Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

ഡ്യൂപ്ലിക്കേറ്റ് താക്കോലിട്ട് കമ്പ്യൂട്ടർ സെന്റർ ഞായറാഴ്ച തുറന്നത് ഉന്നത ഉദ്യോഗസ്ഥൻ; അവധി ദിനം പണിയെടുത്തത് പ്രോഗ്രാം സ്‌പെഷ്യലിസ്റ്റുകളും; കാറ്റിൽ പറത്തിയത് രജിട്രാറുടെ മുൻകൂർ അനുമതി കത്ത് നൽകി സെക്യൂരിറ്റിയെ കൊണ്ട് മുറി തുറപ്പിക്കണമെന്ന ഹോളിഡേ ഡ്യൂട്ടി ചട്ടം; ഓടിയെത്തി രജിസ്ട്രാർ എല്ലാവരേയും പുറത്താക്കി ഓഫീസ് പൂട്ടി; പൊളിഞ്ഞത് മാർക്ക് തട്ടിപ്പിലെ തെളിവുകൾ കമ്പ്യൂട്ടർ വിദഗ്ധരുടെ പരിശോധനയിൽ കണ്ടെത്താതിരിക്കാനുള്ള ശ്രമം; കേരള സർവ്വകലാശാലയിൽ ഇനി ഗവർണ്ണറുടെ ഇടപെടൽ

ഡ്യൂപ്ലിക്കേറ്റ് താക്കോലിട്ട് കമ്പ്യൂട്ടർ സെന്റർ ഞായറാഴ്ച തുറന്നത് ഉന്നത ഉദ്യോഗസ്ഥൻ; അവധി ദിനം പണിയെടുത്തത് പ്രോഗ്രാം സ്‌പെഷ്യലിസ്റ്റുകളും; കാറ്റിൽ പറത്തിയത് രജിട്രാറുടെ മുൻകൂർ അനുമതി കത്ത് നൽകി സെക്യൂരിറ്റിയെ കൊണ്ട് മുറി തുറപ്പിക്കണമെന്ന ഹോളിഡേ ഡ്യൂട്ടി ചട്ടം; ഓടിയെത്തി രജിസ്ട്രാർ എല്ലാവരേയും പുറത്താക്കി ഓഫീസ് പൂട്ടി; പൊളിഞ്ഞത് മാർക്ക് തട്ടിപ്പിലെ തെളിവുകൾ കമ്പ്യൂട്ടർ വിദഗ്ധരുടെ പരിശോധനയിൽ കണ്ടെത്താതിരിക്കാനുള്ള ശ്രമം; കേരള സർവ്വകലാശാലയിൽ ഇനി ഗവർണ്ണറുടെ ഇടപെടൽ

എം മനോജ് കുമാർ

തിരുവനന്തപുരം: കേരളാ സർവ്വകലാശാലയിലെ മാർക്ക് തട്ടിന് പുതിയ തലം നൽകി കമ്പ്യൂട്ടർ സെന്ററിലെ ഉന്നതന്റെ കള്ളക്കളികൾ. ആരുമില്ലാത്ത ഞായറാഴ്ച അതീവ രഹസ്യമായി ഓഫീസിലെത്തി ഡ്യൂപ്ലിക്കേറ്റ് കീ ഉപയോഗിച്ച് ഓഫീസ് തുറന്ന് ജോലിയെടുത്തത് കള്ളത്തരം മറയ്ക്കാനാണെന്ന സംശയമാണ് സജീവമാകുന്നത്. എല്ലാ ചട്ടങ്ങളും ലംഘിച്ചായിരുന്നു കമ്പ്യൂട്ടർ സെന്റർ ഉദ്യോഗസ്ഥന്റെ ഇടപെടൽ. ഇതേ കുറിച്ച് അറിഞ്ഞ സർവ്വകലാശാല രജിസ്ട്രാർ ഓടിയെത്തി എല്ലാവരേയും പുറത്താക്കി ഓഫീസും പൂട്ടി. എന്നാൽ ഈ സംഭവവും പുറം ലോകം അറിയാതെ ഒതുക്കാനാണ് നീക്കം. ക്രൈംബ്രാഞ്ച് അന്വേഷണത്തിന്റെ ഭാഗമായി സോഫ്റ്റ് കമ്പ്യൂട്ടർ വിദഗ്ദ്ധർ പരിശോധന നടത്താനിരിക്കെയാണ് കള്ളകളിക്ക് ശ്രമിച്ചതെന്നതാണ് വസ്തുത.

സർവ്വകലാശാലയിലെ നിയമം അനുസരിച്ച് രജിസ്ട്രാറുടെ മുൻകൂർ അനുമതിയുണ്ടെങ്കിൽ മാത്രമേ ജീവനക്കാർക്ക് അവധി ദിവസങ്ങളിൽ ഓഫീസിൽ എത്തി ജോലിയെടുക്കാൻ കഴിയൂ. അതായത് രജിസ്ട്രാറുടെ അനുമതി കത്ത് അവധി ദിവസങ്ങളിൽ സെക്യൂരിറ്റി ഓഫീസർക്ക് നൽകണം. അതിന് ശേഷം അദ്ദേഹം പരിശോധിച്ച് ഓഫീസ് തുറന്നു കൊടുക്കാം. അങ്ങനെ പ്രവർത്തിക്കുകയും ചെയ്യാം. എന്നാൽ ഇന്നലെ കമ്പ്യൂട്ടർ സെന്റർ ഉദ്യോഗസ്ഥൻ അതീവ രഹസ്യമായാണ് ഓപ്പറേഷൻ നടത്തിയത്. സെക്യൂരിറ്റിക്കാരെ അറിയിക്കാതെ ഓഫീസിലെത്തി കൈയിലുള്ള ഡ്യൂപ്ലിക്കേറ്റ് താക്കോൽ ഉപയോഗിച്ച് മുറി തുറന്നു. അതിന് ശേഷം കൂടെയുണ്ടായിരുന്ന പ്രോഗ്രാം സ്‌പെഷ്യലിസ്റ്റുമായി പണിയെടുക്കുകയും ചെയ്തു. ഇക്കാര്യം സെക്യൂരിറ്റിക്കാർ ഉടൻ തന്നെ മുകളിലേക്ക് അറിയിച്ചു. ഇതോടെ രജിസ്ട്രാർ അതിവേഗം പാഞ്ഞെത്തി. എല്ലാവരേയും പുറത്താക്കി വീണ്ടും മുറി പൂട്ടുകയും ചെയ്തു.

രജിസ്ട്രാറുടെ അനുമതിയില്ലാതെ ഞയാറാഴ്ച പ്രവർത്തിച്ചുവെന്നതാണ് ആദ്യ തെറ്റ്. അതിലുപരി ഡ്യൂപ്ലിക്കേറ്റ് താക്കോൽ ഉപയോഗിച്ച് തുറന്നുവെന്നതും. ഇതിന് നേതൃത്വം നൽകിയ കമ്പ്യൂട്ടർ സെന്റർ ഉദ്യോഗസ്ഥനെതിരെ പൊലീസിൽ കേസ് കൊടുക്കേണ്ടതാണ്. യൂണിവേഴ്‌സിറ്റി ഓഫീസിലേക്ക് അതിക്രമിച്ച് കയറിയ കുറ്റമാണ് ചെയ്തത്. മാർക്കിൽ കൃത്രിമം കാട്ടാൻ മോഡറേഷൻ കൊടുക്കാനായി കമ്പ്യൂട്ടർ സംവിധാനത്തിലൂടെയാണ് കള്ളക്കളികൾ നടന്നത്. ഇതിലൂടെ എഞ്ചിനിയറിങ് വിദ്യാർത്ഥികൾ കൂട്ടത്തോടെ ജയിച്ചു. പല പരാതി കിട്ടിയിട്ടും എല്ലാം പൂഴ്‌ത്തുകയാണ് യൂണിവേഴ്‌സിറ്റിയിലെ ബന്ധപ്പെട്ടവർ ചെയ്തത്. ഇതിനിടെയാണ് വാർത്ത പുറംലോകത്ത് എത്തിയത്. ഇതിനൊപ്പമാണ് കമ്പ്യൂട്ടറുകളിൽ കൃത്രിമം കാട്ടാനുള്ള ഞായറാഴ്ച ജോലി നടന്നതെന്നാണ് സൂചന.

കേരള സർവ്വകലാശാലയിൽ മാർക്ക് തട്ടിപ്പിലൂടെ തോറ്റ നൂറുകണക്കിന് വിദ്യാർത്ഥികളെ ജയിപ്പിച്ച സംഭവത്തിൽ പഴുതടച്ചുള്ള സമഗ്രമായ അന്വേഷണം നടത്തി കുറ്റക്കാരെ നിയമത്തിന് മുന്നിൽ കൊണ്ടു വരണമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ആവശ്യപ്പെട്ടിരുന്നു. വിഷയം വൈസ് ചാൻസലറുടെ മുന്നിലുമെത്തി. ഇതിനിടെ ചാൻസലറായ ഗവർണ്ണറും വിഷയത്തെ ഗൗരവത്തോടെ കണ്ടു. വിസിയെ ഗവർണ്ണർ വിളിച്ച് വിശദീകരണം തേടുകയും ചെയ്തു. 2016 മുതൽ 19 വരെയുള്ള 16 പരീക്ഷകളിൽ കൃത്രിമം നടന്നുവെന്ന വിവരം ഞെട്ടിക്കുന്നതാണ്. ഇതിന്റെ വ്യാപ്തി ഇനിയും വർധിക്കാനാണ് സാധ്യത. വളരെ ആസൂത്രിതമായി നടന്ന തട്ടിപ്പാണിത്. കഴിഞ്ഞ വർഷം സ്ഥലം മാറിപ്പോയ ഒരു ഉദ്യോഗസ്ഥയിൽ മാത്രമായി കേസ് ഒതുക്കരുത്. വിപുലവും ആഴത്തിലുള്ളതുമായ അന്വേഷണം തന്നെ വേണെന്നാണ് ഉയരുന്ന ആവശ്യം. ഇതിനിടെയാണ് കമ്പ്യൂട്ടർ സെന്ററിലെ രാത്രി ജോലിയും വിവാദമാകുന്നത്. തെളിവുകൾ നശിപ്പിക്കാനുള്ള ശ്രമമാണ് നടന്നതെന്ന ആരോപണം സജീവമാകുകയാണ്.

കേരള സർവ്വകലാശാല മോഡറേഷൻ ക്രമക്കേടിൽ ക്രൈംബ്രാഞ്ച് അന്വേഷണം ആവശ്യപ്പെട്ട് രജിസ്ട്രാർ ഡിജിപിക്ക് കത്ത് നൽകി നൽകിയിട്ടുണ്ട്. ക്രമക്കേട് ക്രൈംബ്രാഞ്ച് അന്വേഷിക്കണമെന്ന് സർവ്വകലാശാല വൈസ് ചാൻസിലർ മഹാദേവൻ പിള്ള ഇന്ന് പറഞ്ഞിരുന്നു. ഇതിന് പിന്നാലെയാണ് രജിസ്ട്രാർ ഡിജിപിക്ക് കത്ത് നൽകിയത്. ആഭ്യന്തര അന്വേഷണത്തിന് ശേഷം പൊലീസ് അന്വേഷണം മതിയെന്ന നിലപാടിലായിരുന്നു സർക്കാർ. എന്നാൽ മാർക്ക് ദാനത്തിൽ സർവ്വകലാശാലക്കെതിരെ ആരോപണം ശക്തമായ സാഹചര്യത്തിലാണ് പൊലീസ് അന്വേഷണത്തിന് സർക്കാർ തയ്യാറായത്. മോഡറേഷൻ ക്രമക്കേടുമായി ബന്ധപ്പെട്ട പരാതികൾ പ്രോവൈസ്ചാൻസിലറും ഒരു സാങ്കേതിക സമിതിയും അന്വേഷിക്കുമെന്നാണ് മഹാദേവൻ പിള്ള ആദ്യം പറഞ്ഞത്. ക്രമക്കേട് നടന്നെന്ന് ആഭ്യന്തര അന്വേഷണത്തിൽ തെളിഞ്ഞാൽ പൊലീസിൽ പരാതി നൽകുമെന്നും അദ്ദേഹം പറഞ്ഞിരുന്നു.

സർവ്വകലാശാലയ്ക്കു കീഴിലുള്ള റീസ്ട്രക്ചർ കോഴ്‌സുകളിലെ പരീക്ഷകളിൽ ക്രമക്കേട് നടന്നെന്നാണ് ആരോപണം ഉയർന്നത്. സിപിഎം അനുഭാവികളായ ജീവനക്കാരുടെ സഹായത്തോടെ മോഡറേഷൻ മാർക്ക് തിരുത്തി വിദ്യാർത്ഥികളെ കൂട്ടത്തോടെ ജയിപ്പിച്ചെന്നാണ് മുൻ സിൻഡിക്കേറ്റംഗങ്ങൾ ആരോപിച്ചത്. ഇത് ശരിയാണെന്ന് പിന്നീട് തെളിയുകയും ചെയ്തു. മാർക്ക് തിരിമറിയിൽ നടപടിക്ക് വൈസ് ചാൻസലറുടെ നിർദ്ദേശം വലിയ ചർച്ചയായിരുന്നു. മോഡറേഷന്റെ മറവിൽ നൽകിയ അധികം മാർക്ക് റദ്ദാക്കാൻ വൈസ് ചാൻസിലർ നിർദ്ദേശിച്ചു. മോഡറേഷന്റെ മറവിൽ അധികമാർക്ക് കിട്ടിയവരുടെ മാർക്ക് ലിസ്റ്റും റദ്ദാക്കും. ഇതിനിടെ, കേരള സർവലാശാലയിൽ കൂടുതൽ പരീക്ഷകളിൽ മോഡറേഷൻ തട്ടിപ്പ് നടന്നെന്ന നിർണായക വിവരങ്ങൾ പുറത്തുവന്നിട്ടുണ്ട്. 12 പരീക്ഷകളിൽ ക്രമക്കേടുകൾ നടന്നുവെന്നും ഒരേ പരീക്ഷയുടെ മോഡറേഷൻ നിരവധിത്തവണ തിരുത്തിയതായും കണ്ടെത്തി.

12 പരീക്ഷകളിലെ മാർക്കിൽ ക്രമക്കേടും തട്ടിപ്പും നടന്നെന്ന് മുൻ സിൻഡിക്കറ്റ് അംഗം ജ്യോതികുമാർ ചാമക്കാല പറഞ്ഞു. '16 പരീക്ഷകളെക്കുറിച്ചാണ് തട്ടിപ്പെന്ന ആക്ഷേപം ഉയർന്നത്. സർവകലാശാല നടത്തിയ പ്രാഥമിക അന്വേഷണത്തിൽ 12 പരീക്ഷകളിൽ തട്ടിപ്പ് നടന്നെന്ന് ബോധ്യപ്പെട്ടിട്ടുണ്ട്. ഇതിൽ തന്നെ നിരവധിത്തവണയാണ് ഒരേ പരീക്ഷയിലെ മാർക്കിൽ തിരുത്തൽ വരുത്തിയത്. വളരെ ആസൂത്രിതമായാണ് ക്രമക്കേട് നടത്തിയത്. കൃത്യമായ ഇടവേളകളിലാണ് തിരുത്തലുകൾ നടത്തിയത്'. യഥാർത്ഥ പ്രതികളെ ഉടൻ കണ്ടെത്തണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

അതിനിടെ കേരള സർവകലാശാലയിലെ മോഡറേഷൻ മാർക്ക് തട്ടിപ്പിനു പിന്നിൽ വൻ മാഫിയയെന്ന് പ്രതിപക്ഷം ആരോപിച്ചു. നിയമസഭയിൽ വിഷയം ചർച്ച ചെയ്യണമെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷം അടിയന്തരപ്രമേയത്തിന് നോട്ടീസ് നൽകി. എന്നാൽ ആവശ്യം അംഗീകരിച്ചില്ല. പുറത്തുവരുന്നത് ആസൂത്രിത തട്ടിപ്പിന്റെ വിവരങ്ങളാണ്. ഒരു വിദ്യാർത്ഥിയെ ജയിപ്പിക്കാൻ വേണ്ടി മാത്രമല്ല തട്ടിപ്പ് നടന്നത്. വൻ മാഫിയ മാർക്ക് തട്ടിപ്പിന് പിന്നിൽ പ്രവർത്തിക്കുന്നുണ്ടെന്നും നോട്ടീസ് നൽകിയ റോജി എം. ജോൺ വ്യക്തമാക്കി. അതേസമയം, അടിയന്തരപ്രമേയ നോട്ടീസിൽ ക്രമപ്രശ്‌നം ഉണ്ടെന്ന് നിയമമന്ത്രി എ.കെ. ബാലൻ പറഞ്ഞു. മോഡറേഷൻ തട്ടിപ്പിൽ കർശന നടപടിയുണ്ടാകുമെന്ന് മന്ത്രി കെ.ടി. ജലീലും വ്യക്തമാക്കി. സർവകലാശാല അന്വേഷണം നടക്കുകയാണ്. ആരോപണങ്ങൾ അന്വേഷണത്തെ ദുർബലപ്പെടുത്തുമെന്നും മന്ത്രി വിശദമാക്കി.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP