Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

നോട്ട് അസാധുവാക്കൽ നടപടിയിൽ സഹകരണമേഖല സ്തംഭിച്ചു; പുതിയ നോട്ടുകളുടെ കൈമാറ്റം നിഷേധിച്ച് പ്രാഥമിക സംഘങ്ങളുടെ വിശ്വസനീയത ഇല്ലാതാക്കി; സഹകരണ സംഘങ്ങളെ ആശ്രയിച്ച് ഇടപാടുകൾ നടത്തുന്ന സാധാരണക്കാർ പ്രതിസന്ധിയിൽ

നോട്ട് അസാധുവാക്കൽ നടപടിയിൽ സഹകരണമേഖല സ്തംഭിച്ചു; പുതിയ നോട്ടുകളുടെ കൈമാറ്റം നിഷേധിച്ച് പ്രാഥമിക സംഘങ്ങളുടെ വിശ്വസനീയത ഇല്ലാതാക്കി; സഹകരണ സംഘങ്ങളെ ആശ്രയിച്ച് ഇടപാടുകൾ നടത്തുന്ന സാധാരണക്കാർ പ്രതിസന്ധിയിൽ

ഇടുക്കി: 500, 1000 നോട്ടുകൾ പിൻവലിച്ചതുമായി ബന്ധപ്പെട്ടുണ്ടായ നടപടികൾ രാജ്യത്തെ പ്രാഥമിക സഹകരണ സംഘങ്ങളുടെ അടിവേരറുക്കുന്നു.

കോടാനുകോടി ജനങ്ങളുടെ ഏറ്റവും വലിയ സാമ്പത്തിക അഭയകേന്ദ്രങ്ങളായ പ്രാഥമിക സഹകരണ സംഘങ്ങളെ റിസർവ് ബാങ്കും കേന്ദ്രസർക്കാരും അവഗണിക്കുകയോ കണ്ടില്ലെന്നു നടിക്കുകയോ ചെയ്യുന്നത് അക്ഷന്തവ്യമായ വീഴ്ചയായാണ് സഹകരണ മേഖലയിലെ വിദഗ്ദ്ധർ വിലയിരുത്തുന്നത്. സഹകരണ സംഘങ്ങളിൽ പുതിയ നോട്ടുകളുടെ കൈമാറ്റം അനുവദിക്കാത്തതിലൂടെ പ്രാഥമിക സംഘങ്ങളുടെ വിശ്വസനീയതയാണ് ഇല്ലാതാക്കുന്നത്. കോടിക്കണക്കിന് കർഷകരുടെ സാമ്പത്തിക പ്രതിസന്ധിക്കും ഈ നീക്കം കാരണമായി.

500, 1000 രൂപയുടെ നോട്ടുകൾ അപ്രതീക്ഷിത പ്രഖ്യാപനത്തീലൂടെ അസാധുവാക്കിയതിനൊപ്പം പുതിയ നോട്ടുകൾ കൈമാറ്റം ചെയ്യാനുള്ള അവകാശം ദേശസാൽകൃത ബാങ്കുകൾക്കും പോസ്റ്റ് ഓഫീസുകൾക്കും ട്രഷറികൾക്കും മാത്രമായി സർക്കാർ പരിമിതപ്പെടുത്തിയപ്പോൾ പുറത്തായത് പ്രാഥമിക സഹകരണ സംഘങ്ങളെ ആശ്രയിച്ച് സാമ്പത്തിക ഇടപാടുകൾ നടത്തിയിരുന്ന മഹാഭൂരിപക്ഷം വരുന്ന സാധാരണ ജനങ്ങളാണ്. കർഷകരും സാധാരണക്കാരും ചെറുതും വലുതുമായ പണമിടപാടുകൾക്ക് ഓടിയെത്തുന്നത് പ്രാഥമിക സഹകരണസംഘങ്ങളിലാണെന്നിരിക്കെ, ഇത്തരം സംഘങ്ങളെ മാറ്റി നിർത്തിക്കൊണ്ടുള്ള നടപടിയുടെ ഔചിത്യംപോലും ചോദ്യം ചെയ്യപ്പെടുകയാണ്.

സംസ്ഥാന സർക്കാർ ഇക്കാര്യം ഗൗരവത്തോടെ കാണുകയും പ്രഥമിക സഹകരണ സംഘങ്ങൾക്കും ദേശസാൽകൃത ബാങ്കുകളിലെപ്പോലെ പുതിയ നോട്ടുകൾ കൈമാറ്റം ചെയ്യാനുള്ള അവകാശം നൽകണമെന്ന് നിരന്തരം ആവശ്യപ്പെടുകയും ചെയ്തത് മാത്രമാണ് ആശ്വാസകരമായ വസ്തുത. ഇതിന്റെ ഫലമെന്നോണം പഴയ നോട്ടുകൾ സ്വീകരിക്കാൻ അനുമതി ലഭിച്ചെങ്കിലും പുതിയ നോട്ടുകൾ കൈമാറ്റത്തിന് നൽകാത്തതിനാൽ സഹകരണ മേഖലയാകെ സ്തംഭിച്ചിരിക്കുകയാണ്. നോട്ടുകൾ അസാധുവാക്കിയതിലൂടെയുണ്ടായ സാമ്പത്തിക പ്രതിസന്ധിയിലൂടെ, ഭാവിയിൽ ഇത്തരമൊരു പ്രശ്നമുണ്ടായാൽ അതിനെ അതിജീവിക്കാൻ പ്രാഥമിക സഹകരണ സംഘങ്ങൾക്ക് കഴിയില്ലെന്ന തെറ്റായ സന്ദേശവും പ്രചരിക്കപ്പെടുകയാണ്.

കഴിഞ്ഞ നാലു ദിവസങ്ങളായി സഹകരണ സംഘങ്ങളിൽ കാര്യമായ ഇടപാടുകളൊന്നും നടക്കുന്നില്ല. ചുരുങ്ങിയ തോതിൽ നിക്ഷേപം മാത്രമാണ് ഉണ്ടായിട്ടുള്ളത്. സഹകരണ ബാങ്കുകളിൽ പണം പിൻവലിക്കാനാകാത്ത സാഹചര്യമുണ്ടായതോടെ വൻതോതിൽ ഇടപാടുകാർ നഷ്ടപ്പെടുന്ന സ്ഥിതിയുമുണ്ട്. കേരളത്തിൽ 1600-ൽപരം സഹകരണ സംഘങ്ങളാണ് പ്രവർത്തിക്കുന്നത്. പതിനായിരത്തോളം അംഗങ്ങൾ ഓരോ സംഘത്തിനുമുണ്ടെന്നാണ് കണക്ക്. അതായത് ജനസംഖ്യയുടെ പകുതിയോളം പേർ സഹകരണ സ്ഥാപനങ്ങളുടെ ഗുണഭോക്താക്കളാണ്. ഇതിൽ സാധാരണക്കാരും കർഷകരുമായ ബഹുഭൂരിപക്ഷവും നിക്ഷേപം, വായ്പ ഇടപാടുകൾക്ക് പ്രാഥമിക സംഘങ്ങളെയാണ് ആശ്രയിക്കുന്നത്.

കാർഷിക, കാർഷികേതര വായ്പകൾ വലിയ നൂലാമാലകൾ ഇല്ലാതെ ലഭിക്കുന്നുവെന്നതാണ് പ്രഥമിക സംഘങ്ങളുടെ പ്രധാന മേന്മ. ഗാർഹിക വായ്പകൾ ലഭ്യമാക്കുന്നതിൽ പ്രാഥമിക സംഘങ്ങളോളം വലിയ സേവനം നൽകാൻ ന്യൂ ജനറേഷൻ ബാങ്കുകൾക്കടക്കം കഴിഞ്ഞിട്ടില്ല. ന്യൂ ജനറേഷൻ-ദേശസാൽകൃത ബാങ്കുകളിൽ വായ്പയുടെ അർഹത നിശ്ചയിക്കുന്നത് കമ്പ്യൂട്ടർ അവലോകനത്തിലൂടെയാണെന്ന സത്യം മുമ്പിലുണ്ട്. ഇടപാടുകാരുമായി വ്യക്തിപരമായ അടുപ്പവും സാമ്പത്തിക സ്ഥിതിയെക്കുറിച്ചുള്ള അറിവും പ്രാഥമിക സംഘങ്ങളുടെ അധികൃതർക്കുണ്ട്. അതുകൊണ്ടുതന്നെ ആവശ്യനേരത്ത് കണ്ടറിഞ്ഞ് സഹായിക്കുവാൻ സംഘങ്ങൾക്ക് കഴിയുന്നു.

വ്യക്തികൾക്ക് നൽകുന്നതുപോലെ പ്രതിദിനം 10,000 രൂപ മാത്രമാണ് ഇപ്പോൾ പ്രാഥമിക സംഘങ്ങൾക്കും അനുവദിച്ചിട്ടുള്ളത്. സംഘങ്ങളിൽ പണം നിക്ഷേപിച്ചിരിക്കുന്നവരിൽ ആവശ്യപ്പെടുന്നവർക്ക് 100 രൂപവച്ചു കൊടുക്കാൻപോലും ഈ തുക മതിയാകില്ലെന്ന വസ്തുത റിസർവ് ബാങ്കിനും കേന്ദ്ര സർക്കാരിനും അറിയാമെങ്കിലും പരിഹാര നടപടിയില്ലാത്തതിലൂടെ വലയുന്നത് സാധാരണക്കാരാണ്. വായ്പയെടുത്ത് കൃഷിയിറക്കുകയും ഉൽപാദനത്തിലൂടെ ലഭിക്കുന്ന ഓരോ ചില്ലിത്തുട്ടും സ്വരൂപിച്ച് വായ്പ തിരിച്ചടയ്ക്കുന്നതിനുമൊപ്പം മുഴുവൻ സമ്പാദ്യവും സഹകരണ സംഘങ്ങളിൽ നിക്ഷേപിക്കുകയും ചെയ്തിട്ടുള്ള ലക്ഷക്കണക്കിന് കർഷകർ കേരളത്തിലുണ്ട്. ഇപ്പോൾ തങ്ങളുടെ ആവശ്യത്തിന് ബാങ്കിൽനിന്ന് പണം തിരികെ ലഭിക്കാതിരിക്കുകയും വായ്പയെടുക്കാൻ മറ്റ് യാതൊരു സംവിധാനവുമില്ലാത്തതും പലരുടെയും കുടുംബഭദ്രത തകർത്തിരിക്കുന്നു.

ഇപ്പോഴത്തെ പ്രതിസന്ധിക്കിടയിൽ സഹകരണ പ്രസ്ഥാനത്തെ നശിപ്പിക്കുന്ന തരത്തിലുള്ള പ്രചാരണവും നടക്കുന്നത് ദുഃഖകരമാണെന്നു കേരളത്തിലെ പ്രമുഖ സഹകരണ സ്ഥാപനങ്ങളിലൊന്നായ കട്ടപ്പന സർവീസ് സഹകരണ ബാങ്കിന്റെ പ്രസിഡന്റും നഗരസഭാ കൗൺസിലറുമായ ജോയി വെട്ടിക്കുഴി മറുനാടൻ മലയാളിയോട് പറഞ്ഞു. സഹകരണ സ്ഥാപനങ്ങളിൽ കള്ളപ്പണം നിക്ഷേപിക്കുന്നുവെന്നും ഭീകരപ്രവർത്തനങ്ങൾക്കും മറ്റുമുള്ള പണം സഹകരണ ബാങ്കുകളിലൂടെ കൈമാറ്റം ചെയ്യപ്പെടുന്നുവെന്നും ചില നേതാക്കൾ ചാനൽ ചർച്ചയിലൂടെ ആരോപിക്കുന്നത് പരിഹാസ്യമാണ്.

സഹകരണ സ്ഥാപനങ്ങളിൽ നിക്ഷേപിക്കുന്ന തുക സർക്കാർ കണ്ടുകെട്ടുമെന്നും റെയ്ഡ് ഉണ്ടാവുമെന്നുമൊക്കെയുള്ള താറടിച്ചുകാട്ടൽ ജനങ്ങളോട് ചെയ്യുന്ന അപരാധമാണ്. സർക്കാർ സംവിധാനങ്ങൾക്കും നിയമവ്യവസ്ഥക്കുള്ളിലും നിന്ന് പ്രവർത്തിക്കുന്നവയാണ് പ്രഥമിക സംഘങ്ങളും. സർക്കാരോ, റിസർവ് ബാങ്കോ ആവശ്യപ്പെട്ടാൽ നിക്ഷേപകരുടെ മുഴുവൻ വിവരങ്ങളും കൈമാറാൻ സംഘങ്ങൾ തയാറാണ്. സംഘങ്ങളിലൂടെ നികുതി വെട്ടിപ്പ് നടക്കുന്നുവെന്ന പ്രചാരണവും അവാസ്തവമാണ്. നിയമം പാസാക്കിയാൽ നികുതി പിടിച്ചുകൊടുക്കാനും സംഘങ്ങൾ തയാറാണെന്നും ജോയി വെട്ടിക്കുഴി പറഞ്ഞു.

പ്രാഥമിക സംഘങ്ങൾ പ്രതിസന്ധിയിലായതോടെ ഇവയെ മാത്രം ആശ്രയിച്ചിരുന്ന ജനങ്ങൾ നിരാശ്രയരായെന്ന വസ്തുതക്കു മുമ്പിൽ എന്തു പരിഹാരമാണ് സർക്കാർ മുമ്പോട്ടു വയ്ക്കുന്നത് എന്നതാണ് ഇപ്പോഴത്തെ ചോദ്യം. ദേശസാൽകൃത ബാങ്കുകളുടേതുപോലെ പുതിയ നോട്ടുകൾ കൈമാറ്റം ചെയ്യാൻ പ്രാഥമിക സംഘങ്ങൾക്കും അനുവാദം നൽകുകയെന്നതു മാത്രമാണ് പോംവഴി. അല്ലാത്തപക്ഷം ഇല്ലാതാകുന്നത് സാധാരണക്കാരന്റെ അത്താണിയാകുന്ന വലിയ സാമ്പത്തിക ശൃംഖലയാണ്. അത് തകർന്നാൽ ഗ്രാമങ്ങളിൽപ്പോലും ബ്ലേഡുകാർ അധീശത്വമുറപ്പിക്കും.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP