Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202423Tuesday

ഐസിസ് ഭീഷണിയുടെ കാലത്തും കാലോചിതമായി പരിഷ്‌ക്കരിക്കാതെ സ്‌പെഷ്യൽ ബ്രാഞ്ച്; ഒഴിവു വരുന്ന തസ്തികകളിലേക്ക് ഭരണാനുകൂല രാഷ്ട്രീയമുള്ളവരെ നിയമിക്കാൻ നീക്കം തകൃതി; രഹസ്യമായി വിവരങ്ങൾ ശേഖരിക്കേണ്ട ജോലിക്ക് നിയോഗിക്കുന്നത് ലോക്കൽ പൊലീസിൽ നിന്നും ഡെപ്യൂട്ടേഷനിൽ എത്തുന്നവരെ

ഐസിസ് ഭീഷണിയുടെ കാലത്തും കാലോചിതമായി പരിഷ്‌ക്കരിക്കാതെ സ്‌പെഷ്യൽ ബ്രാഞ്ച്; ഒഴിവു വരുന്ന തസ്തികകളിലേക്ക് ഭരണാനുകൂല രാഷ്ട്രീയമുള്ളവരെ നിയമിക്കാൻ നീക്കം തകൃതി; രഹസ്യമായി വിവരങ്ങൾ ശേഖരിക്കേണ്ട ജോലിക്ക് നിയോഗിക്കുന്നത് ലോക്കൽ പൊലീസിൽ നിന്നും ഡെപ്യൂട്ടേഷനിൽ എത്തുന്നവരെ

രഞ്ജിത് ബാബു

കണ്ണൂർ: സംസ്ഥാനത്തെ സ്പെഷൽ ബ്രാഞ്ച് പൊലീസ് വിഭാഗത്തിൽ സ്വന്തക്കാരെ നിയമിക്കാൻ നീക്കം. അടുത്ത മാസത്തോടെ സർവ്വീസിൽ നിന്ന് വിരമിക്കുന്നവരുടെ ഒഴിവിലേക്കാണ് ഭരണാനുകൂല രാഷ്ട്രീയമുള്ളവരെ നിയമിക്കാൻ നീക്കം നടക്കുന്നത്. കാലോചിതമായി പരിഷ്‌ക്കരിക്കാത്ത സ്പെഷൽ ബ്രാഞ്ച് സംവിധാനമുള്ള ദക്ഷിണേന്ത്യയിലെ ഏക സംസ്ഥാനമാണ് കേരളം. തമിഴ്‌നാട്ടിൽ ക്യൂ ബ്രാഞ്ചും കർണ്ണാടകത്തിൽ ആന്റി ടെററിസ്റ്റ് വിങ്ങും ശക്തമായി നിലകൊള്ളുമ്പോൾ കേരളത്തിലെ രഹസ്യാന്വേഷണ വിഭാഗം കാര്യക്ഷമമല്ലാത്ത രീതിയിൽ തുടരുകയാണ്.

കേരളത്തിൽ സ്പെഷൽ ബ്രാഞ്ചിന് രണ്ട് വിഭാഗങ്ങളാണ് ഉള്ളത്. ഒന്ന് സ്റ്റേറ്റ് സ്പെഷൽ ബ്രാഞ്ചും മറ്റൊന്ന് സ്പെഷൽ ബ്രാഞ്ചും. എസ്.എസ്. ബി.യുടെ മുഖ്യ ചുമതല വരാൻ പോകുന്ന സംഭവ വികാസങ്ങളെ മുൻകൂട്ടി അറിഞ്ഞ് റിപ്പോർട്ട് ചെയ്യലാണ്. തീവ്രവാദ ബന്ധം രാഷ്ട്രീയ ഗുണ്ടാ ബന്ധം എന്നിവയുള്ളവരുടെ ഹിസ്റ്ററി ഷീറ്റ് തയ്യാറാക്കണം. മാത്രമല്ല അങ്ങിനയുള്ളവരുടെ കുടുംബ വിവരങ്ങൾ വരുമാന സ്രോതസ്സ്, തുടങ്ങി ഒട്ടേറെ കാര്യങ്ങൾ ശേഖരിക്കണം.

എന്നാൽ കേരളത്തിലെ അന്വേഷണ വിഭാഗങ്ങൾ ഇതെല്ലാം ചടങ്ങിനൊപ്പിക്കുന്ന സമീപനമാണ് കാലാകാലങ്ങളിൽ സ്വീകരിച്ചു പോന്നത്. സ്പെഷൽ ബ്രാഞ്ചിന്റെ പ്രധാന ചുമതല പാസ്പ്പോർട്ട് വെരിഫിക്കേഷനും സംഭവിച്ച കാര്യങ്ങളുടെ വിശദീകരിച്ച റിപ്പോർട്ട് തയ്യാറാക്കലുമാണ്. എന്നാൽ കാലാകാലങ്ങളിൽ ഈ രണ്ടു വിഭാഗങ്ങളിലും രാഷ്ട്രീയ നിയമനങ്ങളാണ് നടന്നു വരുന്നത്. അതുകൊണ്ടുതന്നെ രാജ്യ രക്ഷ ഉൾപ്പെടെയുള്ള കാര്യങ്ങളുമായി ബന്ധപ്പെട്ട അന്വേഷണം ചടങ്ങിന് നടത്തപ്പെടുകയാണ്. ലോക്കൽ പൊലീസിൽ നിന്നും ഡപ്യൂട്ടേഷനിലാണ്
സ്പെഷൽ ബ്രാഞ്ചുകാരെ നിയമിക്കുന്നത്. ലോക്കൽ പൊലീസിൽ ഏറെക്കാലം ജോലി ചെയ്തവർ അന്വേഷണവുമായി രംഗത്തിറങ്ങുമ്പോൾ തന്നെ പ്രതികളായവർക്ക് അറിയുവാൻ കഴിയും. പ്രത്യേക പരിശീലനമൊന്നുമില്ലാതെ വിവരശേഖരണത്തിനിറങ്ങുമ്പോൾ തന്നെ അത് പാളുകയും ചെയ്യും.

1999 ൽ മുഖ്യമന്ത്രിയായിരുന്ന ഇ.കെ. നായനാരെ വധിക്കാനുള്ള ഗൂഢാലോചന മുതൽ ഇസ്ലമാക് സ്റ്റേറ്റിലേക്കുള്ള യുവാക്കളുടെ പ്രയാണം വരെ കാര്യങ്ങളെത്തിയിട്ടും കേരളാ പൊലീസിന്റെ രഹസ്യാന്വേഷണ വിഭാഗം കാലോചിതമായി പരിഷ്‌ക്കരിച്ചിട്ടില്ല. ഇസ്ലാമിക് സ്റ്റേറ്റുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുന്നവർ കണ്ണൂർ ജില്ലയിലെ കനകമലയിൽ എത്തി യോഗം ചേർന്നിട്ടും ബന്ധപ്പെട്ട പൊലീസ് സ്റ്റേഷന്റെ സ്പെഷൽ ബ്രാഞ്ചുകാർ വിവരമറിഞ്ഞത് ദേശീയ അന്വേഷണ ഏജൻസി സ്ഥലം വളഞ്ഞതിന് ശേഷമാണ്.

സംസ്ഥാന സ്പെഷൽ ബ്രാഞ്ചിന്റെ വീഴ്ചയുടെ ഉത്തമ ഉദാഹരണമാണിത്. ഉത്തര കേരളത്തിൽ കളിയാട്ട കാലത്ത് നിരവധി വിദേശികൾ എത്തിച്ചേരാറുണ്ട്. ഈ വർഷവും അത് തുടരുന്നുമുണ്ട്. സാധാരണ ഗതിയിൽ ഒരു വിദേശി ഇന്ത്യയിൽ വന്നാൽ സി.ഫോം പൂരിപ്പിച്ച് ലോക്കൽ പൊലീസിൽ നൽകണം. അത് ജില്ലാ സ്പെഷൽ ബ്രാഞ്ചിലേക്ക് അയക്കും. ഇവിടുത്തെ താമസം, സന്ദർശന ലക്ഷ്യം, സന്ദർശന സ്ഥലങ്ങൾ എന്നിവയൊക്കെ വിശദമായി രേഖപ്പെടുത്തിയ റിപ്പോർട്ട് ലോക്കൽ പൊലീസിനെ അറിയിക്കേണ്ടതുണ്ട്. എന്നാൽ ഇതെല്ലാം ഇപ്പോൾ ചടങ്ങിനു മാത്രമാണ്. സ്പെഷൽ ബ്രാഞ്ചുകാർ ഇത്തരം വിദേശികളെ നിരീക്ഷിച്ച് റിപ്പോർട്ട് ചെയ്യാൻ മെനക്കെടാറുമില്ല.

2011 ൽ സ്പെഷൽ ബ്രാഞ്ചിലേക്ക് പ്രത്യേക റിക്രൂട്ട്മെന്റ് നടത്തി കാര്യക്ഷമമായ ഒരന്വേഷണ വിഭാഗത്തെ രൂപീകരിക്കണമെന്ന് അന്നത്തെ ഡി.ജി.പി. ജേക്കബ് പുന്നൂസ് സർക്കാറിൽ റിപ്പോർട്ട് നൽകിയിരുന്നു. എന്നാൽ അത് ഇന്നു വരേയും നടപ്പായിട്ടില്ല. മാവോയിസ്റ്റ് ഭീഷണിയും തീവ്രവാദ ഭീഷണിയും നിലനിൽക്കുന്ന കർണ്ണാടകവും തമിഴ്‌നാടും രാഷ്ട്രീയ നിറം നല്കാതെ ഇത്തരം പ്രത്യേക വിഭാഗങ്ങളെ നിയോഗിച്ചിട്ടുണ്ട്. കേരളം ഇപ്പോഴും കാര്യക്ഷമതയുള്ള അന്വേഷണ ഏജൻസികളുടെ കാര്യത്തിൽ കാൽ നൂറ്റാണ്ട് പിറകിലാണ്. രഹസ്യാന്വേഷണ പ്രവർത്തനത്തിന് ജീവനക്കാറില്ലെന്നതാണ് കേരളം നേരിടുന്ന മറ്റൊരു പ്രശ്നം. അഞ്ച് പൊലീസ് സ്റ്റേഷൻ പരിധിവരെ അന്വേഷണം നടത്തേണ്ടി വരുന്ന ഒരു സ്പെഷൽ ബ്രാഞ്ച് പൊലീസിന് എങ്ങിനെ കാര്യക്ഷമമായി പ്രവർത്തിക്കാൻ കഴിയും എന്നും അവർ ചോദിക്കുന്നു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP