Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202417Wednesday

ഉമ്മൻ ചാണ്ടിയും പേഴ്സണൽ സ്റ്റാഫ് അംഗങ്ങളും ആര്യാടനും സോളാർ തട്ടിപ്പിനായി സരിതയ്ക്കും കമ്പനിക്കും കൂട്ടുനിന്നതിനെതിരെ കേസ്; നേരിട്ട് കൈക്കൂലി വാങ്ങിയതിന് ഉമ്മൻ ചാണ്ടിക്കെതിരെ വേറെയും കേസ്; തിരുവഞ്ചൂരിനും രണ്ട് ഐപിഎസുകാർക്കും എതിരെ കേസ് അട്ടിമറിച്ചതിന് പ്രത്യേകം കേസ്; ബെന്നി ബെഹനാനും തമ്പാനൂർ രവിയും പ്രതികൾ; സരിതയുടെ കത്തിൽ പറയുന്നവർക്കെതിരെ മാനഭംഗത്തിന് പിന്നെയും കേസുകൾ; ലൈംഗിക സംതൃപ്തി നേടിയതും അഴിമതി: സോളാർ കമ്മീഷന്റെ പ്രധാന ശുപാർശകളും സർക്കാർ നടപടിയുടെ പൂർണരൂപവും

ഉമ്മൻ ചാണ്ടിയും പേഴ്സണൽ സ്റ്റാഫ് അംഗങ്ങളും ആര്യാടനും സോളാർ തട്ടിപ്പിനായി സരിതയ്ക്കും കമ്പനിക്കും കൂട്ടുനിന്നതിനെതിരെ കേസ്; നേരിട്ട് കൈക്കൂലി വാങ്ങിയതിന് ഉമ്മൻ ചാണ്ടിക്കെതിരെ വേറെയും കേസ്; തിരുവഞ്ചൂരിനും രണ്ട് ഐപിഎസുകാർക്കും എതിരെ കേസ് അട്ടിമറിച്ചതിന് പ്രത്യേകം കേസ്; ബെന്നി ബെഹനാനും തമ്പാനൂർ രവിയും പ്രതികൾ; സരിതയുടെ കത്തിൽ പറയുന്നവർക്കെതിരെ മാനഭംഗത്തിന് പിന്നെയും കേസുകൾ; ലൈംഗിക സംതൃപ്തി നേടിയതും അഴിമതി: സോളാർ കമ്മീഷന്റെ പ്രധാന ശുപാർശകളും സർക്കാർ നടപടിയുടെ പൂർണരൂപവും

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: ഉമ്മൻ ചാണ്ടി സർക്കാറിനെ പിടിച്ചുകുലുക്കിയ സോളാർ വിവാദമാണ് കഴിഞ്ഞ തിരഞ്ഞെടുപ്പിൽ യുഡിഎഫിനെ ദയനീയ തോൽവിയിലേക്ക് തള്ളിവിട്ടത്. കോൺഗ്രസിലെ എ ഗ്രൂപ്പിനെയും ഐ ഗ്രൂപ്പിലെ ചില പ്രമുഖരെയും അടിമുടി വെട്ടിലാക്കിയ കേസ് പ്രതിപക്ഷത്തിരിക്കുമ്പോഴും യുഡിഎഫിനെ വെട്ടിലാക്കുകയാണ്. വേങ്ങര ഉപതിരഞ്ഞെടുപ്പിന്റെ തലേദിവസം തന്നെ കേസ് വീണ്ടും സജീവമാക്കി മുഖ്യമന്ത്രി പിണറായി വിജയൻ. ഉമ്മൻ ചാണ്ടി നിയോഗിച്ച അന്വേഷണ കമ്മീഷന്റെ കണ്ടെത്തൽ അദ്ദേഹത്തിന് തന്നെ തിരിച്ചടിയായ കാഴ്‌ച്ചയാണ് ഇപ്പോൾ പുറത്തുവരുന്നത്.

ഉമ്മൻ ചാണ്ടിയുടെ രാഷ്ട്രീയ ജീവിതത്തെ അടിമുടി ബാധിക്കുന്ന കണ്ടെത്തലാണ് ജസ്റ്റിസ് ശിവരാജൻ കമ്മീഷനിലുള്ളത്. പ്രധാനമായും പത്ത് ശുപാർശകളാണ് കമ്മീഷൻ നൽകിയത്. സരിതയും സോളാർ കമ്പനിയും ഉപഭോക്താക്കളെ വഞ്ചക്കാൻ ലക്ഷ്യമാക്കി ഇറങ്ങിയതോടെ ഇതിന് കൂട്ടു നിന്നു എന്നതാണ് ഉമ്മൻ ചാണ്ടിക്കെതിരായ പ്രധാന കണ്ടെത്തൽ. പേഴ്‌സണൽ സ്റ്റാഫ് അംഗങ്ങൾക്കും ആര്യാടനും തട്ടിപ്പിന് കൂട്ടു നിന്നു എന്നാണ് കണ്ടെത്തൽ. മുൻ മുഖ്യമന്ത്രിയുടെ ഓഫീസിന് തട്ടിപ്പുകേസിൽ കാര്യമായ റോളുണ്ടെന്നാണ് അന്വേഷണ കമ്മീഷൻ റിപ്പോർട്ടിൽ വ്യക്തമാക്കുന്നത്.

ഉമ്മൻ ചാണ്ടി സരിതയിൽ നിന്നും നേരിട്ടു കൈക്കൂലി വാങ്ങിയെന്ന കണ്ടെത്തലാണ് ഇതിൽ നിർണായകം. ഉമ്മൻ ചാണ്ടി മുഖേന തന്റെ പേഴ്‌സണൽ സ്റ്റാഫായ ടെന്നി ജോപ്പൻ, ജിക്കുമോൻ ജേക്കബ്, ഗൺമാൻ സലിംരാജ്, ഉമ്മൻ ചാണ്ടിയുടെ ഡൽഹിയിലെ സഹായി കുരുവിളയും, ടീം സോളാർ കമ്പനിയെയും സരിത എസ്. നായരെയും അവരുടെ ഉപഭോക്താക്കളെ വഞ്ചിക്കുന്നതിനായി സഹായിച്ചിട്ടുണ്ട്. മാത്രമല്ല, അന്നത്തെ ആഭ്യന്തരവിജിലൻസ് മന്ത്രിയായിരുന്ന തിരുവഞ്ചൂർ രാധാകൃഷ്ണൻ ഉമ്മൻ ചാണ്ടിയെ ക്രിമിനൽ ഉത്തരവാദിത്വത്തിൽ നിന്ന് രക്ഷപ്പെടുത്താൻ അദ്ദേഹത്തിന്റെ കീഴിലുള്ള പൊലീസ് ഓഫീസർമാരെ നിയമവിരുദ്ധമായും കുറ്റകരമായും സ്വാധീനിച്ചിട്ടുമുണ്ടെന്ന് റിപ്പോർട്ടിലെ കണ്ടത്തൽ. ഇത് പ്രകാരമുള്ള നിയമോപദേശം അഴിമതി നിരോധന നിയമത്തിലെ 7, 8, 9, 13 വകുപ്പുകൾ പ്രകാരം വിജിലൻസ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം നടത്താവുന്നതാണെന്നുമാണ് നിർദ്ദേശം.

ഉമ്മൻ ചാണ്ടിയെ സോളാർ ഇടപാടുകളുമായി ബന്ധപ്പെട്ട ക്രിമിനൽ കേസുകളിൽ നിന്നും ഒഴിവാക്കുന്നതിനായി തന്റെ കീഴിലുള്ള പൊലീസ് ഉദ്യോഗസ്ഥർ മുഖാന്തിരം നടത്തിയ ശ്രമങ്ങൾക്കും എടുത്ത നടപടികൾക്കും അന്നത്തെ ആഭ്യന്തരവിജിലൻസ് വകുപ്പുമന്ത്രി തിരുവഞ്ചൂർ രാധാകൃഷ്ണനെതിരെ ക്രിമിനൽ കേസ് എടുത്ത് അന്വേഷണം നടത്താവുന്നതാണെന്നതാണ് മറ്റൊരു പ്രധാന നിർദ്ദേശം. അന്നത്തെ ഊർജ്ജമന്ത്രിയായിരുന്ന ആര്യാടൻ മുഹമ്മദ് ഈ കേസിൽ ഉമ്മൻ ചാണ്ടിയുടെ കാര്യത്തിൽ കണ്ടെത്തിയതുപോലെ നിയമവിരുദ്ധമായി ടീം സോളാറിനെയും സരിത. എസ്. നായരെയും സഹായിച്ചിട്ടുണ്ട്. ഇതിൽ ആര്യാടനെതിരെ അഴിമതി കേസും. മാനഭംഗപ്പെടുത്തിയെന്ന കേസും എടുക്കാനാണ് നിയമോപദേശത്തിന്റെ അടിസ്ഥാനത്തിലെ സർക്കാർ തീരുമാനം.

കെ. പത്മകുമാർ ഐ.പി.എസ്, ഡി.വൈ.എസ്‌പി കെ. ഹരികൃഷ്ണൻ എന്നീ പൊലീസ് ഉദ്യോസ്ഥന്മാർ തെളിവുകൾ നശിപ്പിച്ചതുൾപ്പെടെയുള്ള കുറ്റങ്ങളുടെ അടിസ്ഥാനത്തിൽ കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം നടത്തും. മാത്രമല്ല, പ്രത്യേക അന്വേഷണ സംഘത്തലവൻ എ. ഹേമചന്ദ്രൻ ഐ. പി.എസ് അടക്കമുള്ള മറ്റ് ഉദ്യോസ്ഥന്മാരുടെ പങ്കിനെക്കുറിച്ച് പ്രത്യേക അന്വേഷണ സംഘം അന്വേഷിക്കാനം നിർദ്ദേശിച്ചിരിക്കുന്നു. തമ്പാനൂർ രവി, ബെന്നി ബെഹന്നാൻ എന്നിവർക്കെതിരെ സോളാർ കേസിലെ പ്രതികളെ രക്ഷിക്കാൻ മനഃപൂർവ്വമായി ഇടപെട്ടതിനും ക്രിമിനൽ അന്വേഷണം തടസ്സപ്പെടുത്താൻ ശ്രമിച്ചതിനും തെളിവുകൾ നശിപ്പിച്ചതിനും ക്രിമിനൽ കേസ് രജിസ്റ്റർ ചെയ്ത് അന്വേഷിക്കാമെന്നുമാണ് ശുപാർശ.

സരിതയുടെ കത്തിൽ പേര് പരാമർശിക്കപ്പെട്ടവർക്കെതിരെ മാനഭംഗത്തിനാണ് കേസ് വരിക. സോളാർ അനുമതി നൽകാൻ വേണ്ടി ലൈംഗിക സംതൃപ്തി നേടിയതും അഴിമതിയായി കണക്കാക്കുമെന്ന് റിപ്പോർട്ടിൽ പറയുന്നു. പ്രമുഖ രാഷ്ട്രീയനേതാക്കൾ തന്നെ ലൈംഗികമായി ഉപയോഗിച്ചെന്നു സരിതയുടെ പേരിലിറങ്ങിയ കുറിപ്പിൽ പറഞ്ഞിരുന്നു. മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി, മുൻ മന്ത്രിമാരായ ആര്യാടൻ മുഹമ്മദ്, അടൂർ പ്രകാശ്, കെ.സി. വേണുഗോപാൽ എംപി, ജോസ് കെ. മാണി എംപി, എംഎൽഎമാരായ ഹൈബി ഈഡൻ, എ.പി. അനിൽകുമാർ, മുൻ കേന്ദ്രമന്ത്രി പളനിമാണിക്യം, കോൺഗ്രസ് നേതാവ് എൻ. സുബ്രഹ്മണ്യം, എഡിജിപി കെ. പത്മകുമാർ തുടങ്ങിയവരുടെ പേരുകൾ കത്തിൽ പറഞ്ഞിട്ടുണ്ട്.

സോളാർ അഴിമതി അന്വേഷിച്ച ജ. ജി ശിവരാജൻ കമ്മീഷൻ റിപ്പോർട്ടിൽ സ്വീകരിച്ച നടപടികളുടെ പൂർണരൂപം മുഖ്യമന്ത്രി വാർത്താസമ്മേളനത്തിൽ വായിച്ചിരുന്നു. ഇതിലെ ഭാഗങ്ങൾ ഇങ്ങനെയാണ്:

28.10.2013നാണ് പ്രമാദമായ സോളാർ തട്ടിപ്പ് കേസ് അന്വേഷിക്കാൻ ജസ്റ്റിസ് ശിവരാജനെ അന്വേഷണ കമ്മീഷനായി നിയോഗിച്ചത്. നാലുവർഷത്തെ തെളിവെടുപ്പിലൂടെ 214 സാക്ഷികളെ വിസ്തരിക്കുകയും 812 രേഖകൾ കമ്മീഷൻ പരിശോധിക്കുകയും ചെയ്തു.

റിപ്പോർട്ടിനെപ്പറ്റി നാല് വോള്യത്തിലായി 1073 പേജുകളാണ് 26.09.2017ന് സർക്കാരിന് സമർപ്പിച്ച കമ്മീഷൻ റിപ്പോർട്ടിൽ ഉള്ളത്. റിപ്പോർട്ടിന്റെ ഒന്നാം ഭാഗം ആമുഖവും ഗസറ്റ് വിജ്ഞാപനവും സ്റ്റാറ്റിയൂട്ടറി വ്യവസ്ഥകളും നിയമസഭാ ചർച്ചകൾക്കും പുറമെ ടേംസ് ഓഫ് റഫറൻസിന്റെ പരിധിയിൽ ഉൾപ്പെടുന്ന ആക്ഷേപങ്ങളും നിഗമനങ്ങളും ഉൾപ്പെടുന്നതാണ്. അതോടൊപ്പം, ചില ശിപാർശകളും ഉണ്ട്.

രണ്ടാം ഭാഗം കമ്മീഷന്റെ ടേംസ് ഓഫ് റഫറൻസിൽപ്പെടുന്ന സോളാർ തട്ടിപ്പും അനുബന്ധ സാമ്പത്തിക ഇടപാടുകളും സംബന്ധിച്ചുമാണ്.

മൂന്നാം ഭാഗം രണ്ടു മുതൽ ആറുവരെയുള്ള ബന്ധപ്പെട്ട സാമ്പത്തിക ഇടപാടുകളുടെ പരിശോധനയും കണ്ടെത്തലുകളും ശിപാർശകളുമടങ്ങുന്നതാണ്.

നാലാം ഭാഗം കേരളാ പൊലീസ് അസോസിയേഷന്റെ പ്രവർത്തനങ്ങൾ സംബന്ധിച്ചും അതിൽ വരുത്തേണ്ട മാറ്റങ്ങളെക്കുറിച്ചുമുള്ളതാണ്.

അന്വേഷണത്തിലേക്ക് നയിച്ച രാഷ്ട്രീയ സംഭവവികാസങ്ങൾ
സംസ്ഥാനത്ത് ഏറെ ചർച്ച ചെയ്യപ്പെട്ട വിഷയമായിരുന്നു സോളാർ അഴിമതിയുമായി ബന്ധപ്പെട്ടത്. ജനങ്ങളെ കബളിപ്പിക്കുന്നതിന് മുൻ യു.ഡി.എഫ് സർക്കാർ കൂട്ടുനിന്നു എന്ന പ്രശ്‌നമുൾപ്പെടെ ഇതിൽ ഉയർന്നുവന്നു. തുടർന്ന്, ഈ പ്രശ്‌നത്തിന്റെ വിവിധ വശങ്ങൾ ദിനംപ്രതി പുറത്തുവരുന്ന സാഹചര്യവുമുണ്ടായി. ഈ അഴിമതിക്കെതിരെ അതിശക്തമായ പ്രതിഷേധം ജനങ്ങളിൽ ഉയർന്നുവരികയും ചെയ്തു. അതിന്റെ അടിസ്ഥാനത്തിൽ ഇടതുപക്ഷ ജനാധിപത്യമുന്നണിയുടെ നേതൃത്വത്തിൽ സെക്രട്ടേറിയറ്റ് ഉപരോധസമരവും സംഘടിപ്പിക്കുകയുണ്ടായി.

കമ്മീഷന്റെ ടേംസ് ഓഫ് റഫറൻസ് പ്രതിപക്ഷ കക്ഷികളുമായി ആലോചിച്ച് നിശ്ചയിക്കുമെന്നും പ്രഖ്യാപനമുണ്ടായി. അതിന്റെ അടിസ്ഥാനത്തിൽ ഇടതുപക്ഷ ജനാധിപത്യമുന്നണി ടേംസ് ഓഫ് റഫറൻസിൽ വരേണ്ട കാര്യങ്ങൾ നൽകുകയും ചെയ്തു. എന്നാൽ, നേരത്തെ നൽകിയ ഉറപ്പ് ലംഘിച്ചുകൊണ്ട് ഏകപക്ഷീയമായി ടേംസ് ഓഫ് റഫറൻസ് യു.ഡി.എഫ് സർക്കാർ പ്രഖ്യാപിക്കുകയാണുണ്ടായത്. അന്നത്തെ മുഖ്യമന്ത്രിയും മുഖ്യമന്ത്രിയുടെ ഓഫീസുമായിരുന്നു സോളാർ അഴിമതിക്കേസിൽ ഏറ്റവും കൂടുതൽ ആരോപണ വിധേയമായത്. മുൻ യു.ഡി.എഫ് സർക്കാരാവട്ടെ അന്വേഷണ പരിധിയിൽ കൊണ്ടുവരാതെയും മറ്റുമായി അന്നത്തെ മുഖ്യമന്ത്രിയെ രക്ഷിക്കാനാണ് ശ്രമിച്ചത്. എന്നാൽ, കമ്മീഷൻ മുമ്പാകെ ലഭ്യമായ തെളിവുകളും വസ്തുതകളും അന്നത്തെ മുഖ്യമന്ത്രിയും മുഖ്യമന്ത്രിയുടെ ഓഫീസും സോളാർ തട്ടിപ്പുകേസിൽ പ്രധാന ഉത്തരവാദികളാണെന്ന് വൈകിയാണെങ്കിലും ജനങ്ങൾക്ക് ബോധ്യമാകുംവിധത്തിൽ അന്വേഷണ കമ്മീഷൻ റിപ്പോർട്ട് മാറി.

കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിൽ യു.ഡി.എഫിനെ പരാജയപ്പെടുത്തി എൽ.ഡി.എഫിന്റെ നേതൃത്വത്തിലുള്ള സർക്കാർ അധികാരത്തിൽ വന്നു. ഈ സർക്കാർ അധികാരത്തിൽ വന്നശേഷം 26.09.2017ന് സർക്കാരിനു മുമ്പാകെ കമ്മീഷൻ റിപ്പോർട്ട് സമർപ്പിച്ചു. അതായത്, കഴിഞ്ഞ യു.ഡി.എഫ് സർക്കാർ അക്കാലത്ത് നടന്ന സംഭവങ്ങളെ സംബന്ധിച്ച് നിയോഗിച്ച കമ്മീഷന്റെ റിപ്പോർട്ടാണ് ഇതെന്നോർക്കണം. 03.10.2017 ന് സർക്കാർ റിപ്പോർട്ടി•ൽ അഡ്വക്കേറ്റ് ജനറലിനോടും ഡയറക്ടർ ജനറൽ ഓഫ് പ്രോസിക്യൂഷനോടും സർക്കാർ നിയമോപദേശം തേടുകയുണ്ടായി.
04.10.2017 ലെ മന്ത്രിസഭാ യോഗത്തിൽ റിപ്പോർട്ടി•ൽ അഡ്വക്കേറ്റ് ജനറലിന്റെയും ഡയറക്ടർ ജനറൽ ഓഫ് പ്രോസിക്യൂഷന്റേയും നിയമോപദേശവും റിപ്പോർട്ടി•ൽ സ്വീകരിക്കേണ്ട നടപടിയും അഭിപ്രായവും ലഭിക്കുന്ന മുറയ്ക്ക് ഇക്കാര്യം മന്ത്രിസഭ മുമ്പാകെ സമർപ്പിക്കാൻ ആഭ്യന്തരവകുപ്പിനെ ചുമതലപ്പെടുത്തുകയും ചെയ്തു.

10.10.2017ൽ അഡ്വക്കേറ്റ് ജനറലിന്റെയും ഡയറക്ടർ ജനറൽ ഓഫ് പ്രോസിക്യൂഷന്റെയും നിയമോപദേശം സർക്കാരിന് ലഭിച്ചു.

കമ്മീഷന്റെ നിഗമനങ്ങളും നിയമോപദേശവും  സർക്കാർ തീരുമാനങ്ങളും

കമ്മീഷൻ റിപ്പോർട്ട് അഡ്വക്കേറ്റ് ജനറലും ഡയറക്ടർ ജനറൽ ഓഫ് പ്രോസിക്യൂഷനും പരിശോധിച്ച് നിയമോപദേശം പ്രത്യേകം പ്രത്യേകമായി നൽകിയിട്ടുണ്ട്. കമ്മീഷന്റെ ശിപാർശകൾ പരിശോധിക്കുന്നതോടൊപ്പം, റിപ്പോർട്ടിനകത്തുള്ള കാര്യങ്ങളെ കൂടി പരാമർശിച്ചുകൊണ്ടുള്ള നിയമോപദേശമാണ് ലഭിച്ചിട്ടുള്ളത്. അതിന്റെ അടിസ്ഥാനത്തിൽ സർക്കാർ തീരുമാനങ്ങൾ എടുക്കുകയും ചെയ്തു. റിപ്പോർട്ടും കൈക്കൊണ്ട നടപടിയും സംബന്ധിച്ച റിപ്പോർട്ടും ആറുമാസത്തിനുള്ളിൽ നിയമസഭയിൽ സമർപ്പിക്കണമെന്ന വ്യവസ്ഥയും സർക്കാർ നിറവേറ്റുന്നതാണ്.
കമ്മീഷന്റെ നിഗമനങ്ങളും നിയമോപദേശവും അതിന്റെ അടിസ്ഥാനത്തിൽ മന്ത്രിസഭ എടുത്ത തീരുമാനങ്ങളുടെയും സാരാംശമാണ് ഇനി പറയാൻ പോകുന്നത്.

കമ്മീഷന്റെ നിഗമനം 1:

ശ്രീ. ഉമ്മൻ ചാണ്ടിയും ഉമ്മൻ ചാണ്ടി മുഖേന തന്റെ പേഴ്‌സണൽ സ്റ്റാഫായ ടെന്നി ജോപ്പൻ, ജിക്കുമോൻ ജേക്കബ്, ഗൺമാൻ സലിംരാജ്, ഉമ്മൻ ചാണ്ടിയുടെ ഡൽഹിയിലെ സഹായി കുരുവിളയും, ടീം സോളാർ കമ്പനിയെയും സരിത എസ്. നായരെയും അവരുടെ ഉപഭോക്താക്കളെ വഞ്ചിക്കുന്നതിനായി സഹായിച്ചിട്ടുണ്ട്. മാത്രമല്ല, അന്നത്തെ ആഭ്യന്തരവിജിലൻസ് മന്ത്രിയായിരുന്ന തിരുവഞ്ചൂർ രാധാകൃഷ്ണൻ ഉമ്മൻ ചാണ്ടിയെ ക്രിമിനൽ ഉത്തരവാദിത്വത്തിൽ നിന്ന് രക്ഷപ്പെടുത്താൻ അദ്ദേഹത്തിന്റെ കീഴിലുള്ള പൊലീസ് ഓഫീസർമാരെ നിയമവിരുദ്ധമായും കുറ്റകരമായും സ്വാധീനിച്ചിട്ടുമുണ്ട്.

നിയമോപദേശം: കമ്മീഷൻ റിപ്പോർട്ടിൽ ഉമ്മൻ ചാണ്ടി നേരിട്ടും മറ്റുള്ളവർ മുഖേനയും വലിയ തുകകൾ കൈക്കൂലിയായി സരിത എസ്. നായരിൽ നിന്നും അവരുടെ കമ്പനിയിൽ നിന്നും വാങ്ങിയതായി കണ്ടെത്തിയതിനാൽ അഴിമതി നിരോധന നിയമത്തിലെ 7, 8, 9, 13 വകുപ്പുകൾ പ്രകാരം വിജിലൻസ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം നടത്താവുന്നതാണ്.

ഉമ്മൻ ചാണ്ടിയെ സോളാർ ഇടപാടുകളുമായി ബന്ധപ്പെട്ട ക്രിമിനൽ കേസുകളിൽ നിന്നും ഒഴിവാക്കുന്നതിനായി തന്റെ കീഴിലുള്ള പൊലീസ് ഉദ്യോഗസ്ഥർ മുഖാന്തിരം നടത്തിയ ശ്രമങ്ങൾക്കും എടുത്ത നടപടികൾക്കും അന്നത്തെ ആഭ്യന്തരവിജിലൻസ് വകുപ്പുമന്ത്രി തിരുവഞ്ചൂർ രാധാകൃഷ്ണനെതിരെ ക്രിമിനൽ കേസ് എടുത്ത് അന്വേഷണം നടത്താവുന്നതാണ്.

പെരുമ്പാവൂർ പൊലീസ് സ്റ്റേഷൻ ക്രൈം നമ്പർ 368/2013, കോന്നി പൊലീസ് സ്റ്റേഷൻ ക്രൈം നമ്പർ 656/2013 എന്നീ കേസുകളിൽ ഉമ്മൻ ചാണ്ടിക്കും അദ്ദേഹത്തിന്റെ പേഴ്‌സണൽ സ്റ്റാഫ് അംഗങ്ങൾക്കും എതിരെ ഉള്ള കുറ്റകരമായ ഗൂഢാലോചന, പ്രതികളെ സഹായിച്ചു തുടങ്ങിയ ആരോപണങ്ങളും, സജീവമായ പങ്കാളിത്തത്തെക്കുറിച്ചും ക്രിമിനൽ നടപടി ചട്ടം 173 (8) പ്രകാരം തുടരന്വേഷണം നടത്താവുന്നതാണ്.

സ്വീകരിക്കുന്ന നടപടി: ഉമ്മൻ ചാണ്ടി നേരിട്ടും മറ്റുള്ളവർ മുഖേനയും കൈക്കൂലി വാങ്ങിയതിന്റെ അടിസ്ഥാനത്തിൽ അഴിമതി നിരോധന നിയമത്തിലെ പ്രസക്തമായ വകുപ്പുകൾ പ്രകാരം ഉമ്മൻ ചാണ്ടി ഉൾപ്പെടെയുള്ള മേൽപ്പറഞ്ഞവരുടെ പേരിൽ വിജിലൻസ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം നടത്തുന്നതാണ്.

ഉമ്മൻ ചാണ്ടി, ടെന്നി ജോപ്പൻ, ജിക്കുമോൻ ജേക്കബ്ബ്, സലിം രാജ് എന്നിവർക്കെതിരെ തുടരന്വേഷണത്തിനു വേണ്ടി ക്രിമിനൽ നടപടി നിയമ പ്രകാരം ബന്ധപ്പെട്ട കോടതികളിൽ നിയമാനുസൃതം ഹർജി നൽകുകയും തുടർന്ന് പ്രത്യേക അന്വേഷണ സംഘം അന്വേഷിക്കുന്നതുമാണ്.

 തിരുവഞ്ചൂർ രാധാകൃഷ്ണനെതിരെ ക്രിമിനൽ കേസ് രജിസ്റ്റർ ചെയ്യുകയും പ്രത്യേക അന്വേഷണ സംഘം അന്വേഷിക്കുകയും ചെയ്യുന്നതാണ്.

കമ്മീഷന്റെ നിഗമനം 2 :

ഊർജ്ജമന്ത്രിയായിരുന്ന ആര്യാടൻ മുഹമ്മദ് ഈ കേസിൽ ഉമ്മൻ ചാണ്ടിയുടെ കാര്യത്തിൽ കണ്ടെത്തിയതുപോലെ നിയമവിരുദ്ധമായി ടീം സോളാറിനെയും സരിത. എസ്. നായരെയും സഹായിച്ചിട്ടുണ്ട്.

നിയമോപദേശം: ശ്രീ. ഉമ്മൻ ചാണ്ടി, ശ്രീ. തിരുവഞ്ചൂർ രാധാകൃഷ്ണൻ എന്നിവരുടെ കാര്യത്തിൽ സ്വീകരിക്കുന്ന നടപടി തന്നെ സ്വീകരിക്കാവുന്നതാണ്.
സ്വീകരിക്കുന്ന നടപടി: കേസ് രജിസ്റ്റർ ചെയ്ത് വിജിലൻസും പ്രത്യേക അന്വേഷണ സംഘവും അന്വേഷിക്കുന്നതാണ്.

കമ്മീഷന്റെ നിഗമനം 3 :

പ്രത്യേക അന്വേഷണ സംഘം ഉമ്മൻ ചാണ്ടിയെ ക്രിമിനൽ കുറ്റത്തിൽ നിന്ന് രക്ഷപ്പെടുത്താൻ കുത്സിത ശ്രമങ്ങൾ നടത്തിയിട്ടുണ്ട്. കൂടാതെ, പ്രത്യേക അന്വേഷണ സംഘം സംസ്ഥാന മന്ത്രിമാർ, സർക്കാർ ഉദ്യോഗസ്ഥർ, കേന്ദ്രമന്ത്രിമാർ, എംഎ‍ൽഎമാർ, സോളാർ കേസുകൾ അന്വേഷിച്ച പൊലീസ് ഉദ്യോഗസ്ഥർ എന്നിവരുടെ കുറ്റകരമായ പങ്കിനെ സംബന്ധിച്ച് സി.ഡി.ആറും തെളിവുകളുമായി ബന്ധപ്പെട്ട മറ്റ് രേഖകളും പരിശോധിച്ചിട്ടുമില്ല.

നിയമോപദേശം: മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയെ ക്രിമിനൽ കേസുകളിൽ ഉൾപ്പെടുത്താതിരിക്കാൻ നിഗൂഢമായ പദ്ധതികൾ ഒരുക്കിയതിനും മറ്റു സംസ്ഥാനകേന്ദ്ര മന്ത്രിമാർക്കും എംഎ‍ൽഎമാർക്കും സർക്കാർ ഉദ്യോഗസ്ഥർക്കും പൊലീസ് ഉദ്യോഗസ്ഥർക്കും എതിരെ അന്വേഷണം നടത്താതിരുന്നതിനും പ്രത്യേക അന്വേഷണ സംഘാംഗങ്ങൾക്കെതിരെ വകുപ്പുതല നടപടി എടുക്കാവുന്നതാണ്.
കെ. പത്മകുമാർ ഐ.പി.എസ്, ഡി.വൈ.എസ്‌പി കെ. ഹരികൃഷ്ണൻ എന്നിവർക്കെതിരെ തെളിവ് നശിപ്പിച്ചതിനും കുറ്റവാളികളെ രക്ഷിക്കാൻ ശ്രമിച്ചതിനും കേസ് രജിസ്റ്റർ ചെയ്ത് നടപടിയെടുക്കാം.

സ്വീകരിക്കുന്ന നടപടി: സ്ഥാനത്തുനിന്ന് മാറ്റുകയും വകുപ്പുതല നടപടി സ്വീകരിക്കുകയും ചെയ്യാവുന്നതാണ്. കെ. പത്മകുമാർ ഐ.പി.എസ്, ഡി.വൈ.എസ്‌പി കെ. ഹരികൃഷ്ണൻ എന്നീ പൊലീസ് ഉദ്യോസ്ഥ•ാർ തെളിവുകൾ നശിപ്പിച്ചതുൾപ്പെടെയുള്ള കുറ്റങ്ങളുടെ അടിസ്ഥാനത്തിൽ കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം നടത്തും. മാത്രമല്ല, പ്രത്യേക അന്വേഷണ സംഘത്തലവൻ എ. ഹേമചന്ദ്രൻ ഐ. പി.എസ് അടക്കമുള്ള മറ്റ് ഉദ്യോസ്ഥ•ാരുടെ പങ്കിനെക്കുറിച്ച് പ്രത്യേക അന്വേഷണ സംഘം അന്വേഷിക്കുന്നതാണ്.

കമ്മീഷന്റെ നിഗമനം 4:

ടീം സോളാർ കമ്പനിയുടെ ഉദ്ഘാടന സമ്മേളനത്തിൽ പങ്കെടുത്ത എല്ലാ മന്ത്രിമാരും സരിതാ എസ്. നായരുടെ ടീം സോളാർ കമ്പനിയുടെ സോളാർ സ്ട്രീറ്റ്‌ലൈറ്റ് സ്ഥാപിക്കാൻ ശിപാർശ ചെയ്ത എംഎ‍ൽഎമാരും അവരുടെ ക്രിമിനൽ കേസുകൾ അവസാനിപ്പിക്കാൻ ശ്രമിച്ച തമ്പാനൂർ രവി (മുൻ എംഎ‍ൽഎ), ബെന്നി ബഹന്നാൻ എംഎ‍ൽഎ തുടങ്ങിയവരും ഉമ്മൻ ചാണ്ടിയെ രക്ഷപ്പെടുത്താൻ വേണ്ടി പ്രവർത്തിച്ചതായി കമ്മീഷൻ കണ്ടെത്തുന്നു.

നിയമോപദേശം: തമ്പാനൂർ രവി എക്‌സ്. എംഎ‍ൽഎ, ബെന്നി ബെഹന്നാൻ എക്‌സ്. എംഎ‍ൽഎ എന്നിവർക്കെതിരെ സോളാർ കേസിലെ പ്രതികളെ രക്ഷിക്കാൻ മനഃപൂർവ്വമായി ഇടപെട്ടതിനും ക്രിമിനൽ അന്വേഷണം തടസ്സപ്പെ ടുത്താൻ ശ്രമിച്ചതിനും തെളിവുകൾ നശിപ്പിച്ചതിനും ക്രിമിനൽ കേസ് രജിസ്റ്റർ ചെയ്ത് അന്വേഷിക്കാവുന്നതാണ്.

സ്വീകരിക്കുന്ന നടപടി: ക്രിമിനൽ കേസ് രജിസ്റ്റർ ചെയ്ത് പ്രത്യേക അന്വേഷണ സംഘം അന്വേഷിക്കും.

കമ്മീഷന്റെ നിഗമനം 5:

19.07.2013 ലെ സരിതാ നായരുടെ കത്തിൽ പരാമർശിക്കപ്പെട്ടിട്ടുള്ള വ്യക്തികൾ സരിതാ നായരുമായും അവരുടെ അഡ്വക്കേറ്റുമായും ഫോണിൽ ബന്ധപ്പെട്ടതായി കാണുന്ന തെളിവുകളുണ്ട്.

നിയമോപദേശം: കമ്മീഷൻ മുമ്പാകെ ഹാജരാക്കിയ മൊഴികളുടെയും രേഖകളുടെയും അടിസ്ഥാനത്തിൽ, സരിത എസ്. നായർക്കെതിരെ ലൈംഗിക പീഡനവും ബലാത്സംഗവും നടന്നതായി തെളിഞ്ഞിട്ടുണ്ട്. എന്നാൽ, പ്രത്യേക അന്വേഷണ സംഘം ഇക്കാര്യത്തിൽ അന്വേഷണം നടത്തിയതായി കാണുന്നില്ല. ആയതിനാൽ, സരിത എസ്. നായരുടെ 19.07.2013 ലെ കത്തിൽ പരാമർശിച്ചവർക്കെതിരെ ലൈംഗിക പീഡനത്തിനും, സ്ത്രീത്വത്തെ അപമാനിച്ചതിനും, ബലാത്സംഗത്തിനും ഇന്ത്യൻ ശിക്ഷാ നിയമം അനുസരിച്ച് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം നടത്താവുന്നതാണ്.

സ്വീകരിക്കുന്ന നടപടി: ക്രിമിനൽ കേസ് രജിസ്റ്റർ ചെയ്ത് പ്രത്യേക അന്വേഷണ സംഘം അന്വേഷിക്കും.

കമ്മീഷന്റെ നിഗമനം 6:

കമ്മീഷൻ കേരള പൊലീസ് അസോസിയേഷന്റെ സെക്രട്ടറിയായിരുന്ന ശ്രീ. ജി.ആർ. അജിത്തിനെതിരെ അച്ചടക്കരാഹിത്യത്തിന് ശക്തമായ നടപടി ശിപാർശ ചെയ്തിട്ടുണ്ട്. ഈ കേസിൽ പി.സി ആക്ട് ഉപയോഗിക്കാനാകുമോ എന്ന കാര്യം പരിഗണിക്കണമെന്ന് കമ്മീഷൻ ശിപാർശ ചെയ്തിട്ടുണ്ട്.

നിയമോപദേശം: കേരള പൊലീസ് അസോസിയേഷൻ ഭാരവാഹികൾ, പ്രത്യേകിച്ച് അതിന്റെ ജനറൽ സെക്രട്ടറി ശ്രീ. ജി.ആർ. അജിത്ത് 20 ലക്ഷം രൂപ സോളാർ പ്രതികളിൽ നിന്നും കൈക്കൂലി വാങ്ങി എന്ന ആരോപണത്തെ സംബന്ധിച്ച് ഇവർക്കെതിരെ ബാധകമായ സർവ്വീസ് ചട്ടം പ്രകാരം വകുപ്പുതല നടപടിയും അഴിമതി നിരോധന നിയമ പ്രകാരം ക്രിമിനൽ കേസുമെടുത്ത് അന്വേഷണം നടത്താവുന്നതാണ്.

സ്വീകരിക്കുന്ന നടപടി: വകുപ്പുതല നടപടിയും കേസ് രജിസ്റ്റർ ചെയ്ത് വിജിൻസ് അന്വേഷണവും നടത്തുന്നതാണ്.

കമ്മീഷന്റെ നിഗമനം 7: (7 ന്റെയും 8 ന്റെയും നടപടികൾ ഒന്നിച്ചാണ്.)

പൊലീസ് സേനയുടെ അച്ചടക്കം ഉയർത്തിപ്പിടിക്കാൻ ആവശ്യമായ നിർദ്ദേശങ്ങൾ ഗവൺമെന്റിന് സമർപ്പിക്കുവാൻ അനുയോജ്യമായ കാര്യക്ഷമതയുള്ള ഒരു ഏജൻസിയുടെ അന്വേഷണം അനിവാര്യമാണ്.

കമ്മീഷന്റെ നിഗമനം 8:

കമ്മീഷന്റെ ശ്രദ്ധയിൽപ്പെട്ട പ്രധാനപ്പെട്ട ഒരു കാര്യം ജയിൽ അധികാരികളും ബന്ധപ്പെട്ട പൊലീസ് വകുപ്പും ശിക്ഷിക്കപ്പെട്ടവരോ വിചാരണ നേരിടുന്നവരോ ആയ തടവുകാരെ കോടതിയിൽ ഹാജരാക്കാൻ കൊണ്ടുപോകുന്നതിന് ശരിയായ നടപടികൾ സ്വീകരിച്ചുകൊണ്ടല്ല എന്ന കാര്യം വ്യക്തമാക്കിയിട്ടുണ്ട്. ജയിൽ അധികൃതരും ബന്ധപ്പെട്ട പൊലീസ് ഉദ്യോഗസ്ഥരും ആവശ്യമായ പൊലീസ് അകമ്പടി ഇത്തരം കാര്യങ്ങളിൽ നൽകേണ്ടതുണ്ട്.

നിയമോപദേശം (7 നും 8 നും പൊതുവായി): സോളാർ കമ്മീഷൻ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ, സംസ്ഥാനത്തെ പൊലീസ് അന്വേഷണ സംവിധാനത്തെ ശക്തവും കാര്യക്ഷമവും പക്ഷപാതരഹിതവും ആക്കുന്നതിനെ സംബന്ധിച്ചും പൊലീസ് അസോസിയേഷന്റെ പ്രവർത്തനങ്ങളേയും പരിധിയേയും സംബന്ധിച്ചും ജയിലിൽ നിന്ന് പ്രതികളെ കോടതിയിൽ ഹാജരാക്കുമ്പോൾ സ്വീകരിക്കേണ്ട മാർഗരേഖകൾ സംബന്ധിച്ചും സർക്കാരിന് റിപ്പോർട്ട് നൽകുന്നതിനായി ഒരു കമ്മീഷനെ നിയോഗിക്കുന്ന കാര്യം പരിഗണിക്കാവുന്നതാണ്.

സ്വീകരിക്കുന്ന നടപടി: കമ്മീഷനും നിയമോപദേശകരും ചൂണ്ടിക്കാട്ടിയ രീതിയിൽ സർക്കാരിലേക്ക് ശിപാർശ സമർപ്പിക്കാനായി റിട്ട. ഹൈക്കോടതി ജഡ്ജി അധ്യക്ഷനായി ഒരു കമ്മീഷനെ നിയമിക്കുന്നതാണ്.

കമ്മീഷന്റെ നിഗമനം 9:

സെക്രട്ടേറിയറ്റിന്റെ സുരക്ഷയ്ക്കുവേണ്ടി സി.സി.ടി.വിയുടെ ദൃശ്യങ്ങൾ ചുരുങ്ങിയപക്ഷം ഒരു വർഷമോ അല്ലെങ്കിൽ ഇവ സൂക്ഷിക്കുന്നതിനായി 500 ജി.ബി ഹാർഡ് ഡിസ്‌ക് സ്ഥാപിക്കുകയോ 15 ദിവസം കൂടുമ്പോൾ അവ നിറഞ്ഞുകഴിഞ്ഞാൽ ഇതിലെ ദൃശ്യങ്ങൾ ശരിയായ രീതിയിൽ പകർത്തി സംരക്ഷിക്കുകയോ ചെയ്യേണ്ടതാണ്.

നിയമോപദേശം: ഭരണപരമായ വിഷയമായതിനാൽ ഇക്കാര്യത്തിൽ സർക്കാർ തീരുമാനിക്കുന്നതാണ് ഉചിതം.

സ്വീകരിക്കുന്ന നടപടി: ഇക്കാര്യം പരിശോധിക്കാനായി ആഭ്യന്തരവകുപ്പ് അഡീഷണൽ ചീഫ് സെക്രട്ടറിയെ ചുമതലപ്പെടുത്തും.

കമ്മീഷന്റെ നിഗമനം 10:

ഊർജ്ജ വകുപ്പിനു കീഴിലാണ് 'അനെർട്ട്' പ്രവർത്തിക്കുന്നത്. ഇതിനെ ശരിയായ രീതിയിൽ നടത്തിയാൽ സൗരോർജ്ജത്തിന്റെ നിർമ്മാണത്തിനും വിതരണത്തിനും വികാസത്തിനും വേണ്ടി പ്രഖ്യാപിച്ചിട്ടുള്ള പദ്ധതികൾ ഫലപ്രദമായി ഉപയോഗിക്കാനും മുന്നോട്ടുകൊണ്ടുപോകാനും കഴിയും.

നിയമോപദേശം: ഭരണപരമായ വിഷയമായതിനാൽ ഇക്കാര്യത്തിൽ സർക്കാർ തീരുമാനിക്കുന്നതാണ് ഉചിതം.

സ്വീകരിക്കുന്ന നടപടി: ഇക്കാര്യം പരിശോധിക്കാനായി ഊർജ്ജ വകുപ്പ് അഡീഷണൽ ചീഫ് സെക്രട്ടറിയെ ചുമതലപ്പെടുത്തും.
കമ്മീഷന്റെ പ്രധാന കണ്ടെത്തലുകളുടെ അടിസ്ഥാനത്തിൽ

നിയമോപദേശകർ നൽകിയ ശിപാർശയുടെ പരിശോധന

കമ്മീഷന്റെ ശിപാർശകൾക്കു പുറമെ, റിപ്പോർട്ടിനകത്തുള്ള നിഗമനങ്ങളൂടെ കൂടി അടിസ്ഥാനത്തിൽ മറ്റു ചില കാര്യങ്ങൾ കൂടി നിയമോപദേശകർ നൽകിയിട്ടുണ്ട്. ഒന്നാമത്തെ കാര്യം സോളാർ കമ്മീഷൻ റിപ്പോർട്ട് പ്രസിദ്ധീകരിക്കുന്നതിനെ തുടർന്ന് ഇനിയും പരാതികൾ ലഭിക്കുന്നതിനും പഴയ കേസുകളിൽ പുതിയ തെളിവുകളും രേഖകളും ലഭിക്കുന്നതിനും സാധ്യതയുണ്ട്. പുതിയ പരാതികൾ ലഭിക്കുകയാണെങ്കിൽ അവയെ സംബന്ധിച്ച് പുതിയ കേസുകൾ രജിസ്റ്റർ ചെയ്യാവുന്നതാണ്. പഴയ കേസുകളിൽ പുതിയ രേഖകളോ തെളിവുകളോ ലഭിക്കുന്നപക്ഷം തുടരന്വേഷണവും നടത്താവുന്നതാണ്.
സ്വീകരിക്കുന്ന നടപടികൾ: ഇത്തരത്തിൽ പുതിയ പരാതികളോ പുതിയ രേഖകളോ തെളിവുകളോ ലഭിക്കുന്നപക്ഷം പ്രത്യേക അന്വേഷണ സംഘം അന്വേഷിക്കുന്നതാണ്.

രണ്ടാമതായി, കൈക്കൂലി പണമായി സ്വീകരിച്ചത് കൂടാതെ സരിത എസ്. നായരിൽ നിന്ന് ലൈംഗിക സംതൃപ്തി നേടിയതിനെയും അഴിമതി നിരോധന നിയമം 7ാം വകുപ്പിന്റെ വിശദീകരണ കുറിപ്പിനാൽ കൈക്കൂലിയായി കണക്കാക്കാം എന്ന് കമ്മീഷൻ കണ്ടെത്തിയിട്ടുണ്ട്. അതിനാൽ, സരിത എസ്. നായരുടെ 19.07.2013 ലെ കത്തിൽ പരാമർശിച്ചിരിക്കുന്ന വ്യക്തികൾക്കെതിരെ അഴിമതി നിരോധന നിയമം പ്രകാരം കേസ് എടുത്ത് അന്വേഷണം നടത്താവുന്നതാണ്.

കമ്മീഷൻ മുമ്പാകെ ഹാജരാക്കുകയും ലഭ്യമാക്കുകയും ചെയ്ത തെളിവുകളുടെ അടിസ്ഥാനത്തിൽ അഴിമതി നടത്തുകയും നിയമവിരുദ്ധമായ പാരിതോഷികങ്ങൾ സ്വീകരിക്കുകയും ചെയ്തതായി ആരോപിതരായ വ്യക്തികൾക്കെതിരെ അഴിമതി നിരോധന നിയമപ്രകാരമുള്ള കുറ്റങ്ങൾ ചുമത്താൻ സാധിക്കുമോയെന്ന് ഗൗരവമായി സംസ്ഥാന സർക്കാർ പരിഗണിക്കമെന്ന് കമ്മീഷൻ ശിപാർശ ചെയ്തിട്ടുണ്ട്.

സ്വീകരിക്കുന്ന നടപടികൾ: അഴിമതി നടത്തിയതായി കമ്മീഷൻ ചൂണ്ടിക്കാട്ടിയ എല്ലാവരുടെയും പേരിൽ അഴിമതി നിരോധന നിയമ പ്രകാരം വിജിലൻസ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം നടത്തുന്നതാണ്.\

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP