Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ലോക്ക്ഡൗൺ മാർഗനിർദേശങ്ങളിൽ ന്യായമായ മാറ്റം വരുത്താനുള്ള സ്വാതന്ത്ര്യം സംസ്ഥാനങ്ങൾക്ക് നൽകണം; മെട്രോസർവീസ് അടക്കം പൊതുഗതാഗതം വേണം; സ്ഥിതി വിലയിരുത്തി മൂന്നു ചക്ര വാഹനങ്ങൾ അനുവദിക്കണം; ആന്റിബോഡി ടെസ്റ്റ് നടത്താതെ പ്രവാസികളെ വിമാനത്തിൽ കൊണ്ടുവരുന്നത് അപകടകരം; ഇതര സംസ്ഥാനങ്ങളിൽ കുടുങ്ങിപ്പോയവർക്ക് തിരിച്ചുവരാനും പ്രത്യേക ട്രെയിൻ ഏർപ്പെടുത്തണം; പ്രധാനമന്ത്രിയോട് അഭ്യർത്ഥനയുമായി കേരളം

ലോക്ക്ഡൗൺ മാർഗനിർദേശങ്ങളിൽ ന്യായമായ മാറ്റം വരുത്താനുള്ള സ്വാതന്ത്ര്യം സംസ്ഥാനങ്ങൾക്ക് നൽകണം; മെട്രോസർവീസ് അടക്കം പൊതുഗതാഗതം വേണം; സ്ഥിതി വിലയിരുത്തി മൂന്നു ചക്ര വാഹനങ്ങൾ അനുവദിക്കണം; ആന്റിബോഡി ടെസ്റ്റ് നടത്താതെ  പ്രവാസികളെ വിമാനത്തിൽ കൊണ്ടുവരുന്നത് അപകടകരം; ഇതര സംസ്ഥാനങ്ങളിൽ കുടുങ്ങിപ്പോയവർക്ക് തിരിച്ചുവരാനും പ്രത്യേക ട്രെയിൻ ഏർപ്പെടുത്തണം; പ്രധാനമന്ത്രിയോട് അഭ്യർത്ഥനയുമായി കേരളം

മറുനാടൻ ഡെസ്‌ക്‌

 തിരുവനന്തപുരം: ഓരോ സംസ്ഥാനത്തെയും സ്ഥിതിഗതികൾ വിലയിരുത്തി നിയന്ത്രണങ്ങൾക്ക് വിധേയമായ പൊതുഗതാഗതം അനുവദിക്കാനുള്ള സ്വാതന്ത്ര്യം സംസ്ഥാനങ്ങൾക്ക് നൽകണമെന്ന് കേരളം.ലോക്ക്ഡൗണുമായി ബന്ധപ്പെട്ട മാർഗനിർദ്ദേശങ്ങളിൽ ന്യായമായ മാറ്റം വരുത്താനുള്ള സ്വാതന്ത്ര്യം സംസ്ഥാനങ്ങൾക്ക് നൽകണം. പ്രധാനമന്ത്രി മുഖ്യമന്ത്രിമാരുമായി നടത്തിയ വീഡിയോ കോൺഫറൻസിലാണ് പിണറായി വിജയൻ ഇക്കാര്യം ഉന്നയിച്ചത്. റെഡ്‌സോൺ ഒഴികെയുള്ള പട്ടണങ്ങളിൽ നിയന്ത്രണങ്ങൾക്ക് വിധേയമായി മെട്രോ റെയിൽ സർവ്വീസ് അനുവദിക്കണം.ഓരോ ജില്ലയിലേയും സ്ഥിതി സംസ്ഥാന സർക്കാർ വിലയിരുത്തിയ ശേഷം മൂന്നു ചക്ര വാഹനങ്ങൾ അനുവദിക്കാവുന്നതാണ്. എന്നാൽ ഇങ്ങനെ ചെയ്യുമ്പോൾ യാത്രക്കാരുടെ എണ്ണം നിയന്ത്രിക്കാം.6. വിദേശ രാജ്യങ്ങളിൽനിന്ന് പ്രത്യേക വിമാനങ്ങളിൽ പ്രവാസികളെ കൊണ്ടുവരുമ്പോൾ വിമാനത്തിൽ അവരെ കയറ്റുന്നതിന് മുമ്പ് ആന്റി ബോഡി ടെസ്റ്റ് നടത്തണം. അന്തർ-സംസ്ഥാന യാത്രകൾ നിയന്ത്രണങ്ങൾക്കു വിധേയമായിരിക്കണം. ഇളവുകൾ നൽകുന്നത് ക്രമേണയായിരിക്കണം.അതിഥി തൊഴിലാളികൾക്ക് പ്രത്യേക ട്രെയിൻ അനുവദിച്ചതുപോലെ, ഇതര സംസ്ഥാനങ്ങളിൽ കുടങ്ങിപ്പോയവർക്ക് തിരിച്ചുവരാനും പ്രത്യേക ട്രെയിൻ ഏർപ്പെടുത്തണം.

മുഖ്യമന്ത്രി ഉന്നയിച്ച നിർദ്ദേശങ്ങളുടെ പൂർണരൂപം:

1. സംസ്ഥാനങ്ങൾ വ്യത്യസ്ത നിലയിലുള്ള വെല്ലുവിളികളാണ് നേരിടുന്നത്. അതിനാൽ ലോക്ക്ഡൗണുമായി ബന്ധപ്പെട്ട മാർഗനിർദ്ദേശങ്ങളിൽ ന്യായമായ മാറ്റം വരുത്താനുള്ള സ്വാതന്ത്ര്യം സംസ്ഥാനങ്ങൾക്ക് നൽകണം.

2. ഓരോ സംസ്ഥാനത്തെയും സ്ഥിതിഗതികൾ വിലയിരുത്തി നിയന്ത്രണങ്ങൾക്ക് വിധേയമായ പൊതുഗതാഗതം അനുവദിക്കാനുള്ള സ്വാതന്ത്ര്യം സംസ്ഥാനങ്ങൾക്ക് നൽകണം.

3. റെഡ്‌സോൺ ഒഴികെയുള്ള പട്ടണങ്ങളിൽ നിയന്ത്രണങ്ങൾക്ക് വിധേയമായി മെട്രോ റെയിൽ സർവ്വീസ് അനുവദിക്കണം.

4. ഓരോ ജില്ലയിലേയും സ്ഥിതി സംസ്ഥാന സർക്കാർ വിലയിരുത്തിയ ശേഷം മൂന്നു ചക്ര വാഹനങ്ങൾ അനുവദിക്കാവുന്നതാണ്. എന്നാൽ ഇങ്ങനെ ചെയ്യുമ്പോൾ യാത്രക്കാരുടെ എണ്ണം നിയന്ത്രിക്കാം.

5. ഓരോ പ്രദേശത്തെയും സ്ഥിതി വിലയിരുത്തിയശേഷം വ്യവസായ വാണിജ്യ സംരംഭങ്ങൾ പ്രവർത്തിപ്പിക്കുന്നതിന് ഇളവുകൾ നൽകാൻ സംസ്ഥാന സർക്കാരുകൾക്ക് കഴിയണം.

6. വിദേശ രാജ്യങ്ങളിൽനിന്ന് പ്രത്യേക വിമാനങ്ങളിൽ പ്രവാസികളെ കൊണ്ടുവരുമ്പോൾ വിമാനത്തിൽ അവരെ കയറ്റുന്നതിന് മുമ്പ് ആന്റി ബോഡി ടെസ്റ്റ് നടത്തണം. ഇതു ചെയ്തില്ലെങ്കിൽ ധാരാളം യാത്രക്കാർക്ക് രോഗബാധയുണ്ടാകാൻ സാധ്യതയുണ്ട്. പ്രത്യേക വിമാനങ്ങളിൽ കേരളത്തിൽ വന്ന അഞ്ചുപേർക്ക് ഇതിനകം കോവിഡ് 19 സ്ഥിരീകരിച്ചിട്ടുണ്ട്.

7. ഇളവുകൾ വരുമ്പോൾ കൂടുതൽ യാത്രക്കാർ ഉണ്ടാകും. അതിനാൽ യാത്രക്കാരെ കൊണ്ടുപോകുന്നതിന് വ്യക്തമായ മാർഗനിർദ്ദേശം ഉണ്ടാകണം.

8. അന്തർ-സംസ്ഥാന യാത്രകൾ നിയന്ത്രണങ്ങൾക്കു വിധേയമായിരിക്കണം. ഇളവുകൾ നൽകുന്നത് ക്രമേണയായിരിക്കണം.

9. പുറപ്പെടുന്ന സ്ഥലത്തെയും എത്തിച്ചേരുന്ന സ്ഥലത്തെയും മാർഗനിർദ്ദേശങ്ങൾക്ക് (പ്രോട്ടോകോൾ) വിധേയമായി ആഭ്യന്തര വിമാന സർവീസ് ആരംഭിക്കാവുന്നതാണ്. എന്നാൽ, കണ്ടെയ്ന്മെന്റ് സോണിലേക്കും അവിടെനിന്നുമുള്ള യാത്രക്ക് ന്യായമായ നിയന്ത്രണങ്ങൾ ഉണ്ടാകണം. കോവിഡ് 19 ലക്ഷണങ്ങളുള്ളവരെ യാത്ര ചെയ്യാൻ അനുവദിക്കരുത്. വിമാനത്താവളങ്ങളിൽ വൈദ്യപരിശോധന ഉണ്ടാകണം.

10. രാജ്യത്തെ വിവിധ സംസ്ഥാനങ്ങൾക്കിടയിൽ റോഡ് വഴിയുള്ള യാത്രക്ക് എത്തിച്ചേരേണ്ട ജില്ലയിലെ പെർമിറ്റ് ആദ്യം ലഭിച്ചിരിക്കണം. ഇതിന്റെ അടിസ്ഥാനത്തിൽ എവിടെയാണോ ആൾ ഉള്ളത് ആ ജില്ലയിൽനിന്ന് സ്വന്തം നാട്ടിലേക്ക് തിരിച്ചുപോകാനുള്ള പെർമിറ്റ് നൽകണം. ആ രീതിയാണ് ഇപ്പോൾ പിന്തുടരുന്നത്. വഴിമധ്യേ തങ്ങുന്നില്ലെങ്കിൽ കടന്നുപോകുന്ന സംസ്ഥാനങ്ങളുടെ പ്രത്യേക പാസ് വേണമെന്ന നിബന്ധന പാടില്ല. ഇക്കാര്യത്തിൽ നിലനിൽക്കുന്ന അവ്യക്തത ഒഴിവാക്കണമെന്ന് മുഖ്യമന്ത്രി ആവശ്യപ്പെട്ടു.

11. മറ്റു സംസ്ഥാനങ്ങളിൽനിന്ന് വരുന്നവർക്ക് കേരളം രജിസ്‌ട്രേഷൻ ഏർപ്പെടുത്തിയിട്ടുണ്ട്. രജിസ്‌ട്രേഷൻ പ്രകാരം പാസ് അനുവദിക്കുന്നു. ഇങ്ങനെയൊരു ക്രമീകരണം ഇല്ലെങ്കിൽ എത്തിച്ചേരുന്ന സംസ്ഥാനത്തെ 'എൻട്രി പോയിന്റിൽ' തിരക്കുണ്ടാകും. അങ്ങനെ വന്നാൽ ശാരീരിക അകലം പാലിക്കുന്നത് പ്രയാസമാകും. എൻട്രി പോയിന്റിലൂടെ യാത്രക്കാർ പോകുന്നത് ക്രമപ്രകാരമായിരിക്കണം.

12. അതിഥി തൊഴിലാളികൾക്ക് പ്രത്യേക ട്രെയിൻ അനുവദിച്ചതുപോലെ, ഇതര സംസ്ഥാനങ്ങളിൽ കുടങ്ങിപ്പോയവർക്ക് തിരിച്ചുവരാനും പ്രത്യേക ട്രെയിൻ ഏർപ്പെടുത്തണം. വിദ്യാർത്ഥികൾക്ക് മുൻഗണന നൽകി ഡൽഹിയിൽനിന്ന് കേരളത്തിലേക്ക് പ്രത്യേക ട്രെയിൻ വേണമെന്ന് സംസ്ഥാനം നേരത്തേ തന്നെ ആവശ്യപ്പെട്ടിട്ടുണ്ട്. സംസ്ഥാന സർക്കാർ നടത്തിയ രജിസ്‌ട്രേഷൻ പ്രകാരം ഈ ട്രെയിനുകളിൽ ടിക്കറ്റ് അനുവദിക്കുകയാണ് വേണ്ടത്. എന്നാൽ, സംസ്ഥാനത്തിന്റെ രജിസ്‌ട്രേഷൻ പരിഗണിക്കാതെ റെയിൽവെ ഓൺലൈൻ ബുക്കിങ് അനുവദിച്ചിരിക്കുകയാണ്.

രോഗികളുമായി സമ്പർക്കമുള്ളവരെ കണ്ടെത്തുന്നതും അവരെ മാറ്റിപ്പാർപ്പിക്കുന്നതും സംസ്ഥാനം ഇപ്പോൾ ഫലപ്രദമായി ചെയ്തുവരികയാണ്. സംസ്ഥാനത്തിന്റെ രജിസ്‌ട്രേഷൻ പരിഗണിക്കാതെ ഓൺലൈൻ ബുക്കിങ് നടത്തി ട്രെയിൻ യാത്ര അനുവദിച്ചാൽ സംസ്ഥാനത്തിന്റെ നിയന്ത്രണ സംവിധാനം പ്രവർത്തിപ്പിക്കാൻ കഴിയില്ല. സമൂഹവ്യാപനം തടയാനുള്ള സംസ്ഥാനത്തിന്റെ ശ്രമങ്ങൾ നിഷ്ഫലമാക്കാനേ ഇതു സഹായിക്കൂ.

മുംബൈ, അഹമ്മദബാദ്, കൊൽക്കത്ത, ചെന്നൈ, ഹൈദരാബാദ്, ബംഗളൂരു എന്നിവിടങ്ങളിൽനിന്ന് കേരളത്തിലേക്ക് പ്രത്യേക ട്രെയിനുകൾ അനുവദിക്കണം. എത്തിച്ചേരുന്ന സംസ്ഥാനത്തെ സർക്കാരിന്റെ രജിസ്‌ട്രേഷൻ പരിഗണിച്ച് ടിക്കറ്റ് നൽകണം. ഇത്തരം സ്‌പെഷ്യൽ ട്രെയിനുകൾക്ക് എത്തിച്ചേരുന്ന സംസ്ഥാനത്ത് മാത്രമേ സ്റ്റോപ്പുകൾ അനുവദിക്കാവൂ.

13. റെയിൽ, റോഡ്, ആകാശം ഇവയിലൂടെയുള്ള യാത്ര അനുവദിക്കുമ്പോൾ കർക്കശമായ മുൻകരുതലോടെയും നിയന്ത്രണങ്ങളോടെയും ആവണമെന്ന് മുഖ്യമന്ത്രി പറഞ്ഞു. ഇതിൽ വരുന്ന ചെറിയ അശ്രദ്ധപോലും വലിയ അപകടമുണ്ടാക്കുമെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി.

14. സംസ്ഥാനങ്ങൾക്ക് മതിയായ തോതിൽ ടെസ്റ്റ് കിറ്റുകൾ അനുവദിക്കണം. രാജ്യത്തെ മെഡിക്കൽ ഗവേഷണ സ്ഥാപനങ്ങൾ വികസിപ്പിച്ച ടെസ്റ്റിങ് സാങ്കേതികവിദ്യകൾക്ക് അംഗീകാരം നൽകുന്നത് ത്വരിതപ്പെടുത്തണം.

15. യാത്രകൾ ചെയ്തിട്ടുള്ളവരെ വീടുകളിൽ നിരീക്ഷിക്കുന്നതിന് ഫലപ്രദമായ സംവിധാനം കേരളത്തിലുണ്ട്. സർക്കാർ വകുപ്പുകളും തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളും മേൽനോട്ടം വഹിച്ചുകൊണ്ടാണ് ഇവിടെ വീടുകളിലെ നിരീക്ഷണം നടക്കുന്നത്. പൊതുസ്ഥാപനങ്ങളിൽ ആളുകളെ കൂട്ടത്തോടെ താമസിപ്പിക്കുന്നതിന്റെ സമ്മർദം ഒഴിവാക്കുന്ന രീതിയുമാണ് ഇത്. ഇപ്പോൾ വിദേശ രാജ്യങ്ങളിൽനിന്ന് വരുന്നവരെ ഉൾപ്പെടെ വീടുകളിൽ നിരീക്ഷണത്തിലേക്ക് അയക്കാൻ ഈ സാഹചര്യത്തിൽ കേന്ദ്രത്തോട് അഭ്യർത്ഥിക്കുന്നു.

16. കോവിഡ് കാലത്ത് ലോക്ക്ഡൗണിന്റെ ഭാഗമായും അല്ലാതെയും സാമ്പത്തികപ്രയാസം അനുഭവിക്കുന്നവർക്ക് വരുമാനം ലഭിക്കുന്നതിനുള്ള പദ്ധതികൾ നടപ്പാക്കേണ്ടതിനെക്കുറിച്ച് നേരത്തേ വീഡിയോ കോൺഫറൻസുകളിൽ കേരളം ആവർത്തിച്ചു പറഞ്ഞിരുന്നു. അത്തരം നടപടികൾ ഈ സന്നിഗ്ധ ഘട്ടത്തിൽ ഏറ്റവും പ്രസക്തമാണ്. വരുമാനത്തിലെ നഷ്ടവും ചെലവിലെ വൻ വർധനയുംമൂലം സംസ്ഥാനം ഞെരുങ്ങുകയാണ്. വായ്പാപരിധി ഉയർത്തിയും കുറഞ്ഞ പലിശനിരക്കിൽ കൂടുതൽ ഫണ്ട് ലഭ്യമാക്കിയുമാണ് ഇതിനെ മറികടക്കാൻ കഴിയുക. 2020-21ൽ കേന്ദ്ര ഗവൺമെന്റ് 12 ലക്ഷം കോടി രൂപ കടമെടുക്കാൻ പോകുന്നുവെന്നാണ് അറിയുന്നത്. ബജറ്റ് വിഭാവനം ചെയ്ത കടമെടുപ്പ് 7.8 ലക്ഷം കോടിയുടേതാണ്. മൊത്ത ആഭ്യന്തര ഉൽപാദനത്തിന്റെ 5.5 ശതമാനമാണ് ഈ കടം. ഈ അസാധാരണ ഘട്ടത്തിൽ കൂടുതൽ വായ്പ അനിവാര്യമാണ്. സാമൂഹികരംഗത്ത് കൂടുതൽ ഉത്തരവാദിത്തങ്ങൾ നിർവഹിക്കാനുള്ള സംസ്ഥാനങ്ങൾക്കും അത് ബാധകമാണ് എന്ന് മുഖ്യമന്ത്രി ഓർമിപ്പിച്ചു.

17. സൂക്ഷ്മ-ചെറുകിട-ഇടത്തരം വ്യവസായ മേഖലയ്ക്കും അസംഘടിത മേഖലയിലെ തൊഴിലാളികൾക്കുമുള്ള സഹായ പദ്ധതികൾ പെട്ടെന്ന് പ്രഖ്യാപിക്കണം. അതോടൊപ്പം തൊഴിലുകൾ നിലനിർത്താൻ വ്യവസായമേഖലകൾക്ക് പിന്തുണ നൽകണം.

18. ഭക്ഷ്യഉൽപാദനം വർധിപ്പിക്കുന്നതിന് തരിശുഭൂമിയിലടക്കം കൃഷി ചെയ്യാനുള്ള ബൃഹദ്പദ്ധതിക്ക് കേരളം രൂപം നൽകിയിട്ടുണ്ട്. അതിന് സഹായകമാംവിധം തൊഴിലുറപ്പ് പദ്ധതിയെ ക്രമീകരിക്കണം.

19. ഫെഡറലിസത്തിന്റെ അന്തഃസത്ത ഉൾക്കൊണ്ട് ജനങ്ങളുടെ ഉപജീവനപ്രശ്‌നങ്ങൾ പരിഹരിക്കാൻ ഇടപെടണമെന്നും മുഖ്യമന്ത്രി കേന്ദ്രത്തോട് അഭ്യർത്ഥിച്ചു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP