Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

ഡാഫെൻ അമ്മൂമ്മ നൽകിയ ധൈര്യം ബ്രിട്ടീഷുകാർ ഏറ്റെടുത്തു; പ്രളയവും നിപ വൈറസും ഹർത്താലും തളർത്തിയില്ല; കഴിഞ്ഞ വർഷം കേരളത്തിൽ ഏറ്റവും കൂടുതൽ സഞ്ചാരികൾ എത്തിയത് യുകെയിൽ നിന്നും; കേരള ടൂറിസത്തെക്കാൾ പരസ്യം നൽകിയതു ബ്രിട്ടീഷ് മലയാളികളും ഐടിവിയിലെ റിയാലിറ്റി ഷോയും; സന്ദർശനത്തിന് എത്തിയ പത്തു ലക്ഷം വിദേശികളിൽ രണ്ടു ലക്ഷം പേർ യുകെയിൽ നിന്നും; ആകെ വരുമാനം 8700 കോടി രൂപ

ഡാഫെൻ അമ്മൂമ്മ നൽകിയ ധൈര്യം ബ്രിട്ടീഷുകാർ ഏറ്റെടുത്തു; പ്രളയവും നിപ വൈറസും ഹർത്താലും തളർത്തിയില്ല; കഴിഞ്ഞ വർഷം കേരളത്തിൽ ഏറ്റവും കൂടുതൽ സഞ്ചാരികൾ എത്തിയത് യുകെയിൽ നിന്നും; കേരള ടൂറിസത്തെക്കാൾ പരസ്യം നൽകിയതു ബ്രിട്ടീഷ് മലയാളികളും ഐടിവിയിലെ റിയാലിറ്റി ഷോയും; സന്ദർശനത്തിന് എത്തിയ പത്തു ലക്ഷം വിദേശികളിൽ രണ്ടു ലക്ഷം പേർ യുകെയിൽ നിന്നും; ആകെ വരുമാനം 8700 കോടി രൂപ

കെ ആർ ഷൈജുമോൻ, ലണ്ടൻ

ലണ്ടൻ: പ്രളയം തകർത്തെറിഞ്ഞ കേരളത്തിന്റെ ടൂറിസത്തെ വിദേശ സഞ്ചാരികൾ അപ്പാടെ കൈവിടും എന്നതായിരുന്നു ഈ രംഗത്ത് പ്രവർത്തിക്കുന്ന മിക്കവരുടെയും ആശങ്ക. കഴിഞ്ഞ വർഷം മെയ്, ജൂൺ മാസങ്ങളിൽ നിപ വൈറസ് വാർത്തകളും ഓഗസ്റ്റിൽ പ്രളയവും തൊട്ടു പിന്നാലെ അടിക്കടി ഹർത്താലുകളും ഉണ്ടായതോടെ തകർച്ചയിൽ നിന്നും തകർച്ചയിലേക്കുള്ള പോക്കായിരിക്കും കേരളത്തിലെ ടൂറിസം രംഗത്തിനു സാക്ഷിയാകേണ്ടി വരിക എന്നതായിരുന്നു പൊതു വിലയിരുത്തൽ. ഈ രംഗത്ത് കോടികൾ നിക്ഷേപം ഇറക്കിയ വൻകിടക്കാരും ഉപജീവനത്തിനായി വിദേശ സഞ്ചാരികളെ കാത്തിരിക്കുന്ന ചെറുകിട റിസോർട്ടുകളും ടാക്‌സിക്കാരും ഗൈഡുകളും എല്ലാം അന്നം തേടാൻ വേറെ വഴി നോക്കേണ്ടി വരും എന്ന ചിന്തയിലേക്ക് അതിവേഗം മാറിത്തുടങ്ങി. ഹോട്ടലുകളിൽ പലതും ബുക്കിങ് ക്യാൻസൽ ആയികൊണ്ടിരുന്നു. ഈ രംഗത്തെ വിദഗ്ദ്ധർ തന്നെ ചുരുങ്ങിയത് വിദേശ സഞ്ചാരികളുടെ മടങ്ങി വരവിനു നിശ്ചയിച്ചത് രണ്ടു വർഷമാണ്. ഒരു വർഷം കൊണ്ട് ആഭ്യന്തര സഞ്ചാരികൾ എത്തുമെന്നും കണക്കാക്കപ്പെട്ടിരുന്നു.

എന്നാൽ സർവ്വരെയും ഞെട്ടിച്ചു കേരളത്തിൽ എത്തിയ വിദേശ സഞ്ചാരികളുടെ എണ്ണത്തിൽ കാര്യമായ കുറവില്ല എന്ന ശുഭ വാർത്തയാണ് ഇപ്പോൾ ലഭിക്കുന്നത്. ഇതിൽ തന്നെ പതിവ് പോലെ ഏറ്റവും കൂടുതൽ സഞ്ചാരികളെ എത്തിച്ചു യുകെ മുന്നിൽ എത്തുകയും ചെയ്തു. മുൻ വർഷത്തേക്കാൾ 11 ശതമാനം വദദ്ധനയാണ് കേരളത്തിൽ എത്തിയ ബ്രിട്ടീഷ് സഞ്ചാരികളുടെ എണ്ണം. ഈ നേട്ടത്തിൽ കേരള സർക്കാരിന് കാര്യമായ നേട്ടം അവകാശപ്പെടാൻ ഇല്ലെങ്കിലും യുകെയിലെ മലയാളികൾ നൽകുന്ന വാക് പ്രചാരണം നൽകുന്ന സഹായം തീരെ ചെറുതല്ല. രണ്ടു വർഷം മുൻപ് യുകെയിലെ ഏറ്റവും പ്രശസ്തരായ ടെലിവിഷൻ, സംഗീത, സിനിമ രംഗങ്ങളിലെ ആളുകളെ ഉൾപ്പെടുത്തി ഐടിവി അവതരിപ്പിച്ച റിയൽ മരിഗോൾഡ് ഹോട്ടൽ സീസൺ നൽകിയ പ്രചാരണവും ഏറെ വലുതാണ്.

മാസങ്ങൾ നീണ്ടു നിന്ന ഈ റിയാലിറ്റി ഷോയിൽ പൂരവും പുലിക്കളിയും തുടങ്ങി നാടൻ ജീവിതത്തിന്റെ സമസ്ത രംഗങ്ങളും വരച്ചിട്ടിരുന്നു. ലക്ഷക്കണക്കിന് ബ്രിട്ടീഷ്‌കാർക്ക് കേരളത്തെ കുറിച്ചുള്ള അവബോധം നൽകാൻ ഈ പരിപാടിക്കു സാധിച്ചു. കേരളത്തിലെ ജനങ്ങൾക്കുള്ള ഇംഗ്ലീഷ് ഭാഷ പ്രാവീണ്യവും കൊളോണിയൽ കാലത്തേ അവശേഷിപ്പുകളും എല്ലാം ഐടിവി പരമ്പരയിൽ നിറഞ്ഞു നിന്നിരുന്നു പരമ്പര അവസാനിക്കും വരെ പ്രമുഖ മാധ്യമങ്ങൾ നൽകിയ പ്രചാരണവും തീരെ ചെറുതലായിരുന്നു. മാസങ്ങളോളം കൊച്ചിയിലെ ഹോം സ്റ്റെയിൽ താമസിച്ചാണ് ഈ സംഘം ഷൂട്ടിങ് ജോലികൾ പൂർത്തിയാക്കിയത്. റിട്ടയർമെന്റ് ലൈഫിന് കേരളം പോലെ ഒരു സ്ഥലം ലോകത്തു വേറെ കണ്ടെത്താൻ കഴിയില്ലെന്ന് ഈ പരമ്പരയിൽ നൽകിയ സന്ദേശം വാർത്ത മാധ്യമങ്ങൾ തലക്കെട്ടുകൾ സൃഷ്ടിച്ചിരുന്നു.

എൻഎച്ച്എസ് റിക്രൂട്ട്‌മെന്റിനും മറ്റും എത്തുന്ന ബ്രിട്ടീഷ് വംശജർ മടങ്ങി എത്തി കേരളത്തെ കുറിച്ച് നൂറു നാവിലാണ് പൊതു ചടങ്ങുകളിൽ പോലും പ്രസംഗിക്കുന്നത്. കഴിഞ്ഞ വർഷം ഒന്നിലേറെ തവണ കേരളത്തിൽ എത്തിയ ഇന്റർനാഷണൽ ഫെഡറേഷൻ ഓഫ് പെരിഓപ്പറേറ്റീവ് നഴ്സിങ് പ്രസിഡന്റ് മോനാ ഫിഷർ അടുത്തിടെ ബ്രിട്ടീഷ് മലയാളി അവാർഡ് നൈറ്റ് വേദിയിൽ പോലും കേരളത്തിലെ അനുഭവങ്ങൾ വിവരിച്ചിരുന്നു. ഇത്തരത്തിൽ കേരളത്തിൽ എത്തുന്ന ബ്രിട്ടീഷ് വംശജർ ആദിത്യ മര്യാദ കണ്ടു സ്വയം ബ്രാൻഡ് അംബാസിഡർ ആയി മാറുന്നതും കേരളത്തിലെ ലക്ഷക്കണക്കിന് ആളുകൾക്ക് ജീവനോപാധിയായി മാറുന്ന ടൂറിസം മേഖലക്ക് സഹായകമാവുകയാണ്.

കഴിഞ്ഞ വർഷം കേരളം പ്രളയത്തിൽ മുങ്ങിയപ്പോൾ നാട്ടിലേക്കുള്ള യാത്ര മാറ്റിവച്ചവരിൽ പ്രവാസി മലയാളികളും അനേകമാണ്. നെടുമ്പാശേരി വിമാന താവളം ദിവസങ്ങളോളം അടച്ചിട്ടത് മുതൽ പകർച്ച വ്യാധികളോടുള്ള പേടി അടക്കമുള്ള കാരണങ്ങൾ അവയിൽ ഉണ്ട്. എന്നാൽ 89 കാരിയായ ഡാഫെൻ ക്ലാര തന്റെ 27 മത്തെ കേരള യാത്രയും വെള്ളപ്പൊക്കത്തിന്റെ പേരിൽ മാറ്റിവച്ചില്ല. നിശ്ചയിച്ച തീയതിയിൽ തന്നെ അവർ കൊച്ചിയിൽ വിമാനമിറങ്ങി. ഈ വാർത്തക്ക് ബ്രിട്ടീഷ് മാധ്യമങ്ങൾ ഏറെ പ്രചാരണം നൽകിയിരുന്നു. പ്രമുഖ ട്രാവൽ വെബ് സൈറ്റുകളും മുത്തശ്ശിയുടെ ധീരത വാനോളം പുകഴ്‌ത്തി. പ്രളയ ശേഷവും താൻ കണ്ട കേരളത്തെ കുറിച്ച് മുത്തശ്ശി നൂറു നാവിൽ വാചാലയായി. കേരളം കാണാൻ പ്രളയത്തെ ഒന്നും പേടിക്കണ്ട എന്ന സന്ദേശമാണ് ക്ലാര മുത്തശ്ശി നൽകിയത്.

തുടർന്നണ് ശബരിമല വിവാദം ആളിക്കത്തിയതും സമര പരമ്പരകൾ അരങ്ങേറിയതും. സർക്കാരും സമരക്കാരും പലവട്ടം നേർക്ക് നേർ ഏറ്റുമുട്ടാൻ നടുറോഡിൽ എത്തി. ഇതോടെ കലാപ അന്തരീക്ഷം രൂപം കൊള്ളുക ആയിരുന്നു. ഈ ഘട്ടത്തിൽ യുകെയും അമേരിക്കയും അടക്കമുള്ള രാജ്യങ്ങൾ കേരളം സന്ദർശിക്കുന്നത് റിസ്‌ക് ആണെന്ന വിധത്തിൽ മുന്നറിയിപ്പ് നൽകി. ഇത്രയധികം പ്രതിസന്ധികൾ ഒന്നിച്ചു ഉണ്ടായിട്ടും കേരളത്തിലേക്ക് സഞ്ചാരികളുടെ ഒഴുക്കിനു കുറവുണ്ടായില്ല എന്നത് അത്ഭുതപ്പെടുത്തുന്നതാണ്. ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നായി പത്തു ലക്ഷത്തിലധികം സഞ്ചാരികളാണ് കേരളം തേടിയെത്തിയത്. ഇതിൽ രണ്ടു ലക്ഷം പേരും യുകെയിൽ നിന്നായിരുന്നു. ലോകമൊട്ടാകെ നിന്നും എത്തിയ സഞ്ചാരികൾ കേരളത്തിന് നൽകിയ വരുമാനം 8700 കോടി രൂപയുമാണ്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP