Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202417Wednesday

മുത്താണ് കുമ്മനം, സ്വത്താണ് കുമ്മനം എന്ന് പാടിയിരുന്നവർ നിലപാട് മാറ്റുന്നു; ബിജെപി അധ്യക്ഷൻ പച്ചക്കള്ളം പറയുന്നുവെന്ന് സിപിഐ(എം); വിമാനത്താവള വിരുദ്ധ സമര സമിതി ഭിന്നിപ്പിലേക്ക്; ആറന്മുള സമരം വഴിത്തിരിവിലേക്ക്

മുത്താണ് കുമ്മനം, സ്വത്താണ് കുമ്മനം എന്ന് പാടിയിരുന്നവർ നിലപാട് മാറ്റുന്നു; ബിജെപി അധ്യക്ഷൻ പച്ചക്കള്ളം പറയുന്നുവെന്ന് സിപിഐ(എം); വിമാനത്താവള വിരുദ്ധ സമര സമിതി ഭിന്നിപ്പിലേക്ക്; ആറന്മുള സമരം വഴിത്തിരിവിലേക്ക്

ശ്രീലാൽ വാസുദേവൻ

പത്തനംതിട്ട: ആറന്മുള വിമാനത്താവള സമരത്തിൽ ഏകോദര സഹോദരങ്ങളെപ്പോലെ പ്രവർത്തിച്ച ബിജെപിയും സിപിഐ-എമ്മും ഒടുവിൽ വഴിപിരിയുന്നു. ബിജെപിയും സിപിഐഎമ്മും സമാന മനസ്‌കരായ രാഷ്ട്രീയ സാമുദായിക സംഘടനകളും ചേർന്ന് രൂപം കൊടുത്ത വിമാനത്താവള വിരുദ്ധ സമിതി പിളർപ്പിന്റെ വക്കിലാണ്.

കെജിഎസിന് പാരിസ്ഥിതിക പഠനം നടത്താനുള്ള അനുമതി നൽകിയതും വിമാനത്താവളത്തിന് പ്രതിരോധമന്ത്രാലയം വീണ്ടും അനുമതി നൽകിയ വിവരം മറച്ചു വച്ചതും ബിജെപിക്കും സംസ്ഥാന അധ്യക്ഷൻ കുമ്മനം രാജശേഖരനും തിരിച്ചടിയായി. പിടിച്ചു നിൽക്കാൻ കുമ്മനം സംസ്ഥാന സർക്കാരിന് എതിരേ ആരോപണം ഉന്നയിച്ചതോടെയാണ് വിമാനത്താവള വിരുദ്ധ സമര സമിതിയിൽ രാഷ്ട്രീയക്കാർ തമ്മിലടിക്കാൻ തുടങ്ങിയത്. സമിതിയിൽ തന്നെ ഇരുചേരികൾ രൂപം കൊണ്ടു കഴിഞ്ഞു.

കുമ്മനത്തിന് എതിരേ കടുത്ത നിലപാടുമായി വിമാനത്താവള വിരുദ്ധ സമിതിയിലെ സിപിഐ(എം) നേതാക്കൾ രംഗത്തു വന്നു കഴിഞ്ഞു. ആറന്മുള വിമാനത്താവള പദ്ധതിയുടെ അനുമതിയുമായി ബന്ധപ്പെട്ട് കുമ്മനം രാജശേഖരൻ ജാള്യം മറയ്ക്കാൻ മനഃപൂർവം കള്ളങ്ങൾ പ്രചരിപ്പിക്കുകയാണെന്നും വസ്തുതകൾ മറച്ചു വയ്ക്കുകയാണെന്നും വിമാനത്താവള വിരുദ്ധ സമിതിയിലെ സിപിഐ-എം നേതാക്കൾ ആരോപിച്ചു. കേന്ദ്രഭരണം ബിജെപിക്കു കിട്ടിയാൽ ആറന്മുള വിമാനത്താവള പദ്ധതി എന്നന്നേയ്ക്കുമായി ഉപേക്ഷിക്കും എന്ന് കുമ്മനം ഉറപ്പു പറഞ്ഞിരുന്നു.

2013 ൽ ഹരിത ട്രിബ്യൂണലും 2014 ൽ സുപ്രീം കോടതിയും അവസാനവിധി പറഞ്ഞു കഴിഞ്ഞിട്ടും പ്രതിരോധ, വ്യോമയാന മന്ത്രാലയങ്ങളുടെ അനുമതി നിലനിന്നു. കഴിഞ്ഞ വർഷം മേയിൽ മാത്രമാണ് അവ പിൻവലിച്ചത്. എന്നാൽ, ഇതേ സ്ഥലത്തു തന്നെ വിമാനത്താവളത്തിനു വേണ്ടിയുള്ള പരിസ്ഥിതി ആഘാത പഠനം പുതിയൊരു ഏജൻസിയെക്കൊണ്ട് വീണ്ടും നടത്തുന്നതിനു വേണ്ടി കെജിഎസ് അപേക്ഷ സമർപ്പിക്കുകയുണ്ടായി. പ്രതിരോധ മന്ത്രാലയത്തിന്റെ അനുമതി ഉണ്ടെങ്കിൽ മാത്രമേ അനുമതി നൽകാൻ കഴിയുകയുള്ളു എന്ന നിലപാടാണ്, എക്‌സ്‌പേർട്ട് അപ്രൈസൽ കമ്മറ്റി സ്വീകരിച്ചത്.

ഈ സാഹചര്യത്തിലാണ് കഴിഞ്ഞ മാർച്ചിൽ കെജിഎസിന് അനുകൂലമായി പ്രതിരോധ മന്ത്രാലയം റദ്ദു ചെയ്ത അനുമതി പുനഃസ്ഥാപിച്ചത്. ഇതിന്റെ അടിസ്ഥാനത്തിലാണ് അപ്രൈസൽ കമ്മറ്റി പഠനാനുമതി നൽകിയിട്ടുള്ളത്. ഈ സത്യം മറച്ചുവച്ചാണ് കുമ്മനം രാജശേഖരൻ ഇപ്പോൾ സംസ്ഥാന സർക്കാരിനെ പഴിചാരി രംഗത്തെത്തിയിരിക്കുന്നതത്രെ. വ്യവസായ മേഖലാ പ്രഖ്യാപനം ആദ്യം പിൻ വലിക്കട്ടെ എന്നാണ് കുമ്മനം പറയുന്നത്. ഇതും വിമാനത്താവള പരിസ്ഥിതി ആഘാത പഠനവുമായി ഒരു ബന്ധവും ബിജെപി. സർക്കാർ വിമാനത്താവളത്തിന് അനുകൂലമായി എടുത്തിരിക്കുന്ന നിലപാടിലുള്ള ജാള്യം മറച്ചു വയ്ക്കുന്നതിനാണ് കുമ്മനം പച്ചക്കള്ളം പ്രചരിപ്പിക്കുന്നതെന്നും യോഗം ആരോപിച്ചു. സിപിഐ(എം) ജില്ലാ സെക്രട്ടറി കെ.പി. ഉദയഭാനു, ജില്ലാ സെക്രട്ടറിയേറ്റംഗം എ. പത്മകുമാർ, ബാബു ജോൺ, കെ.ഇ. ജോസഫ് എന്നിവർ പങ്കെടുത്തു.

ആറന്മുള വിമാനത്താവള പദ്ധതിയോട് കേരളത്തിന്റെ നിലപാട് വ്യക്തമാക്കി കേന്ദ്രവനം പരിസ്ഥിതി മന്ത്രാലയത്തിന് ഒട്ടും വൈകാതെ സംസ്ഥാന സർക്കാർ കത്തെഴുതണമെന്ന് അഡ്വ. പീലിപ്പോസ് തോമസ് ആവശ്യപ്പെട്ടു. കോൺഗ്രസിൽ ആയിരിക്കുമ്പോൾ തന്നെ പദ്ധതിയെ എതിർത്ത പീലിപ്പോസ് തോമസ് കഴിഞ്ഞ ലോക്‌സഭ തെരഞ്ഞെടുപ്പിൽ മറുകണ്ടം ചാടി സിപിഐ-എം സ്വതന്ത്രനായി മത്സരിച്ച് തോറ്റു. ഇപ്പോൾ ഇടതുപക്ഷത്തിന്റെ താത്വികാചാര്യനായി പ്രവർത്തിക്കുന്നയാളെന്ന നിലയിലാണ് പീലിപ്പോസിന്റെ പ്രതികരണം.

ശബരിമലയ്ക്ക് അടുത്ത് എയർ സ്ട്രിപ്പ് വേണമെന്ന മുഖ്യമന്ത്രിയുടെ പ്രസ്താവന വളച്ചൊടിച്ച് തങ്ങൾക്ക് അനുകൂലമാക്കുകയാണ് കെ.ജി.എസ് കമ്പനി. സാധാരണ വലിയ തീർത്ഥാടന കേന്ദ്രങ്ങൾക്ക് സമീപം ഇത്തരം എയർസ്ട്രിപ്പുകൾ സ്ഥാപിക്കുക എന്നത് കേന്ദ്രസർക്കാരിന്റെ പരിപാടിയാണ്. ദേശീയ ഹരിത ട്രിബ്യൂണൽ വിമാനത്താവള പദ്ധതിയുടെ പാരിസ്ഥിതിക അനുമതി റദ്ദാക്കിയത് കേവലം സാങ്കേതിക കാരണങ്ങളാൽ മാത്രമാണെന്ന് കമ്മറ്റി മുൻപാകെ കെ.ജി.എസ് നടത്തിയ പ്രസ്താവന പൂർണമായും തെറ്റാണ്. പാരിസ്ഥിതിക അനുമതിക്ക് കെ.ജി.എസ് സമർപ്പിച്ച ഫോറം ഒന്ന് അപേക്ഷയിൽ തെറ്റായ വിവരങ്ങൾ നൽകിയെന്നും വസ്തുതകൾ മറച്ചു വച്ചെന്നും ഹരിത ട്രിബ്യൂണൽ വിധിയിൽ പറയുന്നുണ്ട്. ഇതുകാരണം ഫോം ഒന്ന് അപേക്ഷ അസാധുവാണെന്ന് ഹരിത ട്രിബ്യൂണൽ വിധിക്കുകയും ചെയ്തു.

പദ്ധതിക്ക് സംസ്ഥാന സർക്കാരിന്റെ അനുമതിയും 10 ശതമാനം ഓഹരി പങ്കാളിത്തവുമുണ്ടെന്ന് എക്‌സ്‌പെർട്ട് അപ്രൈസൽ കമ്മറ്റിക്ക് മുന്നിൽ കെ.ജി.എസ് വാദിച്ചിരുന്നു. വ്യവസായ മേഖലാ പ്രഖ്യാപനം നിലനിൽക്കുന്നതു കൊണ്ട് ഏകജാലക അനുമതി അവർക്ക് ലഭ്യമാണെന്ന വാദവും അവർ ഉന്നയിച്ച സാഹചര്യത്തിലാണ് സർക്കാർ നിലപാട് വ്യക്തമാക്കേണ്ടതെന്നും പീലിപ്പോസ് തോമസ് പറഞ്ഞു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP