Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ഭക്തജനങ്ങളുടെ വികാരം മാനിക്കാതെ സർക്കാർ സ്‌പോൺസർഷിപ്പിൽ യുവതീ പ്രവേശനം നടത്തിയ രോഷത്തിൽ തെരുവിൽ ഇറങ്ങിയവരെ നിർദാഷണ്യം വേട്ടയാടിയ സർക്കാർ എന്തേ പണിമുടക്കിന്റെ പേരിൽ ഹർത്താൽ നടത്തിയവർക്കെതിരെ മിണ്ടുന്നില്ല? ഹർത്താൽ വിരുദ്ധ ഡയലോഗഡിച്ച് തെരുവിൽ ഇരങ്ങിയവരാരും എന്തേ രണ്ട് ദിവസമായി കേരളം സ്തംഭിച്ചിട്ടും മിണ്ടുന്നില്ല? പണിമുടക്കിന്റെ പേരിൽ രണ്ടാം ദിവസവും കേരളം പരിപൂർണ്ണ നിശ്ചലം; വെളിയിൽ ഇറങ്ങാനാവാതെ പൊതു ജനം

ഭക്തജനങ്ങളുടെ വികാരം മാനിക്കാതെ സർക്കാർ സ്‌പോൺസർഷിപ്പിൽ യുവതീ പ്രവേശനം നടത്തിയ രോഷത്തിൽ തെരുവിൽ ഇറങ്ങിയവരെ നിർദാഷണ്യം വേട്ടയാടിയ സർക്കാർ എന്തേ പണിമുടക്കിന്റെ പേരിൽ ഹർത്താൽ നടത്തിയവർക്കെതിരെ മിണ്ടുന്നില്ല? ഹർത്താൽ വിരുദ്ധ ഡയലോഗഡിച്ച് തെരുവിൽ ഇരങ്ങിയവരാരും എന്തേ രണ്ട് ദിവസമായി കേരളം സ്തംഭിച്ചിട്ടും മിണ്ടുന്നില്ല? പണിമുടക്കിന്റെ പേരിൽ രണ്ടാം ദിവസവും കേരളം പരിപൂർണ്ണ നിശ്ചലം; വെളിയിൽ ഇറങ്ങാനാവാതെ പൊതു ജനം

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: കേന്ദ്ര സർക്കാരിന്റെ ജനവിരുദ്ധ നയങ്ങളിൽ പ്രതിഷേധിച്ച് സംയുക്ത തൊഴിലാളി യൂണിയനുകൾ പ്രഖ്യാപിച്ച 48 മണിക്കൂർ അഖിലേന്ത്യാ പണിമുടക്ക് ദേശീയ തലത്തിൽ വലിയ ചലനമുണ്ടാക്കിയില്ല. രാജ്യ തലസ്ഥാനമായ ഡൽഹി പതിവ് പോലെ പ്രവർത്തിച്ചു. സാമ്പത്തിക തലസ്ഥാനമായ മുംബൈയും കുലുങ്ങിയില്ല. എന്നാൽ കേരളത്തിൽ പൊതു പണിമുടക്ക് ഹർത്താലിന് തുല്യമായി. രണ്ട് ദിവസം തുടർച്ചയായി സംസ്ഥാനം നിശ്ചലമാകുകയാണ്. ശതകോടികളുടെ നഷ്ടമാണ് കേരളത്തിന് ഉണ്ടാകുന്നത്. ദേശീയ തലത്തിൽ ചലനമാകാത്ത ഹർത്താലിൽ ദുരിതം അനുഭവിക്കുന്നതും കേരളത്തിലുള്ളവർ. ഇടതു പക്ഷ എംപിമാർ പോലും വാഹനങ്ങളിൽ ഇന്നലെ പാർലമെന്റിലെത്തി. എന്നാൽ കേരളത്തിലെ പാവപ്പെട്ടവർക്ക് ആശുപത്രിയിൽ ചികിൽസയ്‌ക്കെത്താൻ പോലും വാഹനമില്ല. ഇങ്ങനെ കേരളം ദുരിതത്തിലാകുമ്പോഴും ഹർത്താലിനെതിരെ ശബ്ദിക്കുന്ന സംസ്‌കാരിക നായകർക്ക് പരാതിയില്ല.

സാധാരണ ഹർത്താലിൽ കേരളത്തിൽ നിശ്ചലമാകാത്തത് റെയിൽവേ പാളങ്ങളാണ്. എന്നാൽ ദേശീയ പണിമുടക്കിനായി തീവണ്ടി യാത്രകളേയും തടസ്സപ്പെടുത്തി. ഇതോടെ ട്രെയിൻ ഗതാഗതം താറുമാറായി. അങ്ങനെ സർവ്വത്ര ദുരിതത്തിലേക്ക് കേരളം നീങ്ങി. കടയടപ്പിച്ചവരും വണ്ടി തടഞ്ഞവരും റോഡിൽ സ്‌റ്റേജ് കെട്ടിയവരും എല്ലാമുണ്ട്. എന്നാൽ ഇതൊന്നും പൊലീസ് കാണുന്നും കേൾക്കുന്നുമില്ല. സെക്രട്ടറിയേറ്റ് നടയിൽ റോഡിൽ കെട്ടിയ സ്‌റ്റേജി്ൽ കലാപരിപാടികളും നടത്തി. റോഡിന് നടുവിലെ സമര പന്തൽ ആർക്കും പൊലിച്ചു മാറ്റുകയും വേണ്ട. അങ്ങനെ സർക്കാരിന്റെ പൂർണ്ണ പിന്തുണയിൽ ഹർത്താൽ. ഹൈക്കോടതിയിൽ പൊതു പണിമുടക്കുമായി ബന്ധപ്പെട്ട് നൽകിയ ഉറപ്പുകളൊന്നും ആരും പാലിച്ചില്ല. സർക്കാർ ഇതിനെ കുറിച്ച് അറിയാവുന്ന ഭാവവും നയിച്ചില്ല. ശബരിമല പ്രക്ഷോഭകരോട് കാട്ടിയ വേട്ടയാടൽ പൊലീസും പൊതു പണിമുടക്കിൽ ജനത്തെ വലച്ചവരോട് കാട്ടിയില്ല. സാമൂഹിക സാംസ്‌കാരിക നായകന്മാരും ഒന്നും അറിയുന്നില്ല.

പൊതുഗതാഗത സംവിധാനങ്ങൾ ഇല്ലാതായതോടെ ജനജീവിതം താറുമാറായി. പണിമുടക്കിയ തൊഴിലാളികൾ, കടകൾ അടപ്പിക്കുകയും സ്വകാര്യ വാഹനങ്ങളും തീവണ്ടികളും തടയുകയും ചെയ്തു. സർക്കാർ ഓഫീസുകൾ മിക്കതും ശൂന്യമായിരുന്നു. ബാങ്കുകളുടെ പ്രവർത്തനവും സ്തംഭിച്ചു. വാഹനങ്ങൾ തടയില്ലെന്നും കടകൾ അടപ്പിക്കാൻ ശ്രമിക്കില്ലെന്നും സംയുക്ത സമരസമിതി നേതാക്കൾ പ്രഖ്യാപിച്ചിരുന്നു. ഇത് പാഴ്‌വാക്കായി. മലപ്പുറം മഞ്ചേരിയിൽ കടയടപ്പിക്കാൻ ശ്രമിച്ചത് സംഘർഷത്തിന് വഴിവെച്ചു. വർക്കല റെയിൽവേസ്റ്റേഷന് മുൻവശത്തെ ബേക്കറി ബലം പ്രയോഗിച്ച് അടയ്ക്കാൻ ശ്രമിച്ചത് വാക്കേറ്റത്തിനും കൈയാങ്കളിക്കും വഴിവെച്ചു. ഇതൊന്നും സർക്കാരും പൊലീസും കാര്യമായെടുക്കുന്നില്ല. സ്വകാര്യ സ്വത്തുക്കൾ തകർക്കുന്ന നിയമ പ്രകാരം ആർക്കെതിരേയും കേസും എടുക്കില്ല. എല്ലാം മോദിക്കെതിരെ എന്ന് പറഞ്ഞ് സാസ്‌കരിക നായകന്മാരും ഈ ഹർത്താലിനെ പിന്തുണയ്ക്കുന്നു. ഭക്തജനങ്ങളുടെ വികാരം മാനിക്കാതെ സർക്കാർ സ്‌പോൺസർഷിപ്പിൽ യുവതീ പ്രവേശനം നടത്തിയ രോഷത്തിൽ തെരുവിൽ ഇറങ്ങിയവരെ നിർദാഷണ്യം വേട്ടയാടിയ സർക്കാർ ഇതിനെ ഔദ്യോഗിക പരിപാടിയുമാക്കി മാറ്റി.

കടകൾ അടപ്പിക്കില്ലെന്നും വാഹനങ്ങൾ തടയില്ലെന്നുമുള്ള ഉറപ്പ് 48 മണിക്കൂർ സമരത്തിന്റെ ആദ്യ 24 മണിക്കൂറിൽത്തന്നെ കാറ്റിൽപറന്നു. പതിവിനു വിരുദ്ധമായി സംസ്ഥാനത്തു ട്രെയിൻ ഗതാഗതം ഉൾപ്പെടെ താറുമാറായി. കടകൾ തുറന്ന വ്യാപാരികളും സമരക്കാരുമായി വിവിധ ജില്ലകളിൽ സംഘർഷമുണ്ടായി. കടകൾ നിർബന്ധിപ്പിച്ച് അടപ്പിക്കില്ലെന്നു സിഐ.ടി.യു. ജനറൽ സെക്രട്ടറി എളമരം കരീം എംപി. ഉൾപ്പെടെയുള്ള നേതാക്കൾ നൽകിയ ഉറപ്പെല്ലാം പാഴ്‌വാക്കായതോടെ കേരളത്തിൽ പണിമുടക്ക് ഫലത്തിൽ ഹർത്താലായി. ഇന്ന് അർധരാത്രിവരെയാണു പണിമുടക്ക്. പണിമുടക്കിന്റെ ഭാഗമായി മുഖ്യമന്ത്രിയും മന്ത്രിമാരും പ്രധാന ഉദ്യോഗസ്ഥരും സെക്രട്ടേറിയറ്റിൽ എത്തിയില്ല. പണിമുടക്കിയവർ സെക്രട്ടേറിയറ്റ് ഉപരോധിച്ചു. ജോലിക്കു കയറാൻ വന്നവരെ സമരക്കാർ തടഞ്ഞതു സംഘർഷത്തിനിടയാക്കി. പമ്പയിലേക്കും എരുമേലിയിലേക്കും ഒഴികെ, കെ.എസ്.ആർ.ടി.സി. സർവീസ് നടത്തിയില്ല. സംസ്ഥാനമൊട്ടാകെ സ്വകാര്യ ബസ്, ഓട്ടോറിക്ഷ, ടാക്സി സർവീസുകളും നിലച്ചു. എല്ലാ അർത്ഥത്തിലും കേരളത്തെ ഈ പൊതു പണിമുടക്ക് വലച്ചു.

തുറന്ന കടകൾക്കും നിരത്തിലിറങ്ങിയ വാഹനങ്ങൾക്കും പൊലീസ് സംരക്ഷണം നൽകാത്തതിനാൽ ജനം ദുരിതത്തിലായി. സമരക്കാർ വാക്കുമാറിയതോടെ, തുറന്ന കടകളും താമസിയാതെ അടച്ചു. വിനോദസഞ്ചാരികളും തീർത്ഥാടകരും വലഞ്ഞു. ഇന്ധന പമ്പുകൾ മിക്കയിടത്തും അടഞ്ഞുകിടന്നതിനാൽ സ്വകാര്യവാഹനങ്ങളും കാര്യമായി നിരത്തിലിറങ്ങിയില്ല. സർക്കാർ ഓഫീസുകളിൽ ഹാജർ നന്നേ കുറവായിരുന്നു. ചില ബാങ്കുകൾ തുറന്നു. കോഴിക്കോട് ഗുജറാത്തി തെരുവിൽ ലാൽമുൽജി ട്രാൻസ്പോർട്ട് കമ്പനി ഓഫീസിനു നേരേ ആക്രമണമുണ്ടായി. ചുവരുകളിൽ കരിഓയിൽ ഒഴിക്കുകയും ജനൽചില്ലുകൾ തകർക്കുകയും ചെയ്തു. മലപ്പുറം ജില്ലയിൽ പരപ്പനങ്ങാടിയിലും അങ്ങാടിപ്പുറത്തും ട്രെയിൻ തടഞ്ഞു. ഷൊർണൂർ-നിലമ്പൂർ ട്രെയിനും എറണാകുളം-കണ്ണൂർ ഇന്റർസിറ്റി ട്രെയിനുമാണു തടഞ്ഞത്.

പൊതു പണിമുടക്കിന്റെ ആദ്യ ദിനം തിരുവനന്തപുരം ഡിവിഷനിലെ വിവിധ സ്റ്റേഷനുകളിലായി 21 തീവണ്ടികൾ തടഞ്ഞു. പാലക്കാട് ഡിവിഷനുകീഴിൽ 12 സ്ഥലത്ത് തീവണ്ടി തടഞ്ഞു. ഇതോടെ തീവണ്ടിഗതാഗതം താറുമാറായി. മിക്ക വണ്ടികളും ഒന്നരമണിക്കൂർവരെ വൈകിയാണ് ഓടുന്നത്. എറണാകുളം-കായംകുളം പാസഞ്ചർ (ഇരുവശത്തേക്കും) റദ്ദാക്കി. തിരുവനന്തപുരം സെൻട്രൽ സ്റ്റേഷനിൽ ചൊവ്വാഴ്ച രാവിലെ നാല് തീവണ്ടികളാണ് തടഞ്ഞിട്ടത്. ഇതോടെ തലസ്ഥാനത്തേക്കുള്ള തീവണ്ടിഗതാഗതം താറുമാറായി. ഇന്നും തീവണ്ടി തടയലുണ്ട്. ഇത് കാരണം ആരും ട്രെയിൻ യാത്രയ്ക്ക് മുതിരുന്നുമില്ല. ബുധനാഴ്ചയും ഉപരോധം തുടർന്നാൽ കൂടുതൽ തീവണ്ടികൾ റദ്ദാക്കേണ്ടിവരുമെന്ന് റെയിൽവേ അറിയിച്ചു.

തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളത്തിലെ തൊഴിലാളികളും ആദ്യമായി പണിമുടക്കിൽ പങ്കെടുത്തു. പല വിമാനങ്ങളും പുറപ്പെടാൻ പത്ത് മിനിറ്റോളം വൈകി. വിമാനത്താവളത്തിലെ ഗ്രൗണ്ട് ഹാൻഡ്ലിങ് വിഭാഗത്തിലെ ജീവനക്കാരാണ് കൂടുതലും സമരത്തിലുള്ളത്. പത്തനംതിട്ടയിൽനിന്ന് പമ്പയിലേക്കും പമ്പയിൽനിന്നുമുള്ള കെ.എസ്.ആർ.ടി.സി. സർവീസുകൾ മുടങ്ങിയില്ല. പമ്പ-പത്തനംതിട്ട-ചെങ്ങന്നൂർ, പമ്പ-തിരുവനന്തപുരം, പമ്പ-എരുമേലി സർവീസുകളുണ്ടായിരുന്നു. പുനലൂർ, ചെങ്കോട്ട ഭാഗത്തേക്ക് ബസ് ഇല്ലാത്തത് തീർത്ഥാടകരെ വലച്ചു.

കൊച്ചിയിൽ മെട്രോ സർവീസുകൾ തടസ്സപ്പെട്ടില്ല. ഓൺലൈൻ ടാക്‌സികളും സർവീസ് നടത്തി. വയനാട്ടിൽ സ്വകാര്യവാഹനങ്ങൾ യഥേഷ്ടം നിരത്തിലിറങ്ങി. ചിലയിടങ്ങളിൽ ഓട്ടോറിക്ഷകളും ചരക്കുവാഹനങ്ങളും ഓടി. അന്തഃസംസ്ഥാന ചരക്കുലോറികൾ ബത്തേരിയിൽ തടഞ്ഞു. അമ്പലവയലിൽ തുറന്ന ബാങ്കുകൾ സമരാനുകൂലികൾ അടപ്പിച്ചു. തൃശ്ശൂരിൽ സംയുക്ത തൊഴിലാളി യൂണിയന്റെ നേതൃത്വത്തിൽ പലയിടങ്ങളിലും പ്രകടനം നടത്തി. പാലക്കാട് കഞ്ചിക്കോട്ട് കിൻഫ്ര പാർക്കിൽ ജോലിക്കെത്തിയവരെ സമരക്കാർ തടഞ്ഞു. കോഴിക്കോട് ജില്ലയിൽ ഒറ്റപ്പെട്ട അക്രമസംഭവങ്ങളുണ്ടായി. കോഴിക്കോട് നഗരത്തിൽ കടകൾ തുറന്നെങ്കിലും ഉൾപ്രദേശങ്ങളിൽ ഹർത്താൽ പ്രതീതിയായിരുന്നു. വടകരയിൽ തുറന്ന കടകൾ അടപ്പിച്ചു.

സെക്രട്ടേറിയറ്റിലെ 4860 ജീവനക്കാരിൽ 111 പേരാണു ഹാജരായത്. മിക്ക ഓഫിസുകളിലും എത്തിയ ജീവനക്കാരെ സമരാനുകൂലികൾ തിരിച്ചയച്ചു. കൊല്ലം മുണ്ടയ്ക്കൽ വില്ലേജ് ഓഫിസിൽ ജോലിക്കെത്തിയ വില്ലേജ് അസിസ്റ്റന്റ് എസ്. സ്രോതസ്സിനു മർദനമേറ്റു. എൻജിഒ സംഘ് ജില്ലാ ജോയിന്റ് സെക്രട്ടറിയാണു സ്രോതസ്. സിപിഎം ബ്രാഞ്ച് സെക്രട്ടറിയുടെ നേതൃത്വത്തിലാണു മർദിച്ചതെന്ന പരാതിയിൽ കേസെടുത്തു. കടകൾ തുറക്കുമെന്ന വ്യാപാരി സംഘടനകളുടെ പ്രഖ്യാപനം ഭാഗികമായി മാത്രമാണു നടപ്പായത്. തുറന്ന കടകൾ സമരക്കാർ അടപ്പിക്കുമ്പോൾ പൊലീസ് കണ്ടുനിന്നെന്നും പരാതിയുണ്ട്. നേതാക്കൾ ഫോണിൽ വിളിച്ചു ഭീഷണിപ്പെടുത്തിയതിനാൽ കട അടച്ചവരുമുണ്ട്. കഴിഞ്ഞ ഹർത്താലിൽ സംഘർഷമുണ്ടായ കോഴിക്കോട് മിഠായിത്തെരുവിൽ പകുതിയിലേറെ കടകൾ തുറന്നു. തലശ്ശേരിയിൽ തിയറ്ററുകളും ഹോട്ടലുകളും വരെ തുറന്നെങ്കിലും സമരക്കാർ അടപ്പിച്ചു. തൃശൂർ നഗരത്തിൽ ചെട്ടിയങ്ങാടി ജംക്ഷൻ മുതൽ കോർപറേഷൻ ഓഫിസ് വരെ കടകൾ അടപ്പിച്ച സമരക്കാർ ഇന്നു തുറക്കരുതെന്നു ഭീഷണിപ്പെടുത്തുകയും ചെയ്തു.

രാജ്യത്തു 13 ലക്ഷം കേന്ദ്ര ജീവനക്കാർ പണിമുടക്കിയതായി കോൺഫെഡറേഷൻ ഓഫ് സെൻട്രൽ ഗവൺമെന്റ് എംപ്ലോയീസ് ആൻഡ് വർക്കേഴ്‌സ് അവകാശപ്പെട്ടു. രാജ്യത്തെ ഒന്നര ലക്ഷത്തോളം പോസ്റ്റ് ഓഫിസുകളിലെ ജീവനക്കാർ പണിമുടക്കിൽ പങ്കെടുത്തതായി സംഘടന സെക്രട്ടറി ജനറൽ എം. കൃഷ്ണൻ അറിയിച്ചു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP