Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

'എന്റെ കെവിനെ ഇല്ലാതാക്കിയത് ജന്മം തന്നവർ തന്നെയെങ്കിലും എനിക്ക് അവരോട് സഹതാപമില്ല'; കേസിൽ പ്രാഥമികവാദം ആരംഭിക്കുമ്പോൾ പ്രതികൾക്ക് അർഹിക്കുന്ന ശിക്ഷ കിട്ടണമെന്ന് നിറകണ്ണുകളോടെ നീനു; 'ജയിലിൽ പോയി മാതാപിതാക്കളെ കാണാൻ തോന്നിയിട്ടില്ല'; 'ഇതാണോ കൊച്ച് എന്ന് പലരും ചോദിക്കുന്നത് മാനസികമായി ബുദ്ധിമുട്ടുണ്ടാക്കുന്നുണ്ടെന്നും വാശിയോടെ മുന്നോട്ട് നീങ്ങാൻ സാഹചര്യങ്ങൾ പഠിപ്പിച്ചുവെന്നും നീനു

'എന്റെ കെവിനെ ഇല്ലാതാക്കിയത് ജന്മം തന്നവർ തന്നെയെങ്കിലും എനിക്ക് അവരോട് സഹതാപമില്ല'; കേസിൽ പ്രാഥമികവാദം ആരംഭിക്കുമ്പോൾ പ്രതികൾക്ക് അർഹിക്കുന്ന ശിക്ഷ കിട്ടണമെന്ന് നിറകണ്ണുകളോടെ നീനു; 'ജയിലിൽ പോയി മാതാപിതാക്കളെ കാണാൻ തോന്നിയിട്ടില്ല'; 'ഇതാണോ കൊച്ച് എന്ന് പലരും ചോദിക്കുന്നത് മാനസികമായി ബുദ്ധിമുട്ടുണ്ടാക്കുന്നുണ്ടെന്നും വാശിയോടെ മുന്നോട്ട് നീങ്ങാൻ സാഹചര്യങ്ങൾ പഠിപ്പിച്ചുവെന്നും നീനു

മറുനാടൻ മലയാളി ബ്യൂറോ

കോട്ടയം: പ്രണയിച്ചു പോയതിന്റെ പേരിൽ കെവിൻ എന്ന യുവാവിനെ ക്രൂരമായി കൊലപ്പെടുത്തി മാസങ്ങൾ പിന്നിടുമ്പോഴും പ്രതികൾക്ക് അർഹിക്കുന്ന ശിക്ഷ ലഭിക്കണമെന്ന് നിറകണ്ണുകളോടെ പറയുകയാണ് കെവിന്റെ ഭാര്യ നീനു. കൃത്യം നടത്തിയതിന് പിന്നിൽ തന്റെ മാതാപിതാക്കളാണെങ്കിലും നീതി ലഭിക്കുമെന്ന പ്രതീക്ഷയിലാണ് നീനു. കോട്ടയത്തെ ജയിലിൽ നാളുകളായി കഴിയുകയാണ് നീനുവിന്റെ അച്ഛനും സഹോദരനും. എന്നിട്ടും ഇതുവരെ ഒരിക്കൽ പോലും അവരെ കാണാൻ തനിക്ക് തോന്നിയിട്ടില്ലെന്നും അമ്മയടക്കം തന്റെ ബന്ധുക്കൾ തന്നോട് ഇതുവരെ മിണ്ടിയിട്ടില്ലെന്നും നീനു പറയുന്നു.

തനിക്ക് ജന്മം നൽകിയവരെന്ന നിലയിൽ തനിക്കവരരോട് ബഹുമാനമുണ്ട്. എന്നുകരുതി തെറ്റ് തെറ്റല്ലാതാകുന്നില്ല. തനിക്കവരോട് സഹതാപമില്ലെന്നും അർഹിക്കുന്ന ശിക്ഷ തന്നെ അവർക്ക് ലഭിക്കുമെന്നാണ് താൻ കരുതുന്നതെന്നും നീനു പറയുന്നു.ഇപ്പോൾ ഡിഗ്രി ആറാം സെമസ്റ്റർ വിദ്യാർത്ഥിയാണ് നീനു. മാത്രമല്ല കോളേജ് വിട്ട് വൈകിട്ട് വരുമ്പോൾ കുട്ടികൾക്ക് ട്യൂഷനുമെടുക്കുന്നുണ്ട്. 

വാശിയോടെ പഠിക്കാൻ തന്റെ സാഹചര്യങ്ങൾ തന്നെ പഠിപ്പിച്ചെന്നും ഉപരിപഠനമാണ് തന്റെ ആഗ്രഹമെന്നും നീനു പറയുന്നു. തന്റെ സ്വപ്‌നമായ എംഎസ്‌സി ജിയോളജിക്ക് സെൻട്രൽ സർവകലാശാലകളിൽ ഏതെങ്കിലും ഒന്നിൽ പ്രവേശനം ലഭിക്കാനുള്ള ഊർജ്ജിതമായ ശ്രമിത്താലണ് നീനു.

ഒരു ജോലി നേടണമെന്നും പപ്പയേയും മമ്മിയേയും കരുതലോടെ ചേർത്ത് പിടിക്കണമെന്നാണ് ആഗ്രഹമെന്നും നീനു പറയുമ്പോൾ സഹായമായി സുഹൃത്തുക്കളും അദ്ധ്യാപകരും ഒപ്പമുണ്ട്. പലയിടത്തും പോകുമ്പോൾ 'ഇതാണാ കൊച്ച്' എന്ന് പറഞ്ഞുകൊണ്ട് പലരും വരാറുണ്ട്. അതുണ്ടാക്കുന്ന മാനസിക ബുദ്ധിമുട്ട് കുറച്ചൊന്നുമല്ല. അതുകൊണ്ടുതന്നെ ഇപ്പോൾ പലയിടത്തും പോകാറില്ല. ഇഷ്ടപ്പെടുന്നവരുടെ നടുവിൽ ഒതുങ്ങിക്കൂടിയാണ് അവളുടെ ജീവിതം.

നീതി കിട്ടുമെന്ന പ്രതീക്ഷയോടെ കോടതിയിൽ തനിക്ക് പറയാനുള്ളതെല്ലാം ഉറക്കെ വിളിച്ച് പറയാൻ കിട്ടുന്ന അവസരത്തിനായി കാത്തിരിക്കുകയാണ് നീനു ഇപ്പോൾ. തെന്മലയിലെ വീട്ടിൽ ഇപ്പോൾ അമ്മ രഹ്ന ചാക്കോ മാത്രം. വീടിനോട് ചേർന്ന് സ്റ്റേഷനറി കടയും തയ്യൽ ഷോപ്പും നടത്തുന്നുണ്ട്.

കെവിൻ വധം പ്രാഥമിക വാദം തുടങ്ങുമ്പോൾ

ഏറെ കോളിളക്കം സൃഷ്ടിച്ച കെവിൻ വധക്കേസിൽ ഇന്ന് പ്രാഥമിക വാദം ആരംഭിക്കുകയാണ്. കെവിൻ വധക്കേസിൽ ഇന്നു പ്രാഥമിക വാദം ആരംഭിക്കും. പ്രതികൾക്കെതിരെ കുറ്റം ചുമത്താനുള്ള വാദമാണ് ഇന്നു നടക്കുക. ദുരഭിമാനക്കൊലയുടെ വിഭാഗത്തിൽപ്പെടുത്തി ജില്ലാ അഡീഷനൽ സെഷൻസ് നാലാം കോടതിയിലാണ് വിചാരണ. 6 മാസത്തിനകം വിധി പറയുമെന്നതാണു ദുരഭിമാനക്കൊലയുടെ പരിധിയിൽ വരുന്നതോടെയുള്ള പ്രത്യേകത.

ഇതരമതവിഭാഗത്തിൽപെട്ട നീനുവിനെ കെവിൻ പി. ജോസഫ് വിവാഹം കഴിച്ചതോടെ ജാതി വ്യത്യാസം സംബന്ധിച്ച ദുരഭിമാനവും വിരോധവും മൂലം കൊല നടത്തിയെന്നാണു പ്രൊസിക്യൂഷൻ വാദം. നീനുവിന്റെ സഹോദരൻ കേസിലെ ഒന്നാം പ്രതി സാനു ചാക്കോ, രണ്ടാം പ്രതി നിയാസ്, നാലാം പ്രതി റിയാസ്, അഞ്ചാം പ്രതി നീനുവിന്റെ പിതാവ് ചാക്കോ, ഏഴാം പ്രതി ഷെഫിൻ ഷജാദ്, 10ാം പ്രതി വിഷ്ണു(അപ്പു) എന്നിവർ ഇപ്പോഴും റിമാൻഡിലാണ്. മറ്റു പ്രതികളെ വിട്ടയച്ചു.

സഹായമായത് നിർണായക തെളിവുകൾ

കൊല്ലത്ത് ചാലിയക്കര പുഴയിൽ കെവിൻ മുങ്ങിമരിച്ചതാണെന്നു പോസ്‌മോർട്ടത്തിലും തുടർന്നുള്ള ആന്തരാവയവ പരിശോധനയിലും കണ്ടെത്തി. ഈ നിഗമനം ഉന്നത മെഡിക്കൽ ബോർഡ് ശരിവച്ചു.

കെവിന്റെ ബന്ധു അനീഷ് അടക്കമുള്ളവരുടെ മൊഴി. നീനുവിന്റെ സഹാദോരൻ സാനു ചാക്കോ ഗാന്ധി പൊലീസ് ഉദ്യോഗസ്ഥരുമായി നടത്തിയ ഫോൺസംഭാഷണം, നീനുവിന്റെ മൊഴി എന്നിവ കേസിൽ നിർണായകം.

കൊല നടന്ന സ്ഥലത്തിന്റെ ഭൂപ്രകൃതി. ചാലിയേക്കര ആറ്റിൽ വീഴ്‌ത്തി പ്രതികൾ കെവിനെ മനഃപൂർവം കൊലപ്പെടുത്തിയെന്നാണ് പ്രോസിക്യുഷൻ കേസ്. കോട്ടയത്തു നിന്നു 103 കിലോ മീറ്റർ പ്രതികൾ സഞ്ചരിച്ചു. തെന്മല വനവും മറുവശത്ത് 1500 ഏക്കർ വരുന്ന എസ്റ്റേറ്റും നടുക്ക് ആറുമാണ്.

കേസിൽ ഗതാഗത മോട്ടർ വാഹന വകുപ്പിന്റെ ക്യാമറ ദൃശ്യങ്ങൾ നിർണായകം. കെവിനെ തട്ടിക്കൊണ്ടു പോയ സംഘം കോട്ടയത്ത് എത്തിയപ്പോഴും തിരികെ കെവിനുമായി തെന്മലയ്ക്ക് പോകുമ്പോഴും കാർ മോട്ടർ വാഹന വകുപ്പിന്റെ കോടിമത നാലുവരിപ്പാതയിലെ ക്യാമറയിൽ അമിതവേഗത്തിന് കുടുങ്ങി. സംഭവ ദിവസം പുലർച്ചെ 1.36 നും പിന്നീട് 2.30 നും കാർ ക്യാമറയിൽ പതിഞ്ഞു.

മാന്നാനത്തെ സ്‌കൂളിലെ സിസി ടിവി ക്യാമറയിൽ കെവിനെ തട്ടിക്കൊണ്ടു പോകുന്നതിനെത്തിയ സംഘത്തിന്റ യാത്രയുടെ ദൃശ്യങ്ങളുണ്ട്. ഇതിൽ യാത്ര ചെയ്ത ഇന്നോവ, വാഗൺ ആർ തുടങ്ങിയ കാറുകളുടെ റജിസ്‌ട്രേഷൻ നമ്പർ ചെളിപുരട്ടി മറച്ച നിലയിലാണ്. ചാലിയക്കരയിൽ റോഡ് അരികിലുള്ള വീട്ടിൽ സ്ഥാപിച്ച സിസി ടിവിയിൽ നിന്നുള്ള ദൃശ്യങ്ങളിലും ഈ കാറുകൾ കാണാം.

കെവിൻ ദുരഭിമാനക്കൊലക്കേസിൽ നിർണായക സാക്ഷികൾ ഇതേ കേസിൽ പിരിച്ചുവിടൽ നടപടി നേരിടുന്ന പൊലീസ് ഉദ്യോഗസ്ഥർ. ഗാന്ധിനഗർ സ്റ്റേഷനിലെ എഎസ്‌ഐ ടി.എം. ബിജു കേസിലെ 10ാം സാക്ഷിയും സ്റ്റേഷനിലെ പൊലീസ് ഡ്രൈവർ അജയകുമാർ കേസിലെ 45ാം സാക്ഷിയുമാണ്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP