Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ദേശീയ പ്രസ്ഥാനങ്ങൾ ക്വിറ്റ്ഇന്ത്യാ പ്രക്ഷോഭം നയിച്ചപ്പോൾ കമ്യൂണിസ്റ്റുകാർ നടത്തിയത് 'ദേശീയ ഏകതാവാരം' എന്ന ബ്രിട്ടീഷ് അനുകൂല പരിപാടി; സുഭാഷ്ചന്ദ്ര ബോസിനെ പൊതുവേദികളിൽ കുറ്റപ്പെടുത്തുകയും അഞ്ചാംപത്തിയെന്ന് അധിക്ഷേപിക്കുകയും ചെയ്തു; കോടി ക്കണക്കിന് കർഷകരെയും തൊഴിലാളികളെയും കൊന്നൊടുക്കിയ സ്റ്റാലിനു വേണ്ടിയാണോ കമ്യൂണിസ്റ്റുകൾ സ്വാതന്ത്ര്യ സമരത്തെ പിറകോട്ട് വലിച്ചത്; ഫേസ്‌ബുക്കിൽ ചൂടൻ സംവാദങ്ങൾക്ക് വഴിവെച്ച് കേരളീയം കൂട്ടായ്മ

ദേശീയ പ്രസ്ഥാനങ്ങൾ ക്വിറ്റ്ഇന്ത്യാ പ്രക്ഷോഭം നയിച്ചപ്പോൾ കമ്യൂണിസ്റ്റുകാർ നടത്തിയത് 'ദേശീയ ഏകതാവാരം' എന്ന ബ്രിട്ടീഷ് അനുകൂല പരിപാടി; സുഭാഷ്ചന്ദ്ര ബോസിനെ പൊതുവേദികളിൽ കുറ്റപ്പെടുത്തുകയും അഞ്ചാംപത്തിയെന്ന് അധിക്ഷേപിക്കുകയും ചെയ്തു; കോടി ക്കണക്കിന് കർഷകരെയും തൊഴിലാളികളെയും കൊന്നൊടുക്കിയ സ്റ്റാലിനു വേണ്ടിയാണോ കമ്യൂണിസ്റ്റുകൾ സ്വാതന്ത്ര്യ സമരത്തെ പിറകോട്ട് വലിച്ചത്; ഫേസ്‌ബുക്കിൽ ചൂടൻ സംവാദങ്ങൾക്ക് വഴിവെച്ച് കേരളീയം കൂട്ടായ്മ

മറുനാടൻ ഡെസ്‌ക്‌

തിരുവനന്തപുരം: സ്വാതന്ത്ര്യ സമരത്തിൽ ആർഎസ്എസ് യാതൊരു പങ്കും വഹിച്ചിട്ടില്ലെന്ന് കമ്യൂണിസ്റ്റ് പാർട്ടി നേതാക്കളും അവരെ അനുകൂലിക്കുന്ന സാംസ്കാരിക നായകരും ആവർത്തിച്ച് പ്രചരിപ്പിക്കുന്ന കാര്യമാണ്. എന്നാൽ സ്വതന്ത്ര്യസമരത്തിലടക്കം കമൂണിസ്റ്റ് പാർട്ടിയുടെ പങ്കെന്താണെന്ന് കേരളം അത്രയധികം ചർച്ചചെയ്തിട്ടില്ല. അരുൺഷൂരി The Great Betrayal എന്നപേരിൽ നാഷണൽ ആക്കൈവ് രേഖകൾ ആസ്പദമാക്കി എഴുതിയ ലേഖനവും, The Only Fatherland എന്നപേരിൽ ഇറങ്ങിയ പുസ്തകവും ഇടക്കാലത്ത് കേരളത്തിൽ ചർച്ചചെയ്യപ്പെട്ടിരുന്നു. രണ്ടാം ലോകമഹായുദ്ധത്തിൽ ഹിറ്റ്ലർ സോവിയറ്റ് റഷ്യയെ ആക്രമിച്ചതോടെ ഇന്ത്യയിലെ കമ്യൂണിസ്റ്റ് പാർട്ടി അടക്കം പിന്നീട് എടുത്തത് ബ്രിട്ടീഷ് അനുകൂല നിലപാടുകൾ ആയിരുന്നെന്നും ഫലത്തിൽ അത് സ്വതന്ത്ര്യസമരത്തെ ഒറ്റുകൊടുക്കുന്നതിന് തുല്യമാണെന്നുമായിരുന്നു ഷൂരിയുടെ വിമശനം. അന്നാൽ അന്ന് സോഷ്യൽ മീഡിയ ഇല്ലാത്തതിനാൽ ഇതൊന്നും അക്കാദമിക്ക് സർക്കിളുകളിൽ അല്ലാതെ ചർച്ചചെയ്യപ്പെട്ടിട്ടില്ല. എന്നാൽ കേരളീയം എന്ന ഫേസ്‌ബുക്ക് കൂട്ടായ ബ്രിട്ടീഷ് ആർക്കേവുകളിലും പത്രങ്ങളിലും അടക്കം വന്ന തെളിവുകൾ മൂൻ നിർത്തി സ്വാതന്ത്ര സമരത്തിൽ കമ്യൂണിസ്റ്റുകളുടെ പങ്ക് ചതിയുടേതാണെന്ന് സമർഥിക്കുകകയാണ്. സോഷ്യൽ മീഡിയിൽ വലിയ രാഷ്ട്രീയ സംവാദങ്ങൾക്കാണ് ഇത് തുടക്കം കുറിച്ചത്.

കേരളീയം ഫേസ്‌ബുക്ക് കൂട്ടായ്മയിൽ വന്ന ലേഖനത്തിന്റെ പൂർണ്ണരൂപം ഇങ്ങനെയാണ്:

കമ്മിചരിതം - ചതിയുടെ കമ്യൂണിസ്റ്റ് ചരിത്രം

ഒരുകാലത്ത് രാജ്യത്തിൽ നിർണ്ണായക സ്വാധീനമുണ്ടായിരുന്ന കമ്യൂണിസ്റ്റ് പാർട്ടി ഇന്ന് കനൽത്തരി മാത്രമായത് പാർട്ടി തന്നെ അതിനായി അദ്ധ്വാനിച്ചതുകൊണ്ടാണ്. അടവുനയങ്ങൾ മാത്രമുള്ള ഒരു രാഷ്ട്രീയ പാർട്ടി, സ്വന്തം ക്രഡിബിലിറ്റി സ്വയം നഷ്ടപ്പെടുത്തി പട്ടടയിൽ ചെന്നുകയറുകയായിരുന്നു.

ഒരു പോസ്റ്റിൽ 42 ഫോട്ടോകൾ മാത്രമേ ഫേസ്‌ബുക്ക് അനുവദിക്കൂ എന്നതുകൊണ്ട് മുഴുവൻ തെളിവുകളും ഇതിൽ ഉൾക്കൊള്ളിക്കാൻ സാധിച്ചിട്ടില്ല. 4 എണ്ണം കമന്റിൽ ഉൾക്കൊള്ളിച്ചിരിക്കുന്നു.

സ്വാതന്ത്ര്യസമരത്തെ ഇന്ത്യയിലെ കമ്യൂണിസ്റ്റ് പാർട്ടി ചതിച്ചു എന്നതിന്റെ രേഖകൾ ആദ്യമായി പൊതുമദ്ധ്യത്തിൽ എത്തിച്ചത് അരുൺ ഷൂരി ആയിരുന്നു. The Great Betrayal എന്നപേരിൽ നാഷണൽ ആക്കൈവ് രേഖകൾ ആസ്പദമാക്കി ലേഖനം എഴുതുകയും, The Only Fatherland എന്നപേരിൽ പുസ്തകം രചിക്കുകയും ചെയ്തിട്ടുണ്ട്. എങ്കിലും അദ്ദേഹത്തിന് ലഭിക്കാത്ത നിരവധി രേഖകളും വിശദാംശങ്ങളും കേരളീയത്തിന് ലഭ്യമാണ്.

വിഷയത്തിലേയ്ക്ക് വരാം.

സ്വന്തം നാടിനെയും ജനങ്ങളെയും അണികളെയും ചതിച്ച് ഒരു രാഷ്ട്രീയ പാർട്ടിക്ക് വളരാനോ നിലനിൽക്കാനോ സാധിക്കുമോ? അത്തരമൊരു ചരിത്രമാണ് ഇന്ത്യയിലെ കമ്യൂണിസ്റ്റ് പാർട്ടികൾക്കുള്ളത്. ഇന്ത്യൻ സ്വാതന്ത്ര്യസമര ചരിത്രത്തിലെ വളരെ നിർണ്ണായകമായ ഘട്ടത്തിൽ, കമ്യൂണിസ്റ്റ് പാർട്ടി ഇന്ത്യൻ ജനതയെയും നാടിനെയും ചതിച്ചു. കമ്യൂണിസ്റ്റ് പിതൃഭൂമിയും സ്വർഗ്ഗഭൂമിയുമായിരുന്ന സോവിയറ്റ് യൂണിയനും, കമ്യൂണിസ്റ്റ് ഏകാധിപതിയും കോടിക്കണക്കിന് കർഷകരെയും തൊഴിലാളികളെയും കൊന്നൊടുക്കിയ ജോസഫ് സ്റ്റാലിൻ എന്ന നരാധമനും വേണ്ടിയായിരുന്നു ആ ചതി.

1941 വരെയുള്ള ലോകക്രമം

ലോക കമ്യൂണിസ്റ്റ് പാർട്ടികളെ എല്ലാം ഒരു കുടക്കീഴിലാക്കി നിയന്ത്രിച്ച് ലോക ശക്തിയാക്കാനായി സോവിയറ്റ് യൂണിയൻ സ്ഥാപിച്ച ''കമ്യൂണിസ്റ്റ് ഇന്റർനാഷണൽ'' എന്ന സംവിധാനം, സ്റ്റാലിൻ ഫലപ്രദമായി ഉപയോഗിച്ചിരുന്നു. ഇന്ത്യയിലെ കമ്യൂണിസ്റ്റ് പാർട്ടിയെ നിയന്ത്രിച്ചിരുന്നത് സോവിയറ്റ് യൂണിയനും അവരുടെ താൽപര്യങ്ങളുമായിരുന്നു എന്ന് ചുരുക്കം. അതിനെ ഒരു രാജ്യത്തിന്റെ മാത്രം താൽപര്യത്തിന് പ്രാധാന്യം കൽപ്പിക്കുന്ന സങ്കുചിത നിലപാടിനെക്കാൾ സ്വതന്ത്രവും വിശാലവുമാണ് എന്ന മട്ടിലായിരുന്നു കമ്യൂണിസ്റ്റുകാർ വീക്ഷിച്ചിരുന്നത്. ദേശീയത മോശപ്പെട്ട സംഗതിയാണ് എന്ന കാഴ്ചപ്പാടാണ് ഇന്ത്യയിലെ കമ്യൂണിസ്റ്റ് പാർട്ടിയുടെ അന്ത്യത്തിന് കാരണമായത് എന്നുപറയാം.

അക്കാലംവരെ സോവിയറ്റ് യൂണിയൻ ബ്രിട്ടന്റെ എതിർചേരിയിൽ ആയിരുന്നു. അധിനിവേശ താല്പര്യങ്ങൾ മുൻനിർത്തി, അഡോൾഫ് ഹിറ്റ്‌ലർ എന്ന ഫാസിസ്റ്റുമായി ജോസഫ് സ്റ്റാലിൻ രഹസ്യകരാർ ഉണ്ടാക്കിയിരുന്നു. പരസ്യമായ അനാക്രമണ കരാറും രഹസ്യമായി പോളണ്ട് അടക്കമുള്ള അയൽരാജ്യങ്ങളെ ആക്രമിച്ച് പങ്കിട്ടെടുക്കാനുമായി രഹസ്യമായ കരാറും. ആ രഹസ്യകരാർ പുറംവെളിച്ചം കാണുന്നത് സോവിയറ്റ് യൂണിയന്റെ തകർച്ചയ്ക്ക് ശേഷം മാത്രമാണ്.

അതായത്, അക്കാലമത്രയും ഇന്ത്യയിലെ കമ്യൂണിസ്റ്റുകാർ ബ്രിട്ടീഷ് അധിനിവേശത്തിനെതിരെ പോരാടുകയായിരുന്നു. അത് രാജ്യത്തോടുള്ള കടപ്പാടിന്റെ ഭാഗമായിരുന്നു എന്നായിരുന്നു അന്നത്തെ കമ്യൂണിസ്റ്റ് പ്രോപ്പഗണ്ട. പാർട്ടിയുടെ അക്രമമാർഗ്ഗങ്ങളും, രക്തരൂക്ഷിത വിപ്ലവചരിത്രങ്ങളും കാരണം പാർട്ടിയെ ബ്രിട്ടീഷ് സർക്കാർ നിരോധിച്ചിരുന്നു. ബ്രിട്ടീഷ് സാമ്രാജ്യത്തിനെതിരെ പ്രക്ഷോഭങ്ങൾ സംഘടിപ്പിച്ച് കയ്യൂർ സമരസഖാക്കൾ ഉൾപ്പെടെ നിരവധി പാർട്ടി പ്രവർത്തകർ ജയിലിലായി. ആ കാലത്തിനുശേഷം ഒരു കമ്യൂണിസ്റ്റ് പോരാട്ടചരിത്രവും നിങ്ങൾക്ക് സ്വാതന്ത്ര്യസമരവുമായി ബന്ധപ്പെട്ട് ആർക്കും ചൂണ്ടിക്കാണിക്കാനാവില്ല.

മാറിയ ലോകക്രമം

എന്നാൽ 1941 ജൂണിൽ ജർമ്മനി കരാർ ലംഘിച്ച് സോവിയറ്റ് യൂണിയനെ ആക്രമിച്ചു. സ്റ്റാലിൻ രക്ഷാർത്ഥം ബ്രിട്ടന്റെ സഹായം തേടി. അങ്ങനെ ഇന്ത്യയിലെ പാർട്ടിയെ നിയന്ത്രിച്ചിരുന്ന ശക്തികൾ ഇന്ത്യൻ കമ്യൂണിസ്റ്റ് പാർട്ടിയോടും നിലപാട് മാറ്റാൻ ആവശ്യപ്പെട്ടു. സോവിയറ്റ് യൂണിയന്റെ പാർട്ടി സംവിധാനത്തോടുമാത്രം പ്രതിബദ്ധതയുണ്ടായിരുന്ന ഇന്ത്യൻ കമ്യൂണിസ്റ്റ് പാർട്ടിക്ക് അങ്ങനെ അതുവരെയുണ്ടായിരുന്ന ശത്രു പെട്ടന്ന് മിത്രമായി മാറി. ബ്രിട്ടീഷ് സാമ്രാജ്യത്വത്തിനെതിരെ പോരാടിയിരുന്ന സഖാക്കൾക്ക് പുതിയ ലക്ഷ്യവും മുദ്രാവാക്യവും ലഭിച്ചു. അതുപ്രകാരം ഇതുവരെ സോവിയറ്റ് യൂണിയന്റെയും പാർട്ടിയുടെയും മിത്രമായിരുന്ന ജർമ്മനിയായി മുഖ്യശത്രു. അന്നുമുതൽക്കാണ് കമ്യൂണിസ്റ്റ് പാർട്ടി ഫാസിസ്റ്റ് വിരുദ്ധരായത്. മിത്രത്തിനെ പെട്ടന്ന് ശത്രുവാക്കാം എന്നാൽ ശത്രുവിനെ പെട്ടന്ന് മിത്രമാക്കാനാവില്ലല്ലോ.

ആർക്കൈവ് രേഖകൾ

(ഇനിയങ്ങോട്ടുള്ള വിവരങ്ങളും വിശകലനങ്ങളും എല്ലാംതന്നെ ബ്രിട്ടീഷ് ലൈബ്രറിയിൽനിന്നും ഇന്ത്യൻ നാഷണൽ ആർക്കൈവ്സ് ഓഫ് ഇന്ത്യയിൽ നിന്നും ലഭിച്ച ചരിത്ര തെളിവുകളെ അടിസ്ഥാനമാക്കിയാണ്. അല്ലാത്തവയ്ക്ക് റഫറൻസ് നൽകിയിട്ടുണ്ട്.)

ഇന്ത്യയിലെ കമ്യൂണിസ്റ്റ് പാർട്ടിയുടെ അടവുനയങ്ങൾ പ്രതിസന്ധിയിലായി എന്ന് ബ്രിട്ടന് മനസ്സിലായി. 1942 ജനുവരി 10-ന് ഇന്ത്യൻ ബ്രിട്ടീഷ് സർക്കാരിന്റെ അഡീഷണൽ സെക്രട്ടറിയായിരുന്ന സർ റിച്ചാർഡ് ടോട്ടൻഹാം എല്ലാ പ്രവിശ്യാസർക്കാരിന്റെ സെക്രട്ടറിമാർക്കും ഒരു രഹസ്യകത്ത് അയക്കുന്നു. അതോടൊപ്പം ഒരു മെമോറാണ്ടം കൂടിയുണ്ടായിരുന്നു. ഇതുവരെ ബ്രട്ടീഷുകാരെ എതിർത്തിരുന്ന ചിലർ ആ നയം മാറ്റുന്നു എന്നും അതിനാൽ ഓരോ വ്യക്തിയേയും പ്രത്യേക നിരീക്ഷണത്തിന് വിധേയമാക്കണം എന്നുമായിരുന്നു ആ കത്തിന്റെ ഉള്ളടക്കം. (തെളിവ്-1)

രണ്ടാം ലോകമഹായുദ്ധം ശക്തിപ്പെട്ട സമയത്ത് ഇന്ത്യയുടെ പിന്തുണ ബ്രിട്ടന് അത്യാവശ്യമായിരുന്നു. എന്നാൽ ഈസമയത്ത് സ്വാതന്ത്ര്യസമരം കൂടുതൽ ശക്തമാക്കാനാണ് ദേശീയപ്രസ്ഥാനങ്ങൾ തീരുമാനിച്ചത്. കോൺഗ്രസ്, മുസ്ലിം ലീഗ്, ഹിന്ദു മഹാസഭ തുടങ്ങിയ പ്രസ്ഥാനങ്ങളെ അതിൽനിന്ന് പിന്തിരിപ്പിക്കാനായി സർ സ്റ്റാഫോർഡ് ക്രിപ്സിന്റെ നേതൃത്വത്തിൽ ഒരു സംഘം 1942 മാർച്ച് മാസത്തിൽ ഇന്ത്യയിലെത്തി. രണ്ടാംലോകമഹായുദ്ധം കഴിഞ്ഞാലുടൻ പരിമിതമായ അധികാരങ്ങൾ സ്വദേശികൾക്ക് നൽകാമെന്ന ബ്രിട്ടന്റെ ഉറപ്പ് ഇന്ത്യയിലെ ഒരു സംഘടനയും സ്വീകരിച്ചില്ല. പൂർണ്ണ അധികാരം സ്വദേശികൾക്ക് കൈമാറണം എന്നതായിരുന്നു അവരുടെ എല്ലാം ആവശ്യം. അങ്ങനെ അവർ ക്വിറ്റ് ഇന്ത്യാ പ്രക്ഷോഭം ആരംഭിക്കാൻ തീരുമാനിച്ചു.

പി.സി ജോഷി-ക്രിപ്സ് ചർച്ച

ദേശീയപ്രസ്ഥാനങ്ങൾ എല്ലാം കയ്യൊഴിഞ്ഞാലും കമ്യൂണിസ്റ്റ് പാർട്ടി കൈവിടില്ല എന്ന് ബ്രിട്ടീഷുകാർക്ക് അറിയാമായിരുന്നു. അന്നത്തെ പാർട്ടി ജനറൽസെക്രട്ടറിയായിരുന്ന പി.സി ജോഷിയുടെ സുഹൃത്തുക്കൾ മുഖേന ബ്രിട്ടീഷ് ആഭ്യന്തര വകുപ്പിലെ ഉദ്യോഗസ്ഥർ ജോഷിയുമായി രഹസ്യമായി ബന്ധപ്പെട്ടു. സർ സ്റ്റാഫോർഡ് ക്രിപ്സുമായി കൂടിക്കാഴ്ചയ്ക്കുള്ള തയ്യാറെടുപ്പുകൾ നടത്തി. അന്ന് ജോഷിയുടെ പേരിൽ അറസ്റ്റ് വാറണ്ട് നിലനിന്നിരുന്നു. ചർച്ചകൾക്കായി ഡൽഹിയിൽ ജോഷിക്ക് സൗകര്യപൂർവ്വം വരാനായി ജോഷിയുടെ വാറണ്ട് 10 ദിവസത്തേയ്ക്ക് സസ്പെൻഡ് ചെയ്യണമെന്ന് ക്രിപ്സിന്റെ സെക്രട്ടറി സർക്കാരിനോട് 1942 ഏപ്രിൽ 6-ന് ആവശ്യപ്പെട്ടു. (തെളിവ്-2)

അതുപ്രകാരം പിറ്റേദിവസം തന്നെ ജോഷിയുടെ വാറണ്ട് 10 ദിവസത്തേയ്ക്ക് സസ്പെൻഡ് ചെയ്യാൻ ഉത്തരവിറങ്ങി. (തെളിവ്-3)

അങ്ങനെ ജോഷി രഹസ്യമായി സർ ക്രിപ്സുമായി ചർച്ചകൾ നടത്തി. ക്രിപ്സുമായുള്ള ചർച്ചകളുടെ വിശദാംശങ്ങൾ നാഷണൽ ആർക്കൈവ്സിൽനിന്നോ ബ്രിട്ടീഷ് ലൈബ്രറിയിൽനിന്നോ ഇതുവരെ കേരളീയത്തിന് ലഭിച്ചിട്ടില്ല. അതോടെ രഹസ്യചർച്ചകൾ ഇന്ത്യയിലെ ബ്രിട്ടീഷ് അധികൃതരും പി.സി.ജോഷിയും നേരിട്ടായി. ഇതിനിടയിൽ ഇന്ത്യയിലെ കമ്യൂണിസ്റ്റ് പാർട്ടിയുമായി രഹസ്യബന്ധത്തിൽ ഏർപ്പെടുന്നതിനുള്ള പ്രാഥമിക അനുമതി ബ്രിട്ടന്റെ വാർകാബിനറ്റിൽ നിന്നും ലഭിച്ചു.

കമ്യൂണിസ്റ്റ്-ബ്രിട്ടീഷ് രഹസ്യബാന്ധവം നടപ്പിലാകുന്നു

പി.സി.ജോഷിയുമായുള്ള ചർച്ചകളിലൂടെ കമ്യൂണിസ്റ്റുകാർ ബ്രിട്ടീഷ് വിരോധം ഉപേക്ഷിക്കാനുള്ള തയ്യാറെടുപ്പിലാണെന്ന് ബ്രിട്ടീഷ് ഇന്ത്യയുടെ അഡീഷനൽ സെക്രട്ടറി ആയിരുന്ന സർ റിച്ചാർഡ് ടോട്ടൻഹാമിനും ബോധ്യമായി. തുടർന്ന്, മനം മാറ്റം പ്രകടിപ്പിക്കുന്ന കമ്യൂണിസ്റ്റുകാരെ ജയിൽ മോചിതരാക്കുന്ന കാര്യം പരിഗണിക്കണമെന്നും അവരുടെ ലിസ്റ്റ് തയ്യാറാക്കി നൽകണമെന്നും ടോട്ടൻഹാം പ്രവിശ്യാസർക്കാരുകൾക്ക് 1942 ഏപ്രിൽ 21-ന് നിർദ്ദേശം നൽകി. അതേസമയം, ക്രിമിനൽ കേസുകളിൽ പെട്ട കമ്യൂണിസ്റ്റുകാരുടെ വിഷയം വ്യത്യസ്ഥമായി പരിഗണിക്കണമെന്ന കാര്യവും അതിൽ സൂചിപ്പിച്ചിരുന്നു. (തെളിവ്-4)

ബ്രിട്ടീഷുകാർക്കനുകൂലമായി ''കളി കളിക്കാൻ'' ടിയാൻ തയ്യാറായില്ലെങ്കിൽ ഒരുമാസത്തെ നോട്ടീസ് കൊടുത്ത് വീണ്ടും വാറണ്ട് ഏൽപ്പിക്കണം എന്ന കണ്ടീഷനിൽ പി.സി. ജോഷിയുടെ വാറണ്ട് ക്യാൻസൽ ചെയ്യാനായുള്ള ഇന്റലിജൻസ് അംഗീകാരം 1942 ഏപ്രിൽ 27-ന് ലഭിക്കുന്നു. ജോഷി ബ്രിട്ടീഷുകാർക്ക് അനുകൂലമായി വഴങ്ങിയില്ലെങ്കിൽ പിന്നീട് വാറണ്ട് പുനഃസ്ഥാപിക്കാനും ആ അംഗീകാരത്തിൽ നിർദ്ദേശമുണ്ടായിരുന്നു. (തെളിവ്-5)

1942 ഏപ്രിൽ 28-ന് പി.സി. ജോഷിയുടെ 1940-ൽ പുറപ്പെടുവിച്ചിരുന്ന വാറണ്ട് ക്യാൻസൽ ചെയ്തു. (തെളിവ്-6) (തെളിവ്-7)

1942 ഏപ്രിൽ 30-ന് പി.സി. ജോഷിയുടെ വാറണ്ട് ക്യാൻസൽ ചെയ്തതിന്റെ നോട്ടിഫിക്കേഷൻ, അതിന് നിദാനമായ കണ്ടീഷൻ വിവരിച്ചുകൊണ്ട് എല്ലാ പ്രവശ്യാ സർക്കാരുകൾക്കും അയക്കുന്നു. (തെളിവ്-8)

നവീകരിച്ച അടവുനയവും പാർട്ടി പ്രൊപ്പഗണ്ടയും

എന്തായാലും ബ്രിട്ടീഷ് സർക്കാരിന് ജോഷിയുടെ വാറണ്ട് പിന്നീട് തിരിച്ച് പ്രയോഗിക്കേണ്ടി വന്നില്ല. ജോഷിയും പാർട്ടിയും തങ്ങളുടെ വാലാട്ടിപ്പട്ടികളായി എന്ന ബോദ്ധ്യം അവർക്ക് ലഭിച്ചു എന്ന് ചുരുക്കം. പി.സി ജോഷിയുടെ പേരിൽ ഒരു പ്രവിശ്യാ സർക്കാർ പുറപ്പെടുവിച്ചിരുന്ന അറസ്റ്റ് വാറണ്ടും ക്യാൻസൽ ചെയ്യാനുള്ള ഉത്തരവ് ഇറങ്ങി. അതോടെ പാർട്ടിയും ബ്രിട്ടീഷുകാരും തമ്മിലുള്ള ബന്ധം എങ്ങനെയായിരിക്കണം എന്നതിനെക്കുറിച്ച് വിശദമായ ചർച്ചകൾ പാർട്ടിയുടെ ഉന്നതനേത്രുത്വത്തിൽ നടന്നു. അതുപ്രകാരം പാർട്ടി പുതിയൊരു അടവുനയം തട്ടിക്കൂട്ടി. പാർട്ടിയുടെ നിരോധനം പിൻവലിപ്പിക്കാനും പ്രവർത്തനസ്വാതന്ത്ര്യം നേടിയെടുക്കാനും ജയിലിൽ കിടക്കുന്ന പാർട്ടി നേതാക്കളെയും പ്രവർത്തകരെയും മോചിതരാക്കാനും പാർട്ടി പദ്ധതിയിട്ടു. ചർച്ചകൾ പുരോഗമിക്കുന്ന മുറയ്ക്ക് പാർട്ടിയോടുള്ള ബ്രിട്ടീഷ് സർക്കാരിന്റെ സമീപനങ്ങൾ മൃദുവായി. ധാരണകൾ പ്രകാരം കൂടുതൽ കമ്യൂണിസ്റ്റ് നേതാക്കളെ നേതാക്കളെ മോചിതരാക്കാൻ അടക്കമുള്ള നിർദ്ദേശങ്ങൾ അടങ്ങിയ 4 പേജുള്ള നിർദ്ദേശങ്ങൾ ബ്രിട്ടീഷ് സർക്കാർ എല്ലാ പ്രവിശ്യാ സർക്കാരുകൾക്കും 1942 ജൂൺ 8-ന് അയച്ചു. (ലാസ്റ്റ് പേജ് തെളിവ്-9)

ധാരണകൾ പ്രകാരം പാർട്ടിയുടെ നിരോധനം ബ്രിട്ടീഷ് സർക്കാർ പിൻവലിച്ചു. പാർട്ടിക്ക് പത്രപ്രവർത്തനസ്വാതന്ത്ര്യം അനുവദിച്ചു. പത്രക്കടലാസുകളുടെ സബ്സിഡിയും ഇലെക്ട്രിക് പവർ സബ്സിഡിയും വർദ്ധിപ്പിച്ചു. കൂടുതൽ സബ്‌സിഡിക്കായി പാർട്ടി അപേക്ഷകൾ അയച്ചു. അപേക്ഷകളിൽ മലയാളപത്രമായ ദേശാഭിമാനിയെക്കുറിച്ച് നിരവധി പരാമർശങ്ങളുണ്ട്. (തെളിവ്-10)

കൂടാതെ, അത്തരം അപേക്ഷകളിൽ പാർട്ടിയുടെ രാജ്യസ്നേഹത്തെക്കുറിച്ചുള്ള വർണ്ണനകൾ കുത്തിനിറച്ചിരുന്നു. സ്വന്തം നാടിനെ ഒറ്റുകൊടുക്കുന്ന നയവും സ്വീകരിച്ചുകൊണ്ട് ബ്രിട്ടീഷ് സർക്കാരിന് അയക്കുന്ന കത്തുകളിൽ തങ്ങൾ മാത്രമാണ് രാജ്യസ്നേഹമുള്ള പാർട്ടി എന്നാണ് അവർ സ്വയം വിശേഷിപ്പിച്ചിരുന്നത് എന്നുകാണാം. (തെളിവ്-11)

പാർട്ടി പുതിയ അടവുനയം പാർട്ടി സഖാക്കളിൽ എത്തിച്ചു. ഇനിമുതൽ ബ്രിട്ടീഷ് സാമ്രാജ്യത്വം തുലയട്ടെ എന്നതല്ല നമ്മുടെ മുദ്രാവാക്യം ഫാസിസ്റ്റ് ജർമ്മനി തുലയട്ടെ എന്നതാണെന്ന് താത്വീകരിച്ചുനൽകി. സോവിയറ്റ് യൂണിയൻ ഉൾപ്പെടെയുള്ള ലോകം ഭയാനകമായ ഫാസിസ്റ്റ് ആക്രമണം നേരിടുമ്പോൾ അതിനെ നേരിടുന്ന ബ്രിട്ടനോട് നമ്മൾ പോരാടുന്നത് ലോകനന്മയ്ക്ക് യോജിക്കുന്നതല്ല എന്ന തത്വം ഉരുട്ടിയെടുത്തു. പാർട്ടിയുടെ പുതിയ ലൈൻ ''പീപ്പിൾസ് വാർ'', അതായത് ''ജനകീയയുദ്ധം'' എന്നതിനോട് അനുകൂലിച്ചാണെന്നുമുള്ള പ്രചാരണങ്ങൾ പത്രങ്ങളിലൂടെ അഴിച്ചുവിട്ടു.

നാടിന്റെ സ്വാതന്ത്ര്യത്തിനായി പോരാട്ടം നടത്തുന്ന സുഭാഷ്ചന്ദ്രബോസിനെയും ഫോർവേർഡ് ബ്ലോക്കിനെയും പൊതുവേദികളിൽ കുറ്റപ്പെടുത്തുകയും അഞ്ചാംപത്തികൾ(സ്വന്തം നാടിനെ ഒറ്റുന്നവർ) എന്നുവിളിച്ച് അധിക്ഷേപിക്കുകയും ചെയ്തു. സത്യത്തിൽ ആപ്പണി പാർട്ടിയുടെ ദൗത്യമായിരുന്നു! (തെളിവ്-12)

ദേശീയപ്രസ്ഥാനങ്ങൾ ക്വിറ്റ് ഇന്ത്യാ പ്രക്ഷോഭം നയിച്ചപ്പോൾ കമ്യൂണിസ്റ്റുകാർ 'ദേശീയ ഏകതാവാരം' എന്ന ബ്രിട്ടീഷ് അനുകൂല പരിപാടികൾ നടത്തി. (തെളിവ്-13)

അടവുനയത്തിന്റെ ഭാഗമായി ഹിന്ദു-മുസ്ലിം ഐക്യ പ്രൊപ്പഗണ്ടയും ബ്രിട്ടീഷ് നിലപാടുകളെ വിമർശിക്കലും സോവിയറ്റ് സ്നേഹപ്രകടനങ്ങളും ഒക്കെ നടത്തി. മതത്തിന്റെ പേരിൽ രാജ്യത്തിനെ വെട്ടിമുറിക്കാൻ മുൻപന്തിയിൽ പിന്നീട് വന്നത് ഇവർ തന്നെയായിരുന്നു എന്നത് ചരിത്രം! (തെളിവ്-14)

കമ്യൂണിസ്റ്റ് പാർട്ടി ഒഴിച്ചുള്ള ബാക്കി എല്ലാ ''രാജ്യദ്രോഹികളായ'' പാർട്ടികളെയും ദേശീയ പ്രസ്ഥാനങ്ങളെയും വ്യക്തികളെയും ''അഞ്ചാംപത്തികൾ'' എന്നായിരുന്നു ജോഷി ബ്രിട്ടീഷുകാർക്ക് അയയ്ക്കുന്ന കത്തുകൾ ഉൾപ്പെടെ എല്ലായിടങ്ങളിലും പരാമർശിച്ചിരിക്കുന്നത്. (തെളിവ്-15)

ഇതേസമയം, ഇന്ത്യൻ കമ്യൂണിസ്റ്റ് പാർട്ടിയുടെ നിരോധനം നീക്കുന്നത് സംബന്ധിച്ച് ബ്രിട്ടനിൽ ചർച്ചകൾ നടക്കുകയും വാർക്യാബിനറ്റിന്റെ അനുമതി സംബന്ധിച്ച ജൂലൈ 13, 1942-ലെ രേഖകൾ ഇന്ത്യയിലെ ബ്രിട്ടീഷ് സർക്കാരിന് ലഭിച്ചു. (തെളിവ്-16)

അങ്ങനെ 1942 ജൂലൈ 20-ന് കമ്യൂണിസ്റ്റ് പാർട്ടി ഓഫ് ഇന്ത്യയുടെ നിരോധനം ബ്രിട്ടീഷ് സർക്കാർ പിൻവലിച്ചു.

കമ്യൂണിസ്റ്റ് പാർട്ടിയുടെ ഭീമഹർജ്ജി

പാർട്ടി കൂടുതൽ കൂടുതൽ ആവശ്യങ്ങൾ ബ്രിട്ടീഷുകാരുടെ മുമ്പിൽ അവതരിപ്പിക്കാൻ തുടങ്ങി. പാർട്ടി സഖാക്കളെ മുഴുവൻ ജയിൽ മോചിതരാക്കണം എന്നതായിരുന്നു പാർട്ടിയുടെ മുഖ്യ ആവശ്യം. എന്നാൽ എല്ലാവരെയും ജയിൽ മോചിതരാക്കാൻ ബ്രിട്ടീഷുകാർ സന്നദ്ധമായില്ല. പാർട്ടി പ്രവർത്തകരെ ജയിൽ മോചിതരാക്കിയാൽ അവരെല്ലാം സ്വാതന്ത്ര്യസമരത്തിന് എതിരെയും ബ്രിട്ടീഷ് (യുദ്ധ)താല്പര്യങ്ങൾക്ക് അനുകൂലമായും വർത്തിക്കും എന്ന ഉറപ്പ് പാർട്ടി സർക്കാരിന് നൽകി. പാർട്ടിയുടെ പുതിയ ലൈനായ ബ്രിട്ടീഷ് അനുകൂല നിലപാടുള്ള പ്രവർത്തകരെ മാത്രമേ മോചിതരാക്കൂ എന്നതായിരുന്നു ബ്രിട്ടീഷ് സർക്കാരിന്റെ നിലപാട്. അപ്പോഴും കൊലപാതകം, ബോംബ് സ്ഫോടനം പോലുള്ള ആരോപണം നേരിടുന്നവരെ സർക്കാർ മോചിതരാക്കിയില്ല.

അങ്ങനെ പി.സി ജോഷി മുൻകൈ എടുത്ത് ഒരു ഭീമഹർജ്ജി പാർട്ടി തയ്യാറാക്കി. 130-ൽപ്പരം പേജുകൾ ഉള്ളതിനാൽ ഈ ഭീമഹർജ്ജി മുഴുവൻ സോഷ്യൽ മീഡിയയിലൂടെ പ്രസിദ്ധപ്പെടുത്താനാവില്ല. പിസി ജോഷി ഒപ്പിട്ട കവർ ലെറ്ററോടുകൂടി ആഭ്യന്തരവകുപ്പ് ഉദ്യോഗസ്ഥന് സമർപ്പിച്ചു. (തെളിവ്-17)

ഭീമഹർജ്ജിക്കുള്ളിൽ 9 പേജുള്ള രത്നച്ചുരുക്കം സ്വന്തം ഒപ്പിട്ട് ഉൾപ്പെടുത്താനും പിസി ജോഷി മറന്നില്ല. അതിൽ പാർട്ടിയുടെ പ്രൊപ്പഗണ്ടയും ആവലാതികളും ലക്ഷ്യവും വാഗ്ദാനങ്ങളും എല്ലാം ജോഷി ഉൾപ്പെടുത്തിയിരിക്കുന്നു. വിസ്താരഭയത്താൽ അതേക്കുറിച്ചുള്ള വിശകലനം വായനക്കാർ സ്വയം ചെയ്യുമെന്ന് പ്രതീക്ഷിക്കുന്നു. (തെളിവ്-18)

എന്തായാലും പാർട്ടി, ബ്രിട്ടീഷ് സർക്കാർ എന്നീ രണ്ട് കക്ഷികളുടെയും താല്പര്യങ്ങളും പരിമിതികളും പരസ്പരം മനസ്സിലാക്കി സഹകരിക്കുക എന്നൊരു ധാരണയിലൂടെയായിരുന്നു അവർ പരസ്പരം വർത്തിച്ചിരുന്നത് എന്ന് മനസ്സിലാക്കാം. അതിന്റെ ഭാഗമായി പാർട്ടി അണികളെയും പൊതുജനത്തെയും വിഡ്ഢികളാക്കുക എന്ന തന്ത്രമായിരുന്നു പാർട്ടി പിന്നീട് സ്വാതന്ത്ര്യസമരത്തിൽ ഉടനീളം സ്വീകരിച്ചത്.

പ്രവിശ്യകൾ തിരിച്ചുള്ള ആ ഭീമഹർജ്ജിയിൽ പാർട്ടി എങ്ങനെയൊക്കെയാണ് ബ്രിട്ടീഷ് സർക്കാരിനെ സഹായിച്ചിരിക്കുന്നത് എന്നതിനെക്കുറിച്ചുള്ള വിശദീകരണങ്ങൾ നിരത്തിയിരിക്കുന്നു. അതോടൊപ്പം സ്വാതന്ത്ര്യ സമരത്തോട് അനുബന്ധിച്ചും അല്ലാതെയുമുള്ള പണിമുടക്കുകൾ പരാജയപ്പെടുത്തിയത്, ബ്രിട്ടന്റെ യുദ്ധത്തോട് ജനങ്ങളുടെ പിന്തുണ ഉറപ്പിക്കാനായി നടത്തിയ ജാഥകളും പ്രചാരണങ്ങളും നടത്തിയത് എന്നിവ വിവരിച്ചിരിക്കുന്നു.

മദ്രാസ് പ്രവിശ്യയുടെ ഭാഗമായിരുന്ന കേരളദേശത്തിനായി പ്രത്യേകതലക്കെട്ടിൽ കാര്യങ്ങൾ ഹർജിയിൽ അവതരിപ്പിച്ചിരിക്കുന്നു. കൊച്ചിയുടെയും തിരുവിതാകൂറിന്റെയും പേരുകളിൽ വീണ്ടും അത് വിഭജിച്ചിരിക്കുന്നു. അതിൽ നിങ്ങൾക്ക് സി. അച്യുതമേനോൻ, ഇ.കെ നായനാർ, എ.കെ. ഗോപാലൻ എന്നീ പ്രമുഖ വ്യക്തികളുടെ പേരുകൾ കാണാനാകും. ഭീമഹർജിയിലെ കേരളത്തെ സംബന്ധിച്ച 11 പേജുകളുള്ള എല്ലാ തെളിവുകളും പോസ്റ്റിനോടൊപ്പം ചേർക്കുന്നു. (തെളിവ്-19) (ചില പേജുകൾക്ക് റെസള്യൂഷൻ കുറവുണ്ട് എന്നത് ക്ഷമിക്കുമല്ലോ)

കയ്യൂർ സമരസഖാക്കൾ

ഇതേസമയം പാർട്ടി ബ്രിട്ടീഷുകാർക്കെതിരെ സമരം ചെയ്തിരുന്ന കാലത്ത് ജയിലിലായിരുന്ന കയ്യൂർ സമരസഖാക്കളിൽ അഞ്ചുപേർക്ക് വധശിക്ഷ വിധിച്ചു. അതിൽ ഒരാൾക്ക് പ്രായപൂർത്തിയാകാത്തതിനാൽ കഴുമരത്തിൽനിന്ന് രക്ഷപെട്ടു. കഴുമരം കാത്തിരുന്ന സഖാക്കളെ രക്ഷിക്കാൻ ബ്രിട്ടീഷ് പക്ഷത്തേയ്ക്ക് കൂറുമാറിയ പാർട്ടി ഇടപെട്ടെങ്കിലും ഫലമുണ്ടായില്ല. സഖാക്കൾ കഴുവിലേറുന്നതിന്റെ തലേന്ന് വൈകിട്ട് പാർട്ടി സെക്രട്ടറി പി.സി. ജോഷി അവരെ സന്ദർശിച്ചു.( https://www.marxists.org/.../labour.../1943/08/kayyur-heroes.htm )

പാർട്ടിക്കുവേണ്ടി രക്തസാക്ഷിയാകുന്ന അവർ പാർട്ടിക്ക് മാതൃകയാണെന്ന് പറഞ്ഞു. എങ്കിലും ആ പോരാളികൾ ആർക്കെതിരെയാണോ പോരാടി കഴുവിലേറാൻ പോകുന്നത്, അവർ ഇന്ന് പാർട്ടിയുടെ കൂട്ടാളികളായിക്കഴിഞ്ഞിരിക്കുന്നു എന്നസത്യം അവരെ അറിയിക്കാതിരിക്കാൻ പാർട്ടി ശ്രദ്ധിച്ചിരിക്കണം. അന്ന് നാടിനെവേണ്ടി കഴുവിലേറിയ അബൂബക്കർ, കുഞ്ഞമ്പു, മഠത്തിൽ അപ്പു, ചീരുകണ്ടൻ എന്നീ ബലിദാനികൾക്ക് കേരളീയത്തിന്റെ അശ്രുപൂക്കൾ.

കേരളത്തിൽ കമ്യൂണിസ്റ്റുകാർ പ്രതികളായ കയ്യൂർ. മൊറാഴ കേസുകളിലെ പ്രതികളായവരെ പാർട്ടിക്കാരായി കാണാനാകില്ല എന്ന ബ്രിട്ടീഷ് നിലപാട് ഈ ഭീമഹർജിയോട് അനുബന്ധിച്ച് ബ്രിട്ടീഷുകാർ തമ്മിലുള്ള കാത്തിടപാടുകളിൽ വ്യക്തമായി കാണാം. മൊറാഴ കേസിൽ വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട പാർട്ടി പ്രവർത്തകൻ, പിന്നീട് ജീവപര്യന്തമായി ശിക്ഷ ചുരുക്കികിട്ടിയതുകൊണ്ടാണ് രക്ഷപെട്ടത്.

ഭീമഹർജിയെക്കുറിച്ചും ബ്രിട്ടീഷ് നിലപാടുകളെക്കുറിച്ചുമുള്ള ഏകദേശധാരണ 4 പേജടങ്ങുന്ന രേഖകൾ വായിച്ചാൽ ലഭിക്കും. (തെളിവ്-20)

കള്ളി വെളിച്ചത്താകുന്നു

പാർട്ടിയുടെ നിലപാടുകളെയും ഗതികേടിനെയും ബ്രിട്ടീഷ് അനുകൂല പ്രവർത്തനങ്ങളെയും പ്രൊപ്പഗണ്ടകളെയും ''അഞ്ചാംപത്തി'' വിരുദ്ധ പോരാട്ടങ്ങളെയും ബ്രിട്ടീഷ് സർക്കാർ നിരീക്ഷിച്ചുകൊണ്ടിരുന്നു. കമ്യൂണിസ്റ്റ് പാർട്ടി നാടിനെ ഒറ്റുകൊടുക്കുന്നതായ സംശയങ്ങൾ എല്ലാ ദേശീയ പ്രസ്ഥാനങ്ങൾക്കും ഉണ്ടായി. ഇതേവരെ സ്വാതന്ത്ര്യത്തിനായി പോരാടിയിരുന്ന പാർട്ടിക്കാർ തങ്ങളെ ബ്രിട്ടീഷ് പൊലീസിനെക്കൊണ്ട് പിടിപ്പിക്കുന്ന തരത്തിലേയ്ക്ക് തരംതാണു എന്നവർക്ക് ബോധ്യമായി. ഗാന്ധിജി പാർട്ടി സെക്രട്ടറി ജോഷിക്ക് കത്തെഴുതി. എന്താണ് നിങ്ങളുടെ പുതിയ നിലപാട്? നിങ്ങൾ ആരോടൊപ്പമാണ്? എന്തിനാണ് കോൺഗ്രസ് പ്രവർത്തകരെ പൊലീസിൽ പിടിപ്പിക്കുന്നത്? സാമ്പത്തിക ശ്രോതസ് വെളിപ്പെടുത്താമോ? എന്നിങ്ങനെ തുടങ്ങി അക്കമിട്ട് ചോദ്യങ്ങൾ ഉന്നയിച്ചു. (തെളിവ്-21)

ജോഷി അക്കമിട്ടുതന്നെ ഉത്തരങ്ങൾ നൽകി. പക്ഷെ അതിലൊന്നും വസ്തുതയോ ആത്മാർത്ഥതയോ ഉണ്ടായിരുന്നില്ല. ഗാന്ധിജി ഇവയ്ക്ക് മറുചോദ്യങ്ങൾ കത്ത് മുഖേന ചോദിച്ചെങ്കിലും ജോഷിയുടെ തുടർന്നുള്ള മറുപടിയും പാർട്ടിയുടെ അടവുനയങ്ങൾക്ക് അനുസൃതം മാത്രമായിരുന്നു. കേരളത്തിലെ ഐ.എൻ.എ പോരാളിയായിരുന്ന വക്കം ഖാദറിന് പൊലീസ് പിടിയിലായി കഴുമരത്തിൽ കയറേണ്ടി വന്നതും കമ്യൂണിസ്റ്റ് ചതിയാകാൻ സാധ്യതയുണ്ട് എന്നതുകൂടി നമ്മൾ ഇതോടൊപ്പം ചേർത്ത് വായിക്കണം.

ബ്രിട്ടീഷ് പക്ഷത്തേയ്ക്ക് കൂറുമാറിയപ്പോൾ പാർട്ടിക്ക് ക്ഷീണം സംഭവിച്ചതായി ആർക്കൈവ് രേഖകൾ സൂചിപ്പിക്കുന്നു. പാർട്ടി സെക്രട്ടറി ജോഷിയും ബ്രിട്ടീഷ് ആഭ്യന്തര ഉദ്യോഗസ്ഥൻ റെജിനാൾഡ് മാക്സ്വെല്ലും തമ്മിൽ രഹസ്യ ഇടപാടുകൾ നടക്കുന്നതായി ശ്രുതി പരന്നിരുന്നു. (തെളിവ്-22)

പാർട്ടിയിലെ ആശയക്കുഴപ്പം

അതോടൊപ്പം പാർട്ടിയുടെ നിലപാടുമാറ്റം സ്വദേശസ്നേഹമുണ്ടായിരുന്ന പ്രവർത്തകരെ ചൊടിപ്പിക്കുകയും അവർ പാർട്ടി വിടുകയും ചെയ്തു. ചില പാർട്ടി ഫോറങ്ങളിൽ എന്താണ് തങ്ങളുടെ പുതിയ നയം എന്നത് ഉൾക്കൊള്ളാനാകുന്നില്ല എന്നും അത്തരം തർക്കങ്ങൾ പരിഹരിക്കാൻ ജോഷിക്കുതന്നെ പോകേണ്ടിവന്നു എന്നതൊക്കെ ബ്രിട്ടീഷ് ഉദ്യോഗസ്ഥർ രേഖപ്പെടുത്തിയിട്ടുണ്ട്. (തെളിവ്-23)

പൊതുജനങ്ങളിൽ നിന്നുള്ള എതിർപ്പ് ഉൾക്കൊണ്ടുകൊണ്ടാകണം ഒരു സമയത്ത് ജയിലിൽ അടയ്ക്കപ്പെട്ട കോൺഗ്രസ് നേതാക്കളെ വിട്ടയക്കണം എന്ന പരസ്യനിലപാട് പാർട്ടി സ്വീകരിച്ചു. ഇത് സർക്കാർ അധികൃതരെ ചൊടിപ്പിച്ചു. അവർ ജോഷിയോട് വിശദീകരണം ആവശ്യപ്പെട്ടു. പാർട്ടിയുടെ ഭീമഹർജിക്കുള്ള മാക്‌സ്വെല്ലിന്റെ മറുപടിക്കത്തിൽ നിങ്ങൾക്കത് വായിക്കാം. (തെളിവ്-24)

ഇതുകൂടാതെ നിരവധി വിഷയങ്ങളിൽ ബ്രിട്ടീഷുകാർ പാർട്ടിയോട് വിശദീകരണം ചോദിക്കുന്നതിന്റെയും പാർട്ടിയെ നിയന്ത്രിക്കുന്നതിന്റെയും വാണിങ് നൽകുന്നതിന്റെയും രേഖകൾ ബ്രിട്ടീഷ് ഇന്ത്യ ഓഫീസ് ശേഖരങ്ങളിലുണ്ട്. പാർട്ടിയുടെ അടവുനയങ്ങളെ ബ്രിട്ടീഷുകാരോ ബ്രിട്ടീഷുകാരെ പാർട്ടിയോ പൂർണ്ണമായി വിശ്വാസത്തിൽ എടുത്തിട്ടില്ല എന്നതാണ് യാഥാർത്ഥ്യം. ഈ കൂട്ടുകെട്ടിലൂടെ സർക്കാരിൽനിന്നും ആനുകൂല്യങ്ങൾ നേടിയെടുത്ത് പാർട്ടിയെ വളർത്തുക, യുദ്ധത്തിൽ സഹകരിക്കാം എന്ന മട്ടിൽ സൈനിക പരിശീലനം നേടിയെടുക്കുക, ആയുധങ്ങൾ ശേഖരിക്കുക തുടങ്ങിയവയായിരുന്നു പാർട്ടിയുടെ തന്ത്രം എന്ന് ബ്രിട്ടീഷുകാരുടെ ഇന്റലിജൻസ് അവലോകനങ്ങളിലൂടെ മനസ്സിലാക്കാം.

അതേപോലെ യുദ്ധത്തിൽ സഹായിക്കേണ്ടുന്ന സാഹചര്യത്തിൽ സ്വാതന്ത്ര്യസമരത്തോട് അനുബന്ധിച്ച് ഇടയ്ക്കിടെ ഉൽപ്പാദനകേന്ദ്രങ്ങളിലും തൊഴിലാളി ശാലകളിലും ഉണ്ടാകുന്ന പണിമുടക്കുകൾ പാർട്ടിയെ ഉപയോഗിച്ച് ഇല്ലാതാക്കുക, ദേശീയപ്രസ്ഥാനങ്ങളുടെ രഹസ്യങ്ങളും സമരങ്ങളും പൊളിക്കുക തുടങ്ങിയവയായിരുന്നു ബ്രിട്ടീഷ് സർക്കാരിന്റെ ലക്ഷ്യം.

ബ്രിട്ടീഷുകാരുടെ യുദ്ധപങ്കാളി

എന്തായാലും പരസ്പര ബാന്ധവത്തിന്റെ തുടക്കകാലങ്ങളിൽ യുദ്ധപോരാളികളായി പാർട്ടി പ്രവർത്തകരെ ബ്രിട്ടീഷുകാർ ഉപയോഗിച്ചു. പാർട്ടിക്കാർക്ക് ബ്രിട്ടീഷ് സേന പരിശീലനം നൽകുകയും ചെയ്തിട്ടുണ്ട്. കമ്യൂണിസ്റ്റുകാർ പണവും ആയുധങ്ങളും ബ്രിട്ടീഷുകാരിൽനിന്ന് ശേഖരിച്ച് ബർമ്മയിൽപ്പോയി സുഭാഷ്ചന്ദ്രബോസ് നയിക്കുന്ന ഐ.എൻ.എ ഭടന്മാർക്കെതിരെ യുദ്ധം ചെയ്തു എന്ന് തനിക്ക് അറിവുണ്ട് എന്ന് ഡോക്ടർ അംബേദ്കർ വെളിപ്പെടുത്തുന്നുണ്ട്. (തെളിവ്-26)

എന്നാൽ പിന്നീട് രണ്ടുകൂട്ടരും തമ്മിലുള്ള പരസ്പരവിശ്വാസത്തിൽ ഇടിവ് സംഭവിച്ചതായി കാണാം. കമ്യൂണിസ്റ്റുകാരെ വിശ്വസിക്കരുത്, അവരെ സേനയിൽ ഉപയോഗിക്കരുത് എന്നിങ്ങനെയുള്ള നിർദ്ദേശങ്ങൾ ബ്രിട്ടണിൽനിന്നും ഇന്ത്യൻ ബ്രിട്ടീഷ് സർക്കാരിന് ലഭിക്കുന്നു. അതോടൊപ്പം കൂലിവേല, വൃത്തിയാക്കൽ പോലുള്ള പണികൾക്ക് മാത്രമേ അവരെ ഉപയോഗിക്കാവൂ എന്ന നയവും അവർ അറിയിക്കുന്നു. ബ്രിട്ടീഷ് സേനയോടൊപ്പം ചേർന്ന് ആയുധങ്ങളും പരിശീലനവും പണവും ലഭിച്ചശേഷം അതെല്ലാം നാളെ സായുധവിപ്ലവം നടത്തി അധികാരം ബ്രിട്ടീഷുകാരിൽനിന്നും പിടിച്ചെടുക്കാൻ സാദ്ധ്യതയുണ്ട് എന്ന ഭയമാണ് ഇത്തരമൊരു നിലപാട് മാറ്റത്തിലേയ്ക്ക് ബ്രിട്ടീഷുകാരെ നയിക്കുന്നത്. എന്നാൽ അപ്പോഴേയ്ക്കും കുറെയേറെ ആയുധങ്ങൾ പാർട്ടി സമാഹരിച്ചുകഴിഞ്ഞിരുന്നു.

സ്വന്തം നാടിനെയും നാടിന്റെ സ്വാതന്ത്ര്യസമരത്തെയും കയ്യൂർ ബലിദാനികളെയും ചതിച്ചിട്ടായാലും, ബ്രിട്ടീഷ് സഹായം ഉപയോഗിച്ച് പാർട്ടിയെ വളർത്താനും, ആയുധങ്ങളും പണവും സംഭരിക്കാനും പിന്നീട് അനുകൂലമായ സാഹചര്യങ്ങൾ ഒത്തുവരുന്ന ഘട്ടത്തിൽ സായുധ വിപ്ലവത്തിലൂടെ ഇന്ത്യയുടെ ഭരണം പിടിച്ചെടുക്കാനുമുള്ള തേരോട്ടത്തിൽ ആയിരുന്നു ഇന്ത്യയിലെ കമ്യൂണിസ്റ്റ് പാർട്ടി.

നാടിനെ വഞ്ചിച്ചുവെന്ന പ്രതീതി നാട്ടിലെങ്ങും വളർന്നതോടെ ജനപിന്തുണ കുറഞ്ഞുവന്നതോ, പ്രതീക്ഷിച്ചത്ര ആയുധങ്ങളും പണവും ശേഖരിക്കാൻ സാധിക്കാതെ പോയതോ എന്നറിയില്ല സ്വാതന്ത്ര്യലബ്ധിക്ക് മുൻപോ പിൻപോ സായുധവിപ്ലവത്തിലൂടെ നമ്മുടെ നാടിനെ സോവിയറ്റ് യൂണിയന്റെ സാമന്തരാജ്യമാക്കി മാറ്റാൻ കമ്യൂണിസ്റ്റ് പാർട്ടിക്ക് സാധിച്ചില്ല. അടവുനയങ്ങൾ മാത്രം സ്വീകരിച്ച് പാർട്ടി സ്വന്തം വിശ്വാസ്യത കളഞ്ഞുകുളിച്ചു. വിശ്വാസ്യത നഷ്ടപ്പെട്ട പാർട്ടിയെ ജനങ്ങൾ കൈവിട്ടു. എങ്കിലും ഇപ്പോഴും ചിതയിൽക്കിടന്ന് നിഗൂഡതന്ത്രങ്ങളും കുതന്ത്രങ്ങളും കുപ്രചാരണങ്ങളുമായി അവസാന നിമിഷങ്ങൾ പാർട്ടി തള്ളി നീക്കുകയാണ്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP