Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

സുപ്രീം കോടതി വിധി മൂലം കേരളം വൻ കടക്കെണിയിലേക്ക്; ദേശീയപാതയിലെ ബിവറേജസ് ഔട്ട്‌ലെറ്റുകൾ പൂട്ടിയതുവഴി നഷ്ടപ്പെടുന്നത് 5000 കോടിയിലേറെ രൂപ; വിദേശ മദ്യത്തിന്റെ പറുദീസയായ മാഹിയും അനാഥമായി; വരുമാനച്ചോർച്ച മറികടക്കാൻ പുതുവഴികൾ തേടി തലപുകച്ച് സർക്കാർ

സുപ്രീം കോടതി വിധി മൂലം കേരളം വൻ കടക്കെണിയിലേക്ക്; ദേശീയപാതയിലെ ബിവറേജസ് ഔട്ട്‌ലെറ്റുകൾ പൂട്ടിയതുവഴി നഷ്ടപ്പെടുന്നത് 5000 കോടിയിലേറെ രൂപ; വിദേശ മദ്യത്തിന്റെ പറുദീസയായ മാഹിയും അനാഥമായി; വരുമാനച്ചോർച്ച മറികടക്കാൻ പുതുവഴികൾ തേടി തലപുകച്ച് സർക്കാർ

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരംന്മ ദേശീയ, സംസ്ഥാന പാതകൾക്ക് അഞ്ഞൂറു മീറ്റർ ചുറ്റളവിലുള്ള മദ്യവിൽപ്പനശാലകൾ അടച്ചുപൂട്ടാനുള്ള സുപ്രീംകോടതി നിർദ്ദേശം സംസ്ഥാന സർക്കാരിനെ കൊണ്ടെത്തിക്കുന്നത് വലിയ കടക്കെണ്ടിയിലേക്ക്. വരുമാനത്തിൽ അയ്യായിരം കോടിയിലേറെ രൂപയുടെ നഷ്ടമാണ് ഒറ്റയടിക്ക് സംസ്ഥാനത്ത് ഉണ്ടാകാൻ പോകുന്നതെന്നാണ് പ്രാഥമിക കണക്കുകൾ സൂചിപ്പിക്കുന്നത്. കേരളത്തിനു പുറമെ മദ്യവ്യവസായത്തിലൂടെ വികസനപദ്ധതികൾക്ക് പണം കണ്ടെത്തുന്ന പോണ്ടിച്ചേരിക്കും വിധി തിരിച്ചടിയാകും. മാഹിയിലെ നിരവധി മദ്യശാലകളാണ് വിധിയെതുടർന്ന് അടച്ചുപൂട്ടിയത്.

സുപ്രീംകോടതി വിധിയനുസരിച്ച് 272 ഔട്ട്‌ലറ്റുകളിൽ 179 എണ്ണം മാറ്റുമ്പോൾ ബിവറേജസ് കോർപ്പറേഷന്റെ വരുമാനത്തിലും വലിയ കുറവുണ്ടാകും. മദ്യവിൽപ്പനശാലകൾക്കെതിരെ പ്രാദേശികതലത്തിൽ എതിർപ്പുകളുയരുന്നതും വരുംദിനങ്ങളിൽ വലിയ പ്രതിസന്ധി സൃഷ്ടിക്കും. കൺസ്യൂമർഫെഡിന് കാര്യമായ വരുമാന നഷ്ടം ഉണ്ടാകാനിടയില്ല. 'വരുമാനം വലിയ രീതിയിൽ കുറയുമെന്നുറപ്പാണ്. പക്ഷേ സുപ്രീംകോടതി വിധി അനുസരിക്കാൻ കോർപ്പറേഷൻ ബാധ്യസ്ഥരാണ്. എതിർപ്പുകൾ മറികടന്ന് മദ്യശാലകൾ സ്ഥാപിക്കാനുള്ള നടപടികൾ തുടരുമെന്നും അധികൃതർ വ്യക്തമാക്കുന്നു.

2011-12 സാമ്പത്തിക വർഷത്തിൽ ഖജനാവിലേക്കുള്ള ബവ്‌റിജസ് കോർപ്പറേഷന്റെ മൊത്തം റവന്യൂ വരുമാനം 6,292 കോടിരൂപയായിരുന്നു. 201213ൽ ഇത് 7,241 കോടിയായി ഉയർന്നു. 2013-14ൽ വീണ്ടും ഉയർന്ന് 7,576 കോടിയായി. 201415ൽ 8,283 കോടിയും 201516ൽ 9,787 കോടിയുമാണ് വരുമാനം. ഈ സർക്കാർ അധികാരത്തിലെത്തിയശേഷം വിദേശ മദ്യവിൽപ്പനയിൽ മൂന്ന് ശതമാനത്തിന്റെ വർധനവാണ് ഉണ്ടായത്. ബിയർ വിൽപ്പനയിൽ ഒരു ശതമാനം വർധനവുണ്ടായി. ആകെ വിൽപ്പനമൂല്യത്തിൽ ആറു ശതമാനമായിരുന്നു വർധനവ്.

സംസ്ഥാനത്തെ 1,956 മദ്യവിൽപന കേന്ദ്രങ്ങൾ പൂട്ടിയതോടെ സർക്കാർ ഖജനാവിനു നഷ്ടം 2,500 കോടിയോളം രൂപ. ഇന്ധന നികുതി കഴിഞ്ഞാൽ സർക്കാരിന് ഏറ്റവും കൂടുതൽ നികുതി വരുമാനം മദ്യത്തിൽ നിന്നാണ്. ഇന്ധനത്തിൽനിന്നു പ്രതിവർഷം 8,000 കോടി കിട്ടുമ്പോൾ മദ്യത്തിൽ നിന്ന് 7,500 കോടിയിലേറെ രൂപ ലഭിക്കുന്നു. എണ്ണക്കമ്പനികളും ബവ്‌റിജസ് കോർപറേഷനും ഈ തുക കൃത്യമായി പിരിച്ചെടുത്തു സർക്കാരിലേക്കു കൈമാറുന്നതു വഴി മേലനങ്ങാതെ കിട്ടുന്ന സമ്പത്തിലാണു ചോർച്ച.

സംസ്ഥാനത്തെ വരുമാനത്തിൽ കാൽഭാഗം മദ്യത്തിൽ നിന്ന്

40,000 കോടി രൂപയാണു സർക്കാരിന്റെ ഒരു വർഷത്തെ ശരാശരി തനതു നികുതി വരുമാനം. ഇതിൽ 60% ഉൽപന്ന വിൽപന വഴി വാറ്റ് നികുതിയായും ബാക്കി 40% ഇന്ധന, മദ്യ വിൽപനയിലൂടെ കെജിഎസ്ടിയായും ലഭിക്കുന്നു.

40,000 കോടി രൂപയിൽ 25% തുകയും മദ്യത്തിൽനിന്നു കിട്ടുന്നതിനാൽ ഈ മേഖല തകർന്നാൽ ഖജനാവു തന്നെ താറുമാറാകും. ശമ്പളവും പെൻഷനും അടക്കം ചെലവുകൾക്കായി മുഖ്യമായി ആശ്രയിക്കുന്നതു മദ്യ വരുമാനത്തെയാണ്.

എത്ര കൂട്ടിയാലും എതിർപ്പുയരാത്തതിനാൽ സർക്കാരിനു തോന്നുമ്പോഴൊക്കെ നികുതി വർധിപ്പിച്ചു പണം കണ്ടെത്താനുമാകുമായിരുന്നു. ഖജനാവു പ്രതിസന്ധിയിലാകുമ്പോൾ ബവ്‌റിജസ് കോർപറേഷനിൽനിന്നു മുൻകൂർ നികുതിയും കൈപ്പറ്റാറുണ്ട്. ബാറുകളിലും ബീയർവൈൻ പാർലറുകളിലും ക്ലബ്ബുകളിലും മദ്യം വിതരണം ചെയ്യുന്നത് ബവ്‌റിജസ് കോർപറേഷനാണ്. സ്വന്തം ഔട്ലെറ്റുകൾ വഴി നേരിട്ടും വിൽക്കുന്നു. മദ്യത്തിന്റെ 90 ശതമാനവും വിതരണം ചെയ്യുന്നതു ബവ്‌റിജസ്, കൺസ്യൂമർഫെഡ് ഔട്ലെറ്റുകളിലൂടെയാണ്.

ഇവയിൽ 207 വിൽപന കേന്ദ്രങ്ങൾ പൂട്ടേണ്ടിവന്നതിനാൽ വിൽപനയിൽ 30 ശതമാനമെങ്കിലും ഇടിവാണു കണക്കുകൂട്ടുന്നത്. ഇതു തടയാൻ ഇപ്പോൾ തുറന്നു പ്രവർത്തിക്കുന്ന എല്ലാ ഔട്ലെറ്റുകളിലും മദ്യവിൽപന പരമാവധി വർധിപ്പിക്കാനാണു ബവ്‌റിജസ് കോർപറേഷനുള്ള നിർദ്ദേശം. 11 പഞ്ചനക്ഷത്ര ബാറുകൾ പൂട്ടുന്നതു ടൂറിസം മേഖലയ്ക്കും വൻ തിരിച്ചടിയാകും. രാജ്യാന്തര കോൺഫറൻസുകൾ പലതും ശ്രീലങ്കയിലേക്കു മാറാനിടയുണ്ട്.

കേരളത്തിലെ മദ്യവിൽപ്പന ഇങ്ങനെ (മദ്യത്തിന്റെ മൊത്തം വിൽപന മൂല്യം)

ഇന്ത്യൻ നിർമ്മിത വിദേശമദ്യം: 2011-127227.56 കോടി, 2012-13 8097 കോടി, 2013-14 9194 കോടി, 2015-16 10135 കോടി, ബിയർ വിൽപ്പന: 2011-12 634 കോടി, 2012-13 721 കോടി, 2013-14801 കോടി, 2014-15818 കോടി, 2015-16 1442 കോടി

ബവ്‌റിജസ്  ഇന്നു മുതൽ ഇരട്ടി കൗണ്ടർ

മദ്യവിൽപന, കുറയാതെ പിടിച്ചുനിർത്തുന്നതിനായി നിലവിലുള്ള ഔട്ലെറ്റുകളിലെ കൗണ്ടറുകളുടെ എണ്ണം ഇരട്ടിയാക്കാൻ ബവ്‌റിജസ് കോർപറേഷൻ തീരുമാനം. ഇന്നു മുതൽ മദ്യം വാങ്ങാൻ വൻതിരക്ക് അനുഭവപ്പെടുമെന്നതിനാൽ പൂട്ടിയ കേന്ദ്രങ്ങളിലെ ജീവനക്കാരെക്കൂടി തുറന്നു പ്രവർത്തിക്കുന്ന ഷോപ്പുകളിൽ വിന്യസിക്കും.

പൂട്ടിയ ഷോപ്പുകൾക്കു പകരം പുതിയവ കണ്ടെത്താൻ നാളെ മുതൽ കഠിന ശ്രമം നടത്തും. ഓരോ ദിവസവും നാലെണ്ണം വീതമെങ്കിലും ദൂരപരിധി പാലിച്ചു തുറക്കാനാണു ശ്രമം. രണ്ടു ദിവസത്തിനകം ലൈസൻസ് നൽകാൻ എക്‌സൈസ് വകുപ്പിനും നിർദ്ദേശം നൽകിയിട്ടുണ്ട്.

മാഹിയിലെ മദ്യശാലകൾ പൂട്ടിയത് പുതുച്ചേരിയേയും ബാധിക്കും

ദേശീയപാതയോരത്തെ മദ്യശാലകൾ പൂട്ടിയതോടെ മാഹിയിൽ തിരക്കൊഴിഞ്ഞു. പുതുച്ചേരി സർക്കാരിന്റെ വരുമാനസ്രോതസ്സുകളിലും മദ്യത്തിന് നിർണായക സ്ഥാനമുള്ളതിനാൽ ഇത് ആ സംസ്ഥാനത്തെ ബാധിക്കും. മദ്യത്തിന് മാത്രമായി മാഹിയിൽ എത്തിയിരുന്നവർ മറ്റിടങ്ങളിലേക്ക് നീങ്ങിത്തുടങ്ങി. സുപ്രീംകോടതി ഉത്തരവിനെ തുടർന്ന് മാഹിയിൽ 32 മദ്യശാലകളാണ് ശനിയാഴ്ച പൂട്ടിയത്.

പൊതുവെ രാവിലെ മുതൽ തിരക്കേറുന്ന ദേശീയപാതയോരം ശനിയാഴ്ച വിജനമായിരുന്നു. മാഹി റെയിൽവേ സ്റ്റേഷൻ പരിസരത്തുള്ള രണ്ട് മദ്യശാലകൾ മാത്രമാണ് പ്രവർത്തിച്ചത്. അതിൽ ഒന്നിൽ മാത്രമാണ് ചില്ലറ വില്പനയുള്ളത്. അവിടെ രാവിലെ മുതൽ വൻ തിരക്ക് അനുഭവപ്പെട്ടു. രാവിലെ മദ്യപന്മാർ കൂടിയതോടെ ഗതാഗതംവരെ തടസ്സപ്പെട്ടു. പൂട്ടിയ മദ്യശാലകളിൽ ചിലത് ഇവിടേക്ക് മാറ്റാനും നീക്കമുണ്ട്.

മദ്യശാലകൾ പൂട്ടിയത് നൂറുകണക്കിന് തൊഴിലാളികളുടെ ഉപജീവനത്തെയും ബാധിക്കും. ചുമട്ടുതൊഴിലാളികളും മദ്യശാലകളിലെ തൊഴിലാളികളും പെട്ടിക്കട നടത്തുന്നവരുമെല്ലാം ഇതിലുൾപ്പെടും. മദ്യശാലകളിലെ തൊഴിലാളികളിൽ ഭൂരിഭാഗവും മറുനാടൻ തൊഴിലാളികളാണ്. പൂട്ടിയ മദ്യശാലകളിലെ തൊഴിലാളികളിൽ ഏഴുപേർ മാത്രമാണ് ലേബർ ഓഫീസിൽ പേര് നൽകിയിട്ടുള്ളത്. ബാക്കിയുള്ളവരെക്കുറിച്ചുള്ള ഒരു വിവരവും തൊഴിൽവകുപ്പിന്റെ കൈവശവുമില്ല. അവർക്കാകട്ടെ മറ്റ് ആനുകൂല്യമൊന്നും ലഭിക്കുകയുമില്ല.

മദ്യശാലകളിൽനിന്ന് അടുത്ത ഒരു വർഷത്തേക്കുള്ള ലൈസൻസ് ഫീസ് സർക്കാർ വാങ്ങിക്കഴിഞ്ഞു. എന്നാൽ ലൈസൻസ് നൽകിയിട്ടില്ല. അതിനാൽ പൂട്ടിയതിൽ ഭൂരിഭാഗം മദ്യശാലകളും ഭാവിയിൽ മയ്യഴിയിലും പരിസരത്തുമായി തുറന്നുപ്രവർത്തിക്കാനാണ് സാധ്യത. പൂട്ടിയ മദ്യശാലകളിൽ 14 എണ്ണം മറ്റിടങ്ങളിൽ തുടങ്ങാൻ അനുമതി തേടിയിരിക്കുകയാണ്. പുതിയ മദ്യശാലകൾ ജനവാസകേന്ദ്രത്തിൽ തുറക്കുന്നതിനെതിരെ പ്രദേശവാസികൾക്ക് രാഷ്ട്രീയപ്പാർട്ടികൾ പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്.

ഇവിടെ പലയിടത്തായി മദ്യശാല ഉടമകൾ കെട്ടിടങ്ങളും ഭൂമിയും വിലയ്ക്കെടുത്തിരിക്കുകയാണ്. എന്നാൽ പുതുതായി മദ്യശാല തുടങ്ങാൻ അനുവദിക്കില്ലെന്നാണ് നാട്ടുകാർ പറയുന്നത്. ശനിയാഴ്ച തന്നെ ഇവിടെ മദ്യശാല തുടങ്ങാൻ നീക്കം നടന്നിരുന്നു. എതിർപ്പ് ഉയരുന്നത് മുന്നിൽകണ്ട് പ്രവർത്തനം തുടങ്ങുന്നത് അടുത്ത ദിവസത്തേക്ക് മാറ്റി. പൊലീസ് സംരക്ഷണത്തിൽ പ്രവർത്തനം തുടങ്ങാനാണ് ഉടമകളുടെ നീക്കം.

മാഹിയിൽ തന്നെ പള്ളൂർ, പന്തക്കൽ, മൂലക്കടവ് ഭാഗത്തുള്ള 32 മദ്യശാലകൾ ശനിയാഴ്ച പ്രവർത്തിച്ചു. ഇവിടെ നല്ലതിരക്ക് അനുഭവപ്പെട്ടു. വില കുറഞ്ഞ മദ്യമാണ് പലരെയും മാഹിയിലേക്കെത്തിച്ചത്. മാഹിയിൽ മദ്യശാലകൾ പൂട്ടിയെങ്കിലും നഗരമധ്യത്തിൽ നടപ്പാതയിലിരുന്ന് മദ്യപിക്കുന്നതിന് ശനിയാഴ്ചയും മാറ്റമുണ്ടായില്ല. യാത്രയ്ക്കിടെ പെട്ടെന്ന് ലഭിക്കുന്നതിനാൽ വാഹനം നിർത്തിയും മറ്റും മദ്യപിക്കുന്നവരുണ്ടായിരുന്നു. അത് ഇനി കുറയുമെന്ന് കരുതുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP