Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202418Thursday

സിഐമാർക്ക് ചുമതലയുള്ളത് 196 സ്റ്റേഷനുകൾക്ക്; 268 പൊലീസ് സ്റ്റേഷനുകളിൽ എസ്.ഐ.മാർക്കാണ് ചുമതലയെങ്കിലും കേസുകളിൽ മേൽനോട്ടം വഹിക്കേണ്ടത് അതത് ഡിവിഷനിലെ ഡിവൈഎസ്‌പിമാർ; എസ്‌ഐമാർക്ക് അന്വേഷിക്കാവുന്നതു കൊലക്കേസ് അടക്കം 26 ഇന കുറ്റകൃത്യങ്ങൾ; പരാതിയുമായി സ്റ്റേഷനിൽ എത്തുമ്പോൾ കാണേണ്ടത് എസ്.എച്ച്.ഒയെ തന്നെ; എസ്.എച്ച്.ഒയായി സിഐ ഇല്ലാത്തിടത്ത് എസ്‌ഐ മാർക്ക് തന്നെ പരാതി നൽകാം

സിഐമാർക്ക് ചുമതലയുള്ളത് 196 സ്റ്റേഷനുകൾക്ക്; 268 പൊലീസ് സ്റ്റേഷനുകളിൽ എസ്.ഐ.മാർക്കാണ് ചുമതലയെങ്കിലും കേസുകളിൽ മേൽനോട്ടം വഹിക്കേണ്ടത് അതത് ഡിവിഷനിലെ ഡിവൈഎസ്‌പിമാർ; എസ്‌ഐമാർക്ക് അന്വേഷിക്കാവുന്നതു കൊലക്കേസ് അടക്കം 26 ഇന കുറ്റകൃത്യങ്ങൾ; പരാതിയുമായി സ്റ്റേഷനിൽ എത്തുമ്പോൾ കാണേണ്ടത് എസ്.എച്ച്.ഒയെ തന്നെ; എസ്.എച്ച്.ഒയായി സിഐ ഇല്ലാത്തിടത്ത് എസ്‌ഐ മാർക്ക് തന്നെ പരാതി നൽകാം

മറുനാടൻ ഡെസ്‌ക്ക്

തിരുവനന്തപുരം: പൊലീസ് സ്‌റ്റേഷനിൽ കയറി പരാതി പറയാൻ പോകുമ്പോൾ എസ്‌ഐ സ്ഥലത്തുണ്ടോ? എന്നാണ് പൊതുവേ സാധാരണക്കാരനായ ഒരാൾ ചോദിക്കുക. അതായത് സ്‌റ്റേഷന്റെ ചുമതലക്കാരനായിരുന്ന വ്യക്തിയായാണ് പൊതുജനം എസ്‌ഐയെ കണ്ടത്. പുതുവൽസര ദിനത്തിൽ പൊലീസ് സ്‌റ്റേഷനുകളിലെ സംവിധാനം മാറിയതോടെ ഇനി മുതൽ സ്റ്റേഷന്റെ അധികാരി മാറുകയാണ്. ക്രമസമാധാന ചുമതലയിലുണ്ടായിരുന്ന സർക്കിൾ ഇൻസ്പെക്ടർമാരുടെ ഔദ്യോഗിക പേരിൽ അടക്കം മാറ്റം വന്നു.

ഇൻസ്പെക്ടർ സ്റ്റേഷൻ ഹൗസ് ഓഫീസർ അഥവാ 'ഇൻസ്പെക്ടർ എസ്.എച്ച്.ഒ.' (ഐ.എസ്.എച്ച്.ഒ.)എന്നതാണ് പുതിയ പേര്. പേരിന്റെ കാര്യത്തിൽ മാത്രമല്ല, ഇതുവരെ ഇവർ ഇരുന്നിരുന്ന കസേരയിൽ അടക്കം മാറ്റം ദൃശ്യമായി. ജസ്റ്റിസ് കെ.ടി. തോമസ് കമ്മിഷന്റെ നിർദ്ദേശം അനുസരിച്ചാണ് ഇപ്പോഴുണ്ടായ മാറ്റങ്ങൾ. ഇതനുസരിച്ചു എന്തു മാറ്റാണ് ഉണ്ടായിരിക്കുന്നത് എന്ന കാര്യത്തിൽ കൂടുതൽ വ്യക്തത പൊലീസുകാർ തന്നെ മനസിലാക്കി വരുന്നേയുള്ളൂ. ജോലി സംബന്ധിച്ച കാര്യത്തിലാണ് കൂടുതൽ വ്യക്തതകൾ വരേണ്ടത്.

ഇക്കാര്യത്തിൽ വ്യക്തത വരുത്താൻ വേണ്ടി ഡിസംബർ 30-ന് വൈകീട്ട് ഡി.ജി.പി. ലോക്നാഥ് ബെഹ്റ ഈ വിഷയത്തിൽകൂടി ഉത്തരവിറക്കി. ഇതിൽ പറയുന്ന ത് ഇങ്ങനെയാണ്: കൊലക്കേസ് ഉൾപ്പെടെയുള്ള 26 ഇന കുറ്റകൃത്യങ്ങൾ ലോക്കൽ സ്റ്റേഷനിലെ എസ്.ഐ.മാർതന്നെ അന്വേഷിക്കണം. എന്നാൽ, കുറ്റകൃത്യം നടന്ന് ആദ്യദിനത്തിലെ അന്വേഷണം സിഐ റാങ്കിലുള്ള 'ഇൻസ്പെക്ടർ എസ്.എച്ച്.ഒ.' ആണ് നടത്തേണ്ടത്. തുടർന്ന് എസ്.ഐ.യ്ക്ക് കേസ് കൈമാറണം. എസ്.ഐ. അന്വേഷിച്ചശേഷം അന്തിമറിപ്പോർട്ട് 'ഇൻസ്പെക്ടർ എസ്.എച്ച്.ഒ.' പുനഃപരിശോധന നടത്തിവേണം കോടതിയിൽ സമർപ്പിക്കാൻ.

471 പൊലീസ് സ്റ്റേഷനുകളുടെ ചുമതലക്കാർ ആര്?

നിലവിൽ സംസ്ഥാനത്ത് 471 പൊലീസ് സ്റ്റേഷനുകളാണ് ഉള്ളത്. പുതിയ സംവിധാനത്തോടെ 196 സ്റ്റേഷനുകളിലാണ് ഇൻസ്പെക്ടർ എസ്.എച്ച്.ഒ.മാരുള്ളത്. അതായത് സർക്കിൾ ഇൻസ്പെക്ടർ എസ്.എച്ച്.ഒ. എല്ലാ പൊലീസ് സ്‌റ്റേഷനുകളിലും എസ്എച്ച്ഒമാർ നിലവിലില്ല. അങ്ങനെ വരുമ്പോൾ അവിടെ എസ്‌ഐമാർക്കു തന്നെയാണ് ചുമതല. ഇത്തരത്തിൽ 268 പൊലീസ് സ്റ്റേഷനുകളിൽ എസ്.ഐ.മാർക്കാണ് ചുമതല. എന്നാൽ ഇവിടെയുള്ള പ്രധാന മാറ്റം എന്താണെന്നു വച്ചാൽ ഇവർ അന്വേഷിക്കുന്ന ചെറുതും വലുതുമായ കേസുകളിൽ നിത്യേന അതത് സബ് ഡിവിഷനിലെ ഡിവൈ.എസ്‌പി.മാർ മേൽനോട്ടം വഹിക്കണം.

'ഇൻസ്പെക്ടർ എസ്.എച്ച്.ഒ.' ചുമതലക്കാരനായ പൊലീസ് സ്റ്റേഷനുകളിൽ ക്രമസമാധാനപ്രശ്നങ്ങൾ നോക്കാനും കുറ്റാന്വേഷണം നടത്താനും രണ്ട് എസ്.ഐ.മാർ പ്രത്യേകമായി ഉണ്ടാകും. ഇതോടെ പൊതുജനങ്ങൾക്കും കൂടുതൽ പ്രയോജനപ്രദമാകുമെന്നാണ് വിലയിരുത്തൽ. ഈ കൂട്ടത്തിൽ നേരിട്ട് എസ്.ഐ. നിയമനം ലഭിച്ച സീനിയർ ഉദ്യോഗസ്ഥനാകും ക്രമസമാധാനച്ചുമതല വഹിക്കു. ഏഴ് സ്റ്റേഷനുകളിൽ നേരത്തേ സിഐമാർക്ക് സ്റ്റേഷൻചുമതല നൽകിയിരുന്നു. വർഷങ്ങൾക്കുശേഷം വീണ്ടും പൊലീസ് സ്റ്റേഷന്റെ ചുമതലക്കാരനായി എത്തുന്ന സിഐമാർക്ക് മൂന്ന് മേഖലകളിലായി പ്രത്യേകപരിശീലനം നൽകുന്നുണ്ട്. ഭാവിയിൽ മുഴുവൻ സ്റ്റേഷനുകളിലും സിഐ എസ്എച്ച്ഒമാരെ നിയമിക്കാനാണ് സർക്കാർ നീക്കം.

സാധാരണക്കാർ പൊലീസ് സ്‌റ്റേഷനിൽ ആർക്ക് പരാതി നൽകണം

സിഐമാർ എസ്എച്ച്ഒമാരായി സ്ഥാനമേറ്റെടുക്കുന്നതോടെ വിവിധ ആവശ്യങ്ങൾക്കായി സ്റ്റേഷനുകളിലെത്തുന്നവർക്ക് സംശയങ്ങൾ ബാക്കിയാവുകയാണ്. നേരത്തെ പരാതി നൽകിയിരുന്നത് എസ്എച്ഒമാരായിരുന്ന എസ്‌ഐക്കാണ്. ഇപ്പോൾ സിഐ എസ്എച്ഒയായി ചുമതലയേറ്റെടുക്കുമ്പോൾ സി.ഐ ഇല്ലാത്ത ലോക്കൽ സ്റ്റേഷനുകളിൽ ആർക്കാണ് പരാതി നൽകേണ്ടത്. അപ്പോൾ ഇനി എസ്‌ഐമാർ എന്ത് ചുമതലയാണ് വഹിക്കുക. ഇത്തരം സംശയങ്ങളാണ് ഉയരുന്നത്.

എസ്എച്ചഒമാരായി സർക്കിൾ ഇൻസ്‌പെകർമാരില്ലാത്ത സ്റ്റേഷനിൽ പരാതിയും മറ്റും നൽകാൻ എത്തുന്നവർക്ക് നിലവിലെ സാഹചര്യത്തിൽ എസ്‌ഐക്ക് തന്നെ നൽകാവുന്നതാണ്. ഇപ്പോൾ എസ്എച്ച്ഒ ചുമതല വഹിക്കുന്ന എസ്‌ഐമാർക്ക് ഇനി സർക്കിൾ ഇൻസ്‌പെക്ടർമാർ ചാർജെടുക്കുമ്പോൾ ക്രമസമാധാന പരിപാലനം, ക്രൈം എന്നിങ്ങനെ വീതിച്ച് നൽകും. ആദ്യ ഘട്ടത്തിൽ ചില സംശയങ്ങൾക്ക് സാധ്യതയുണ്ടെങ്കിലും എല്ലാ സ്റ്റേഷനുകളിലും എസഎച്ച്ഒമാർ നിയമതരാവുന്നതോടെ പ്രശ്‌നം പരിഹരിക്കപ്പെടും.

പ്രകാശ് സിങ് കേസിലെ സുപ്രിംകോടതി വിധിയും പൊലീസ് സംവിധാനം ആധുനികവൽകരിക്കുന്നതിന് സർക്കാർ നിയോഗിച്ച ജസ്റ്റിസ് കെ ടി തോമസ് കമ്മീഷന്റെ ശുപാർശകളും പൊലീസ് സ്റ്റേഷനുകളിൽ കുറ്റാന്വേഷണവും ക്രമസമാധാനവും വേർതിരിക്കണമെന്ന് നിർദ്ദേശിച്ചിരുന്നു. ഇതനുസരിച്ച് ഓരോ സ്റ്റേഷനിലും ക്രമസമാധാനപാലനത്തിനും കുറ്റാന്വേഷണത്തിനും പ്രത്യേകം പ്രത്യേകം ചുമതലയുള്ള എസ്ഐമാർ ഉണ്ടാവണം. ഒപ്പം കൂടുതൽ അനുഭവപരിചയമുള്ള മുതിർന്ന ഉദ്യോഗസ്ഥൻ സ്റ്റേഷൻ ഹൗസ് ഓഫിസറായും വരണം. ഈ ലക്ഷ്യത്തോടെയാണ് പുതിയ സംവിധാനം നിലവിൽവരുന്നത്.

ഇതനുസരിച്ച് എല്ലാ സ്റ്റേഷനുകളിലും സ്റ്റേഷൻ ഹൗസ് ഓഫിസർമാരായി ഇൻസ്പെക്ടർ റാങ്കിലുള്ളവരെ നിയമിക്കുന്നതിന് സർക്കാർ തീരുമാനിച്ചിരുന്നു. ആദ്യഘട്ടമായി നിലവിലുള്ള 196 സിഐ പോസ്റ്റുകൾ 196 പൊലീസ് സ്റ്റേഷനുകളിലേക്ക് മാറ്റുകയും ചെയ്തു. ഇത് നടപ്പിൽവരുത്തുന്നതിനുള്ള വിശദമായ നിർദ്ദേശങ്ങളാണ് ഇപ്പോൾ പുറപ്പെടുവിച്ചിട്ടുള്ളത്.

ഇതോടെ ഇനിമുതൽ സംസ്ഥാനത്ത് പൊലീസ് സർക്കിൾ ഇൻസ്പെകടർ ഓഫിസുകൾ ഇല്ലാതാവും. 196 സ്റ്റേഷനുകളിൽ ചുതലയേൽക്കുന്ന ഇൻസ്പെക്ടർമാർ, ഇൻസ്പെക്ടർ എസ്എച്ച്ഒ എന്നാവും അറിയപ്പെടുക. എസ്എച്ച്ഒമാരായി ഇൻസ്പെക്ടർമാർ നിലവിലുണ്ടായിരുന്ന ഏഴ് സ്റ്റേഷനുകളിലും പുതുതായി ഇൻസ്പെക്ടർ എസ്എച്ച്ഒമാർ വരുന്ന 196 സ്റ്റേഷനുകളിലും ഇനിമുതൽ ക്രമസമാധാനത്തിനും കുറ്റാന്വേഷണത്തിനും പ്രത്യേകം എസ്ഐമാരുടെ ചുമതലയിൽ രണ്ടു ഡിവിഷനുകൾ ഉണ്ടാവും.

ഇതിൽ ഏറ്റവും സീനിയറായ എസ്ഐക്കായിരിക്കും ക്രമസമാധാന ചുമതല. ജില്ലാ പൊലീസ് മേധാവിക്ക് കൂടുതൽ മികച്ച പ്രവർത്തനത്തിന് ആവശ്യമെങ്കിൽ എസ്ഐമാരുടെ ക്രമസമാധാന കുറ്റാന്വേഷണ ചുമതലകളിൽ മാറ്റം വരുത്താം. എസ്ഐമാർ എസ്എച്ച്ഒമാരായ ബാക്കി 268 സ്റ്റേഷനുകളിൽ അവരുടെ മേൽനോട്ട ചുമതല ഇനിമുതൽ ബന്ധപ്പെട്ട സബ്ഡിവിഷനൽ ഓഫിസർമാർ (ഡിവൈഎസ്‌പി)ക്കായിരിക്കും. എല്ലാ സ്റ്റേഷനിലും ഇൻസ്പെക്ടർ എസ്എച്ച്ഒ സംവിധാനം നിലവിൽവരുന്നതുവരെ ഈ രീതി തുടരും.

പുതിയ ഇൻസ്പെക്ടർ എസ്എച്ച്ഒമാർ നിലവിൽ അവർ ഉപയോഗിച്ചുവന്നിരുന്ന വാഹനവും മൊബൈൽ ഫോണും തുടർന്നും ഉപയോഗിക്കണം. സർക്കിൾ ഓഫിസുകൾക്കായി നിലവിൽ സർക്കാർ സൃഷ്ടിച്ച തസ്തികകൾ ബന്ധപ്പെട്ട ഇൻസ്പെക്ടർ എസ്എച്ച്ഒ സ്റ്റേഷനിലേക്ക് മാറ്റിയിട്ടുണ്ട്. പുതിയ സംവിധാനം നിലവിൽവരുമ്പോൾ ക്രമസമാധാനവുമായി ബന്ധപ്പെട്ട കേസുകളുടെ അന്വേഷണം, ഗതാഗത പരിപാലനം, അത്തരം വിഷയങ്ങളിൽ സ്വമേധയാ കേസെടുക്കൽ തുടങ്ങിയവ ഇൻസ്പെക്ടർ എസ്എച്ച്ഒ സ്റ്റേഷനിലെ പുതിയ ക്രമസമാധാന ഡിവിഷന്റെ ചുമതലയാണ്.

മറ്റു സ്റ്റേഷനിലെ ക്രമസമാധാന പാലനത്തിന് സബ്ഡിവിഷനൽ ഓഫിസർമാർ നേരിട്ട് മേൽനോട്ടം വഹിക്കണം. ഇൻസ്പെക്ടർ എസ്എച്ച്ഒ സ്റ്റേഷനിലെ ആകെ അംഗസംഖ്യയുടെ മൂന്നിലൊന്ന് അംഗങ്ങൾ ആ സ്റ്റേഷന്റെ ക്രൈം ഡിവിഷനിൽ ഉണ്ടായിരിക്കും. എസ്ഐ, എഎസ്ഐ, സീനിയർ സിവിൽ പൊലീസ് ഓഫിസർമാർ എന്നിവരടങ്ങുന്നതാവണം ക്രൈം ഡിവിഷൻ. ജില്ലാ പൊലീസ് മേധാവിമാരാണ് ഇവരെ തിരഞ്ഞെടുക്കുന്നത്. കുറ്റാന്വേഷണം കൂടുതൽ ഫലപ്രദമാക്കുക എന്നതാണ് ഇതുവഴി ലക്ഷ്യമിടുന്നത്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP