Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

മോശം ഭക്ഷണം വിളമ്പുന്ന ഇത്രയേറെ ഹോട്ടലുകൾ കേരളത്തിലോ? റെയിഡിൽ കുരുങ്ങി പൂട്ട് വീണത് 44 സ്ഥാപനങ്ങൾക്ക്; പിഴയായി മാത്രം ഖജനാവിൽ എത്തിയത് 20,55,000 രൂപയും; നല്ല ഭക്ഷണം നൽകുക, അല്ലെങ്കിൽ ഹോട്ടലുകൾ അടച്ചുപൂട്ടുക എന്ന നയം കേരളത്തിൽ നടപ്പിലാക്കുന്നത് ആദ്യമായി; ഭക്ഷ്യവിഷയത്തിലെ ആരോഗ്യമന്ത്രിയുടെ ഇടപെടലിന് കൈയടികൾ; ദേശീയ ആരോഗ്യ സൂചികയിൽ തുടർച്ചയായി കേരളം ഒന്നാമതെത്തുമ്പോൾ കെ കെ ഷൈലജയ്ക്ക് വീണ്ടും പൊൻതൂവൽ

മോശം ഭക്ഷണം വിളമ്പുന്ന ഇത്രയേറെ ഹോട്ടലുകൾ കേരളത്തിലോ? റെയിഡിൽ കുരുങ്ങി പൂട്ട് വീണത് 44 സ്ഥാപനങ്ങൾക്ക്; പിഴയായി മാത്രം ഖജനാവിൽ എത്തിയത് 20,55,000 രൂപയും; നല്ല ഭക്ഷണം നൽകുക, അല്ലെങ്കിൽ ഹോട്ടലുകൾ അടച്ചുപൂട്ടുക എന്ന നയം  കേരളത്തിൽ  നടപ്പിലാക്കുന്നത് ആദ്യമായി; ഭക്ഷ്യവിഷയത്തിലെ ആരോഗ്യമന്ത്രിയുടെ ഇടപെടലിന് കൈയടികൾ; ദേശീയ ആരോഗ്യ സൂചികയിൽ തുടർച്ചയായി കേരളം ഒന്നാമതെത്തുമ്പോൾ കെ കെ ഷൈലജയ്ക്ക് വീണ്ടും പൊൻതൂവൽ

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: ആരോഗ്യവകുപ്പ് മന്ത്രി കെ.കെ.ശൈലജ ടീച്ചറിന്റെ നേരിട്ടുള്ള നിർദ്ദേശം അനുസരിച്ച് കഴിഞ്ഞ ഓഗസ്റ്റ് മുതൽ ഭക്ഷ്യസുരക്ഷാ വകുപ്പ് നടത്തുന്ന റെയിഡ് കേരളത്തിലെ ഹോട്ടലുകളെയും അനുബന്ധ സ്ഥാപനങ്ങളെയും വിറപ്പിക്കുന്നു. രണ്ടാഴ്ച കൊണ്ട് 44 സ്ഥാപനങ്ങളുടെ പ്രവർത്തനമാണ് തുടരൻ റെയ്ഡുകൾ വഴി ഭക്ഷ്യസുരക്ഷാവകുപ്പ് ഇല്ലാതെയാക്കിയത്. പൊതുജനങ്ങൾക്ക് നല്ല ഭക്ഷണം നൽകാൻ ഈ സ്ഥാപനങ്ങൾക്ക് ശേഷിയില്ലെന്ന് കണ്ടാണ് സ്ഥാപനങ്ങൾക്ക് വകുപ്പിന്റെ വക പൂട്ട് വീണത്. റെയിഡിനെ തുടർന്ന് 44 സ്ഥാപനങ്ങൾക്ക് പൂട്ട് വീഴുകയും 20,55,000 രൂപ പിഴ ഈടാക്കുകയും ചെയ്തു എന്ന വസ്തുത തന്നെ റെയിഡിന്റെ കർക്കശസ്വഭാവം വ്യക്തമാക്കുന്നതാണ്.

ഓണക്കാലത്ത് പൊതുജനങ്ങൾക്ക് ഭക്ഷ്യസുരക്ഷ ഉറപ്പു വരുത്തുന്നതിന്റെ ഭാഗമായി ആരോഗ്യവകുപ്പ് മന്ത്രിയുടെ നേരിട്ടുള്ള നിർദ്ദേശം അനുസരിച്ച് ഭക്ഷ്യസുരക്ഷാ വകുപ്പ് നടത്തിയ റെയിഡിലാണ് ശുചിത്വ പ്രശ്‌നങ്ങൾ മുൻ നിർത്തി 44 സ്ഥാപനങ്ങൾ അടച്ചു പൂട്ടിയത്. ആദ്യ ഘട്ട പരിശോധനയിൽ 3359 ഹോട്ടലുകൾ അടക്കമുള്ള സ്ഥാപനങ്ങൾ ആണ് പരിശോധിച്ചത്. ഈ സ്ഥാപനങ്ങളിൽ നിന്ന് മാത്രമായി 20,55,000 രൂപ പിഴ ഈടാക്കുകയും 1316 സ്ഥാപനങ്ങൾക്ക് നോട്ടീസ് നൽകുകയും 347 ഭക്ഷ്യസാമ്പിളുകൾ പരിശോധിക്കുകയും 44 സ്ഥാപനങ്ങളുടെ പ്രവർത്തനം നിർത്തിവെയ്‌പ്പിക്കുകയും ചെയ്തിട്ടുണ്ട്.

ആരോഗ്യവകുപ്പിന്റെ ജാഗ്രത വ്യക്തമാക്കുന്ന ഫലമാണ് റെയിഡുകളിൽ തെളിഞ്ഞത്. ഓണക്കാലത്ത് ഭക്ഷ്യ സുരക്ഷ ഉറപ്പ് വരുത്താൻ വേണ്ടി നടത്തിയ റെയിഡിലാണ് ഇത്രയും സ്ഥാപനങ്ങൾക്ക് പൂട്ട് വീണത്. 3359 സ്ഥാപനങ്ങൾ പരിശോധിച്ചപ്പോൾ ശുചിത്വസംബന്ധമായി നൽകിയ നിർദ്ദേശങ്ങൾ പാലിച്ചില്ലെന്ന് കണ്ടു 20.55 ലക്ഷം രൂപ പിഴയാണ് ഈടാക്കപ്പെട്ടത്. ശുചിത്വം പാലിക്കാത്തതിനെ തുടർന്ന് 1316 സ്ഥാപനങ്ങൾക്ക് നോട്ടീസും നൽകിയിട്ടുണ്ട്. സംസ്ഥാനത്ത് ഭക്ഷ്യസുരക്ഷ ഉറപ്പ് വരുത്താൻ തീരുമാനിച്ച് ഓഗസ്റ്റ് 21 മുതൽ ഭക്ഷ്യസുരക്ഷാ വകുപ്പ് പരിശോധനകൾ നടത്തിവരുകയാണ്. ആരോഗ്യ സുരക്ഷയിൽ ഗുരുതരമായ പിഴവുകൾ നടത്തിയ സ്ഥാപനങ്ങളുടെ പ്രവർത്തനം നിർത്തിവയ്‌പ്പിക്കുകയും ലംഘനങ്ങൾക്ക് പിഴ ഈടാക്കുകയും ചെയ്തുവെന്ന് റെയിഡുകളുടെ വിശദാംശങ്ങൾ പുറത്തു വിട്ട് മന്ത്രി വ്യക്തമാക്കി.

നീതി ആയോഗിന്റെ ദേശീയ ആരോഗ്യ സൂചികയിൽ തുടർച്ചയായ രണ്ടാം തവണയും കേരളത്തിന് ഒന്നാം സ്ഥാനമായിരുന്നു. കഴിഞ്ഞ ജൂണിലാണ് കേന്ദ്രം ഈ ആരോഗ്യ സൂചിക പുറത്ത് വിട്ടത്. ആരോഗ്യ കാര്യങ്ങളിൽ കേരളം പുലർത്തുന്ന ജാഗ്രതയാണ് കേന്ദ്രത്തിന്റെ ആരോഗ്യസൂചികയിൽ പ്രതിഫലിക്കുന്നത്. കഴിഞ്ഞ നാല് വർഷത്തെ പ്രകടനം വിലയിരുത്തിയാണ് നീതി അയോഗ് ആരോഗ്യ സൂചിക പുറത്തിറക്കിയത്. കേരളത്തിന്റെ ആരോഗ്യമന്ത്രിയായി തുടരുന്ന കെ.കെ.ശൈലജയ്ക്ക് അഭിമാനിക്കാവുന്ന നേട്ടം തന്നെയാണ് ഇത്. 2015-16 മുതൽ 2017 - 18 വരെയുള്ള കാലയളവിൽ ആരോഗ്യ രംഗത്തെ വിവിധ മേഖലകളിൽ കൈവരിച്ച നേട്ടത്തെ അടിസ്ഥാനമാക്കിയാണ് നീതി ആയോഗ് റിപ്പോർട്ട് തയ്യാറാക്കിയത്. ആരോഗ്യ പരിപാലനം, ശുചിത്വ നിലവാരം, ആശുപത്രികളുടെ പ്രവർത്തനം, ശിശു ജനന മരണ നിരക്ക് തുടങ്ങി സമഗ്രമായ ആരോഗ്യ പ്രവർത്തനങ്ങളിൽ കേരളം ഇന്ത്യയിൽ തന്നെ ഒന്നാം സ്ഥാനത്താണെന്നാണ് നീതി ആയോഗിന്റെ റിപ്പോർട്ട് ചൂണ്ടിക്കാട്ടിയത്.

പതിനെട്ടു ജീവനുകൾ അപഹരിച്ച് കേരളത്തിൽ നിപ വൈറസ് ബാധ പടർന്നു പിടിച്ചപ്പോൾ വൈറസ് ബാധ നിയന്തിക്കാൻ ശൈലജ ടീച്ചർ നടത്തിയ രണ്ടു വർഷങ്ങൾ ആയുള്ള ശ്രമങ്ങൾ ദേശീയ തലത്തിൽ തന്നെ അഭിനന്ദനം നേടിയിരുന്നു. ശൈലജ ടീച്ചറെ കേന്ദ്രമാക്കി വൈറസ് എന്ന സിനിമ തന്നെ ഇതിന്റെ ചുവടു പിടിച്ച് പുറത്തിറങ്ങി. ആഷിഖ് അബു എന്ന മലയാളത്തിലെ പ്രതിഭാധനനായ സംവിധായകൻ തന്നെ വൈറസ് സിനിമയുമായി രംഗത്ത് വന്നു എന്നത് തന്നെ ആരോഗ്യമന്ത്രിയുടെ സേവനങ്ങൾക്കുള്ള പുരസ്‌കാരമായി മാറിയിരുന്നു. ആരോഗ്യ രംഗത്തെ വിവിധ മേഖലകളിൽ കൈവരിച്ച നേട്ടത്തെ അടിസ്ഥാനമാക്കിയാണ് നീതി ആയോഗിന്റെ ദേശീയ ആരോഗ്യ സൂചികയിൽ കേരളം രണ്ടാമതെത്തിയത്. ഭക്ഷ്യസുരക്ഷാ വകുപ്പിന്റെ റെയിഡുകളും ജാഗ്രതയുമൊക്കെ തന്നെയാണ് ദേശീയ ആരോഗ്യ സൂചികയിലും പ്രതിഫലിക്കുന്നതും.

ശൈലജ ടീച്ചർ ആരോഗ്യമന്ത്രിയായി ചാർജ് എടുത്തത് മുതൽ ഭക്ഷ്യസുരക്ഷാ വകുപ്പ് റെയിഡുകൾ ഊർജ്ജിതപ്പെടുത്തിയിരുന്നു. ഇടത് സർക്കാരിന്റെ കാലത്ത് നടന്ന തുടരൻ റെയിഡുകൾ നല്ല ഭക്ഷണം നൽകാൻ കേരളത്തിലെ ഹോട്ടലുകളെ നിർബന്ധിതമാക്കിയിട്ടുണ്ട്. ഈ റെയിഡുകളുടെ ഭാഗമായി തന്നെയാണ് കഴിഞ്ഞ ഓഗസ്റ്റ് 21 മുതൽ ഓണവുമായി ബന്ധപ്പെട്ടു ഭക്ഷ്യസുരക്ഷാ വകുപ്പിന്റെ നേതൃത്വത്തിൽ സംസ്ഥാന വ്യാപകമായി നിരന്തരം റെയിഡ് നടത്തിയത്. ആദ്യ ഘട്ട പരിശോധനയിൽ 3359 ഹോട്ടലുകൾ അടക്കമുള്ള സ്ഥാപനങ്ങൾ ആണ് പരിശോധിച്ചത്. ഈ സ്ഥാപനങ്ങളിൽ നിന്ന് മാത്രമായി 20,55,000 രൂപ പിഴ ഈടാക്കുകയും 1316 സ്ഥാപനങ്ങൾക്ക് നോട്ടീസ് നൽകുകയും 347 ഭക്ഷ്യസാമ്പിളുകൾ പരിശോധിക്കുകയും 44 സ്ഥാപനങ്ങളുടെ പ്രവർത്തനം നിർത്തിവെയ്‌പ്പിക്കുകയും ചെയ്തിട്ടുണ്ട്. തിരുവനന്തപുരം ജില്ലയിൽ 243 സ്ഥാപനങ്ങളിൽ നടത്തിയ പരിശോധനയിൽ 138 സ്ഥാപനങ്ങൾക്ക് നോട്ടീസ് നൽകുകയും 10 സ്ഥാപനങ്ങളുടെ പ്രവർത്തനം നിർത്തിവെയ്‌പ്പിക്കുകയും ചെയ്തു. കൊല്ലം ജില്ലയിൽ 307 സ്ഥാപനങ്ങളിൽ നടത്തിയ പരിശോധനയിൽ 137 സ്ഥാപനങ്ങൾക്ക് നോട്ടീസ് നൽകുകയും 9 സ്ഥാപനങ്ങളുടെ പ്രവർത്തനം നിർത്തിവെയ്‌പ്പിക്കുകയും ചെയ്തിട്ടുണ്ട്. പത്തനംതിട്ട ജില്ലയിൽ 186 സ്ഥാപനങ്ങളിൽ നടത്തിയ പരിശോധനയിൽ 78500/ന രൂപ പിഴ ഈടാക്കുകയും 76 സ്ഥാപനങ്ങൾക്ക് നോട്ടീസ് നൽകുകയും ചെയ്തു.

ആലപ്പുഴ ജില്ലയിൽ 281 സ്ഥാപനങ്ങളിൽ നടത്തിയ പരിശോധനയിൽ 121 സ്ഥാപനങ്ങൾക്ക് നോട്ടീസ് നൽകുകയും 6 സ്ഥാപനങ്ങളുടെ പ്രവർത്തനം നിർത്തിവെയ്‌പ്പിക്കുകയും ചെയ്തിട്ടുണ്ട്. കോട്ടയം ജില്ലയിൽ 299 സ്ഥാപനങ്ങളിൽ നടത്തിയ പരിശോധനയിൽ 103 സ്ഥാപനങ്ങൾക്ക് നോട്ടീസ് നൽകുകയും 31 സ്ഥാപനങ്ങൾക്കെതിരെ പിഴ ഈടാക്കുവാൻ ശുപാർശ നൽകുകയും ചെയ്തു. ഇടുക്കി ജില്ലയിൽ 31 സ്ഥാപനങ്ങളിൽ നടത്തിയ പരിശോധനയിൽ 17,000 രൂപ പിഴ ഈടാക്കുകയും 9 സ്ഥാപനങ്ങൾക്ക് നോട്ടീസ് നൽകുകയും ചെയ്തു. എറണാകുളം ജില്ലയിൽ 367 സ്ഥാപനങ്ങളിൽ നടത്തിയ പരിശോധനയിൽ 2,25,000 രൂപ പിഴ ഈടാക്കുകയും 187 സ്ഥാപനങ്ങൾക്ക് നോട്ടീസ് നൽകുകയും 10 സ്ഥാപനങ്ങളുടെ പ്രവർത്തനം താൽക്കാലികമായി നിർത്തിവെയ്‌പ്പിക്കുകയും ചെയ്തിട്ടുണ്ട്. തൃശ്ശൂർ ജില്ലയിൽ 176 സ്ഥാപനങ്ങളിൽ നടത്തിയ പരിശോധനയിൽ 63 സ്ഥാപനങ്ങൾക്ക് നോട്ടീസ് നൽകി.

പാലക്കാട് ജില്ലയിൽ 333 സ്ഥാപനങ്ങളിൽ നടത്തിയ പരിശോധനയിൽ 90 സ്ഥാപനങ്ങൾക്ക് നോട്ടീസ് നൽകി. മലപ്പുറം ജില്ലയിൽ 350 സ്ഥാപനങ്ങളിൽ നടത്തിയ പരിശോധനയിൽ 141 സ്ഥാപനങ്ങൾക്ക് നോട്ടീസ് നൽകുകയും 3 സ്ഥാപനങ്ങളുടെ പ്രവർത്തനം താല്ക്കാലികമായി നിർത്തിവെയ്‌പ്പിക്കുകയും ചെയ്തിട്ടുണ്ട്. കോഴിക്കോട് ജില്ലയിൽ 306 സ്ഥാപനങ്ങളിൽ നടത്തിയ പരിശോധനയിൽ 2,70,000 രൂപ പിഴ ഈടാക്കുകയും 95 സ്ഥാപനങ്ങൾക്ക് നോട്ടീസ് നൽകുകയും 3 സ്ഥാപനങ്ങളുടെ പ്രവർത്തനം താല്ക്കാലികമായി നിർത്തിവെയ്‌പ്പിക്കുകയും ചെയ്തിട്ടുണ്ട്. വയനാട് ജില്ലയിൽ 156 സ്ഥാപനങ്ങളിൽ നടത്തിയ പരിശോധനയിൽ 33 സ്ഥാപനങ്ങൾക്ക് നോട്ടീസ് നൽകി. കണ്ണൂർ ജില്ലയിൽ 223 സ്ഥാപനങ്ങളിൽ നടത്തിയ പരിശോധനയിൽ 33 സ്ഥാപനങ്ങൾക്ക് നോട്ടീസ് നൽകുകയും ചെയ്തിട്ടുണ്ട്. കാസർഗോഡ് ജില്ലയിൽ 101 സ്ഥാപനങ്ങളിൽ നടത്തിയ പരിശോധനയിൽ 68 സ്ഥാപനങ്ങൾക്ക് നോട്ടീസ് നൽകുകയും ചെയ്തിട്ടുണ്ട്. ഈ റെയിഡുകൾ ഇനിയും തുടരും എന്ന് തന്നെയാണ് ആരോഗ്യമന്ത്രാലയത്തിലെ ഉന്നതർ വിരൽ ചൂണ്ടുന്നത്. നല്ല ഭക്ഷണം നൽകുക. അല്ലെങ്കിൽ ഹോട്ടലുകൾ അടച്ചു പൂട്ടുക എന്ന നയം തന്നെ കേരളത്തിൽ ആദ്യമായാണ് നടപ്പിലാക്കപ്പെടുന്നത്. കനത്ത പിഴയും സ്ഥാപനങ്ങൾക്ക് പൂട്ട് വീഴലും ഈ നയത്തിന്റെ ഭാഗം തന്നെയാണ് നടപ്പിലാക്കപ്പെടുന്നതും.

ഭക്ഷ്യസുരക്ഷ ലൈസൻസ് ഇല്ലാതെ ഭക്ഷ്യവസ്തുക്കൾ കൈകാര്യം ചെയ്യുന്ന ഏതെങ്കിലും സ്ഥാപനം ശ്രദ്ധയിൽപ്പെടുകയാണെങ്കിൽ ടോൾഫ്രീ നമ്പരിലോ തൊട്ടടുത്ത ഭക്ഷ്യസുരക്ഷാ കാര്യാലയങ്ങളിലോ വിവരം അറിയിക്കേണ്ടതാണെന്ന് ഭക്ഷ്യസുരക്ഷാ വകുപ്പ് അറിയിക്കുന്നു. ചൂട് പായസം, പ്ലാസ്റ്റിക്ക് കവറുകളിൽ ഒഴിവാക്കേണ്ടതാണ്. അനുവദനീയമായ ഫുഡ് ഗ്രേഡ് അലുമിനിയം ഫോയിൽ കവറുകളിൽ (ഐ.എസ്. 8970) മാത്രം ഭക്ഷണ സാധനം പാഴ്സൽ ആക്കി നൽകാൻ അനുവദിച്ചിട്ടുള്ളു. ആഹാര സാധനങ്ങൾ പൊതിയുവാനോ സൂക്ഷിക്കുവാനോ അടയ്ക്കുവാനോ ന്യൂസ് പേപ്പർ കർശനമായി ഉപയോഗിക്കുവാൻ പാടില്ലെന്നും കർശനമായ പരിശോധനകൾ വരും ദിവസങ്ങളിൽ തുടരുന്നതാണെന്നും ആരോഗ്യവകുപ്പ് മന്ത്രിയുടെ ഓഫീസ് അറിയിക്കുകയും ചെയ്യുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP