Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

അഞ്ച് ദിവസം മുമ്പ് പനിയും തൊണ്ടവേദനയുമായി ആശുപത്രിയിൽ എത്തിയ യുവാവിന് കൊവിഡ് സ്ഥിരീകരിച്ചത് വെള്ളിയാഴ്ച വൈകുന്നേരത്തോടെ: സമാനമായ രോഗലക്ഷണങ്ങളോടെ ഭാര്യയെ ആശുപത്രിയിലേക്ക് മാറ്റുന്നതിനിടെ ഭർത്താവിന്റെ വിയോഗം; കോവിഡ് ബാധിച്ച് സൗദിയിൽ ചികിത്സയിലായിരുന്ന മലയാളി യുവാവ് മരിച്ചു; മരണകാരണം കൊറോണയെന്ന് ഔദ്യോഗികമായി ഇതുവരെ സ്ഥിരീകരിക്കാതെ സൗദി അധികൃതർ!

അഞ്ച് ദിവസം മുമ്പ് പനിയും തൊണ്ടവേദനയുമായി ആശുപത്രിയിൽ എത്തിയ യുവാവിന് കൊവിഡ് സ്ഥിരീകരിച്ചത് വെള്ളിയാഴ്ച വൈകുന്നേരത്തോടെ: സമാനമായ രോഗലക്ഷണങ്ങളോടെ ഭാര്യയെ ആശുപത്രിയിലേക്ക് മാറ്റുന്നതിനിടെ ഭർത്താവിന്റെ വിയോഗം; കോവിഡ് ബാധിച്ച് സൗദിയിൽ ചികിത്സയിലായിരുന്ന മലയാളി യുവാവ് മരിച്ചു; മരണകാരണം കൊറോണയെന്ന് ഔദ്യോഗികമായി ഇതുവരെ സ്ഥിരീകരിക്കാതെ സൗദി അധികൃതർ!

ജംഷാദ് മലപ്പുറം

മലപ്പുറം: കോവിഡ് ബാധിച്ച് ചികിത്സയിലായിരുന്ന മലയാളി റിയാദിൽ മരിച്ചു. അഞ്ചു ദിവസം മുൻപ് റിയാദിലെ സൗദി ജർമ്മൻ ആശുപത്രിയിൽ പ്രവേശിക്കപ്പെട്ട മലപ്പുറം ചെമ്മാട് നടമ്മൽ പുതിയകത്ത് സഫ്വാൻ (41) ആണ് മരിച്ചത്. ശനിയാഴ്ച രാത്രി 9. 30 മരണം സംഭവിച്ചത്. പനിയും തൊണ്ടവേദനയുമായി സൗദി ജർമ്മൻ ആശുപത്രിയിൽ എത്തിയ സഫ്വാന് കൊവിഡ് സ്ഥിരീകരിച്ചത് വെള്ളിയാഴ്ച വൈകുന്നേരമാണ്. ഇതിനു ശേഷം ഹൃദയാഘാതവും ഉണ്ടായതായാണ് പ്രാഥമിക വിവരം.

റിയാദിൽ ഡ്രൈവറായി ജോലി ചെയ്യുന്ന സഫ്വാന്റെ ഭാര്യ പാണഞ്ചേരി ഖമറുന്നീസ ഇക്കഴിഞ്ഞ മാർച്ച് എട്ടിനാണ് നാട്ടിൽ നിന്നും സന്ദർശക വിസയിൽ റിയാദിലെത്തിയത്. പരേതരായ കെ എൻ പി മുഹമ്മദ്, ഫാത്തിമ ദമ്പതികളുടെ മകനാണ് സഫ്വാൻ. അനീസ്, ഷംസുദ്ദീൻ, അബ്ദുൽ സലാം, ഇല്യാസ്, മുസ്തഫ, റിസ്വാൻ (ദുബായ്), ലുഖ്മാൻ (ഖുൻഫുദ), സൈഫുന്നിസ, ഹാജറ, ഷംസാദ്, ഖദീജ, ആതിഖ എന്നിവർ സഹോദരങ്ങളാണ്. ഭാര്യ ഖമറുന്നിസക്കും സമാനമായ രോഗലക്ഷണങ്ങൾ ഉള്ളതായി അറിഞ്ഞതിനെ തുടർന്ന് ആരോഗ്യ മന്ത്രാലയത്തിന്റെ എമർജൻസി സർവീസിൽ അറിയിച്ച് ആശുപത്രിയിൽ എത്തിക്കാനുള്ള നടപടികൾ സ്വീകരിക്കുന്നതിനിടെയാണ് സഫ്വാന്റെ മരണം സംഭവിച്ചിരിക്കുന്നത്.

അതേ സമയം കോവിഡ് 19 വ്യാപനം തടയുന്നതിന്റെ ഭാഗമായി മലപ്പുറം ജില്ലയിൽ ഇന്നലെമുതൽ 1,728 പേർക്കുകൂടി പ്രത്യേക നിരീക്ഷണം ഏർപ്പെടുത്തി. ഇതോടെ ജില്ലയിൽ നിരീക്ഷണത്തിലുള്ളവരുടെ എണ്ണം 16,522 ആയതായി ജില്ലാ കലക്ടർ ജാഫർ മലിക് അറിയിച്ചു. 126 പേരാണ് വിവിധ ആശുപത്രികളിൽ നിരീക്ഷണത്തിൽ കഴിയുന്നത്. കോവിഡ് പ്രത്യേക ചികിത്സാ കേന്ദ്രമായ മഞ്ചേരി ഗവ. മെഡിക്കൽ കോളജ് ആശുപത്രിയിൽ 121 പേരാണ് ഐസൊലേഷനിലുള്ളത്. തിരൂർ ജില്ലാ ആശുപത്രിയിൽ രണ്ടു പേരും തിരൂരങ്ങാടി താലൂക്ക് ആശുപത്രിയിൽ മൂന്ന് പേരും ഐസൊലേഷൻ വാർഡുകളിലുണ്ട്. 16,375 പേർ വീടുകളിലും 21 പേർ കോവിഡ് കെയർ സെന്ററുകളിലും സ്വയം നിരീക്ഷണത്തിൽ കഴിയുന്നു.

കോവിഡ് 19 ബാധിച്ച് ജില്ലയിൽ ഇപ്പേൾ ചികിത്സയിൽ കഴിയുന്ന 11 പേരുടേയും ആരോഗ്യ നില തൃപ്തികരമാണെന്ന് ജില്ലാ മെഡിക്കൽ ഓഫീസർ ഡോ. കെ. സക്കീന അറിയിച്ചു. ഒരാൾക്കാണ് ഇതുവരെ രോഗം ചികിത്സിച്ചു ഭേദമായത്. ജില്ലയിൽ ഇതുവരെ 656 പേർക്ക് വിദഗ്ധ പരിശോധനകൾക്കു ശേഷം രോഗബാധയില്ലെന്നു സ്ഥിരീകരിച്ചിട്ടുണ്ട്. ഇനി 140 പേരുടെ സാമ്പിൾ പരിശോധനാ ഫലങ്ങളാണ് ലഭിക്കാനുള്ളത്.

കോവിഡ് 19 മുൻകരുതൽ പ്രവർത്തനങ്ങൾ ജില്ലയിൽ കർശനമായി തുടരുകയാണെന്ന് ജില്ലാ കലക്ടർ പറഞ്ഞു. വാർഡ് തലങ്ങളിൽ ദ്രുത കർമ്മ സംഘങ്ങളുടെ നേതൃത്വത്തിൽ നിരീക്ഷണം ശക്തമാക്കിയിട്ടുണ്ട്. ഇന്നലെ പ്രത്യേക നിരീക്ഷണത്തിൽ കഴിയുന്നവരുള്ള 6,473 കുടുംബങ്ങളെ ദ്രുത കർമ്മ സംഘങ്ങൾ സന്ദർശിച്ച് ആരോഗ്യ വകുപ്പിന്റെ നിർദ്ദേശങ്ങൾ കൈമാറി. ഇതിനൊപ്പം നിരീക്ഷണത്തിലുള്ളവർ പൊതു സമ്പർക്കം പുലർത്തുന്നുണ്ടോയെന്നും സംഘം നിരീക്ഷിക്കുന്നുണ്ട്. 2,194 സ്‌ക്വാഡുകളാണ് ജില്ലയിൽ പ്രവർത്തിക്കുന്നത്.

കോവിഡ് വ്യാപനം തടയാനുള്ള പ്രവർത്തനങ്ങൾ ജില്ലാതല കൺട്രോൾ സെല്ലിന്റെ ആഭിമുഖ്യത്തിൽ തുടരുകയാണ്. ഇന്നലെ 214 പേരുമായി കൺട്രോൾ സെല്ലിൽ നിന്ന് ഫോണിൽ ബന്ധപ്പെട്ടു. വീടുകളിൽ നിരീക്ഷണത്തിലുള്ളവർക്ക് മാനസിക പിന്തുണ ഉറപ്പാക്കുന്നതിന്റെ ഭാഗമായി ഇന്നലെ 1,052 പേരുമായി വിദഗ്ധ സംഘം ഫോൺ വഴി ബന്ധപ്പെട്ടു. 12 പേർക്ക് കൗൺസലിങ് നൽകി. നിരീക്ഷണത്തിലുള്ളവരുടെ വീടുകളിലുള്ള മുതിർന്ന പൗരന്മാർക്ക് ആരോഗ്യ സുരക്ഷ ഉറപ്പാക്കിയിട്ടുണ്ട്. ഇത്തരത്തിലുള്ള 484 മുതിർന്ന പൗരന്മാരെ ഇന്നലെ പാലിയേറ്റീവ് നഴ്സുമാർ വഴി കണ്ടെത്തി ആരോഗ്യ ജാഗ്രതാ നിർദ്ദേശങ്ങൾ കൈമാറി. പ്രത്യേക നിരീക്ഷണത്തിൽ കഴിയുന്നവരുമായി സമ്പർക്കത്തിലേർപ്പെട്ടവരെ കണ്ടെത്താനുള്ള പ്രവർത്തനങ്ങളും പുരോഗമിക്കുകയാണ്. ഇതിനായി 1,769 പേരുമായി കൺട്രോൾ സെല്ലിൽ നിന്ന് കോൺടാക്ട് ട്രെയ്സിങ് വിഭാഗം ഇന്നലെ ഫോണിൽ ബന്ധപ്പെട്ട് വിവരങ്ങൾ ശേഖരിച്ചിട്ടുണ്ട്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP