Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

പഠിപ്പു നിർത്തണ്ട മക്കളെ ഞങ്ങളില്ലേ കൂടെ; പഠനംപാതിവഴിയിൽ ഉപേക്ഷിക്കുന്ന ആദിവാസി കുട്ടികൾക്കു പുതുവഴി കാട്ടാൻ കിങ് ജോൺസ്; മെയ്‌ മുതൽ നിങ്ങളുടെ കാര്യുണ്യത്തിന് കൈനീട്ടി പള്ളുരുത്തിയിലെ കൗണ്ടറിൽ ഈ മനുഷ്യ സ്‌നേഹിയുണ്ടാകും

പഠിപ്പു നിർത്തണ്ട മക്കളെ ഞങ്ങളില്ലേ കൂടെ; പഠനംപാതിവഴിയിൽ ഉപേക്ഷിക്കുന്ന ആദിവാസി കുട്ടികൾക്കു പുതുവഴി കാട്ടാൻ കിങ് ജോൺസ്; മെയ്‌ മുതൽ നിങ്ങളുടെ കാര്യുണ്യത്തിന് കൈനീട്ടി പള്ളുരുത്തിയിലെ കൗണ്ടറിൽ ഈ മനുഷ്യ സ്‌നേഹിയുണ്ടാകും

ആവണി ഗോപാൽ

കൊച്ചി: കിങ് ജോൺസിന് ദുരന്തങ്ങളെ പറ്റ് കേട്ടാൽ വെറുതെ ഇരിക്കാനാകില്ല. ഈ മനുഷ്യൻ സാമൂഹിക സേവനത്തിന് നേതൃത്വം നൽകുമ്പോൾ പിന്തുണയുമായി വിദ്യാർത്ഥികളും ക്ലബ്ബുകളും സാമൂഹിക സംഘടനകളുമൊക്കെ ഒപ്പം കൂടുന്നു. കിങ് ജോണ്‌സ് ഇപ്പോൾ പുതിയൊരു ദൗത്യത്തിലാണ്. 'പഠിപ്പു നിർത്തണ്ട മക്കളെ , ഞങ്ങളില്ലേ കൂടെ '-ഈ ആശ്വാസവാക്കുമായി ആദിവാസി ഊരുകളിലൂടെയുള്ള യാത്രയിലായിരുന്നു കിങ് ജോൺസ്. ഇനി കൊടുത്ത വാക്ക് പാലിക്കാനുള്ള ശ്രമങ്ങൾ. പഠനംപാതിവഴിയിൽ ഉപേക്ഷിക്കുന്ന ആദിവാസി കുട്ടികൾക്കു വേണ്ടി പഠനോപകരണങ്ങൾ നൽകുക എന്ന ലക്ഷ്യം മുന്നിൽ വയ്ക്കുകയാണ് ഈ മനുഷ്യസ്‌നേഹി. അരി വിതരണത്തെ കൂടാതെയാണ് ഇത്. മെയ് 10 മുതൽ ജൂലൈ 30 വരെ കൊച്ചിയിൽ നേരിട്ട് പഠനോപകരണങ്ങൾ പങ്കുവയ്ക്കാൻ കഴിയുന്നതിന് അവസരം ഉണ്ട്. അതായത് 24 മണിക്കൂറും പ്രവർത്തിക്കുന്ന കളക്ഷൻ സെന്റർ. പള്ളുരുത്തിയിലെ ബിന്നി റോഡിലാകും കൗണ്ടർ.

കോട്ടയം ചങ്ങനാശ്ശേരിക്കാരനാണ് ജോൺസ്. ജേർണലിസം പഠിച്ച ശേഷം തെഹൽക്കയിലും ടൈംസ് ഓഫ് ഇന്ത്യയിലും ജോലി നോക്കി. അതിന് ശേഷം പത്രപ്രവർത്തനം വിട്ട് ഷെയർ ട്രെഡിങ്ങിലെത്തി ഈ മുപ്പതുകാരൻ. അതിനിടെയാണ് മനുഷ്യ വേദനകൾ മനസ്സിലാക്കിയുള്ള സാമൂഹിക പ്രവർത്തനം തുടങ്ങുന്നത്. നവമാദ്ധ്യമങ്ങളെ സാഹിത്യ പ്രവർത്തനത്തിന് മാറ്റുകൂട്ടാൻ പേരിന് മുമ്പിൽ കിങ് എന്നു കൂടി കൂട്ടി. അങ്ങനെ സാധാരണക്കാരുടെ ദുരിതങ്ങൾക്ക് പരിഹാരവുമായി ഓടിയെത്തുന്ന കിങ് ജോൺസായി ഈ യുവാവ് മാറി. ആദിവാസി ഊരുകളിലെ ദുരിതങ്ങൾ തിരിച്ചെറഞ്ഞാണ് ഇപ്പോഴത്തെ പ്രവർത്തനം. അതിന് പുതിയ മാനം നൽകാനാണ് പഠനോപകരണങ്ങൾ വാങ്ങാനുള്ള കളക്ഷൻ റൂം. ചെന്നൈ പ്രളയ ദുരന്ത സമയത്ത് ഫെയ്‌സ് ബുക്കിൽ കുറിപ്പിച്ച് റെയിൽവേ സ്റ്റേഷനിൽ കാത്തു നിന്ന കിങ് ജോൺസിന് കിട്ടിയത് ടൺ കണക്കിന് സാധനങ്ങളുമായിരുന്നു. അത് ചെന്നൈയിൽ കൊണ്ട് പോയി ആവശ്യക്കാർക്ക് നൽകി ഏവരുടേയും കണ്ണുനീർ തുടച്ച വ്യക്തിത്വം.

ആദിവാസി പ്രശ്‌നങ്ങൾ തിരിച്ചറിഞ്ഞ് പരിഹാരം ഒരുക്കാനായി മുൻനരിയിൽ എന്നും കിങ് ജോൺസ് ഉണ്ടായിരുന്നു. കേരളത്തിൽ തന്നെയാണ് ഈ ഇടങ്ങൾ. വടക്കേ അറ്റം മുതൽ തെക്കേ അറ്റം മുതലുള്ള ഈ കൂരകളിൽ ജീവിക്കുന്നത് കുടുംബങ്ങൾ ആണ്. ഏപ്രിൽ മുതൽ ജൂലൈ വരെയുള്ള മാസങ്ങളിൽ വയനാട് , കാസർഗോഡ്, കോഴിക്കോട്, കൊല്ലം , തിരുവനന്തപുരം എന്നിവിടങ്ങളിൽ ഉള്ള ചേരികളിലും ഗോത്ര ഊരുകളിലും ( രണ്ടുംവ്യത്യസ്തമായ സാഹചര്യങ്ങൾആണ് ഒരിക്കലും താരതമ്യം ചെയ്യാൻ കഴിയില്ല ) ഉള്ള പഠനംപാതിവഴിയിൽ ഉപേക്ഷിക്കുന്ന കുട്ടികൾക്കു വേണ്ടി പഠനോപകരണങ്ങൾ നൽകുക എന്ന ലക്ഷ്യം മുന്നിൽ വയ്ക്കുകയാണ്-കിങ് ജോൺസ് തന്റെ മഹത്തായ ലക്ഷ്യത്തെ വിവരിക്കുന്നത് ഇങ്ങനെയാണ്.

ഈ വരുന്ന ഏപ്രിൽ 10 മുതൽ വയനാട് കേന്ദ്രമാക്കി കനവിൽ അവിടെയുള്ള യുവാക്കളുടെ സംഘം പഠനം മുടങ്ങിപ്പോയ 30 കുട്ടികൾക്കായി പതിനഞ്ചു ദിവസത്തേയ്ക്ക് ക്യാമ്പ് സംഘടിപ്പിച്ചിരുന്നു. ഈ ക്യാമ്പിലേക്ക് വേണ്ട ഭക്ഷണവും വസ്ത്രങ്ങളും പലരിൽ നിന്നും ശേഖരിച്ചു. ക്യാമ്പിനു ശേഷം അവർക്ക് ആവശ്യമായ കരുതൽ നൽകാനും നമുക്കാവണം. ഓർമ്മയിൽ നേപ്പാളിലെ കുട്ടികൾക്ക് വേണ്ടി കഴിഞ്ഞ വർഷം ഇതേ സമയങ്ങളിൽ പഠനോപകരണങ്ങൾ ശേഖരിച്ചു നൽകിയ ആത്മവിശ്വാസം ആണ് കിങ് ജോൺസിന്റെ കരുത്ത്. അതുകൊണ്ട് തന്നെ'പഠിപ്പു നിർത്തണ്ട മക്കളെ , ഞങ്ങളില്ലേ കൂടെ ' എന്ന ആശയത്തിനും വലിയ പിന്തുണ അദ്ദേഹം പ്രതീക്ഷിക്കുന്നു.

എല്ലാ പ്രവർത്തനത്തിനും ജോൺസണിന്റെ സഹായിക്കുന്നത് സോഷ്യൽ മിഡിയയാണ്. ഫെയ്‌സ് ബുക്ക് തന്നെയാണ് പ്രധാന പ്രചണ മാദ്ധ്യമം. ഇതിന്റെ സാധ്യതകൾ തന്നെയാണ് പാവപ്പെട്ടവർക്ക് ഒരു കൈ സഹായമെത്തിക്കാൻ ജോൺസിന് തുണയാകുന്നത്. അതിന്റെ സാധ്യതകൾ പരമാവധി പ്രയോജനപ്പെടുത്തുന്നു. ജീവകാരുണ്യ പ്രവർത്തനങ്ങൾക്ക് നവ മാദ്ധ്യമങ്ങളുടെ സാധ്യതകൾ ജോൺസ് തിരിച്ചറിയുന്നത് അപ്രതീക്ഷിതമായാണ്. രാഷ്ട്രീയവും കവിതകളുമായി നവമാദ്ധ്യമങ്ങളിൽ നിറഞ്ഞ ഈ യുവാവന്റെ ജീവിത ദൗത്യം മാറ്റിയത് ഒരു ഫോൺ കോൾ മാത്രമാണ്. ഇതോടെ സൗഹൃദ കൂട്ടായ്മയിലൂടെ അശരണരെ സഹായിക്കുകയെന്ന ദൗത്യം ജോൺസ് ഏറ്റെടുത്തു.

2014 നവംബറിലായിരുന്നു ആ കോൾ.. അതിനെ ജോൺസ് ഓർത്തെടുക്കുന്നത് ഇങ്ങനെ രാഷ്ട്രീയവും സാഹിത്യവുമായിരുന്നു സോഷ്യൽ മീഡിയയിൽ താൻ ചർച്ച ചെയ്തത്. അതിനിടെയിൽ ഒരു ഫോൺ കോൾ എത്തി. കോലഞ്ചേരി മെഡിക്കൽ കോളേജിൽ ചികിൽസയിലുള്ള കുട്ടിയുടെ അച്ഛനായിരുന്നു അത്. കുട്ടിയുടെ കാര്യത്തെ കുറിച്ച് പോസ്റ്റിട്ട് സഹായം എത്തിച്ചു നൽകണമെന്നായിരുന്നു ആവശ്യം. അതനുസരിച്ച് പോസ്റ്റിട്ടു. ദിവസങ്ങൾക്കുള്ളിൽ 80,000ത്തോളം രൂപ ആ കുട്ടിയുടെ അച്ഛന്റെ അക്കൗണ്ടിലെത്തി. ഇതോടെ നവമാദ്ധ്യമങ്ങളുടെ സാധ്യതയും തിരിച്ചറിഞ്ഞു. പിന്നീട് രാഷ്ട്രീയവും കവിതയുമെല്ലാം മാറി. ഏതാണ്ട് ഭിന്ന ശേഷിക്കാരായ നാലോളം കുട്ടികളെ വീണ്ടും ഫെയ്‌സ് ബുക്കിലൂടെ സഹായിച്ചു.

അത്തരം കുട്ടികളെ സഹായിക്കുന്നതിന് ഫേസ്‌ബുക്കിലൂടെ നിരവധി സഹായങ്ങൾ ഒഴുകിയെത്തി. അപ്പോഴാണ് നേപ്പാളിനെ നടുക്കിയ ഭൂകമ്പം ഉണ്ടാകുന്നത്. ദുരതി ബാധിതർക്ക് വസ്ത്രം എത്തിക്കാനായിരുന്നു പദ്ധതി. സോഷ്യൽ മീഡിയയിലൂടെ അപേക്ഷയിട്ടു. സഹായങ്ങൾ ഒഴുകി. കേരളത്തിലുടനീളമുള്ള വിദ്യാർത്ഥികൾ ഇത് ഏറ്റെടുത്തു. 500 കിലോ വസ്ത്രങ്ങൾ ശേഖരിക്കാനായിരുന്നു പരിപാടി. എന്നാൽ സുമനസ്സുകളുടെ സഹായത്തോടെ അത് 1700 കിലോ ആയി. എയർ കാർഗോ വഴി അയയ്ക്കാൻ പറ്റില്ലെന്നായപ്പോൾ തീവണ്ടിയിൽ അതിനെ ഗോരഖ്പൂറിലെത്തിച്ചു. അവിടെ നിന്ന് സാഹസികമായി നേപ്പാളിലും. അവിടെ കണ്ട കാഴ്ചകൾ കരളലിയിക്കുന്നതായി. അത് തന്റെ ജീവിതത്തെ മാറ്റി മറിച്ചു. പിന്നെ എവിടെ ദുരന്തമുണ്ടായാലും സാധനങ്ങൾ ശേഖരിച്ച് അങ്ങോട്ട് പോയി. ഇതിനൊപ്പം അശരണരേയും സഹായിച്ചു.

എല്ലാ ജില്ലകളിലും ഇന്ന് ജോൺസിനെ സഹായിക്കാൻ കൂട്ടായ്മകളുണ്ട്. സാധനങ്ങൾ കളക്റ്റ് ചെയ്ത് ഇവർ ജോൺസിന് എത്തിക്കും. നാളെയും ഇത്തരത്തിൽ നിരവധി പേർ സഹായവുമായി എറണാകുളത്തെ സൗത്ത് റെയിൽവേ സ്റ്റേഷനിലെത്തും. 140 കുടുംബങ്ങൾ സ്ഥിരമായി സഹായിക്കുന്നു. എല്ലാ മാസവും ഈ കൂട്ടായ്മയുടെ കരുത്തിൽ അശരണരെ സഹായിക്കാൻ ജോൺസിന് കഴിയുന്നു. ചെന്നൈയിൽ ദുരിതമനുഭവിക്കുന്നവർക്കും ആശ്വാസമെത്തിക്കാൻ ഇവരെല്ലാം എത്തുമെന്ന് ജോൺസിന് ഉറപ്പുണ്ട്. ഈ വിശ്വാസക്കരുത്തിലാണ് ആദിവാസി കുട്ടികളെ പഠനത്തിന്റെ വഴിയിൽ പിടിച്ചു നിർത്താനുള്ള യാത്രയുമായി നീങ്ങുന്നതും. സഹായമെത്തിക്കാൻ ആഗ്രഹിക്കുന്നവർക്ക് 9645562326, 9048812228 ഈ നമ്പറുകളിൽ ജോൺസിനെ ബന്ധപ്പെടാം.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP