Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

നാല് ദിവസത്തെ ദുരിതപ്പെയ്ത്തിന് ശമനമായി സംസ്ഥാനത്ത് മഴ കുറഞ്ഞു; കേരളത്തിൽ ഒരിടത്തും തിങ്കളാഴ്ച റെഡ് അലർട്ട് ഇല്ല; ആറ് ജില്ലകളിൽ ഓറഞ്ച് അലർട്ട്; കൊല്ലത്തും തൃശ്ശൂരിലും നാളെ ഇടിയോടെയുള്ള മഴയെന്ന് പ്രവചനം; തീരദേശ മേഖലയിൽ മൂന്ന് മീറ്റർ ഉയരത്തിൽ തിരയെത്തും; മഴക്കെടുതിയിൽ മരണസംഖ്യ 76; 1639 ദുരിതാശ്വാസ ക്യാമ്പുകളിലായി രണ്ടരലക്ഷം പേർ; റെയിൽ - റോഡ് ഗതാഗതം പുനഃസ്ഥാപിച്ചു; കേരളം ആശ്വാസ തീരത്തേക്ക്

നാല് ദിവസത്തെ ദുരിതപ്പെയ്ത്തിന് ശമനമായി സംസ്ഥാനത്ത് മഴ കുറഞ്ഞു; കേരളത്തിൽ ഒരിടത്തും തിങ്കളാഴ്ച റെഡ് അലർട്ട് ഇല്ല; ആറ് ജില്ലകളിൽ ഓറഞ്ച് അലർട്ട്; കൊല്ലത്തും തൃശ്ശൂരിലും നാളെ ഇടിയോടെയുള്ള മഴയെന്ന് പ്രവചനം; തീരദേശ മേഖലയിൽ മൂന്ന് മീറ്റർ ഉയരത്തിൽ തിരയെത്തും; മഴക്കെടുതിയിൽ മരണസംഖ്യ 76; 1639 ദുരിതാശ്വാസ ക്യാമ്പുകളിലായി രണ്ടരലക്ഷം പേർ; റെയിൽ - റോഡ് ഗതാഗതം പുനഃസ്ഥാപിച്ചു; കേരളം ആശ്വാസ തീരത്തേക്ക്

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: സംസ്ഥാനത്ത് കഴിഞ്ഞ കുറച്ച് ദിവസങ്ങളായി തുടരുന്ന കനത്ത മഴയ്ക്ക് നേരിയ ശമനം. നാളെ (12-08-2019 തിങ്കളാഴ്ച) ഒരു ജില്ലകളിലും റെഡ് അലേർട്ട് പ്രഖ്യാപിച്ചിട്ടില്ല എന്നതാണ് ആശ്വാസം പകരുന്ന വിവരം. ആറ് ജില്ലകളിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഇടുക്കി, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർഗോഡ് എന്നിവിടങ്ങളിലാണ് ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിട്ടുള്ളത്. കൊല്ലം, തൃശ്ശൂർ ജില്ലകളിൽ ഇടിയോട് കൂടിയ മഴയ്ക്ക് സാധ്യതയുണ്ട്. തീരദേശമേഖലകളിൽ ജാഗ്രത നിർദ്ദേശം തുടരുന്നതിനാൽ മത്സ്യത്തൊഴിലാളികൾ കടലിൽ പോകരുത്. മൂന്ന് മീറ്റർ ഉയരത്തിൽ വരെ തിരയടിക്കാൻ സാധ്യതയുണ്ടെന്നും മുന്നറിയിപ്പ് ഉണ്ട്. അതേസമയം മഴക്കെടുതി സംസ്ഥാനത്ത് രൂക്ഷമാണ്. ഇതുവരെയുണ്ടായ മഴയിൽ 76 പേർ മരണമടഞ്ഞു. സംസ്ഥാനത്ത് 1639 ക്യാമ്പുകളിലായി 73,000 കുടുംബങ്ങളിൽ നിന്ന് 2,51,831 പേർ കഴിയുന്നുണ്ട്.

മരണസംഖ്യ 76

മഴക്കെടുതിയിൽ സംസ്ഥാനത്ത് മരിച്ചവരുടെ എണ്ണം ഇന്ന് രാത്രി ഒൻപത് മണിക്ക് പുറത്ത് വിട്ട ഔദ്യോഗിക കണക്ക് പ്രകാരം 76 ആണ്. 60ന് മുകളിൽ ആളുകളെ കാണാനില്ല എന്നാണ് ഏറ്റവും പുതിയ കണക്ക്. ഇതിൽ പലരും മണ്ണിന് അടിയിൽ കുടിങ്ങിക്കിടക്കുന്നവരാണ് പ്രത്യേകിച്ച് കവളപ്പാറ പുത്തുമല എന്നീ പ്രദേശങ്ങളിൽ. മഴ കുറഞ്ഞെങ്കിലും രക്ഷാപ്രവർത്തനം തുടരുകയാണ്.ഉരുൾപൊട്ടലുണ്ടായ മലപ്പുറം കവളപ്പാറയിൽ നിന്ന് ഇന്ന് നാല് മൃതദേഹങ്ങൾ കൂടി കണ്ടെത്തി. ഇതോടെ കവളപ്പാറയിൽ മാത്രം മരിച്ചവരുടെ എണ്ണം 13 ആയി. പുത്തുമല ഉരുൾപൊട്ടലിൽപെട്ട ഒരാളുടെ മൃതദേഹം കൂടി കണ്ടെടുത്തു. ഇതോടെ പുത്തുമല ദുരന്തത്തിൽ മരണസംഖ്യ 10 ആയി.

നാളെ ഓറഞ്ച് അലർട്ട് മാത്രം

സംസ്ഥാനത്ത് മഴയുടെ അളവ് കുറഞ്ഞതിന് പിന്നാലെ നാളെ ഒരു ജില്ലയിലും റെഡ് അലർട്ട് ഇല്ല. എന്നാൽ എല്ലാ ജില്ലകളിലും ജാഗ്രത നിർദ്ദേശം ശക്തമായി പാലിക്കണം എന്ന മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. ആറ് ജില്ലകളിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഇടുക്കി, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർഗോഡ് എന്നിവിടങ്ങളിലാണ് ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിട്ടുള്ളത്. റെഡ് അലർട്ട് പിൻവലിച്ചെങ്കിലും
കേരള തീരത്ത് ശക്തമായ കാറ്റ് വീശാൻ സാധ്യതയുള്ളതിനാൽ മത്സ്യത്തൊഴിലാളികൾക്ക് ജാഗ്രത നിർദ്ദേശം നൽകിയിട്ടുണ്ട്. മണിക്കൂറിൽ 40 മുതൽ 50 കിലോമീറ്റർ വരെ വേഗത്തിൽ കാറ്റ് വീശാൻ സാധ്യതയുണ്ടെന്നാണ് മുന്നറിയിപ്പ്. മൂന്ന് മീറ്ററിന് ഉയരെ വരെ തിരമാലകൾ ഉയരാൻ സാധ്യത ഉള്ളതിനാൽ മത്സ്യത്തൊഴിലാളികൾ ജാഗ്രത പാലിക്കണമെന്ന് ദേശീയ സമുദ്രസ്ഥിതി പഠനകേന്ദ്രവും അറിയിച്ചിട്ടുണ്ട്. കൊ്‌ലം തൃശ്ശൂർ ജില്ലകളിൽ ഇടിയോട് കൂടിയ കനത്ത മഴയ്ക്കും സാധ്യതയുണ്ട്.

തകർന്നത് 3052 വീടുകൾ

ഓഗസ്റ്റ് എട്ട് മുതൽ പതിനൊന്നാം തീയതി വരെയുള്ള മഴക്കെടുതിയുടെ നാശനഷ്ടത്തിന്റെ കണക്കുകൾ സർക്കാർ പുറത്ത് വിട്ടു. വെറും നാല് ദിവസത്തെ പേമാരിയും ഉരുൾപൊട്ടലും കൊണ്ട് പൂർണ്ണമായും തകർന്നത് 265 വീടുകളാണ്. 2,787 വീടുകൾ ഭാഗികമായി തകർന്നു. ഏറ്റവും കൂടുതൽ വീടുകൾ തകർന്നത് മലപ്പുറം ജില്ലയിലാണ്. 65 വീടുകളാണ് മലപ്പുറത്ത് മാത്രം തകർന്നത്. കവളപ്പാറയിലെ കണക്കുകൾ പൂർണ്ണമായും ലഭിക്കുന്നതോടെ ഇതിന്റെ എണ്ണം ഉയരും. തൊട്ടുപിന്നാലെ ഇടുക്കി ജില്ലയാണ്. ഇടുക്കിയിൽ മാത്രം 62 വീടുകൾ പൂർണ്ണമായും 314 വീടുകൾ ഭാഗികമായും തകർന്നു. പാലക്കാട് ജില്ലയിൽ 53 വീടുകൾ പൂർണ്ണമായും തകർന്നു എന്നാണ് സർക്കാർ കണക്ക് പറയുന്നത്.പേമാരിയും ഉരുൾപൊട്ടലും ഏറ്റവും നാശം വിതച്ചത് മലപ്പുറം ജില്ലയിലാണ്. ഇതിന് പുറമെ കൃഷിനാശവും വ്യാപകമാണ്.

ഗതാഗതം

പാലക്കാട് നിന്ന് ചുരം വഴി അട്ടപ്പാടിയിലേക്ക് കെഎസ്ആർടിസി ബസ്സുകൾ ഓടിത്തുടങ്ങി. മുഴുവൻ സർവീസുകളും പതിവുപോലെ നടക്കുന്നുണ്ടെന്ന് പാലക്കാട് കെഎസ്ആർടിസി സ്റ്റേഷൻ മാസ്റ്റർ അറിയിച്ചു. കോഴിക്കോട് നിന്ന് പാലക്കാട്, മൈസൂർ റൂട്ടുകളിൽ ഗതാഗതം പുനഃസ്ഥാപിച്ചു. കോട്ടയത്തുനിന്ന് കുമരകം വരെ വെള്ളക്കെട്ടാണ്. ആലപ്പുഴ ഭാഗത്തേക്കു ബസില്ല. ചങ്ങനാശേരി ആലപ്പുഴ എസി റോഡിൽ ഗതാഗതം ഭാഗികമായി നിയന്ത്രിച്ചു. നെടുമ്പാശേരിയിൽനിന്ന് വിമാനസർവീസ് തുടങ്ങി. പാലക്കാട് ഷൊർണൂർ റൂട്ടിൽ ട്രെയിൻ സർവീസ് പുനഃരാരംഭിച്ചു

മഴ കുറഞ്ഞതോടെയാണ് ഷൊർണൂർ പാലക്കാട് പാത ഞായാറാഴ്ച രാവിലെ 11 മുതൽ ഗതാഗതത്തിന് തുറന്നു കൊടുത്തത്. എറണാകുളം ബെംഗളുരു, ന്യൂഡൽഹി കേരള, തിരുവനന്തപുരം ഗുവാഹത്തി എക്സ്‌പ്രസുകൾ ഈ പാതവഴി സർവീസ് നടത്തുന്നു. പാലക്കാട് വഴി കേരളത്തിലേക്കുള്ള സർവീസുകളും പുനഃരാരംഭിച്ചു.വൈകിട്ട് തിരുവനന്തപുരത്തു നിന്ന് പുറപ്പെടുന്ന മാവേലി, മലബാർ, മംഗളുരു എക്സ്‌പ്രസുകളും റദ്ദാക്കി. 12 പാസഞ്ചർ ട്രെയിനുകളും റദ്ദാക്കിയവയിൽപ്പെടുന്നു. തിരുവനന്തപുരം എറണാകുളം തൃശൂർ പാതയിൽ സ്‌പെഷൽ ട്രെയിനുകളും സർവീസ് നടത്തുന്നുണ്ട്, എറണാകുളം ചെന്നൈ, എറണാകുളം വിശാഖപട്ടണം പാസഞ്ചർ ട്രെയിനുകൾ ഞായറാഴ്ച സർവീസ് നടത്തും. ഭാഗികമായി റദ്ദാക്കിയിരുന്ന തിരുവനന്തപുരം കോർബ, തിങ്കളാഴ്ച തിരുവനന്തപുരത്ത് നിന്നു പുറപ്പെടും. 1072, 9188293595, 9188292595 എന്നീ റെയിൽവേ ഹെൽപ്ലൈൻ നമ്പറുകളിൽ വിവരങ്ങൾ ലഭിക്കും.

വെള്ളമിറങ്ങിത്തുടങ്ങിയതോടെ മലബാറിലെ കെഎസ്ആർടിസി സർവീസുകളും പുനഃരാരംഭിച്ചു. കോഴിക്കോട് പാലക്കാട് റൂട്ടിൽ കെഎസ്ആർടിസി സർവീസ് പഴയതുപോലെയായി. വെള്ളക്കെട്ട് ഇപ്പോഴും നിലനിൽക്കുന്ന സ്ഥലങ്ങൾ ഒഴിവാക്കി യൂണിവേഴ്‌സിറ്റി, കോട്ടയ്ക്കൽ, പെരിന്തൽമണ്ണ വഴിയാണ് സർവീസ്. താമരശേരി ചുരം വഴിയുള്ള ബത്തേരി കോഴിക്കോട് കെഎസ്ആർടിസി സർവീസും പുനഃരാരംഭിച്ചു. മൈസൂരു കോഴിക്കോട് ദേശീയപാത 766ലെ ഗതാഗതം പുനഃസ്ഥാപിച്ചു.

മലപ്പുറം ജില്ലയിൽ മിക്ക റോഡുകളും ഇപ്പോഴും ഗതാഗതയോഗ്യമല്ല. മലപ്പുറം പെരിന്തൽമണ്ണ, മലപ്പുറം വേങ്ങര, മലപ്പുറം കോട്ടയ്ക്കൽ, മലപ്പുറം മഞ്ചേരി, ചെമ്മാട് പരപ്പനങ്ങാടി, എടവണ്ണ നിലമ്പൂർ, ചെമ്മാട് തലപ്പാറ, തിരൂർ തിരുനാവായ, തിരുനാവായ കുറ്റിപ്പുുറം, കോട്ടയ്ക്കൽ തിരൂർ, വഴിക്കടവ് നാടുകാണി റോഡുകളാണ് ഗതാഗതയോഗ്യമല്ലാതായത്. എന്നാൽ കുമരകം റൂട്ടിൽ വെള്ളം ഉയർന്നതിനെത്തുടർന്ന് കോട്ടയത്തുനിന്ന് ആലപ്പുഴയിലേക്കും ചേർത്തലയിലേക്കുമുള്ള സർവീസ് കെഎസ്ആർടിസി നിർത്തി.

സംസ്ഥാനത്ത് 1639 ദുരിതാശ്വാസ ക്യാമ്പുകൾ

സംസ്ഥാനത്ത് 1,639 ക്യാംപുകളിലായി 73,076 കുടുംബങ്ങളിലെ 2,51,831 പേർ കഴിയുന്നു. വിവിധ ക്യാമ്പുകളിൽ കഴിയുന്നവരുടെ കണക്ക് ജില്ല അടിസ്ഥാനത്തിൽ പരിശോധിച്ചാൽ

ജില്ലാ, അംഗങ്ങൾ എന്ന കണക്കിൽ. ക്യാമ്പുകളുടെ എണ്ണം ബ്രാക്കറ്റിൽ

തിരുവനന്തപുരം 690(7)
പത്തനംതിട്ട 4528(69)
ആലപ്പുഴ 5654(50)
കോട്ടയം 6482(151)
ഇടുക്കി 560(16)
എറണാകുളം 17109 (105)
തൃശ്ശൂർ 42176(251)
പാലക്കാട് 6607(61)
മലപ്പുറം 56203(235)
കോഴിക്കോട് 53642(313)
വയനാട് 37059 (210)
കണ്ണൂർ 19924 (140)
കാസർഗോഡ് 1197 (31)

മൊത്തം 2,51,831 (1639)

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP