽ തന്നെ ഇപ്പോഴത്തെ മാറ്റം എന്തിന് വേണ്ടി, ആർക്ക് വേണ്ടി എന്ന ചോദ്യമുയരും.

സംസ്ഥാനത്ത് 196 പൊലീസ് സ്റ്റേഷനുകളിലാണ് സർക്കിൾ ഇൻസ്പെക്ടർമാർ എസ്എച്ച്ഓമാരായി നവംബർ ഒന്നു മുതൽ എത്തിയിരിക്കുന്നത്. ഇനിമേലിൽ ഇവരുടെ ഔദ്യോഗിക പദവി ഇൻസ്പെക്ടർ ഓഫ് പൊലീസ് എന്നായിരിക്കുകയും ചെയ്യും. സിഐക്ക് ഒരു സർക്കിളിന് കീഴിലെ സ്റ്റേഷനുകളിലുള്ള കേസുകൾ കൈകാര്യം ചെയ്യുന്നതിനുള്ള അധികാര പരിധി ഒരു സ്റ്റേഷനിലേക്ക് മാത്രമാക്കി ചുരുക്കിയതോടെ മറ്റ് സ്റ്റേഷനുകളിലെ ഗ്രേവ് ക്രൈമുകളിൽ (സിഐമാർക്ക് മാത്രം അന്വേഷിക്കാവുന്ന കേസുകൾ) അന്വേഷണം ആര് നടത്തുമെന്ന കാര്യത്തിൽ അവ്യക്തത മാത്രം ബാക്കി. മിക്കയിടത്തും സിഐ ഓഫീസുകളുടെ കെട്ടിടം അടച്ചു പൂട്ടേണ്ടിയും വരും.

ഗ്രേവ് ക്രൈംസ് സർക്കിൾ ഇൻസ്പെക്ടർ മാത്രം അന്വേഷിക്കേണ്ട ഒന്നാണ്. ഇതിനായി ഒരു സംഭവം നടന്നാൽ ഉടൻ തന്നെ ജില്ലാ പൊലീസ് മേധാവിക്ക് എക്സ്പ്രസ് റിപ്പോർട്ട് നൽകണം. അതിന് ശേഷം അന്വേഷണം തുടങ്ങാം. അന്വേഷണം പൂർത്തിയായി കഴിഞ്ഞാൽ ഡിവൈഎസ്‌പിക്ക് റിപ്പോർട്ട് ചെയ്യണം. ഡിവൈഎസ്‌പിയാണ് അന്തിമ ഗ്രേവ് ക്രൈം റിപ്പോർട്ട് തയാറാക്കി എസ്‌പിക്ക് സമർപ്പിക്കേണ്ടത്. ഇതിനാണിപ്പോൾ മാറ്റം വന്നിരിക്കുന്നത്.

നേരത്തേ ഒരു സർക്കിൾ ഇൻസ്പെക്ടർക്ക് കീഴിൽ മൂന്നു വരെ പൊലീസ് സ്റ്റേഷനുകൾ ഉണ്ടായിരുന്നു. ഇവയുടെ പരിധിയിൽ വരുന്ന കൊലപാതകം, ഒരു ലക്ഷം രൂപയ്ക്ക് മുകളിലുള്ള കവർച്ച, സാമ്പത്തിക തട്ടിപ്പ്, ബലാൽസംഗം, പീഡനം, പോക്സോ തുടങ്ങിയ കേസുകൾ എല്ലാം തന്നെ അന്വേഷിക്കേണ്ടത് സിഐമാരായിരുന്നു. സിഐമാരെ അതാത് സ്റ്റേഷൻ ഹൗസ് ഓഫീസർമാരാക്കി മാറ്റിയതോടെ ഇനി ഇവർക്ക് ആ സ്റ്റേഷൻ പരിധിയിലുള്ള ഗ്രേവ് ക്രൈംസ് മാത്രമേ അന്വേഷിക്കാൻ കഴിയൂ. ഇതേ സർക്കിളിലുണ്ടായിരുന്ന മറ്റ് സ്റ്റേഷനുകളിൽ എസ്ഐമാർക്കായിരിക്കും ചുമതല. അവർക്കാകട്ടെ ഗ്രേവ് ക്രൈം രജിസ്റ്റർ ചെയ്യാനോ അന്വേഷിക്കാനോ ഉള്ള അധികാരമില്ല.

നേരത്തേ എസ്ഐമാർക്ക് കൂടുതൽ അധികാരങ്ങൾ ഉണ്ടായിരുന്നു. എന്നാൽ, മാറി വന്ന സർക്കാരുകൾ ഇവയിൽ പലതും എടുത്തു മാറ്റി സർക്കിൾ ഇൻസ്പെക്ടർമാർക്കും ഡിവൈഎസ്‌പിമാർക്കുമായി വീതിച്ചു നൽകി. സിഐമാരെ എസ്എച്ച്ഒമാരാക്കി കൊണ്ടുള്ള പരിഷ്‌കാരം നടപ്പിലായെങ്കിലും ഇതു മൂലമുള്ള ആശയക്കുഴപ്പം ഒഴിവായിട്ടില്ല. ഉദാഹരണമായി പത്തനംതിട്ട ജില്ലയിലെ മല്ലപ്പള്ളി എടുക്കാം. മല്ലപ്പള്ളി സിഐക്ക് കീഴിൽ കീഴ്‌വായ്പൂര്, പെരുമ്പെട്ടി എന്നീ സ്റ്റേഷനുകൾ ആയിരുന്നു ഉണ്ടായിരുന്നത്. പുതിയ പരിഷ്‌കാരം അനുസരിച്ച് മല്ലപ്പള്ളി സിഐ എന്ന പേര് മാറി കീഴ്‌വായ്പൂർ ഇൻസ്പെക്ടർ ഓഫ് പൊലീസ് ആയി. ഇതോടെ നഗരമധ്യത്തിലുള്ള സിഐ ഓഫീസ് അടച്ചു പൂട്ടേണ്ടി വരും. രണ്ടു കിലോമീറ്റർ മാറിയുള്ള കീഴ്‌വായ്പൂർ സ്റ്റേഷനിലാകും ഇൻസ്പെക്ടർ ഉണ്ടാവുക. മറ്റൊരു സ്റ്റേഷനായ പെരുമ്പെട്ടി ഇപ്പോൾ സ്വതന്ത്രമായി. അവിടെ അധികാരം എസ്ഐക്ക് തന്നെ.

പത്തനംതിട്ട ജില്ലാ ആസ്ഥാനത്ത് നേരത്തേ തന്നെ എസ്എച്ച്ഒ സർക്കിൾ ഇൻസ്പെക്ടർ ആയിരുന്നു. അതു കൊണ്ട് ഇവിടെ പ്രത്യേകിച്ച് മാറ്റം വരില്ല. എന്നാൽ, പത്തനംതിട്ട സിഐയുടെ കീഴിലുണ്ടായിരുന്ന മലയാലപ്പുഴ സ്റ്റേഷൻ സ്വതന്ത്രമായി മാറി. പൊലീസ് സ്റ്റേഷനുകളിൽ മാസത്തിൽ രണ്ടു തവണ വീതം സിഐ സന്ദർശനം നടത്തണമെന്നും വർഷത്തിൽ നാലു തവണ ഇൻസ്പെക്ഷൻ നടത്തണമെന്നുമുണ്ട്. ഇത് വളരെ പ്രധാനമായ ഒരു കീഴ്‌വഴക്കമാണ്. ഒരു സ്റ്റേഷന്റെ പോരായ്മയും ആവശ്യങ്ങളുമെല്ലാം പരിഹരിക്കപ്പെടുന്നത് ഇങ്ങനെ സന്ദർശനം നടത്തി സിഐമാർ നൽകുന്ന റിപ്പോർട്ടിലൂടെയായിരുന്നു. ഇനി അതും ഉണ്ടാകില്ല.

കൃത്യമായി പഠനം നടത്താതെ തിരക്കിട്ടാണ് സിഐമാരെ എസ്എച്ച്ഓ ആക്കി കൊണ്ടുള്ള ഉത്തരവ് നിലവിൽ വന്നത് എന്നാണ് പൊലീസിലെ തന്നെ ഉന്നത ഉദ്യോഗസ്ഥർ പറയുന്നത്. ഇനി പ്രത്യേക ഉത്തരവിലൂടെ സിഐമാർക്ക് മറ്റ് സ്റ്റേഷനിലെ ഗ്രേവ് കൈമ്രുകളുടെ ചുമതല നൽകിയാലും കുഴപ്പമാണ്. അപ്പോൾ പിന്നെ പഴയ സ്ഥിതി നിലവിൽ വരും. അടുത്ത മാസം വരെ മറ്റു സ്റ്റേഷനുകളിലെ ഗ്രേവ് ക്രൈം കൂടി അന്വേഷിക്കാൻ എസ്എച്ച്ഓമാരായ ഇൻസ്പെക്ടർമാർക്ക് വാക്കാൽ നിർദ്ദേശം നൽകിയിട്ടുണ്ട്. ഇതിന് നിയമസാധുത ഇല്ലെന്നും ചൂണ്ടിക്കാണിക്കപ്പെടുന്നു.

സിഐമാർ ലോക്കൽ സ്റ്റേഷനുകളിലേക്ക് ചുരുങ്ങിയപ്പോൾ ഏക്കർ കണക്കിന് വസ്തുക്കളും കെട്ടിടങ്ങളുമാണ് പൊലീസ് ഡിപ്പാർട്ട്മെന്റിന് വെറുതേ ഇടേണ്ടി വരിക. ഇതിനുള്ള പരിഹാരവും ആരും നിർദേശിച്ചിട്ടില്ല.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP