Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202417Wednesday

ടി പി ചന്ദ്രശേഖരനെ വെട്ടിനുറുക്കി കൊന്ന കിർമാണി മനോജ് വിവാഹിതനായി; 11 ദിവസത്തെ പരോളിൽ പുറത്തിറങ്ങിയ രണ്ടാം പ്രതിയുടെ വധു ഒരു കുട്ടിയുടെ മാതാവും ടിപിയുടെ നാട്ടുകാരിയും; അതീവ രഹസ്യമായി പോണ്ടിച്ചേരി ക്ഷേത്രത്തിൽ വെച്ചു പൂജാരിയുടെ സാന്നിധ്യത്തിൽ വിവാഹം; മാഹി പന്തക്കലിലെ വീട്ടിൽ വെച്ച് വിവാഹ സത്ക്കാരത്തിനും ഒരുക്കങ്ങൾ

ടി പി ചന്ദ്രശേഖരനെ വെട്ടിനുറുക്കി കൊന്ന കിർമാണി മനോജ് വിവാഹിതനായി; 11 ദിവസത്തെ പരോളിൽ പുറത്തിറങ്ങിയ രണ്ടാം പ്രതിയുടെ വധു ഒരു കുട്ടിയുടെ മാതാവും ടിപിയുടെ നാട്ടുകാരിയും; അതീവ രഹസ്യമായി പോണ്ടിച്ചേരി ക്ഷേത്രത്തിൽ വെച്ചു പൂജാരിയുടെ സാന്നിധ്യത്തിൽ വിവാഹം; മാഹി പന്തക്കലിലെ വീട്ടിൽ വെച്ച് വിവാഹ സത്ക്കാരത്തിനും ഒരുക്കങ്ങൾ

മറുനാടൻ മലയാളി ബ്യൂറോ

തലശ്ശേരി: ആർഎംപി നേതാവ് ടി പി ചന്ദ്രശേഖരൻ വധക്കേസിലെ പ്രതികളോട് സിപിഎമ്മിനുള്ള താൽപ്പര്യം എല്ലാവർക്കും അറിവുള്ളതാണ്. കൊലപാതക കേസിൽ ജീവപര്യന്തം ശിക്ഷ വിധിക്കപ്പെട്ടെങ്കിലും ഇഷ്ടം പോലെ പരോൾ അനുവദിക്കപ്പെട്ടും ജയിൽ ഭരിച്ചു കൊണ്ടും സമയം മുന്നോട്ടു നീക്കുകയാണ് ഈ പ്രതികൾ. രാഷ്ട്രീയ കൊലപാതക കേസിലെ പ്രതികളുടെ ജീവിത കാര്യത്തിലും പാർട്ടിക്ക് വലിയ താൽപ്പര്യമുണ്ടെന്നത് വ്യക്തമായിരുന്നു. കൊലപാതക കേസിൽ ജീവപര്യന്തം ശിക്ഷ അനുഭവിക്കുന്ന മുഹമ്മദ് ഷാഫിക്ക് ആഡംബര വിവാഹം ഒരുക്കി നൽകിയ പാർട്ടി ഇപ്പോൾ മറ്റൊരു പ്രതിക്കും വിവാഹത്തിന് അവസരമൊരുക്കി.

ടി പി കേസിലെ രണ്ടാം പ്രതി കിർമാണി മനോജിന് 11 ദിവസത്തെ പരോൾ നൽകിയാണ് വിവാഹം കഴിപ്പിച്ചിരിക്കയാണ്. ഇന്നലെ പോണ്ടിച്ചേരിയിൽ വച്ചാണ് കിർമാണി മനോജ് വിവാഹിതനായത്. മാഹിയിൽ നിന്നും 800 കിലോമീറ്റർ അകലെയുള്ള പോണ്ടിച്ചേരി സിദ്ധാനന്ദ് കോവിലിൽ വെച്ച് വിവാഹം നടന്നത്. വടകര ഓർക്കാട്ടേരി സ്വദേശിയായ വധു ഒരു കുട്ടിയുടെ മാതാവു കൂടിയാണ്. ടി പി ചന്ദ്രശേഖരന്റെ നാടും ഇവിടെയാണ്. നാട്ടുകാർക്ക് വേണ്ടി മാഹി പന്തക്കലിലെ വീട്ടിൽ വെച്ച് വിവാഹ സത്ക്കാരം സംഘടിപ്പിച്ചേക്കും. ഇന്നലെ നടന്ന വിവാഹത്തിന് പൊലീസ് അകമ്പടിയും ഉണ്ടായിരുന്നു.

പൂജാരിയുൾപ്പെടെയുള്ളവരുടെ കാർമ്മികത്വത്തിലായിരുന്നു വിവാഹം. അതീവ രഹസ്യമായിട്ടായിരുന്നു വിവാഹം നടത്തിയത്. അടുത്ത ബന്ധുക്കളും ചില പാർട്ടി പ്രവർത്തകരും മാത്രമാണ് ചടങ്ങിൽ സംബന്ധിച്ചത്. ടി.പി കേസിലെ മറ്റൊരു പ്രതിയായ മുഹമ്മദ് ഷാഫിയും ജീവപര്യന്തം തടവ് ശിക്ഷ അനുഭവിക്കുന്നതിനിടെ കഴിഞ്ഞ വർഷം വിവാഹിതനായിരുന്നു. ഷാഫിയുടെ വിവാഹത്തിന് സിപിഎം നേതാക്കൾ അടക്കം പങ്കെടുത്തിരുന്നു.

തലശ്ശേരി എംഎൽഎ എ എൻ ഷംസീർ അടക്കമുള്ളവർ വിവാഹത്തിൽ പങ്കെടുത്തതാണ് അന്ന് വിവാദത്തിലായത്. അതുകൊണ്ട് തന്നെയാണ് ഇത്തവണ വിവാദം ഒഴിവാക്കാനായി നേതാക്കൾ വിവാഹ ചടങ്ങിൽ നിന്നും വിട്ടുനിന്നത്. അതേസമയം കല്യാണത്തിന് വേണ്ട എല്ലാ സഹായങ്ങളും നൽകിയത് ഒരുക്കി നൽകിയത് പാർട്ടി തന്നെയാണെന്ന ആരോപണം ഉയർന്നിട്ടുണ്ട്. പരോൾ നൽകിയതിൽ അടക്കം സർക്കാറിന്റെ താൽപ്പര്യം വ്യക്തമാണെന്ന് ആർഎംപി നോതാക്കൾ പറഞ്ഞത്.

നേരത്തെയും ടി പി വധക്കേസ് പ്രതികൾക്ക് അനുകൂലമായി സിപിഎം ഇടപെടൽ നടന്നിരുന്നു. ടി പി വധക്കേസിലെ മുഖ്യസൂത്രധാരനായ കുഞ്ഞനന്തന് ശിക്ഷാ ഇളവ് നൽകാനും സർക്കാർ നീക്കം നടന്നിരുന്നു. പാർട്ടിയിൽ തിരിച്ചെടുത്ത സംഭവവും ഉണ്ടായി. ഇതെല്ലാം ടി പി വധക്കേസ് പ്രതികൾക്ക് സിപിഎമ്മുമായുള്ള ബന്ധത്തിന്റെ തെളിവായിരുന്നു. കഴിഞ്ഞ വർഷം വിവാഹിതനായി ടി പി വധക്കേസ് പ്രതി ഷാഫിയുടെ വിവാഹ ചടങ്ങും അത്യാർഭാഡം നിറഞ്ഞതായിരുന്നു. കോട്ടും സ്യൂട്ടും ധരിച്ചു കൊണ്ട് ഷാഫി തുറന്ന ഔഡി കാറിൽ നിന്നും ചുറ്റു നിന്നവർക്ക് നേരെ കൈവീശി കാണിച്ചാണ് എത്തിയത്. പുതുപുത്തൻ ഔഡി കാറിൽ ചൊക്ലി നഗരത്തിൽ ചുറ്റിക്കറങ്ങിയാണ് ഷാഫിയുടെ വിവാഹ ആഘോഷം നടന്നത്. സിപിഎമ്മിന്റെ എല്ലാ ആശിർവാദങ്ങളോടെയുമാണ് ടിപിയുടെ ഈ ഘാതകന്റെയും വിവാഹം അന്ന് നടന്നത്.

നേരത്തെ ഷാഫിയുടെ വിവാഹക്ഷണക്കത്ത് ഫേസ്‌ബുക്കിൽ പോസ്റ്റ് ചെയ്തുകൊണ്ട് നേരത്തെ പാർട്ടി ശാസിച്ച സിപിഐഎം സൈബർ പ്രചാരകൻ ആകാശ് തില്ലങ്കേരി എല്ലാവരെയും വിവാഹത്തിന് ക്ഷണിച്ചിരുന്നു. വിവാഹാവശ്യത്തിനു വേണ്ടിയുള്ള പരോളിന് അപേക്ഷനൽകാനായി മാത്രം അച്ചടിച്ച ഇംഗ്ലീഷിൽ തയ്യാറാക്കിയ ക്ഷണക്കത്ത് ആകാശ് തില്ലങ്കേരി ഫേസ്‌ബുക്കിൽ പ്രചരിപ്പിക്കുകയായിരുന്നു. പിന്നീട് ആകാശ് തില്ലങ്കേരി ഷുഹൈബ് വധക്കേസിൽ അറസ്റ്റിലാകുകയായിരുന്നു. ആകാശിന് വധുവുമായി കണ്ണൂർ ജയിലിൽ സംസാരിക്കാനും അവസരം ഒരുക്കി നൽകിയതും സിപിഎം ഇടപെടലിനെ തുടർന്നായിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP