Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

സിപിഐ നേതാവിന്റെ സ്‌കൂളിൽ കുട്ടിയുടെ ചെവി അടിച്ചുപൊട്ടിച്ചു; എൻസിസി അദ്ധ്യാപകൻ ശൗര്യം കാട്ടിയപ്പോൾ ബോധം കെട്ടുവീണത് ഒമ്പതാം ക്ലാസുകാരൻ; കുട്ടിയെ ആശുപത്രിയിൽ കൊണ്ടുപോകാതെ രാഷ്ട്രീയ സ്വാധീനം ഉപയോഗിച്ച് സംഭവം ഒതുക്കാനും ശ്രമം; ഇടയ്ക്കിടെ ബോധക്ഷയമുണ്ടാകുന്ന കുട്ടിക്ക് കേൾവിത്തകരാറിനും സാധ്യത; ഒറ്റശേഖരമംഗലം ഹയർ സെക്കന്ററി സ്‌കൂളിലെ അദ്ധ്യാപകന്റെ അതിക്രമത്തിനെതിരെ വ്യാപക പ്രതിഷേധം

സിപിഐ നേതാവിന്റെ സ്‌കൂളിൽ കുട്ടിയുടെ ചെവി അടിച്ചുപൊട്ടിച്ചു; എൻസിസി അദ്ധ്യാപകൻ ശൗര്യം കാട്ടിയപ്പോൾ ബോധം കെട്ടുവീണത് ഒമ്പതാം ക്ലാസുകാരൻ; കുട്ടിയെ ആശുപത്രിയിൽ കൊണ്ടുപോകാതെ രാഷ്ട്രീയ സ്വാധീനം ഉപയോഗിച്ച് സംഭവം ഒതുക്കാനും ശ്രമം; ഇടയ്ക്കിടെ ബോധക്ഷയമുണ്ടാകുന്ന കുട്ടിക്ക് കേൾവിത്തകരാറിനും സാധ്യത; ഒറ്റശേഖരമംഗലം ഹയർ സെക്കന്ററി സ്‌കൂളിലെ അദ്ധ്യാപകന്റെ അതിക്രമത്തിനെതിരെ വ്യാപക പ്രതിഷേധം

റിയാസ് അസീസ്‌

ഒറ്റശേഖരമംഗലം: സ്‌കൂളുകളിൽ അദ്ധ്യാപകരുടെ മാനസിക-ശാരീരിക പീഡനങ്ങൾക്ക് പഠിതാക്കൾ ഇരകളാകുന്നതിന്റെ വാർത്തകൾ കേരളത്തെ ഞെട്ടിച്ചുകൊണ്ടിരിക്കെ, മറ്റൊരുകൊടുംക്രൂരത കൂടി പുറത്ത്. ഒറ്റശേഖരമംഗലത്തെ ജനാർദ്ദനപുരം ഹയർസെക്കൻണ്ടറി സ്‌കൂൾ ഒമ്പതാം ക്ലാസ് വിദ്യാർത്ഥിയായ രാഹുൽ കൃഷ്ണയാണ് പീഡനത്തിന് ഇരയായത്.കുട്ടിയെ സംരക്ഷിക്കേണ്ട അദ്ധ്യാപകൻ തന്നെയാണ് ക്രൂരതയുടെ പര്യായമായി മാറിയത്. സിപിഐ നേതാവും കേരഫെഡ് ചെയർമാനും കിസാൻസഭ സംസ്ഥാന പ്രസിഡന്റുമായ അഡ്വ. ജെ വേണുഗോപാലൻ നായർ മാനേജരായ സ്‌കൂളിലെ വിദ്യാർത്ഥിയാണ് അദ്ധ്യാപകന്റെ ക്രൂരതക്ക് ഇരയായത്.

കഴിഞ്ഞ 26ന് സ്‌കൂളിൽ യുവജനോൽസവം നടക്കുകയായിരുന്നു. ഇതിനിടയിൽ വിദ്യാർത്ഥികൾ തമ്മിൽ വഴക്ക് ഉണ്ടാവുകയും പ്രധാന അദ്ധ്യാപകൻ എത്തി കുട്ടികളുടെ പ്രശ്നം പരിഹരിക്കുകയും ചെയ്തു. 11 മണിക്ക് കുട്ടികളുടെ പ്രശ്‌നങ്ങൾ പരിഹരിച്ചെങ്കിലും ഉച്ചയ്ക്ക് രണ്ടരയോടെ സ്‌കൂളിലെ എൻ.സി.സി അദ്ധ്യാപകനായ പ്രവീൺ കൃഷ്ണ കുട്ടിയെ പിടിച്ച് കൊണ്ട് പോവുകയും എൻ.സി.സി റൂമിലെത്തി ചെവിപൊത്തി അടിക്കുകയും ചെയ്തു. അടി കിട്ടിയ ഉടനെ രാഹുൽ ബോധം കെട്ട് വീഴുകയായിരുന്നു.

അതിന് ശേഷം ബോധം കെട്ട വിദ്യാർത്ഥിയെ ആശുപത്രിയിൽ കൊണ്ട് പോവാതെ ക്ലാസ് റൂമിൽ കൊണ്ട് പോവുകയും അവിടെ നിന്ന് വെള്ളം നൽകി ഉണർത്തുകയുമായിരുന്നു. പിന്നീട് കുട്ടിയുടെ അമ്മയെ വിളിക്കുകയും കുട്ടികൾ തമ്മിൽ പ്രശ്നം ഉണ്ടായെന്നും അതുകൊണ്ട് വിളിപ്പിച്ചതാണ് എന്ന് പറഞ്ഞ് കുട്ടിയെ മാതാവിന്റെ കൂടെ പറഞ്ഞയക്കുകയുമായിരുന്നു. പിന്നീട് കുട്ടി വീട്ടിലെത്തിയപ്പോൾ ചെവി വേദന വന്നു പിന്നീട് വീണ്ടും ബോധക്ഷയം ഉണ്ടാവുകയും ചെവിയിൽ നിന്ന് രക്തം വരികയും ചെയ്യുകയുമായിരുന്നു.

കുട്ടിയെ ഉടൻ തന്നെ കാരക്കോണം മെഡിക്കൽ കോളേജിൽ എത്തിക്കുകയായിരുന്നു. തുടർന്ന് എക്സ്‌റേയും മറ്റ് പരിശോധനകളും നടത്തിയപ്പോൾ കുട്ടിയുടെ തലയിലേക്ക് പോകുന്ന രണ്ട് രക്തക്കുഴലുകൾക്ക് കേട് പറ്റിയെന്ന് കാണുകയായിരുന്നു. തുടർന്ന് ഡോക്ടർ പരിശോധിക്കുന്നതിനിടെ വീണ്ടും വീണ്ടും തല കറങ്ങി വീണു. തുടർന്ന് കുട്ടിയുടെ പിതാവായ രാധാകൃഷ്ണൻ ആര്യങ്കാവ് പൊലീസിൽ പരാതി നൽകുകയും പിന്നീട് പൊലീസ് എത്തി കുട്ടിയുടെ മൊഴിയെടുക്കുകയും ചെയ്തു.

എന്നാൽ സിപിഐയുടെ മുതിർന്ന നേതാവായ അഡ്വ. ജെ വേണുഗോപാലൻ നായരുടെ സ്‌കൂൾ ആണെന്ന് അറിഞ്ഞതോടെ പൊലീസ് അന്വേഷണം മന്ദഗതിയിലായി. ഡോക്ടർമാരുടെ പരിശോധനയിൽ കുട്ടിക്ക് ഇനി ഇടയ്ക്കിടെ ഇത്തരത്തിലുള്ള തലകറക്കമുണ്ടാകാൻ സാധ്യതയുണ്ടെന്ന പറഞ്ഞു. വിദ്യാർത്ഥിയെ ഇന്നലെ രാത്രി ഡിസ്ചാർജ് ചെയ്‌തെങ്കിലും, കൂടുതൽ പരിശോധനകൾ നടത്തണമെന്ന് ഡോക്ടർമാർ പറഞ്ഞു. കുട്ടിയുടെ കേൾവിക്ക് പോലും പ്രശ്നമുണ്ടാകാൻ സാധ്യതയുണ്ടെന്നും സ്‌കാൻ ചെയ്താൽ മാത്രമേ കൂടുതൽ പ്രശ്നങ്ങൾ ഉണ്ടോ യെന്ന് അറിയാൻ കഴിയുകയുള്ളുവെന്നും വ്യക്തമാക്കി.

രണ്ട് ദിവസങ്ങൾക്ക് മുമ്പ് സ്‌കൂളിൽ നിന്ന് അദ്ധ്യാപികയുടെ പീഡനത്തെത്തുടർന്ന കൊല്ലത്ത കുട്ടി മരിച്ചതിന്റെ ക്ഷീണം മാറുന്നതിന് മുമ്പേയാണ് തിരുവനന്തപുരത്ത് ഇത്തരത്തിലുള്ള അദ്ധ്യാപക പീഡനം പുറത്ത് വരുന്നത്. പ്രവീൺ കൃഷ്ണ എന്ന അദ്ധ്യാപകൻ കുട്ടികളെ സ്ഥിരമായി ക്രൂരമായി മർദ്ദിക്കാറുണ്ട് എന്ന് രക്ഷിതാക്കൾ പറയുന്നു. കുട്ടിക്ക് ഇത്തരത്തിൽ അപകടം പറ്റിയതിന് ശേഷം പോലും സ്‌കൂളിലെ അദ്ധ്യാപകന്മാരോ മാനേജറോ അന്വേഷിക്കുക പോലും ഉണ്ടായില്ലെന്നും കുട്ടിയുടെ മാതാപിതാക്കൾ പറയുന്നു

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP