Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ആറന്മുള നടക്കില്ലെന്ന് ഉറപ്പായപ്പോൾ എരുമേലിയെ പിടിച്ച് കെജിഎസ്; നീക്കം മോദിയുമായി ബന്ധമുള്ള രാജ്യസഭാ ഉപാധ്യക്ഷൻ പിജെ കുര്യന്റെ പിന്തുണയോടെ; സിപിഎമ്മുമായി ഡീൽ ഉറപ്പിച്ച യോഹന്നാന്റെ ശിങ്കിടികൾക്ക് ചങ്കിടിപ്പ്

ആറന്മുള നടക്കില്ലെന്ന് ഉറപ്പായപ്പോൾ എരുമേലിയെ പിടിച്ച് കെജിഎസ്; നീക്കം മോദിയുമായി ബന്ധമുള്ള രാജ്യസഭാ ഉപാധ്യക്ഷൻ പിജെ കുര്യന്റെ പിന്തുണയോടെ; സിപിഎമ്മുമായി ഡീൽ ഉറപ്പിച്ച യോഹന്നാന്റെ ശിങ്കിടികൾക്ക് ചങ്കിടിപ്പ്

മറുനാടൻ മലയാളി ബ്യൂറോ

ന്യൂഡൽഹി: പത്തനംതിട്ടയിലെ വിമാനത്താവളം തങ്ങളുടേതാകണമെന്ന നിർബന്ധം കെജിഎസിനുണ്ട്. താൻ ഉദ്ദേശിക്കുന്നവർ മാത്രമേ പത്തനംതിട്ടയിൽ വിളങ്ങാവൂവെന്നാണ് രാജ്യസഭാ ഉപാധ്യക്ഷൻ പിജെ കുര്യന്റെ മനസ്സിലുള്ളത്. ഇത് രണ്ടും കൂടിയാകുമ്പോൾ കെപി യോഹന്നാൻ എന്ന ബിലിവേഴ്‌സ് ചർച്ച് മെത്രാന്റെ ചങ്ക് ഇടിക്കുകയാണ്. ചെറുതോണി എസ്‌റ്റേറ്റിലെ നിയമ പ്രശ്‌നങ്ങളിൽ നിന്ന് രക്ഷനേടാൻ എരുമേലിയിൽവിമാനത്താവളമെന്ന ആശയം അവതരിപ്പിച്ചത് യോഹന്നാന്റെ ശിഷ്യന്മാരായിരുന്നു. സംസ്ഥാന സർക്കാരിന്റെ പിന്തുണയോടെ അത് നടത്തിയെടുക്കാമെന്നായിരുന്നു പ്രതീക്ഷ. വിമാനത്താവള കമ്പനിയിലേക്ക് സ്ഥലത്തിന്റെ വില ഓഹരിയായി മാറ്റിയെടുക്കുകയായിരുന്നു യോഹന്നാന്റെ ലക്ഷ്യം. എന്നാൽ ചെറുവള്ളി എന്ന കയ്യേറ്റ ഭൂമി വില കൊടുത്തു വാങ്ങുന്നതിനെതിരെ എതിർപ്പുമയുർന്നു. ഇതോടെ യോഹന്നാന്റെ പ്രതീക്ഷകൾക്ക് മങ്ങലേറ്റു.

ഇതിനിടെയാണ് കെജിഎസ് രംഗത്ത് വരുന്നത്. ആറന്മുള വിമാനത്താവള പദ്ധതിക്ക് കേന്ദ്ര-സംസ്ഥാന സർക്കാരുകൾ തടയിട്ടതോടെ കേന്ദ്ര പരിസ്ഥിതി മന്ത്രാലയത്തിലെ ഉദ്യോഗസ്ഥരെ കൂട്ടുപിടിച്ച് വിമാനത്താവളപദ്ധതിക്കായി കെ.ജി.എസ്. ഗ്രൂപ്പ് രംഗത്ത്. കഴിഞ്ഞ ദിവസം ഡൽഹിയിലെ നക്ഷത്ര ഹോട്ടലിൽവച്ച് ഉദ്യോഗസ്ഥരുമായി രഹസ്യ ചർച്ചകൾ നടന്നു. കേന്ദ്ര സർക്കാരുമായി അടുത്ത ബന്ധം പുലർത്തുന്ന കേരളത്തിൽനിന്നുള്ള കോൺഗ്രസ് നേതാവാണ് കെ.ജി.എസ് ഗ്രൂപ്പിന് വേണ്ടി രംഗത്തെത്തിയ ഇടനിലക്കാരൻ. അത് മറ്റാരുമല്ല. കേരളത്തിൽ നിന്നുള്ള രാജ്യസഭാ ഉപാധ്യക്ഷനായ പിജെ കുര്യനാണെന്നാണ് സൂചന. പ്രധാനമന്ത്രി മോദിയുമായും അടുത്ത വ്യക്തിബന്ധം പിജെ കുര്യനുണ്ട്. ഇത് കെജിഎസിന് അനുകൂലമാക്കാനാണ് നീക്കം.

പൈതൃകഗ്രാമമായ ആറന്മുളയിലെ വിമാനത്താവള പദ്ധതിയുമായി രംഗത്തെത്തിയ കെ.ജി.എസ്. ഗ്രൂപ്പിന്, പ്രദേശവാസികളുടെ ചെറുത്തുനിൽപ്പിനെ തുടർന്ന് പദ്ധതി ഉപേക്ഷിക്കേണ്ടിവന്നിരുന്നു. പത്തനംതിട്ടയിലെ തെരഞ്ഞെടുപ്പ് പ്രചാരണത്തെവരെ സ്വാധീനിച്ച പദ്ധതിക്ക് തുടർന്ന് കേന്ദ്ര- സംസ്ഥാന സർക്കാറുകൾ അനുമതി നിഷേധിച്ചു. പദ്ധതി പ്രദേശത്തെ വ്യാവസായിക മേഖലയായി പ്രഖ്യാപിച്ച് മുൻ സർക്കാർ നൽകിയ അനുമതി പിണറായി സർക്കാർ പിൻവലിച്ചു. ഇതിനിടെയാണ് ആറന്മുളയ്ക്ക് പകരം എരുമേലിയെന്ന നിർദ്ദേശം വരുന്നത്. ആറന്മുളയെ എതിർത്ത ബിജെപിയും കുമ്മനം രാജശേഖരനും ഏരുമേലിയെ അംഗീകരിച്ചു. ശബരിമലയുടെ പേരിൽ വിമാനത്താവളമെന്ന ആശയവും സജീവമായി. ഇതിനിടെയാണ് കെ.ജി..എസ്. ഗ്രൂപ്പ് വീണ്ടും രാഷ്ട്രീയ ഇടപെടലുകൾ നടത്തുന്നത്.

അമേരിക്ക ആസ്ഥാനമായുള്ള എയ്ക്കോം നടത്തിയ സാധ്യതാ പഠനത്തിൽ ചെറുവള്ളി എസ്റ്റേറ്റ് വിമാനത്താവള നിർമ്മാണത്തിന് അനുയോജ്യമാണെന്നു കണ്ടെത്തി റിപ്പോർട്ട് സമർപ്പിക്കുകയും സംസ്ഥാന സർക്കാർ അനുകൂല നിലപാട് സ്വീകരിക്കുകയും ചെയ്തിട്ടുണ്ട്. ആറന്മുള പൈതൃക ഗ്രാമത്തിന്റെ സാധ്യതകൾ ഉപയോഗപ്പെടുത്തി വിമാനത്താവളത്തോട് ചേർന്ന് ടൗൺഷിപ് രൂപപ്പെടുത്തി നേട്ടം കൊയ്യാനായിരുന്നു കെ.ജി.എസ് പദ്ധതിയിട്ടിരുന്നത്. അനുമതി റദ്ദായതോടെ ശബരിമലയുടെ സാധ്യതകളാണ് കെ.ജി.എസ് ഗ്രൂപ്പ് ഇപ്പോൾ ഉപയോഗപ്പെടുത്താൻ ശ്രമിക്കുന്നത്. ശബരിമലയോട് ചേർന്ന് വിമാനത്താവളവും ടൗൺഷിപ്പും രൂപപ്പെടുത്താനാണ് പുതിയ നീക്കം. ശബരിമല തീർത്ഥാടകർക്ക് സൗകര്യപ്രദമായ രീതിയിൽ വിമാനത്താവളം നിർമ്മിക്കാനുള്ള താൽപര്യം സംസ്ഥാന സർക്കാർ വെളിപ്പെടുത്തിയതിനു പിന്നാലെയാണ് കെ.ജി.എസ്. രംഗത്തെത്തിയത്.

മോദിയുമായി അടുത്ത ബന്ധമുള്ള പിജെ കുര്യൻ കേന്ദ്ര സർക്കാരിനെ കാര്യങ്ങൾ ധരിപ്പിച്ചു കഴിഞ്ഞു. കെപി യോഹന്നാൻ വിവാദ പുരുഷനാണ്. അതുകൊണ്ട് തന്നെ സ്ഥലം ഏറ്റെടുത്ത് കെജിഎസിന് നൽകി വിമാനത്താവളം നിർമ്മിക്കണം. അല്ലാത്ത പക്ഷം വില കൊടുത്ത സ്ഥലം കെജിഎസ് തന്നെ എരുമേലിയിൽ വാങ്ങും. ആറന്മുളയിൽ വിമാനത്താവളത്തിനായി വമ്പൻ മുതൽ മുടക്ക് നടത്തിയിരുന്നു. എന്നാൽ അത് പൊളിഞ്ഞു. ഇതിലൂടെ കോടികളുടെ നഷ്ടമുണ്ടായി. ഇതെല്ലാം പരിഗണിച്ച് കെജിഎസിന് തന്നെ വിമാനത്താവളം അനുവദിക്കണമെന്നാണ് പിജെ കുര്യന്റെ നിലപാട്. കേരള സർക്കാരുമായും പ്രധാനമന്ത്രിക്ക് നല്ല ബന്ധമുണ്ട്. മുഖ്യമന്ത്രി പിണറായിയോട് കെജിഎസിന് വേണ്ടി മോദി വാദിച്ചാൽ കാര്യം നടക്കുമെന്നാണ് കണക്കുകൂട്ടൽ.

വ്യക്തമായ ലക്ഷ്യങ്ങളോടെയാണ് മോദിയും പിജെ കുര്യനും സൗഹൃദത്തിലാകുന്നത്. രാജ്യ സഭയിൽ ബിജെപിക്ക് ഭൂരിപക്ഷമില്ല. ഈ സാഹചര്യത്തിൽ പിജെ കുര്യന്റെ പിന്തുണ കേന്ദ്ര സർക്കാരിന് അനിവാര്യമാണ്. പല നിർണ്ണായ ഘട്ടത്തിലും മോദി സർക്കാരിന് രാജ്യസഭയിൽ തുണയാകുന്നത് പിജെ കുര്യന്റെ നിലപാടുകളാണ്. ഇക്കാര്യത്തിൽ കോൺഗ്രസ് നേതൃത്വത്തിന് പോലും പരാതികളുണ്ട്. എന്നാൽ മോദി അനുകൂല നിലപാട് കുര്യൻ തുടരുകയുമാണ്. ഇത് മനസ്സിലാക്കിയാണ് പിജെ കുര്യനുമായി കെജിഎസ് അടുക്കുന്നതും പുതിയ നീക്കം നടത്തുന്നതും. പത്തനംതിട്ടയിലെ കോൺഗ്രസ് നേതാക്കളിലെ ഒന്നമനാണ് കുര്യൻ. ഈ ഒന്നാമൻ പദവി നിലനിർത്തണമെങ്കിൽ എരുമേലി വിമാനത്താവളത്തിന് പിന്നിലും താനാണെന്ന് വരുത്തണം. ഇതു കൂടി പരിഗണിച്ചാണ് കെജിഎസിനായി നീക്കം സജീവമാക്കുന്നത്.

ഇതോടെ യോഹന്നാന്റെ സ്വപ്‌നങ്ങൾക്ക് മങ്ങലേൽക്കുകയാണ്. ചെറുവള്ള എസ്റ്റേറ്റ് സർക്കാർ എറ്റെടുക്കുക, അതിന് ശേഷം കെജിഎസിനെ കൊണ്ട് വിമാനത്താവളം നിർമ്മിപ്പിക്കുക. ഭൂമി വിലയെ സംസ്ഥാന സർക്കാരിന്റെ ഓഹരിയാക്കി മാറ്റുക.. തുടങ്ങിയ നിർദ്ദേശങ്ങളാണ് കെജിഎസ് മുന്നോട്ട് വയ്ക്കുന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP