Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

തിരുവസ്ത്രത്തെ മറയാക്കി അച്ചന്മാർ നേരിട്ട് വിദ്യാഭ്യാസ കച്ചവടത്തിന് കമ്മീഷൻ വാങ്ങി ഇറങ്ങുമ്പോൾ മൗനാനുവാദം നൽകി കേരളത്തിലെ സഭകൾ; കുഞ്ഞാടുകളെ വലയിലാക്കാൻ വികാരിമാരെ മുൻനിർത്തി കർണാടകത്തിലെ പ്രൊഫഷണൽ കോഴ്സ് സീറ്റുവിൽപന മാഫിയ; സീസണായതോടെ അച്ചന്മാരുടെ ചിത്രങ്ങളുൾപ്പെടെ നൽകി പത്രപരസ്യങ്ങളും പള്ളികളിലും സ്‌കൂളുകളിലും കരിയർ ഗൈഡൻസ് ക്ളാസുകളും

തിരുവസ്ത്രത്തെ മറയാക്കി അച്ചന്മാർ നേരിട്ട് വിദ്യാഭ്യാസ കച്ചവടത്തിന് കമ്മീഷൻ വാങ്ങി ഇറങ്ങുമ്പോൾ മൗനാനുവാദം നൽകി കേരളത്തിലെ സഭകൾ; കുഞ്ഞാടുകളെ വലയിലാക്കാൻ വികാരിമാരെ മുൻനിർത്തി കർണാടകത്തിലെ പ്രൊഫഷണൽ കോഴ്സ് സീറ്റുവിൽപന മാഫിയ; സീസണായതോടെ അച്ചന്മാരുടെ ചിത്രങ്ങളുൾപ്പെടെ നൽകി പത്രപരസ്യങ്ങളും പള്ളികളിലും സ്‌കൂളുകളിലും കരിയർ ഗൈഡൻസ് ക്ളാസുകളും

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: പ്ളസ് ടു പരീക്ഷാഫലം കേരളത്തിൽ പുറത്തുവന്നതോടെ തിരുവസ്ത്രത്തെ മറയാക്കി പ്രൊഫഷണൽ കോഴ്സുകളിലേക്ക് ആളെ പിടിക്കാനുള്ള തന്ത്രങ്ങൾ ആസൂത്രണം ചെയ്ത് സീറ്റ് കച്ചവട മാഫിയ സജീവമായി. പ്ളസ് ടു പരീക്ഷ കഴിഞ്ഞതോടെ തന്നെ പള്ളികളുടേയും അതുമായി ബന്ധപ്പെട്ട വിദ്യാഭ്യാസ സ്ഥാപനങ്ങളുടേയും പേരിൽ അച്ചന്മാരെ മുൻനിർത്തി കരിയർ ഗൈഡൻസ് ക്ളാസുകൾ ഉൾപ്പെടെ സംഘടിപ്പിച്ച് കർണാടകത്തിലെ പ്രൊഫഷണൽ കോഴ്സുകളിലേക്കുള്ള സീറ്റ് കച്ചവടം കൊഴുപ്പിക്കാനുള്ള ആദ്യ നീക്കം തുടങ്ങിയിരുന്നു.

റിസൽട്ട് വന്നതോടെ കുഞ്ഞാടുകളെ പിടിക്കാൻ അഡ്‌മിഷൻ സംബന്ധിച്ച പരസ്യങ്ങളും അച്ചന്മാരുടെ ചിത്രങ്ങൾ സഹിതം നൽകിയാണ് സീറ്റ് മോഹികളെ ആകർഷിക്കാനുള്ള നീക്കം തുടങ്ങിയിട്ടുള്ളത്. ഇത്തരത്തിൽ ആദ്യ പരസ്യവും കഴിഞ്ഞ ദിവസം പത്രങ്ങളിലൂടെ പുറത്തുവന്നു. പ്രാഫഷണൽ കോഴ്സ് അഡ്‌മിഷൻ പരസ്യങ്ങൾ വരുന്നതോടെ പത്രമാധ്യമങ്ങൾക്കും ഇത് വൻ വരുമാനത്തിന് വഴിയൊരുക്കും. അതിനാൽ എല്ലാ വർഷത്തേയും പോലെ ഇക്കാലത്തും അരങ്ങേറുന്ന സീറ്റു കച്ചവടമെന്ന കോടികളുടെ തട്ടിപ്പ് കണ്ടില്ലെന്ന് നടിക്കുകയാണ് മാധ്യമ മുതലാളിമാരും.

അടുത്തിടെയായി വിദ്യാർത്ഥികളെയും അവരുടെ മാതാപിതാക്കളെയും വിശ്വാസത്തിൽ എടുക്കാൻ നൂതന രീതിയിൽ ഉള്ള അഡ്‌മിഷൻ പ്രവർത്തനങ്ങളാണ് ഇവർ ആസൂത്രണം ചെയ്തിട്ടുള്ളത്. വിദ്യാഭ്യാസ രംഗത്ത് ക്രിസ്ത്രീയ സ്ഥാപനങ്ങൾ കാലങ്ങളായി ആർജിച്ച വിശ്വാസത മുതലെടുത്തുകൊണ്ട് ചില അച്ചന്മാരെ തന്നെ മുൻനിർത്തിയാണ് സീറ്റ് കച്ചവടത്തിന് തന്ത്രം മെനഞ്ഞിട്ടുള്ളത്.

ക്രിസ്തീയ സഭകളിലെ വികാരിമാരെയും പാസ്റ്റർമാരെയും കൂട്ടുപിടിച്ച് അഡ്‌മിഷൻ ഏജന്റുമാർ സഭയുടെ അല്ലെങ്കിൽ പള്ളികളുടെ കീഴിൽ പ്രവർത്തിക്കുന്ന യുവജന പ്രസ്ഥാനത്തിന്റെ മറവിൽ കരിയർ ഗൈഡൻസ് സെമിനാർ കേരളത്തിന്റെ അങ്ങോളമിങ്ങോളം ഇപ്പോൾ നടത്തുന്നുണ്ട്. വികാരിമാരും പാസ്റ്റർമാരും ഇടനിലക്കാർ ആകുമ്പോൾ ആളുകൾക്ക് കൂടുതൽ വിശ്വാസം ഉണ്ടാകും.

ഇത് മുതലെടുത്താണ് ഇപ്പോൾ ഈ സംഘങ്ങൾ പലരും പുരോഹിതരെയും പാസ്റ്ററുമാരെയും കൂട്ടുപിടിക്കുന്നത്. സഭകളുടെ കീഴിലുള്ളതുൾപ്പെടെ സ്‌കൂളുകളിലും എൻട്രൻസ് കോച്ചിങ് സ്ഥാപനങ്ങളിലും ചെന്ന് അഡ്‌മിഷൻ ഏജന്റുമാർ സ്‌കോളർഷിപ് പരീക്ഷ നടത്തുകയും പരീക്ഷയിൽ നല്ല മാർക്ക് കരസ്ഥമാക്കുന്നവർക്ക് ഗവണ്മെന്റ് ഫീസിൽ അവരുടെ കോളേജിൽ അഡ്‌മിഷൻ കിട്ടും എന്ന് പറഞ്ഞു വിശ്വസിപ്പിക്കുകയും ചെയ്യുന്നതാണ് ആദ്യപടി.

ആത്മീയ ഉപദേശ ട്രസ്റ്റ് സീറ്റ് കച്ചവടത്തിന്റെ കേന്ദ്രമായി മാറുമ്പോൾ

ഇതിന്റെ അടുത്ത ഘട്ടമെന്ന നിലയിൽ പത്രങ്ങളിൽ ഉൾപ്പെടെ പരസ്യവും നൽകിത്തുടങ്ങി. കർണാടകത്തിൽ പ്രൊഫഷണൽ കോഴ്സുകളിൽ പ്രവേശനം നൽകുന്നതിന് കർണാടക പ്രൊഫഷണൽ കോളേജ് സ്റ്റുഡന്റ്സ് വെൽഫെയർ ട്രസ്റ്റിന്റെ പേരിലുള്ള പരസ്യമാണ് കഴിഞ്ഞദിവസം പത്രത്തിൽ പ്രത്യക്ഷപ്പെട്ടത്. വൈദികരുടേയും അഡ്‌മിഷൻ രംഗത്തെ പ്രമുഖരുടേയും കൂട്ടായ്മയെന്ന് വ്യക്തമാക്കിയാണ് മംഗലാപുരം, ഉഡുപ്പി, ഷിമോഗാ, സുള്ള്യ എന്നിവിടങ്ങളിൽ അഡ്‌മിഷൻ നൽകുമെന്ന് വ്യക്തമാക്കി പരസ്യം നൽകിയത്.

ഫാദർ വർഗീസ് പടിഞ്ഞാറേക്കര പ്രസിഡന്റായ ട്രസ്റ്റിന്റെ പരസ്യത്തിൽ അദ്ദേഹത്തിന്റെ ഫോൺ നമ്പരുകളും നൽകിയിട്ടുണ്ട്. അദ്ദേഹത്തെ വിളിച്ച് അന്വേഷിച്ചപ്പോഴും അഡ്‌മിഷന് വേണ്ട സഹായങ്ങൾ ചെയ്യാമെന്ന് അറിയിക്കുകയും ഇക്കാര്യത്തിനായി പരസ്യത്തിൽ നൽകിയ മറ്റു നമ്പരുകളിൽ ബന്ധപ്പെടാമെന്നും നിർദ്ദേശിക്കുകയാണ് ചെയ്യുന്നത്.

ട്രസ്റ്റുമായി ബന്ധപ്പെടുന്ന എല്ലാ വിദ്യാർത്ഥികൾക്കും ആദ്യവർഷം തന്നെ ഫീസിൽ ഇളവ് നൽകുമെന്നും വാഗ്ദാനം ചെയ്താണ് പരസ്യം. യാക്കോബായ സഭയിലെ അംഗമായ ഫാദർ വർഗീസിനെ മംഗലാപുരം, മണിപ്പാൽ മേഖലയിൽ ഉള്ള വിശ്വാസികളായ വിദ്യാർത്ഥികൾക്ക് ആത്മീയ ഉപദേശങ്ങൾ നൽകുന്നതിനായി ചുമതലയേൽപിച്ചുകൊണ്ടാണ് ഈ ട്രസ്റ്റ് രൂപീകരിച്ചത്.

എന്നാൽ ഇപ്പോൾ പ്രധാനമായും കണ്ണൂർ, കോഴിക്കോട്, വയനാട് ജില്ലകളിലെ ആവശ്യക്കാർക്ക് കർണാടകത്തിൽ പ്രൊഫഷണൽ കോഴ്സുകളിൽ സീറ്റ് സംഘടിപ്പിച്ചു കൊടുക്കുകയാണ് ട്രസ്റ്റിന്റെ പ്രധാന പരിപാടികൾ എന്ന നിലയിലേക്ക് കാര്യങ്ങൾ മാറിയിരിക്കുകയാണ്. യാക്കോബൈറ്റ് സിറിയൻ ചർച്ചിന്റെ എജുക്കേഷണൽ കൗൺസിൽ മാനേജരാണ് ഫാ. വർഗീസ് പടിഞ്ഞാറേക്കര. വിദ്യാർത്ഥി ക്ഷേമത്തിന് എന്ന പേരിലാണ് ട്രസ്റ്റ് രൂപീകരിച്ചതെങ്കിലും ഇപ്പോൾ സീറ്റു കച്ചവടത്തിന്റെ ദല്ലാൾ എന്ന നിലയിലാണ് സംഘത്തിന്റെ പ്രവർത്തനം.

ട്രസ്റ്റിന്റെ വിലാസമായി നൽകിയിരിക്കുന്നത മംഗലാപുരം റെയിൽവെ സ്റ്റേഷൻ പരിസരത്തുള്ള ട്രിനിറ്റി ബിൽഡിംഗാണ്. മെഡിക്കൽ, ഡെന്റൽ എൻജിനീയറിങ്, ഫാർമസി, ആയുർവേദ, ഹോമിയോ, നഴ്സിങ് തുടങ്ങി ഒപ്റ്റോമെട്രിയും റേഡിയോഗ്രാഫിയുമുൾപ്പെടെ സർവവിധ പ്രൊഫഷണൽ കോഴ്സുകളിലേക്കും പ്രവേശനത്തിന് സഹായം നൽകുമെന്ന് വ്യക്തമാക്കിയാണ് ട്രസ്റ്റിന്റെ പരസ്യം.

കേരളത്തിൽ നിന്നുള്ള ആവശ്യക്കാരെ പിടിക്കാൻ എല്ലാ ഏജന്റുമാരുടേയും കൂട്ടായ്മ പ്രവർത്തിക്കുന്നത് മംഗലാപുരത്തെ ട്രിനിറ്റി ബിൽഡിങ് കേന്ദ്രീകരിച്ചാണ്. ഇവിടെ തന്നെയാണ് ട്രസ്റ്റിന്റേയും വിലാസങ്ങൾ. ഏജന്റുമാർ ഓരോ വർഷവും ഈ സീസൺകാലത്ത് ഓരോ പേരിൽ ഇവിടെ ഓഫീസ് തുറക്കുകയും അഡ്‌മിഷൻ കാലം കഴിഞ്ഞാൽ അത് പൂട്ടുകയുമാണ് പതിവ്. ഇക്കുറിയും ഇതിനുള്ള നീക്കങ്ങൾ ഇതിനകം സജീവമായിട്ടുണ്ട്.

റോബിൻ അച്ചൻ നടത്തിയ കച്ചവടത്തിന് കച്ചമുറുക്കി ഇപ്പോൾ നിരവധി അച്ചന്മാർ

കൊട്ടിയൂർ പീഡനക്കേസിൽ അകപ്പെട്ട് ഇപ്പോൾ ജയിലിലുള്ള റോബിൻ അച്ചനും മുൻകാലങ്ങളിൽ സീറ്റുകച്ചവടം ഉണ്ടായിരുന്നുവെന്നത് പരസ്യമായ രഹസ്യമാണ്. സഭാ മേലധ്യക്ഷന്മാരുടെ മൗനാനുവാദത്തോടെയാണ് ഇത്തരം കച്ചവടങ്ങൾ നടക്കുന്നതെന്നും ആക്ഷേപം ശക്തമാണ്. ഇതിനിടെയാണ് ഇക്കുറിയും പല കേന്ദ്രങ്ങളിലും അച്ചന്മാരെ മുൻനിർത്തി സീറ്റുകച്ചവടത്തിന് ചരടുവലികൾ നടത്തുന്നത്. എന്നാൽ ഇക്കുറി നീറ്റ് പരീക്ഷ വന്നതോടെ മെഡിക്കൽ, ഡെന്റൽ വിഭാഗങ്ങളിൽ അഡ്്മിഷന് അവസരമൊരുക്കി കോടികൾ കൊയ്യാമെന്ന മോഹം നടക്കാത്ത സ്ഥിതിയാണ്. നീറ്റ് എഴുതിയവർക്ക് മാത്രമേ ഈ കോഴ്സുകളിൽ പ്രവേശനം ലഭിക്കൂ. ഇതിൽ തന്നെ നിർദിഷ്ട മാർക്ക് ലഭിക്കണമെന്ന നിബന്ധന വന്നേക്കുമെന്നും അഭ്യൂഹങ്ങളുണ്ട്.

ഏറ്റവുമധികം പണം ഏജന്റുമാർക്ക് വന്നുവീഴുന്നത് ഈ രണ്ടു കോഴ്സുകളിലുമാണ്. അതിനാൽ തന്നെ ഇക്കുറി ഇതിലെ കച്ചവട സാധ്യത കുറയുമെന്നതിനാലാണ് പരമാവധി അച്ചന്മാരെ കൂട്ടുപിടിച്ച് വിശ്വാസമാർജിക്കാനും കൂടുതൽ സീറ്റുകളിലേക്ക് ആളെ പിടിക്കാനും നീക്കം സജീവമായിട്ടുള്ളത്. എത്രത്തോളം തുക മറിയുന്നോ അതിന്റെ നിശ്ചിത ശതമാനം അച്ചന്മാർക്ക് കമ്മീഷനായി ലഭിക്കുമെന്നതിനാൽ നിരവധി പേർ പല സഭകളിൽ നിന്നും ഇക്കാര്യത്തിൽ സജീവമായി കച്ചവടത്തിന് ഇറങ്ങിയിട്ടുണ്ട്.

കഴിഞ്ഞവർഷം കേരളത്തിലെ എഞ്ചിനീയറിങ് കോളേജുകൾ സീറ്റുകൾ നിറയ്ക്കാൻ പെടാപ്പാട് പെട്ടപ്പോൾ കർണാടകത്തിലെ എഞ്ചിനീയറിങ് കോളേജുകൾ ആകട്ടെ 75 ശതമാനത്തിൽ മേലെ സീറ്റുകൾ നിറഞ്ഞു. മറ്റു പ്രൊഫഷണൽ കോഴ്സുകളിലും കേരളത്തിലെ കോളേജുകളെക്കാളും കർണാടകയിലെ കോളേജുകളിൽ നല്ല ശതമാനം എന്റോൾമെന്റ് ഉണ്ടായിരുന്നു. ഇക്കുറി മെഡിക്കൽ, ഡെന്റൽ കോഴ്സുകൾക്കെല്ലാം നീറ്റ് പരീക്ഷ അടിസ്ഥാന മാനദണ്ഡമാണെന്നിരിക്കെ ഇതിൽ പ്രവേശനം നൽകാനാവുമോ എ്ന്ന് ഉറപ്പില്ലെങ്കിലും സീറ്റിനായി സമീപിക്കുന്നവരെ നമുക്ക് സംഘടിപ്പിക്കാമെന്ന ഉറപ്പുനൽകി പണം വാങ്ങിത്തുടങ്ങിയതായാണ് വിവരം.

കേരളത്തിൽ 32 മെഡിക്കൽ കോളേജ്, 164 എഞ്ചിനീയറിങ് കോളേജ് എന്നിവയാണ് നിലവിൽ പ്രവർത്തിക്കുന്നത്. കർണാടകത്തിൽ 55 മെഡിക്കൽ കോളേജ്, 192 എഞ്ചിനീയറിങ് കോളേജ്, 274 നഴ്സിങ് കോളേജ് എന്നിവ നിലവിൽ പ്രവർത്തിക്കുന്നുണ്ട്. കർണാടകത്തിലെ കോളേജുകളിൽ സീറ്റ് നിറയാൻ പ്രധാന കാരണം കോളേജ് ലോബികൾക്ക് വേണ്ടി പ്രവർത്തിക്കുന്ന സ്ത്രീകൾ ഉൾപെടെയുള്ള ഹൈടെക് ഏജന്റുമാർ ആണ്.

ബംഗളൂരു, ബൽഗാം, റയ്ച്ചൂർ, ബിജാപുർ, ധാർവാഡ്, മൈസൂർ, ഷിമോഗ, ഹാസൻ, കൊപ്പൽ, ഉഡുപ്പി, മംഗലാപുരം എന്നീ സ്ഥലങ്ങളിൽ ഉള്ള കോളേജ് ലോബികൾക്കു വേണ്ടി ആണ് അഡ്‌മിഷൻ ഏജന്റുമാർ പ്രവർത്തിക്കുന്നത്. ബംഗളൂരുവും മംഗലാപുരവും ആണ് ഏജന്റുമാരുടെ കർണടാകത്തിലെ ആസ്ഥാന കേന്ദ്രങ്ങൾ. എഡ്യൂക്കേഷണൽ കൺസൾട്ടൻസി എന്ന പേരിലാണ് മംഗലാപുരത്തും ബംഗളൂരുവിലും ഇവരുടെ ഓഫീസുകളുടെ പ്രവർത്തനം. ഇവരുടെ കെണിയിൽ വീണ് പണം കൈമാറിയാൽ പിന്നെ അത് തിരിച്ചുകിട്ടില്ലെന്ന് അറിയാതെയാണ് പലരും വലയിൽ അകപ്പെടുന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP