Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ശ്രീറാം വെങ്കിട്ടരാമന്റെ വാഹനം ഇടിച്ച് ബഷീർ കൊല്ലപ്പെട്ടിട്ട് നാല് മാസം; വാട്‌സാപ്പ് ഗ്രൂപ്പുകളിൽ നിന്നും 'ലെഫ്റ്റാ'യത് ഇന്നലെ; അപകട സമയത്ത് കാണാതായ മാധ്യമ പ്രവർത്തകന്റെ ഫോൺ ഇപ്പോഴും ഉപയോഗിക്കുന്നത് ആരെന്നറിയാതെ പൊലീസ്; പുറംലോകം കാണാൻ പാടില്ലാത്ത രീതിയിൽ ബഷീറിന്റെ ഫോണിനുള്ളിലെ രഹസ്യമെന്ത്? മാധ്യമ വാട്‌സാപ്പ് ഗ്രൂപ്പുകളിൽ നിന്നും കുടുംബ ഗ്രൂപ്പിൽ നിന്നും സിറാജ് മുൻ ബ്യൂറോ ചീഫ് പുറത്തു പോയതിന്റെ പൊരുൾ തേടി പൊലീസും സുഹൃത്തുക്കളും

ശ്രീറാം വെങ്കിട്ടരാമന്റെ വാഹനം ഇടിച്ച് ബഷീർ കൊല്ലപ്പെട്ടിട്ട് നാല് മാസം; വാട്‌സാപ്പ് ഗ്രൂപ്പുകളിൽ നിന്നും 'ലെഫ്റ്റാ'യത് ഇന്നലെ; അപകട സമയത്ത് കാണാതായ മാധ്യമ പ്രവർത്തകന്റെ ഫോൺ ഇപ്പോഴും ഉപയോഗിക്കുന്നത് ആരെന്നറിയാതെ പൊലീസ്; പുറംലോകം കാണാൻ പാടില്ലാത്ത രീതിയിൽ ബഷീറിന്റെ ഫോണിനുള്ളിലെ രഹസ്യമെന്ത്? മാധ്യമ വാട്‌സാപ്പ് ഗ്രൂപ്പുകളിൽ നിന്നും കുടുംബ ഗ്രൂപ്പിൽ നിന്നും സിറാജ് മുൻ ബ്യൂറോ ചീഫ് പുറത്തു പോയതിന്റെ പൊരുൾ തേടി പൊലീസും സുഹൃത്തുക്കളും

മറുനാടൻ ഡെസ്‌ക്‌

തിരുവനന്തപുരം: ദുരൂഹതകൾ ബാക്കിയായ മരണം നടന്ന് നാല് മാസം തികയുന്ന വേളയിൽ വീണ്ടും ദുരൂഹതകളുടെ കെട്ടുകളുമായി മാധ്യമപ്രവർത്തകൻ കെ എം ബഷീർ വാർത്തകളിൽ നിറയുന്നു. മരണം നടന്ന് നാല് മാസം തികയുന്ന ദിവസമാണ് മാധ്യമ വാട്‌സാപ്പ് ഗ്രൂപ്പുകളിൽ നിന്നും കുടുംബ ഗ്രൂപ്പിൽ നിന്നും ബഷീർ 'ലെഫ്റ്റാ'യത്. ഇതോടെ അപകട സമയത്ത് കാണാതായ ബഷീറിന്റെ ഫോൺ മറ്റാരോ ഉപയോഗിക്കുന്നു എന്ന സംശയം ബലപ്പെടുകയാണ്.

ഓഗസ്റ്റ് മൂന്നാം തീയതി രാത്രിയാണ് മ്യൂസിയം ജംഗ്ഷനു സമീപമുള്ള പബ്ലിക് ഓഫിസിനു മുന്നിൽവച്ച് കെ. എം. ബഷീർ വാഹനാപകടത്തിൽ കൊല്ലപ്പെടുന്നത്. പുലർച്ചെ ഒരു മണിയോടെയാണ് അമിത വേഗത്തിലെത്തിയ ശ്രീറാമിന്റെ കാറിടിച്ച് സിറാജ് പത്രത്തിന്റെ തിരുവനന്തപുരം ബ്യൂറോ ചീഫ് ആയ കെഎം ബഷീർ കൊല്ലപ്പെട്ടത്. കൊല്ലത്ത് സിറാജ് പത്രത്തിന്റെ യോഗത്തിൽ പങ്കെടുത്ത് വീട്ടിലേക്ക് മടങ്ങുന്നതിനിടെയാണ് ബഷീറിന്റെ ബൈക്ക് അപകടത്തിൽപെട്ടത്.

സംഭവസ്ഥലത്തുനിന്ന് ബഷീറിന്റെ ഫോൺ കണ്ടെടുക്കാനായില്ല. അപകടം നടന്ന് മണിക്കൂറുകൾക്കുള്ളിൽ ഫോണിലേക്കു സഹപ്രവർത്തകർ വിളിച്ചെങ്കിലും ആരും ഫോണെടുത്തിരുന്നില്ല. പിന്നീട് ഫോൺ സ്വിച്ച് ഓഫ് ആയി. മറ്റേതെങ്കിലും സിം ഫോണിൽ ഉപയോഗിക്കുന്നുണ്ടോ എന്നറിയാൻ ക്രൈംബ്രാഞ്ച് ഐഎംഇഐ നമ്പർ പരിശോധിച്ചെങ്കിലും സഹായകരമായ വിവരങ്ങൾ ലഭിച്ചില്ല. ഇതിനിടയിലാണ് അപ്രതീക്ഷിതമായി കഴിഞ്ഞ ദിവസം വാട്‌സാപ്പ് ഗ്രൂപ്പുകളിൽ നിന്നും ബഷീറിന്റെ ഫോൺ നമ്പർ പുറത്ത് പോയത്.

അപകടം നടന്ന സ്ഥലത്തുനിന്നു കാണാതായ ഫോൺ ഇതുവരെ കണ്ടെത്താനായിട്ടില്ല. ഫോൺ സ്വിച്ച് ഓഫ് ആണ്. ബഷീർ വാട്‌സാപ്പിനായി ഉപയോഗിച്ചിരുന്ന സിം കാണാതായ ഫോണിലായിരുന്നു. കേസ് അന്വേഷണത്തിൽ ബഷീറിന്റെ ഫോൺ നിർണായകമായതിനാൽ ക്രൈംബ്രാഞ്ച് ഹൈടെക് സെല്ലിന്റെയും മൊബൈൽ കമ്പനികളുടേയും സഹായം തേടിയെങ്കിലും ഫലം കണ്ടിരുന്നില്ല.

ഇതു സംബന്ധിച്ച് സൈബർ വിദഗ്ദ്ധർ നൽകുന്ന വിശദീകരണം ഇങ്ങനെ: ബഷീറിന്റെ കാണാതായ ഫോണിലെ വാട്സാപ് ആരെങ്കിലും ഡിസേബിൾ ചെയ്യുകയോ ഡിലീറ്റ് ചെയ്യുകയോ ആൻഡ്രോയിഡ് റീ ഇൻസ്റ്റാൾ ചെയ്യുകയോ ചെയ്താൽ നമ്പർ ലെഫ്റ്റ് ആയെന്ന സന്ദേശം വരാം. ബഷീറിന്റെ വാട്സാപ് ലഭിക്കാൻ ഫോണിൽ ബഷീറിന്റെ സിം വേണമെന്നില്ല. ഫോൺ നമ്പർ ഒരുതവണ രജിസ്റ്റർ ചെയ്താൽ സിം ഇട്ടില്ലെങ്കിലും ഫോണിൽ വാട്സാപ് കിട്ടും. ബഷീറിന്റെ ഫോൺ കിട്ടിയ ആൾ ആ സിം ഊരിമാറ്റിയശേഷം വൈഫെ ഉപയോഗിച്ച് വാട്സാപ് ഡിസേബിൾ ചെയ്യുകയോ ഡിലീറ്റ് ചെയ്യുകയോ ആൻഡ്രോയിഡ് റീ ഇൻസ്റ്റാൾ ചെയ്യുകയോ ചെയ്താൽ ഐപി അഡ്രസ് ഉപയോഗിച്ച് ആളെ കണ്ടെത്താനാകും.

ബഷീറിന്റെ നമ്പരിനു പകരം പുതിയ സിം ഫോണിൽ ഉപയോഗിച്ചാൽ ഐഎംഇഐ നമ്പർ ഉപയോഗിച്ച് ആളെക്കുറിച്ചുള്ള വിവരം അനായാസം ശേഖരിക്കാം. ഫോൺ എങ്ങനെ അയാൾക്കു കിട്ടിയെന്നതിന്റെ ഉത്തരം ക്രൈംബ്രാഞ്ചിന് ലഭിക്കും. കേസ് അന്വേഷണത്തിനു സഹായകരമായ രേഖകൾ ഫോണിലുണ്ടോയെന്നു ക്രൈംബ്രാഞ്ചിനു പരിശോധിക്കാനും കഴിയും. കുറച്ചുകാലം ഫോൺ ഉപയോഗിക്കാതിരുന്നാൽ വാട്സാപ് ഗ്രൂപ്പുകളിൽനിന്ന് സ്വയം ലെഫ്റ്റ് ആകാനുള്ള സാധ്യത ക്രൈംബ്രാഞ്ച് പരിശോധിച്ചെങ്കിലും അങ്ങനെ സംഭവിക്കില്ലെന്നാണ് സൈബർ വിദഗ്ദ്ധർ നൽകിയ മറുപടി.

2019 ഓഗസ്റ്റ് മൂന്നിന് രാത്രി 12.45നാണ് ഒരു നാടിനെയാകെ കരയിച്ച സംഭവം നടന്നത്. സർവേ ഡയറക്ടറായിരുന്ന ശ്രീറാം വെങ്കിട്ടരാമൻ മദ്യപിച്ച് അമിത വേഗതയിലോടിച്ച കാർ തിരുവനന്തപുരം മ്യൂസിയം പൊലീസ് സ്റ്റേഷന് സമീപത്ത് വച്ച് മാധ്യമ പ്രവർത്തകനായ കെ എം ബഷീറിനെ ഇടിച്ചു തെറിപ്പിക്കുകയായിരുന്നു. ബഷീറിലേക്ക് മാത്രമല്ല, ഒരു കുടുംബത്തിന്റെ എല്ലാ പ്രതീക്ഷകളിലേക്കുമാണ് വാഹനം ഇരമ്പിരകയറിയത്. മലപ്പുറം വാണിയന്നൂരെന്ന ഒരു ഗ്രാമത്തിൽ നിന്നാണ് ബഷീർ ജോലിക്കായി തലസ്ഥാനത്തെത്തുന്നത്.

കുടുബത്തിന്റെ മുഴുവൻ ഭാരവുമേറ്റിയിരുന്ന ആ ചെറുപ്പക്കാരന്റെ ജീവിതമാണ് മറ്റൊരാളുടെ അശ്രദ്ധകാരണം പൊലിഞ്ഞത്. നിയമം പാലിച്ച് മറ്റുള്ളവർക്ക് മാതൃകയേണ്ട ഒരു ഉന്നത ഉദ്യോഗസ്ഥനാണ് ഇവിടെ നിയമലംഘകനായത്. വായ്പയെടുത്ത് നാട്ടിൽ നിർമ്മിച്ച വീട്ടിൽ മൂന്നുമാസം പോലും ബഷീറിന് താമസിക്കാനായില്ല.

രണ്ടു മക്കളും ഭാര്യയും വയസായ അമ്മയുമടങ്ങുന്ന കുടുംബത്തിന്റെ കണ്ണീർ ഇന്നും തോർന്നിട്ടില്ല. ശ്രീറാമിന് മദ്യത്തിന്റെ മണമുണ്ടായിരുന്നുവെന്ന് ആദ്യം പരിശോധിച്ച ഡോക്ടർ രേഖപ്പെടുത്തി. പക്ഷേ പൊലീസിന്റെ അനാസ്ഥ കാരണം രക്തപരിശോധന വൈകി. മണിക്കൂറുകൾക്ക് ശേഷം രക്തപരിശോധന നടത്തിയെങ്കിലും മദ്യപിച്ചിരുന്നുവെന്ന് തെളിയിക്കാനായില്ല. പുലർച്ചെ നടന്ന അപകടത്തിന്റെ എഫ്‌ഐആർ ഇടുന്നത് രാവിലെ ഏഴുമണിക്ക് ശേഷം മാത്രമായിരുന്നു.

ശ്രീറാമിന് സ്വകാര്യ ആശുപത്രിയിൽ ചികിത്സ ലഭ്യമാക്കാനുള്ള സൗകര്യവും ഒരുക്കി നൽകി. തലസ്ഥാനത്തെ പ്രധാനവീഥിയിലെ സിസിടിവി പ്രവർത്തിക്കാത്തിനാൽ അപകടം എങ്ങനെ നടന്നുവെന്നും ശ്രീറാമിന്റെ കാർ അമിതവേഗതയിലായിരുന്നോയെന്നും ശ്രീറാം കാറിൽ നിന്ന് പുറത്തിറങ്ങുമ്പോൾ മദ്യപിച്ച് ലക്ക് കെട്ടനിലയിലായിരുന്നോയെന്നുമടക്കമുള്ള കാര്യങ്ങൾ പരിശോധിക്കാൻ കഴിഞ്ഞിരുന്നില്ല.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP